കോട്ടയം: തലയോലപ്പറമ്പിൽ നവദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ. മറവൻ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശും ഭാര്യ അരുണിമയുമാണ് മരിച്ചത്. അഞ്ച് മാസം മുൻപാണ് ഇവർ വിവാഹിതരായത്.
പെയിൻ്റിംഗ് തൊഴിലാളിയായ ശ്യാമും അയൽവാസിയായ അരുണിമയും തമ്മിലുള്ള വിവാഹം ദീർഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു. വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം ബന്ധുവുമായി തർക്കമുണ്ടായിരുന്നു.
സമീപത്ത് താമസിക്കുന്ന അമ്മാവനോട് വിനോദയാത്ര പോകാൻ ശ്യാംപ്രകാശ് കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമ്മാവനായ ബാബു കാർ നൽകാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ ശ്യാം ബാബുവിൻ്റെ കാർ തല്ലി തകർത്തു. ഇതു കണ്ട ബാബു കുഴഞ്ഞു വീഴുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ശ്യാമിനെതിരെ ബാബുവിൻ്റെ ഭാര്യ പൊലീസിൽ പരാതി നൽകി. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ശ്യം വരുത്തിവച്ചെന്നാണ് പരാതി. നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് വന്നതോടെ ശ്യാമും ഭാര്യയും കടുത്ത മാനസിക പ്രയാസത്തിലായെന്നും ഇതേ തുടർന്ന് ആത്മഹത്യ എന്നുമാണ് വൈക്കം പൊലീസ് പറയുന്നത്.