സംസ്ഥാനത്ത് മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷന്‍. ഈ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മിന്നല്‍ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് ജല കമ്മീഷന്‍ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്. പത്തനംതിട്ട കല്ലൂപ്പാറയിലെ മണിമലയാറ്റിലെ ജല നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മറ്റ് നദികളിലെ ജലനിരപ്പ് ജാഗ്രതയോടുകൂടി നിരീക്ഷിച്ച് വരികയാണെന്നുമാണ് ജല കമ്മീഷന്‍ അറിയിച്ചത്.
അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ 19 വരെ കേരളത്തില്‍ അതിതീവ്രമഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ 5 ജില്ലകളില്‍ ഇന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. 19 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോടു കൂടിയ മഴയുണ്ടാകും. കേരള തീരത്തു നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നു കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ മത്സ്യബന്ധനം പാടില്ല. നാളെ വരെ ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ല.