പ്രധാന വാർത്തകൾ
സായാഹ്‌ന വാർത്തകൾ
2021 ഓഗസ്റ്റ് 14 | 1196 കർക്കടകം 29 | ശനി | ചിത്തിര, ചോതി |
🔳ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ലെന്നും വിദ്വേഷവും അക്രമവും കാരണം നമ്മുടെ ലക്ഷകണക്കിന് സഹോദരി സഹോദരന്‍മാര്‍ക്ക് പലായനം ചെയ്യേണ്ടി വന്നുവെന്നും പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആ ജനതയുടെ ത്യാഗസ്മരണയ്ക്കായി ഓഗസ്റ്റ് 14 ‘വിഭജനഭീതിയുടെ സ്മരണാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചുവെന്നും വിഭജന ഭീതിയുടെ ഈ ഓര്‍മദിനം സാമൂഹ്യ വിഭജനത്തിന്റെയും വൈരത്തിന്റെയും വിഷവിത്ത് നീക്കി മൈത്രിയും മാനുഷിക ഉന്നമനവും ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
🔳കോണ്‍ഗ്രസിന്റേയും രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളുടേയും അക്കൗണ്ടുകള്‍ ട്വിറ്റര്‍ പുനഃസ്ഥാപിച്ചു. ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയോളം കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ താത്കാലികമായി ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു.
അക്കൗണ്ട് പൂട്ടിയതിലൂടെ ട്വിറ്റര്‍ ഇന്ത്യയുടെ രാഷ്ട്രീയപ്രക്രിയയിലാണ് ഇടപെടുന്നതെന്നും സര്‍ക്കാരിന് കടപ്പെട്ടവനാണ് എന്ന ഒറ്റക്കാരണത്താല്‍ നമ്മുടെ രാഷ്ട്രീയം നിശ്ചയിക്കാന്‍ കമ്പനികളെ അനുവദിക്കണോയെന്നും രാഹുല്‍ യുട്യൂബ് ചാനലിലൂടെ ചോദിക്കുകയുണ്ടായി.
🔳ഡ്രോണുകള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയുക, കുറ്റാന്വേഷണത്തിന് ഡ്രോണുകളുടെ സഹായം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരളാ പോലീസ് ഡ്രോണ്‍ ഫോറന്‍സിക്കിന് തുടക്കമിട്ടു. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനത്തിന് പിന്നാലെ പറത്തിവിട്ട ചെറുവിമാനം പറന്നുയര്‍ന്ന് മരത്തില്‍ കുടുങ്ങിയത് സോഷ്യല്‍ മീഡിയ ആഘോഷിച്ചു.
🔳കൊടകര കുഴല്‍പ്പണ കേസിന്റെ അന്വേഷണത്തില്‍ അദ്ഭുതങ്ങളുടെ പെട്ടിയാണ് തുറന്നതെന്ന് ഹൈക്കോടതി. കൊടകര കുഴല്‍പ്പണ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍ പുറത്തുവന്നത്.
🔳ദേശീയപാത 66 നവീകരണത്തില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ് എം.പി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു കത്തു നല്‍കി. ജി.സുധാകരന്‍ മന്ത്രിയായപ്പോള്‍ പുനര്‍നിര്‍മ്മിച്ച ദേശീയപാതയുടെ നവീകരണത്തില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആരിഫിന്റെ കത്ത്. ജി. സുധാകരന്‍ മന്ത്രിയായപ്പോള്‍ പൊതുമരാമത്തിന്റെ ആവശ്യപ്രകാരം കേന്ദ്രം 36 കോടി രൂപ അനുവദിച്ചാണ് പ്രസ്തുത റോഡ് നവീകരിച്ചത്. ആലപ്പുഴയില്‍ സി.പി.എം വിഭാഗീയത സജീവ ചര്‍ച്ചയായിരിക്കെയാണ് ആരിഫിന്റെ ആരോപണം എന്നതും ശ്രദ്ധേയമാണ്.
