സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ വേണമെന്ന ആവശ്യപെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. സ്വപ്‌നയുടെ മൊഴിയില്‍ തന്നെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും അതേ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയുന്നതിന് തനിക്ക് അവകാശമുണ്ട് എന്ന ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സരിത ഹർജി നൽകിയത്.
അതേസമയം സ്വപ്‌ന സുരേഷിന് എതിരെയുള്ള ഗൂഢാലോചനക്കേസില്‍ സരിതയുടെ രഹസ്യമൊഴി ഈ മാസം 23 ന് എടുക്കും. അതിനിടെയാണ് സരിത രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സ്വ്പനയും പി സി ജോര്‍ജ്ജും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായി സരിത പറഞ്ഞിരുന്നു.
നേരത്തെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചും കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മൊഴിയുടെ പകര്‍പ്പ് മൂന്നാമതൊരു ഏജന്‍സിക്ക് നല്‍കാന്‍ പാടില്ലെന്ന സ്വപ്നയുടെ അഭിഭാഷകന്റെ വാദം ശരിവെച്ച കോടതി ക്രൈം ബ്രാഞ്ചിന്റെ ആവശ്യം തള്ളുകയായിരുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്വപ്ന സുരേഷിനെതിരെ ചുമത്തിയ ഗൂഢാലോചന കേസിന്റെ അന്വേഷണത്തിന് രഹസ്യമൊഴി അത്യാവശ്യമാണെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്.
ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ പുറത്തു കൊണ്ടുവരാന്‍ രഹസ്യമൊഴി പരിശോധിക്കണം. ഗൂഢാലോചനയില്‍ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്ക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്. സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത് പോയതില്‍ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.