ഇത് ചരിത്രം. 130 കോടി ഇന്ത്യക്കാരുടെ സ്വപ്‌ന സാഫല്യം. ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യ ആദ്യമായി സ്വര്‍ണമണിഞ്ഞു. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞ നീരജ് ചോപ്രയാണ് ഇന്ത്യയുടെ ചിരകാല സ്വപ്‌നം പൂവണിയിച്ചത്. ബെയ്ജിംഗ് ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയായി ഹരിയാണക്കാരനായ സുബേദാര്‍ നീരജ് ചോപ്ര. കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ കൂടിയാണ് ചോപ്ര.
ഫൈനലില്‍ രണ്ടാം ശ്രമത്തിലാണ് നീരജ് വിജയദൂരത്തേക്ക് ജാവലിന്‍ പായിച്ചത്. ആദ്യ ശ്രമത്തില്‍ 87.03 മീറ്ററും മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററുയിരുന്നു ദൂരം. നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായി.
ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കുബ് വാഡ്‌ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്‌ലാവ് വെസ്‌ലി (85.44 മീറ്റര്‍) വെങ്കലവും നേടി.