News headlines 25-05-2021

0
30

🔳18 മുതല്‍ 44 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിനേഷനായി കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. സര്‍ക്കാരിന്റെ കീഴിലുള്ള കേന്ദ്രങ്ങളിലാണ് ഇതിനുള്ള അനുമതി. വാക്‌സിന്‍ പാഴാകുന്ന പ്രശ്‌നം പരിഹരിക്കുന്നതിനുവേണ്ടിയാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിലവിലുള്ളതുപോലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മാത്രമായിരിക്കും നിലവില്‍ വാക്‌സിന്‍ വിതരണം.

🔳ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ കോവാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് പരീക്ഷണം ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ആരംഭിച്ചു. ആറ് മാസങ്ങള്‍ക്ക് മുന്‍പ് കോവാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച 190 പേരാണ് ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ ഒമ്പത് ഇടങ്ങളിലായി ആറ് മാസമാണ് പരീക്ഷണ കാലയളവ്. ചെന്നൈയില്‍ ഇതിനോടകം ഏഴ് പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുണ്ട്.

🔳കോവിഡിന്റെ മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായോ കൂടുതലായോ ബാധിക്കുമെന്നതിന് സൂചനയില്ലെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. മൂന്നാംതരംഗത്തില്‍ കുട്ടികളില്‍ കടുത്ത അണുബാധയുണ്ടാകുമെന്നതിന് ഇതുവരെ തെളിവുകളില്ലെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു..

🔳റഷ്യന്‍ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് Vയുടെ ഉല്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. ഡല്‍ഹിയിലെ പനെസീ ബയോടെക്കാണ് പ്രതിരോധ വാക്സിന്‍ നിര്‍മിക്കുന്നത്. റഷ്യന്‍ ഡയറക്ടറ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഡല്‍ഹിയിലെ പനെസീ ബയോടെക്കുമായി ചേര്‍ന്ന് പ്രതിവര്‍ഷം 10 കോടി ഡോസ് ഉല്പാദിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

🔳പ്രത്യേക പരിശീലനം നല്‍കുന്ന നായ്ക്കള്‍ക്ക് കോവിഡ് ബാധിതരെ കണ്ടെത്താന്‍ 90 ശതമാനത്തിലധികം സാധിക്കുമെന്ന് പുതിയ പഠനം. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികളെയും നായക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷകരാണ് നായ്ക്കളും കോവിഡ് പരിശോധനയും സംബന്ധിച്ച വിഷയത്തില്‍ പഠനം നടത്തിയത്.

🔳ഇന്ത്യയില്‍ പ്രതിദിനം ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ 57 ശതമാനം മാത്രമാണ് രാജ്യത്തെ ജനങ്ങളിലെത്തുന്നതെന്ന് കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍. രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുകയും വാക്‌സിന്‍ വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

🔳ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 45 വയസ്സുകാരനിലാണ് ആദ്യ യെല്ലോ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റ് ഫംഗല്‍ അണുബാധയേക്കാള്‍ മാരകമാണ് യെല്ലോ ഫംഗസ് ബാധയെന്നാണ് വിദഗ്ധാഭിപ്രായം. രോഗം സ്ഥിരീകരിച്ചയാള്‍ നിലവില്‍ ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യെല്ലോ ഫംഗസ് സാധാരണ കണ്ടുവരുന്നത് ഉരഗവര്‍ഗങ്ങളിലാണ്.

🔳കോവിഡ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരും യുപി സര്‍ക്കാരും പരാജയപ്പെട്ടതായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഏറ്റവും ദുരിതപൂര്‍ണമായ സാഹചര്യത്തിലാണ് രാജ്യമെന്നും ജനങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് മനഃപൂര്‍വം ഒഴിഞ്ഞു മാറുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

🔳ടൗട്ടേ ചുഴലിക്കാറ്റില്‍പ്പെട്ട് അറബിക്കടലില്‍ മുങ്ങിയ ബാര്‍ജിലെയും ടഗ് ബോട്ടിലെയും മുഴുവന്‍ മൃതദേഹങ്ങളും വീണ്ടെടുത്തു. ടഗ് ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായും രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതായും നാവികസേനാവൃത്തങ്ങള്‍ അറിയിച്ചു. ഒരുമൃതദേഹംകൂടി തിരിച്ചറിഞ്ഞതോടെ മരിച്ച മലയാളികളുടെ എണ്ണം എട്ട് ആയി.

