കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത് ബ്ലാക്ക്‌മെയിലിംഗിനെന്ന് പ്രതി നീതു. സുഹൃത്തിനെ ഭീഷണിപ്പെടുത്താനാണ് നവജാത ശിശുവിനെ തട്ടിയെടുത്തെന്ന് നീതു പറഞ്ഞു. ഇന്നലെ കസ്റ്റഡിയിലായ ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകന്‍ ആണ്. ബാദുഷ വിവാഹ വാഗ്ദാനം നല്‍കി നീതുവിനെ വഞ്ചിച്ചു, മറ്റൊരു വിവാഹത്തിന് ശ്രമിച്ചു. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിന്റെ കുഞ്ഞാണെന്ന് വരുത്താന്‍ ആയിരുന്നു നീതുവിന്റെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.
നീതുവില്‍ നിന്ന് 30 ലക്ഷം രൂപയും സ്വര്‍ണ്ണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഇത് തിരികെ വാങ്ങാന്‍ ആയിരുന്നു പദ്ധതി. ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലായിരുന്നു നീതു ജോലിചെയ്തിരുന്നത്. പിന്നീട് ഇവര്‍ രണ്ടുപേരും ചേര്‍ന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു.ഈ സമയത്താണ് കാമുകന്‍ പണം തട്ടിയത്.
അമതസമയം കുട്ടിയെ തട്ടികൊണ്ടുപോകാന്‍ നീതു ശ്രമിച്ചുവെന്ന വാര്‍ത്ത ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഞെട്ടലായി. ടിക്ടോക്കിലൂടെയാണ് നീതുവും ഇബ്രാഹിം ബാദുഷയും സൗഹൃദത്തിലായത്. വിദേശത്ത് ജോലിക്കാരനായ നീതുവിന്റെ ഭര്‍ത്താവ് ആഴ്ചകള്‍ക്ക് മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. 2011ലാണ് തിരുവല്ല കുറ്റൂരിലേക്ക് നീതുവിനെ വിവാഹം ചെയ്ത് കൊണ്ടുവരുന്നത്. നീതു ചെങ്ങന്നൂര്‍ തിരുവന്‍മണ്ടൂര്‍ സ്വദേശിനിയായിരുന്നു. വിവാഹത്തിനു ശേഷം ഇവര്‍ ഏറെക്കാലം എറണാകുളത്തായിരുന്നു. അതുകൊണ്ട് തന്നെ എറണാകുളത്തെ ബന്ധുക്കള്‍ക്കൊന്നും നീതുവുമായി കാര്യമായ അടുപ്പമുണ്ടായിരുന്നില്ല. പ്രീസ്‌കൂളുകള്‍ അടക്കം വിവിധ ഇടങ്ങളില്‍ ഇവര്‍ ജോലി ചെയ്തിരുന്നു.
രണ്ടാഴ്ച മുന്‍പാണ് നീതുവിന്റെ ഭര്‍ത്താവ് നാട്ടിലെത്തി മടങ്ങിയത്. വിദേശത്ത് ഖനിയിലാണ് ഇദ്ദേഹത്തിന്റെ ജോലി. ഇവരുടെ സാമ്പത്തിക, സാമൂഹിക പശ്ചാത്തലങ്ങളൊക്കെ മെച്ചപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ നീതു ശ്രമിച്ചെന്നത് നാട്ടുകാര്‍ക്ക് ഞെട്ടലായി. നീതുവിന്റെ ഭര്‍തൃവീട്ടില്‍ അച്ഛനും അമ്മയുമാണുള്ളത്. അവര്‍ ഇപ്പോള്‍ അവിടെനിന്ന് മാറിയിട്ടുണ്ട്.