🔳ദേശീയപാത 66 ന്റെ നവീകരണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ് എം.പി നല്‍കിയ കത്തു കിട്ടിയെന്ന് പൊതുമരാമത്ത് മന്ത്രി സ്ഥിരീകരിച്ചു. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തുനല്‍കിയിട്ടുണ്ടെന്നും റിയാസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ അടിയന്തരപരിഹാരമുണ്ടാക്കുമെന്നും മന്ത്രിയായിരുന്നപ്പോള്‍ ജി.സുധാകരന്‍ റോഡ് നവീകരണത്തില്‍ മികച്ച ഇടപെടല്‍ നടത്തിയിരുന്നെന്നും റിയാസ് പ്രതികരിച്ചു.
🔳ദേശീയപാത 66 ന്റെ നവീകരണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ് നല്‍കിയ കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ നേരിട്ട് ബാധിക്കുന്നതല്ലെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ആരോപണ വിധേയമായ റോഡിന്റെ കരാറുകാര്‍ പെരുമ്പാവൂരുള്ള ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍സ് എന്ന സ്വകാര്യ കമ്പനിയാണ്. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനുവേണ്ടി ഫണ്ടുതേടി ഏരിയാ നേതൃത്വം ഈ കമ്പനിയെ സമീപിച്ചപ്പോള്‍ ഫണ്ട് മന്ത്രി ജി സുധാകരന് നല്‍കിയിട്ടുണ്ട് എന്നായിരുന്നു കമ്പനിയുടെ വിശദീകരണം. ഇതാണ് ആക്ഷേപമായി ഉയര്‍ന്നത്.
🔳കണ്ണൂര്‍ സി.പി.എമ്മില്‍ 17 പേര്‍ക്കെതിരേ അച്ചടക്ക നടപടി. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ആന്തൂര്‍ നഗരസഭയുടെ മുന്‍ ചെയര്‍ പേഴ്സണുമായ പി.കെ. ശ്യാമളയെ സൈബറിടങ്ങളില്‍ അപമാനിച്ചതിനാണ് 17 പേര്‍ക്കെതിരേ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. ഇതില്‍ 15 പേര്‍ക്ക് പരസ്യ ശാസനയുണ്ട്. രണ്ടു പേരെ സസ്പെന്‍ഡും ചെയ്തു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി പരിധിയില്‍ പെടുന്ന 17 പേര്‍ക്കെതിരേയാണ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളായിരുന്നു അച്ചടക്ക നടപടിക്കാധാരം. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സാജന്‍ ആത്മഹത്യ ചെയ്യുന്നത്.
🔳എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ഹരിതയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വിവാദങ്ങളില്‍ ഇന്ന് പാര്‍ട്ടി നടപടിക്ക് സാധ്യത. സംഘടനയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനിരിക്കുന്നതിനിടെ അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതും ഒടുവില്‍ വനിതാ കമ്മീഷനിലേക്ക് വരെ എത്തിയതും ഏറെ ഗൗരവമായിട്ടാണ് ലീഗ് കാണുന്നത്. ഇത് അച്ചടക്ക ലംഘനമായി കാണുമെന്ന് കഴിഞ്ഞ ദിവസം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് ചേരുന്ന പാര്‍ട്ടി നേതൃയോഗം പരാതി പറഞ്ഞവര്‍ക്കെതിരേ നടപടിയെടുക്കാനൊരുങ്ങുന്നത്.
🔳മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായ അധ്യാപകന്‍ തൂങ്ങി മരിച്ച നിലയില്‍. മലപ്പുറം വലിയോറ ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്തിനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 44 വയസ്സായിരുന്നു. പ്രശസ്ത ചിത്രകാരനും സ്‌കൂള്‍ അധ്യാപകനും സിനിമാ സാംസ്‌കാരികമേഖലകളില്‍ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്.
🔳നാളെ സംസ്ഥാനത്ത് ബെവ്കോ വഴി മദ്യവില്‍പ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യദിനത്തിന് അവധിയായിരിക്കുമെന്ന് ബെവ്കോ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
🔳ഓടുന്ന തീവണ്ടികളില്‍ ഉപഗ്രഹസംവിധാനത്തിലൂടെ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള പദ്ധതി റെയില്‍വേ ഉപേക്ഷിച്ചു. യാത്രക്കാര്‍ക്ക് സൗജന്യമായി നല്‍കുമെന്നു പറഞ്ഞിരുന്ന സംവിധാനം ഉപേക്ഷിക്കാന്‍ കാരണം അമിതചെലവ് തന്നെ. ദീര്‍ഘവീഷണമില്ലാതെയും പരിമിതി മനസ്സിലാക്കാതെയും നടത്തിയ പ്രഖ്യാപനമാണ് ഉപേക്ഷിച്ചത്. 2019-ലെ ബജറ്റില്‍ അന്നത്തെ റെയില്‍വേമന്ത്രി പീയുഷ് ഗോയലാണ് പദ്ധതി അവതരിപ്പിച്ചത്.