🔳ബിജെപി വക്താവ് സാംബിത് പത്ര ആരോപിച്ച കോണ്‍ഗ്രസ് ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ട്വിറ്റര്‍ ഓഫീസില്‍ പോലീസ് അന്വേഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ടൂള്‍ കിറ്റ് ഉണ്ടാക്കിയെന്ന ബിജെപി വക്താവും പാര്‍ട്ടി ഐടി സെല്‍ തലവനുമായ സാംബിത് പത്ര ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. ഇതിന്റെ ചിത്രവും പങ്കുവെച്ചു. എന്നാല്‍ സാംബിത് പത്ര ട്വീറ്റിനൊപ്പം പങ്കുവെച്ച രേഖകള്‍ക്ക് ട്വിറ്റര്‍ ‘മാനിപുലേറ്റഡ് മീഡിയ’ എന്ന ടാഗ് നല്‍കി. ഇതില്‍ വിശദീകരണം തേടിയാണ് ഡല്‍ഹി പോലീസ് ട്വിറ്റര്‍ ഓഫീസിലെത്തിയത്.

🔳സംസ്ഥാനത്ത് കോവിഡ് വന്ന പോയശേഷം ബ്ലാക്ക് ഫംഗസ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 44 പേര്‍ക്കാണ് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 35 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഒമ്പത് പേര്‍ രോഗം മൂലം മരിച്ചു.

🔳അച്ഛനും അമ്മയും കോവിഡ് ബാധിച്ച് മരിച്ച കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള നടപടികള്‍ സംബന്ധിച്ച് പരിശോധന നടത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് ലഭിക്കാതെ തിരിച്ചുപോകേണ്ടി വരുന്ന പ്രവാസികളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷം മാത്രമേ നല്‍കാവൂ എന്നാണ് ഇപ്പോഴുള്ള ഉത്തരവെന്നും എന്നാല്‍ വിദേശത്ത് ജോലിയുള്ളവര്‍ക്ക് 84 ദിവസത്തില്‍ ഇളവ് അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

🔳രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ ലോക്ഡൗണ്‍ സഹായകമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആശുപത്രികളിലെ തിരക്ക് കുറയുന്നതിനും മരണസംഖ്യയില്‍ കുറവുണ്ടാകുന്നതിനും രണ്ടുമൂന്ന് ആഴ്ചകള്‍ക്കൂടി വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳ട്രിപ്പിള്‍ ലോക്ക്ഡൗണിലും രോഗവ്യാപനം കുറയാത്ത മലപ്പുറം ജില്ലയില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി. മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒമ്പത് ദിവസം പിന്നിട്ടു. സര്‍ക്കാര്‍ നടത്തുന്ന തീവ്ര ശ്രമങ്ങള്‍ക്കനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായിട്ടില്ല. ക്വാറന്റൈനിലുളളവര്‍ പുറത്തിറങ്ങിയാല്‍ കണ്ടെത്തി കേസെടുക്കുന്നതോടൊപ്പം അവരെ സിഎഫ്എല്‍ടിസികളിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

🔳ലോക്ഡൗണ്‍ കാലയളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതിനാല്‍ നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഴ്ചയില്‍ നിശ്ചിത ദിവസമാവും നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി.

🔳കേരളത്തില്‍ ഇന്നലെ 87,331 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7554 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,556 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1090 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 36,039 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,59,179 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158.

🔳സംസ്ഥാനത്ത് ഇന്നലെ 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 879 ഹോട്ട് സ്‌പോട്ടുകള്‍.

🔳ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിക്കുന്ന നടപടികള്‍ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് തീര്‍ത്തും അപലപനീയമാണെന്നും ഈ നപടികളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

🔳ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ പ്രഫുല്‍ പട്ടേലിന്റെ പരിഷ്‌കാര നടപടികള്‍ക്കെതിരേ പ്രതിഷേധം പുകയുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്ന അധ്യാപകരെ പിരിച്ചുവിടുക, വിദ്യാര്‍ഥികളുടെ ഭക്ഷണ മെനുവില്‍നിന്ന് മാംസം ഒഴിവാക്കുക, ഡെയറി ഫാമുകള്‍ പൂട്ടുക തുടങ്ങിയ നടപടികള്‍ക്കെതിരേയാണ് പ്രതിഷേധം. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ നിരവധിപേരാണ് ദ്വീപ് ജനതയുടെ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. അഡ്മിനിസ്ട്രേറ്ററെ എത്രയും പെട്ടെന്ന് തിരിച്ചുവിളിക്കണമെന്ന് ലക്ഷദ്വീപ് എം.പിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാല്‍, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരേയും കേന്ദ്രസര്‍ക്കാരിനുമെതിരേ ഇപ്പോള്‍ നടക്കുന്നത് നുണപ്രചരണമാണെന്നാണ് ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. ഇതിനുപിന്നില്‍ ലക്ഷദ്വീപില്‍ രാഷ്ട്രീയത്തില്‍ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലീംലീഗ് ഗ്രൂപ്പുകളാണെന്നും അദ്ദേഹം ആരോപിക്കുന്നു.

