KSRTC ഈയടുത്ത് നടപ്പിലാക്കിയ പ്രവർത്തനയോഗ്യമല്ലാത്ത ബസുകൾ പുനരുപയോഗിക്കുന്ന ഫുഡ് വാഗൺ പദ്ധതി വലിയ തോതിൽ പ്രശംസിക്കപ്പെട്ടിരുന്നു.

ഈ ഇടപെടലുകളുടെ തുടർച്ചയായി
“KSRTC LOGISTICS” ആരംഭം കുറിക്കുവാനുള്ള നടപടികൾ സർക്കാർ പൂർത്തിയാക്കി. ഡീസൽ, സ്പെയർ പാർട്ട്സ് വില വർധനവ് വെല്ലുവിളിയായി മാറിയ സാഹചര്യത്തിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് “KSRTC LOGISTICS” എന്ന പേരിൽ പാഴ്സൽ സർവ്വീസ് ആരംഭിക്കുന്നത്.

കോവിഡ് 19 ദുരിതാശ്വാസത്തിൻ്റെ ഭാഗമായി സർക്കാർ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 4 മാസത്തേക്ക് കൂടി അനുവദിക്കുന്ന അതിജീവനക്കിറ്റുകളുടെ വിതരണത്തിനായി SUPPLYCO യ്ക്ക് വാഹനങ്ങൾ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചു കൊണ്ട് ആദ്യത്തെ സർവീസ് ഉടനെ തുടങ്ങുകയാണ്.

കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്സലുകളുടെ ഗതാഗതം ഈ സേവനം വഴി ലഭ്യമാക്കും. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, വിവിധ യൂണിവേഴ്സിറ്റികൾ, പരീക്ഷാഭവൻ എന്നിവരുടെ ചോദ്യ പേപ്പർ, ഉത്തരക്കടലാസ് തുടങ്ങിയവയും GPS അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഉള്ള വാഹനങ്ങൾ വഴി സംസ്ഥാനത്തെമ്പാടും എത്തിക്കുന്ന സംവിധാനം ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത്തരത്തിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചരക്ക് കടത്തിന്റെ ഒരു പ്രധാന ചുമതല നടത്തുന്ന വിധത്തിലേക്ക് “KSRTC LOGISTICS” സംവിധാനം വിപുലീകരിക്കും.