🔳ബിജെപിക്ക് എതിരെ മമത ബാനര്‍ജിയുമായി സി.പി.എം സഹകരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശീയ തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികളുമായി സഹകരിക്കും. എന്നാല്‍ പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ തൃണമൂലുമായി സഹകരണം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
🔳2013-ലെ വ്യാപം അഴിമതിക്ക് ശേഷം മധ്യപ്രദേശില്‍ ഏറ്റവും വലിയ അഴിമതിക്ക് സാധ്യതയുള്ള മെഡിക്കല്‍ പരീക്ഷ ക്രമക്കേടിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. 300 ഓളം കോളേജുകളെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആരോഗ്യ സര്‍വകലാശാലയുടെ പരീക്ഷാ ഫലങ്ങള്‍ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. മാര്‍ക്ക് ലിസ്റ്റുകള്‍ സര്‍വകലാശാ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് പകരം ഒരു സ്വകാര്യ കമ്പനിയാണ് കൈവശം വെച്ചിരിക്കുന്നതെന്നും മാര്‍ക്കുകള്‍ എപ്പോള്‍ വേണമെങ്കിലും തിരുത്താവുന്നതാണെന്നും അന്വേഷണസംഘം കണ്ടെത്തി. സര്‍വകലാശാലയിലെ ഒരു പരീക്ഷാ കണ്‍ട്രോളര്‍, ഒരു ക്ലര്‍ക്ക്, ഒരു കരാര്‍ ജീവനക്കാരന്‍ എന്നിവര്‍ ഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി വിദ്യാര്‍ഥികളുടെ മാര്‍ക്ക് തിരുത്തിയതായും അന്വേഷണ സമിതി കണ്ടെത്തി.
🔳അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തി താലിബാന്റെ ചട്ടങ്ങള്‍. പുരുഷന്മാര്‍ കൂടെയില്ലാതെ സ്ത്രീകള്‍ക്ക് മാര്‍ക്കറ്റുകളിലെ പ്രവേശനം താലിബാന്‍ ഭീകരവാദികള്‍ വിലക്കി. കാല്‍പ്പാദം പുറത്തുകാണുന്ന തരം ചെരിപ്പുകള്‍ ധരിച്ച് പുറത്തിറങ്ങിയ പെണ്‍കുട്ടികളെ കഴിഞ്ഞദിവസം തീവ്രവാദികള്‍ ആക്രമിച്ചിരുന്നു.
🔳അഫ്ഗാനിസ്താനില്‍ താലിബാന്റെ നീക്കങ്ങളില്‍ പ്രതികരണവുമായി യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. കീഴടക്കിയ പ്രദേശങ്ങളിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്കു മേല്‍ താലിബാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായുള്ള ഭീതിപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നുണ്ടെന്നും പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഏറെ ബുദ്ധിമുട്ടി കരസ്ഥമാക്കിയ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഭീതിജനകവും ഹൃദയഭേദകവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🔳അഫ്ഗാന്‍ സൈന്യത്തിന്റെ സഹായത്തിനായി ഇന്ത്യന്‍ സൈന്യം രാജ്യത്ത് എത്തുന്നത് അത്ര നല്ലതല്ല എന്ന മുന്നറിയിപ്പുമായി താലിബാന്‍. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് താലിബാന്‍ വക്താവ് മുഹമ്മദ് സുഹൈല്‍ ഷഹീന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം അഫ്ഗാന്‍ ജനതയ്ക്ക് നല്‍കിയ സഹായത്തിന് താലിബാന്‍ ഇന്ത്യയെ പ്രശംസിക്കുകയും ചെയ്തു.
🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2021-22 സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ അട്ടിമറി. ആദ്യ മത്സരത്തില്‍ പ്രൊമോഷന്‍ ലഭിച്ചെത്തിയ ബ്രെന്റ്‌ഫോര്‍ഡ് ആഴ്‌സണലിനെ തകര്‍ത്തു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്രെന്റ്‌ഫോര്‍ഡിന്റെ ജയം.