🔳കോവിഡ് പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ വിവാഹങ്ങള്‍ നടത്തുന്നതിന് കടുത്തനിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതിനിടയില്‍ വിമാനത്തിനുളളില്‍ വിവാഹം നടത്തി മധുരയിലെ ദമ്പതികള്‍. മധുരയില്‍ നിന്നുളള രാകേഷ്, ദക്ഷിണ എന്നിവരാണ് ആകാശയാത്രക്കിടയില്‍ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ വിവാഹിതരായത്.

🔳കര്‍ണാടകയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കുതിരയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് ആയിരകണക്കിന് പേര്‍. ബെലഗവി ജില്ലയിലെ മരഡിമഥ് ഗ്രാമത്തിലാണ് സംഭവം. മസ്ത്മരടി ഗ്രാമത്തിലെ കാട സിദ്ധേശ്വര മഠത്തിലെ കുതിരയാണ് വെള്ളിയാഴ്ച ചത്തത്. സംഭവത്തെ തുടര്‍ന്ന് ജില്ലാഭരണാധികാരികള്‍ രണ്ടാഴ്ചത്തേക്ക് ഗ്രാമം അടച്ചു.

🔳രാജ്യത്ത് ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിനു താഴെ. രാജ്യത്ത് ഇന്നലെ 1,95,685 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 3,26,671 പേര്‍ രോഗമുക്തി നേടി. മരണം 3,496. ഇതോടെ ആകെ മരണം 3,07,249ആയി. ഇതുവരെ 2,69,47,496 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 25.81 ലക്ഷം കോവിഡ് രോഗികള്‍.

🔳തമിഴ്നാട്ടില്‍ ഇന്നലെ 34,867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 22,122 പേര്‍ക്കും കര്‍ണാടകയില്‍ 25,311 പേര്‍ക്കും പേര്‍ക്കും ആന്ധ്രപ്രദേശില്‍ 12,994 പേര്‍ക്കും പശ്ചിമബംഗാളില്‍ 17,883 പേര്‍ക്കും ഒഡീഷയില്‍ 11,059 പേര്‍ക്കും ആസാമില്‍ 6,221 പേര്‍ക്കും ഡല്‍ഹിയില്‍ 1,550 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരത്തില്‍ താഴെ മാത്രമാണ്.

🔳ആഗോളതലത്തില്‍ ഇന്നലെ 4,24,466 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 14,457 പേര്‍ക്കും ബ്രസീലില്‍ 37,183 പേര്‍ക്കും അര്‍ജന്റീനയില്‍ 22,651 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 16.79 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.51 കോടി കോവിഡ് രോഗികള്‍.
News Circle Chengannur
🔳ആഗോളതലത്തില്‍ 7,980 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 217 പേരും ബ്രസീലില്‍ 673 പേരും കൊളംബിയയില്‍ 483 പേരും അര്‍ജന്റീനയില്‍ 417 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 34.85 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳2021 ജൂലൈ 21 മുതല്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എല്ലാ ഐഎഫ്എസ്സി നമ്പറുകളും അസാധുവാകുമെന്ന് കാനറ ബാങ്ക് ഉപയോക്താക്കളെ അറിയിച്ചു. ജൂണ്‍ 30ന് മുമ്പായി എല്ലാ സിന്‍ഡിക്കേറ്റ് ബാങ്ക് ഉപയോക്താക്കളും അവരുടെ ബാങ്ക് ശാഖയുടെ ഐഎഫ്എസ്സി നമ്പര്‍ പുതുക്കണമെന്നും നിര്‍ദേശമുണ്ട്. കാനറ ബാങ്കുമായുള്ള സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ലയനത്തെത്തുടര്‍ന്ന് എസ്വൈഎന്‍ബി എന്നാരംഭിക്കുന്ന എല്ലാ സിന്‍ഡിക്കേറ്റ് ഐഎഫ്എസ്സി നമ്പറുകളിലും മാറ്റം വരുത്തിയിരിക്കുവെന്ന് കാനറ ബാങ്ക് പറഞ്ഞു. 1.07.2021 മുതല്‍ എസ്വൈഎന്‍ബിയില്‍ ആരംഭിക്കുന്ന എല്ലാ ഐഎഫ്എസ്സി കോഡുകളും അസാധുവാകുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. സിഎന്‍ആര്‍ബി എന്ന് ആരംഭിക്കുന്നതായിരിക്കും പുതുക്കിയ ഐഎഫ്എസ്സി നമ്പര്‍.

