ഭക്ഷ്യസുരക്ഷാ വകുപ്പിന് ഭക്ഷ്യസുരക്ഷാ ഭവൻ

0
22

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആസ്ഥാനമന്ദിരമായ ഭക്ഷ്യസുരക്ഷാ ഭവന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന് തൈക്കാട് വില്ലേജില്‍ അനുവദിച്ച 68 സെന്റ് സ്ഥലത്താണ് 6.915 കോടി രൂപ ഉപയോഗിച്ച് ഭക്ഷ്യസുരക്ഷാ ഭവന്‍ നിര്‍മ്മിച്ചത്. 24,936 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 3 നിലകളായാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ കാര്യാലയം, ഡെപ്യുട്ടി കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവരുടെ കാര്യാലയം, കോണ്‍ഫറന്‍സ് ഹാള്‍, കമ്പ്യൂട്ടര്‍ ഹാള്‍ എന്നിവ ഈ കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ വകുപ്പിന് ആസ്ഥാന മന്ദിരം സജ്ജമായതോടെ വകുപ്പിന് കീഴിലുള്ള പല പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ സാധിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് ഈ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യുക്ക് റെസ്‌പോണ്‍സ് ടീം എല്ലാ ജില്ലകളിലും രൂപീകരിച്ചിട്ടുണ്ട്. മത്സ്യ മാര്‍ക്കറ്റുകളില്‍ വിതരണം ചെയ്യപ്പെട്ടിരുന്ന മത്സ്യങ്ങളില്‍ ശരീരത്തിന് ഹാനികരമായ വസ്തുക്കള്‍ ചേരുന്നു എന്ന പരാതികളെ തുടര്‍ന്ന് ‘ഓപ്പറേഷന്‍ സാഗര്‍ റാണി’ എന്ന പദ്ധതി നടപ്പിലാക്കി. ഇതിന്റെ ഫലമായി ഇന്ന് കേരളത്തില്‍ വിപണനം ചെയ്യപ്പെടുന്ന മത്സ്യങ്ങളില്‍ രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞു. ശര്‍ക്കരയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഓപ്പറേഷന്‍ ‘പനേല’ വിജയകരമായി നടപ്പിലാക്കിയെന്നും മന്ത്രി വ്യക്തമാക്കി.

വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷനായ ചടങ്ങില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എ.ആര്‍. അജയകുമാര്‍ സ്വാഗതമാശംസിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, കൗണ്‍സിലര്‍ എസ്. കൃഷ്ണ കുമാര്‍, ചീഫ് എഞ്ചിനീയര്‍ ഹൈജിന്‍ ആല്‍ബര്‍ട്ട്, ഭക്ഷ്യ സുരക്ഷാ ജോ. കമ്മീഷണര്‍ കെ. അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply