ഓണത്തിന്റെ ഓളം വെള്ളത്തിലും നിറക്കാൻ ഇത്തവണയും നെഹ്രുട്രോഫി ജലോത്സവമില്ല . ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച്ചയാണ് പുന്നമട കായൽ ഓള പരപ്പിലെ ഒളിമ്പികിന് വേദിയാകുന്നത് . കോവിഡ് വ്യാപനത്തെ തുടർന്ന് തുടർച്ചയായ രണ്ടാം വർഷമാണ് നെഹ്രുട്രോഫി മുടങ്ങുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗും കഴിഞ്ഞ മൂന്ന് വർഷമായില്ല.
നെഹ്രുട്രോഫിയിൽ തുടങ്ങി കൊല്ലം അഷ്ടമുടി കായലിൽ നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫിയിലാണ് ഈ വള്ളംകളി ടൂർണമെന്റ് അവസാനിക്കുന്നത്. ചമ്പക്കുളം, പായിപ്പാട്, രാജീവ് ഗാന്ധി ട്രോഫി, മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവം, നീരേറ്റുപുറം പമ്പ ജലമേള, കരുവാറ്റ തുടങ്ങിയവയാണ് ചാമ്പ്യൻസ് ബോട്ട് ലീഗിലെ മറ്റ് പ്രധാന വള്ളം കളികൾ.
2018 ൽ ട്രാക്ക് തെറ്റിയ ജലോത്സവം അടുത്ത വർഷം മുതൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജലോത്സവ പ്രേമികൾ . പ്രളയത്തെ തുടർന്ന് ഓഗസ്റ്റ് മാസത്തിൽ നടത്തേണ്ട നെഹ്രുട്രോഫി മറ്റൊരു തീയതിയിൽ നടത്തിയിരുന്നു. ആദ്യ രണ്ട് വർഷങ്ങളിൽ പ്രളയമാണ് ലീഗ് മത്സരങ്ങളെ അപഹരിച്ചതെങ്കിൽ പിന്നീട് കോവിഡ് വ്യാപനം വില്ലനായി. ക്ലബ്ബുകളുടെ സാമ്പത്തിക പ്രതിസന്ധി മാറ്റുന്നതിൽ ലീഗ് മത്സരങ്ങൾ നിർണ്ണായക പങ്ക് വഹിച്ചിരുന്നു . ഇതിനിടയിലാണ് പ്രളയവും കോവിഡും വന്നത് . വരവില്ലെങ്കിലും ഇപ്പോഴും ചിലവിന് കുറവൊന്നും ഇല്ലെന്നതാണ് മറ്റൊരു സവിശേഷത . വള്ളങ്ങൾ പരിപാലിക്കുന്നതിനായി ഓരോ വർഷവും ഒരു നല്ല തുക കണ്ടെത്തേണ്ടി വരും.
ആചാരങ്ങളുമായി ബന്ധമുള്ള വള്ളംകളികൾ ഇക്കുറി ചടങ്ങിലൊതുങ്ങും . ജലോത്സവങ്ങൾ ഇല്ലാതായതോടെ വള്ളം ഉടമകളും ബോട്ട് ക്ളബ്ബുകളും തുഴച്ചിൽകാരും പ്രതിസന്ധിയിലാണ്. വള്ളംകളി സീസൺ ആരംഭിക്കുന്നതിന് രണ്ട് മാസം മുമ്പേ സംഘടനകളും കരക്കാരും മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുമായിരുന്നു . വള്ളം പുതുക്കുന്നത് ഈ സമയത്താണ്. തുടർന്ന് ട്രയലുകൾ ആരംഭിക്കും. വള്ളം പണിക്കാർക്കും തുഴച്ചിൽക്കാർക്കും സീസണിൽ ലഭിക്കാറുള്ള വരുമാനവും കൊവിഡ് ഇല്ലാതാക്കി. ചെറുവള്ളങ്ങളുടെ മത്സരങ്ങൾ ഓണ സീസണിലെ പ്രധാന കാഴ്ചയായിരുന്നു.