🔳കോവിഡ് 19 മൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുണ്ടായ വന്‍ ഇടിവില്‍ നിന്നുള്ള വീണ്ടെടുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ പ്രകടമായിരുന്നുവെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സി ഐസിആര്‍എ. 2 ശതമാനം വളര്‍ച്ച ജനുവരി-മാര്‍ച്ച് കാലയളവില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഉണ്ടായെന്നാണ് ഏജന്‍സി വിലയിരുത്തുന്നത്. മൊത്തം മൂല്യത്തിന്റെ (ജിവിഎ) അടിസ്ഥാനത്തില്‍ 3 ശതമാനം വര്‍ധനയുണ്ടായെന്നാണ് കണക്കാക്കുന്നത്. 2020-21ല്‍ മൊത്തം 8.45 ശതമാനത്തിന്റെ ഇടിവ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ പാദത്തില്‍ 0.40 ശതമാനം വളര്‍ച്ചയിലേക്ക് തിരിച്ചെത്താന്‍ സമ്പദ് വ്യവസ്ഥയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ നടപ്പു പാദത്തില്‍ കോവിഡിന്റെ രണ്ടാം തരംഗം സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിച്ചത് വീണ്ടെടുപ്പിനെ വീണ്ടും മന്ദഗതിയിലാക്കുമെന്നാണ് കരുതുന്നത്.

🔳ഗുരുവായൂര്‍ ഏകാദശി സ്പെഷലായി യുട്യൂബിലെത്തിയ കൃഷ്ണഭക്തിഗാനം തരംഗമായി. ‘കണ്ണന് കളിയാടാന്‍ വൃന്ദാവനം’ എന്നുതുടങ്ങുന്ന ഗാനത്തിന് ഈണം പകര്‍ന്നത് രവീന്ദ്രന്‍ മാഷിന്റെയും അര്‍ജുനന്‍ മാസ്റ്ററിന്റെയും അസിസ്റ്റന്റും അസോസിയേറ്റും ഒക്കെയായി പ്രവര്‍ത്തിച്ചിട്ടുള്ള ഉദയകുമാര്‍ അഞ്ചലാണ്. 4 തവണ സംഗീത നാടക അക്കാദമി പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കകം യുട്യൂബ് ട്രെന്‍ഡിങ്ങില്‍ പതിനെട്ടാം സ്ഥാനം നേടി. ഡീസി സംവിധാനം നിര്‍വ്വഹിച്ച കൃഷ്ണഭക്തി ഗാനം കരുനാഗപ്പള്ളി യുകൊ ബാങ്ക് മാനേജര്‍ ഷംനാദ് ഖാനാണ് നിര്‍മ്മിച്ചത്.

🔳ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണിന്റെ ഇന്ത്യയിലെ പുതിയ മോഡലായ സി3 എസ്യുവി ഇന്ത്യയിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് സിട്രോണ്‍ സി3യെ ചലിപ്പിക്കുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 7 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയില്‍ സിട്രോണ്‍ സി3യുടെ വില പ്രതീക്ഷിക്കാം. ഇന്റീരിയര്‍ സംബംന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

🔳ഓഷോ താന്‍ കണ്ടസത്യങ്ങളെ ഉദാഹരണങ്ങളിലൂടെയും നര്‍മ്മ കഥകളിലൂടെയും അനുവാചകരില്‍ എത്തിച്ചു. വാസ്തവങ്ങളാല്‍ ആവരണം ചെയ്ത നഗ്ന സത്യങ്ങളെ തൊലിയുരിഞ്ഞ് പുറത്തുകൊണ്ടുവരാന്‍ ആയുധമാക്കിയ അതീവരസകരമായ നര്‍മ്മ കഥകള്‍ ഓരോ മനുഷ്യന്റെയും ബോധമണ്ഡലത്തെ ഉണര്‍ത്തുന്നതും കൂടിയാണ്. ഓഷോ – തിരഞ്ഞെടുത്ത ഫലിതങ്ങള്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 180 രൂപ.

Leave a Reply