തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇടതുമുന്നണിയുടെ ഘടകകക്ഷിയായ എന്‍സിപി യുഡിഎഫിലേക്ക് എന്നു സൂചന. ഇതോടെ പാലാ നിയമസഭാ മണ്ഡലത്തില്‍ ജോസ് കെ. മാണി ഇടതു സ്ഥാനാര്‍ഥിയായേക്കും. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ജോസ് കെ. മാണിക്ക് എതിരാളി മാണി സി കാപ്പനാവും. കേരളാ കോണ്‍ഗ്രസിന് പാലാ സീറ്റ് വിട്ടുനല്‍കുന്നതില്‍ ചൊല്ലി ഉടലെടുത്ത തര്‍ക്കമാണ് എന്‍സിപിയുടെ ഇടതു മുന്നണിയുടെ പുറത്തുപോക്കലിലേക്ക് വരെ എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്‍സിപിക്ക് പിന്നാലെ സിപിഐയുടെ ഭാഗത്തു നിന്നും അസംതൃപ്തി ഉടലെടുത്തു. സിപിഐ മത്സരിച്ചുവരുന്ന കാഞ്ഞിരപ്പള്ളി സീറ്റ് കേരളാ കോണ്‍ഗ്രസിനു നല്കാന് ഇടതു മുന്നണിയില്‍ ചര്‍ച്ച സജീവമായി. എന്നാല്‍ അത്തരമൊരു തീരുമാനമുണ്ടായാല്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സിപിഐയുടെ നിലപാട്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സ്വന്തം മണ്ഡലം വിട്ടുകൊടുക്കുന്നതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.