🔳സ്‌കൈട്രാക്‌സ് ആന്വല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച എര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ആദ്യ 100ല്‍ രണ്ട് ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളും സ്ഥാനം പിടിച്ചു. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എര്‍പോര്‍ട്ടും രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമാണ്(ഷംഷബാദ്) ഇവ. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എര്‍പോര്‍ട്ട് 45- ാം സ്ഥാനത്താണ് എത്തിയത്. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 64- ാം സ്ഥാനവും സ്വന്തമാക്കി. ഖത്തറിലെ ദോഹ – ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആണ് ഇത്തവണ കിരീട ജേതാവ്.
🔳പൂര്‍ണമായി വാക്‌സിനേഷന്‍ ലഭിച്ച ജീവനക്കാരെ മാത്രം തിരികെ വിളിച്ച് ഐബിഎം. കോവിഡ് -19ന്റെ അതിവേഗ വ്യാപനം കണക്കിലെടുത്ത് സെപ്റ്റംബര്‍ 7 മുതല്‍ തുറക്കാനിരിക്കുന്ന ഓഫീസുകളിലേക്ക് പൂര്‍ണമായി വാക്‌സിനേഷന്‍ ലഭിച്ച യുഎസ് ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഡെല്‍റ്റ വേരിയന്റ് കാരണം യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ കോവിഡ് -19 കേസുകളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ നിന്നുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പുള്ള വ്യക്തികളും മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെടുന്നു.
🔳ടൊവീനോ തോമസും പിയാ ബാജ്പേയിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘അഭിയുടെ കഥ അനുവിന്റെയും’ സൈന പ്ലേ ഒടിടിയില്‍ റിലീസ് ആയി. ഛായാഗ്രാഹക ബി ആര്‍ വിജയലക്ഷ്മിയുടെ സംവിധാനത്തില്‍ 2018ല്‍ പുറത്തെത്തിയ ചിത്രമാണിത്. മലയാളത്തിലും തമിഴിലും ഒരേസമയം നിര്‍മ്മിക്കപ്പെട്ട ചിത്രത്തില്‍ പ്രഭു, രോഹിണി, സുഹാസിനി, ദീപ, മനോ ബാല, മഹേഷ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഉദയഭാനു മഹേശ്വരന്റേതാണ് തിരക്കഥ.
🔳ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രൊജക്ട് ഡിസൈനറായും പ്രവര്‍ത്തിച്ച ബാദുഷ നിര്‍മ്മാതാവുന്നു. വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന ‘വൈറല്‍ സെബി’ എന്ന ചിത്രമാണ് നിര്‍മ്മിക്കുന്നത്. ബാദുഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഫഹദ് ഫാസിലും മഞ്ജു വാര്യരും ചേര്‍ന്ന് പുറത്തിറക്കി. സജിത മഠത്തില്‍, ആനന്ദ് ഹരിദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഓടികൊണ്ടിരിക്കുന്ന വാഹനത്തിനുള്ളിലെ കണ്ണാടിയിലേക്ക് നോക്കിയിരിക്കുന്ന ഒരാളുടെ മുഖമാണ് പോസ്റ്ററിലുള്ളത്.
🔳ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി ഇന്ത്യയില്‍ കിടിലന്‍ ഓഫറുകളുമായി രംഗത്ത്. 10 ലക്ഷത്തോളം രൂപയുടെ വിലക്കിഴിവുകളാണ് കമ്പനിയുടെ വാഗ്ദാനം. ഔഡി ക്യു2, എ4, എ6 എന്നീ ആഡംബര വേരിയന്റുകള്‍ക്കാണ് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നല്‍കിയിരിക്കുന്നത്. ഓഫറുകള്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള ഡെലിവറികളില്‍ മാത്രമേ ലഭ്യമാകുകയുള്ളൂ. ഔഡി ക്യു2 എന്‍ട്രി ലെവല്‍ എസ് യു വിയുടെ സ്റ്റാന്‍ഡേര്‍ഡ് വിത്ത് സണ്‍റൂഫ് മോഡലിന് ഏഴ് ലക്ഷം രൂപയുടെ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചത്.