ആയൂരില്‍ നീറ്റ് പരീക്ഷ കേന്ദ്രത്തില്‍ അപമാനിക്കപ്പെട്ട പെണ്‍കുട്ടികള്‍ ഇന്ന് വീണ്ടും പരീക്ഷയെഴുതും. വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ചു പരിശോധന നടത്തിയ സംഭവം വിവാദമായിരുന്നു. ഒരു മാസത്തിന് ശേഷമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വീണ്ടും പരീക്ഷ നടത്തുന്നത്.
കൊല്ലം എസ് എന്‍ സ്‌കൂളില്‍ ഉച്ചയ്ക്ക് ഒരു മണി മുതലാണ് പരീക്ഷ. കേരളത്തിന് പുറമേ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലായി ആറ് കേന്ദ്രങ്ങളില്‍ കൂടി ഇന്ന് പരീക്ഷ നടക്കും. വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ചു പരിശോധന നടത്തിയ സംഭവത്തില്‍ പരീക്ഷ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രജി കുര്യന്‍ ഐസക്, ഒബ്‌സര്‍വര്‍ ഡോ. ഷംനാദ് എന്നിവരടക്കം ഏഴ് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
നീറ്റ് പരീക്ഷയ്ക്കിടെ പരീക്ഷാര്‍ത്ഥിയുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി നേരത്തെ പരിഗണിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ വിവരങ്ങള്‍ കഴിഞ്ഞ ദിവസം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് കോടതി തേടി. പരീക്ഷാ നടത്തിപ്പ് രീതി സംബന്ധിച്ചുള്ള വിശദാംശങ്ങളടക്കം സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം.