Pravasimalayaly

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാര്‍ മരിച്ചത് സമാനതകളില്ലാത്ത ക്രൂര മര്‍ദനമേറ്റെന്ന്

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ  നെടുങ്കണ്ടത്ത് കസ്റ്റഡിയിലിരിക്കെ രാജ്കുമാര്‍ കൊല്ലപ്പെട്ടത് സമാനതകളില്ലാത്ത ക്രൂര മര്‍ദനമേറ്റാണും
ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും ജസ്റ്റിസ് കെ.നാരായണ കുറുപ്പ് കമ്മിഷന്‍ സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തു. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെ സമാനതകളില്ലാത്ത സംഭവമെന്നു വിശേഷിപ്പിക്കുന്ന റിപ്പോര്‍ട്ട്, കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് നാരായണ കുറുപ്പ് മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു.
സംഭവങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ചകളും ഇത്തരം കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും റിപ്പോര്‍ട്ടില്‍ പറയുന്നു.  153 പ്രധാന പേജുകളും അനുബന്ധവും ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ സ്വീകരിക്കേണ്ട നടപടി ശിപാര്‍ശയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2019 ജൂലൈ 21നാണ് ഇടുക്കി പീരുമേട് സബ്ജയില്‍ കഴിഞ്ഞിരുന്ന രാജ്കുമാര്‍ മരിച്ചത്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ മുറിയില്‍ വച്ചും ഒന്നാം നിലയിലെ വിശ്രമമുറിയില്‍ വച്ചും മര്‍ദിച്ചതായുള്ള സാക്ഷി മൊഴികള്‍ വസ്തുതാപരമാണന്നാണു കണ്ടെത്തല്‍. റിപ്പോര്‍ട്ടിനൊപ്പം അനുബന്ധ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്.
ആദ്യ പോസ്റ്റ്മോര്‍ട്ടത്തില്‍ ന്യുമോണിയയാണു മരണ കാരണമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ജുഡീഷ്യല്‍ കമ്മിഷന്റെ ഇടപെടല്‍ മൂലം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി. കമ്മിഷന്‍ അധ്യക്ഷന്റെ തന്നെ സാന്നിധ്യത്തില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ 21 മുറിവുകളും ചതവുകളുമാണ് രാജ്കുമാറിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. ഇവയൊന്നും തന്നെ ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒട്ടേറെ സ്ഥലങ്ങളിലെ തെളിവെടുപ്പും സാക്ഷികളില്‍ നിന്നുള്ള മൊഴിരേഖപ്പെടുത്തലും ഉള്‍പ്പടെ നടത്തിയാണ് കമ്മിഷന്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ വിശ്രമമുറി, എസ്‌ഐയുടെ മുറി, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, രാജ്കുമാറിന്റെ വാഗമണ്ണിലെ വീട് എന്നിവിടങ്ങളില്‍ നിന്നു തെളിവെടുത്തിരുന്നു. രാജ്കുമാറിന്റെ അറസ്റ്റിലേക്കും മരണത്തിലേക്കും നയിച്ച സാഹചര്യങ്ങളും പരിശോധിച്ചു. 73 സാക്ഷികളെ വിളിച്ചു വരുത്തി തെളിവെടുത്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും റിപ്പോര്‍ട്ടിന്റെ പകര്‍പ്പും പിന്നീടു നിയമസഭയില്‍ വയ്ക്കും.
ന്യൂമോണിയ മൂലമുള്ള മരണമാണെന്ന കണ്ടെത്തലില്‍ അവസാനിക്കേണ്ട കേസാണു കമ്മിഷന്‍ മുന്‍കൈ എടുത്ത് നടത്തിയ രണ്ടാം പോസ്റ്റുമോര്‍ട്ടത്തിലൂടെ ക്രൂരമായ കസ്റ്റഡി മരണമാണെന്നു വ്യക്തമായതെന്നു ജസ്റ്റിസ് നാരായണ കുറുപ്പ് പറഞ്ഞു. റിപ്പോര്‍ട്ടില്‍ വൈകാതെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. ആരോപണ വിധേയരായവര്‍ അന്വേഷണവുമായി സഹകരിച്ചില്ല. മരണത്തിന് കാരണക്കാരായവര്‍ക്ക് ശിക്ഷ നല്‍കുകയാണ് രാജ്കുമാറിന് ലഭിക്കേണ്ട നീതി. കുറ്റക്കാരെ ശിക്ഷിക്കുമ്പോഴാണ് കുടുംബത്തിന് നീതി കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version