സ
.തിരുവനന്തപുരം : പ്രകൃതി ദുരന്തങ്ങള്‍ പ്രതിരോധിക്കുന്നതിലെ വീഴ്ചയുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരിനെതിരേ നിശിത വിമര്‍ശനവുമായി ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. പ്രളയം തടയുന്നതിനുള്ള നെതര്‍ലന്‍ഡ് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ച ശേഷം തുടര്‍നടപടിയെക്കുറിച്ച് ഇപ്പോള്‍ ആര്‍ക്കുമറിയില്ലെന്നാണു ഫെയ്‌സ്ബുക് പോസ്റ്റിലൂടെ ചെറിയാന്‍ ഫിലിപ്പിന്റെ വിമര്‍ശനം. 2018ലെ മഹാ പ്രളയത്തിന് ശേഷം നെതര്‍ലന്‍ഡ് സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, അവിടെ ഫലപ്രദമായി പരീക്ഷിച്ച റൂം ഫോര്‍ ദ റിവര്‍ പദ്ധതി കേരളത്തിലും നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ പരോക്ഷ വിമര്‍ശനം. ദുരന്തനിവാരണത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താതെ ഭരണാധികാരികള്‍ ദുരന്തം വന്നതിന് ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര്‍ പൊഴിക്കുന്നതും വിലാപകാവ്യം രചിക്കുന്നതും ജനവഞ്ചനയാണെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു.കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്‍കിയ ഖാദിബോര്‍ഡ് ഉപാധ്യക്ഷ പദവി നിരസിച്ച് സിപിഎം നേതൃത്വത്തോട് ചെറിയാന്‍ ഫിലിപ്പ് മാനസികമായി അകന്നിരുന്നു.ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ നിന്ന്:കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും പ്രളയവും വരള്‍ച്ചയും പ്രതീക്ഷിക്കാം. ഭൂമിയില്‍ മഴവെള്ളം കെട്ടിക്കിടക്കാന്‍ ഇടമുണ്ടായാല്‍ മാത്രമേ പ്രളയത്തേയും വരള്‍ച്ചയേയും പ്രതിരോധിക്കാനാകൂ. രണ്ടിനേയും നേരിടാന്‍ ദീര്‍ഘകാല പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കണം. വെള്ളം കെട്ടിക്കിടക്കാന്‍ ചതുപ്പുനിലങ്ങളോ വയലുകളോ ഇല്ലെങ്കില്‍ മഴവെള്ളം കരഭൂമിയിലേക്ക് പ്രവേശിക്കും. നദികളില്‍ മണ്ണു നിറഞ്ഞ് ആഴമില്ലാതായതോടെയാണ് കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയത്. മഴവെള്ളം ഭൂഗര്‍ഭത്തിലേക്കു കിനിഞ്ഞിറങ്ങിയാല്‍ മാത്രമേ കിണറുകളിലെയും കുളങ്ങളിലേയും വെള്ളം വറ്റാതിരിക്കൂ. ഭൂഗര്‍ഭ ജലമില്ലെങ്കില്‍ ജലക്ഷാമം രൂക്ഷമാകും. സ്ഥല ജല മാനേജ്മെന്റിലൂടെ മാത്രമേ രണ്ടു വിപത്തുകളെയും നേരിടാനാകൂ. അറബിക്കടലിലെ ന്യൂനമര്‍ദ്ദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കില്‍ പെരുമഴയോടൊപ്പം എല്ലാ ഡാമുകളും തുറന്നു വിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയില്‍ ആകുമായിരുന്നു. മഹാഭാഗ്യം എന്നു പറഞ്ഞാല്‍ മതി.