Pravasimalayaly

ഫ്രാന്‍സില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; വീണ്ടും ആശങ്ക

പാരീസ്: ലോകം ഒമിക്രോണ്‍ ഭീതിയിയുടെ മുള്‍മുനയില്‍ നില്‍ക്കെ ഫ്രാന്‍സില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. മാഴ്‌സിലിസ് പ്രദേശത്ത് പന്ത്രണ്ടോളം പേരില്‍ പുതിയ വകഭേദം കണ്ടെത്തിയെന്നാണ് സ്ഥിരീകരണം. പുതിയ വകഭേദത്തിന് ബി. 1.640.2 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പുതിയ വകഭേദം ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാക്‌സിനുകളെ അതിജീവിക്കാന്‍ പുതിയ വൈറസിനു ശേഷിയുണ്ടെന്നാണ് കരുതുന്നതെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. പുതിയ വകഭേദത്തിനു 46 ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക പഠനങ്ങളില്‍ വ്യക്തമാകുന്നത്.

ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1,892 ആയി. ഇതില്‍ 766 പേര്‍ രോഗമുക്തരായി. 568 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് 382 രോഗികളുമായി ഡല്‍ഹിയാണ് രണ്ടാംസ്ഥാനത്തുള്ളത്. കേരളം(185), രാജസ്ഥാന്‍(174), ഗുജറാത്ത്(152), തമിഴ്നാട്(121) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.

നേരത്തെ ദേശീയതലത്തില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 12 ശതമാനമായിരുന്നു ഒമിക്രോണ്‍ വകഭേദമെങ്കില്‍ കഴിഞ്ഞ ആഴ്ച ആയപ്പോഴേക്കും അത് 28 ശതമാനമായി ഉയര്‍ന്നു. തുടര്‍ന്നും ഒമിക്രോണ്‍ രോഗബാധയുടെ നിരക്ക് ദേശീയ തലത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ വന്‍ നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആകെ കേസുകളില്‍ 75 ശതമാനവും ഒമിക്രോണ്‍ രോഗബാധയാണെന്നും അറോറ വ്യക്തമാക്കി.

Exit mobile version