🔳 വിശദീകരിക്കപ്പെടാത്ത കാരണങ്ങളാല്‍ 75,000 ത്തോളം ആളുകള്‍ ബിഹാറില്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ 75,000ത്തോളം മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്ന് എന്‍.ഡി. ടി.വി. റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തിന്റെ ഔദ്യോഗിക കോവിഡ് മരണത്തിന്റെ പത്തിരട്ടിയാണിത്. സംസ്ഥാനത്ത് കണക്കില്‍പ്പെടുത്താത്ത കോവിഡ് മരണമുണ്ടോ എന്ന ചോദ്യമാണ് ഇത് ഉയര്‍ത്തുന്നത്.
🔳സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവീഷീല്‍ഡ് വാക്‌സിനുമാണ് ലഭിച്ചത്. ഇതുകൂടാതെ 97,500 ഡോസ് കോവാക്‌സിനും 1,55,650 കോവീഷീല്‍ഡ് വാക്‌സിനും ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തുമെന്നും കോവാക്‌സിന്‍ എത്തുന്നത് കോവാക്‌സിന്‍ രണ്ടാം ഡോസ് എടുക്കുന്നവര്‍ക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
🔳വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങള്‍ വാക്‌സിനെടുത്ത തീയതിയും വാക്‌സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിനായുള്ള ഇ ഹെല്‍ത്തിന്റെ പോര്‍ട്ടലില്‍ അപ്‌ഡേഷന്‍ നടത്തിവരികയാണ്. അടുത്ത ദിവസം മുതല്‍ തന്നെ ബാച്ച് നമ്പരും തീയതിയും ചേര്‍ത്ത പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പരും തീയതിയും ആവശ്യമുള്ളവര്‍ക്ക് അവകൂടി ചേര്‍ത്ത് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
🔳അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനം കോവിഡ് മഹാമാരിയ്‌ക്കെതിരായ തുടര്‍ച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിത്. ഈ സാഹചര്യത്തില്‍ വിട്ടു നില്‍ക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരും ഉടന്‍ തന്നെ സര്‍വീസില്‍ പ്രവേശിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. അനധികൃതമായി സര്‍വീസില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പലതവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് അവര്‍ താത്പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത്.
🔳മരംമുറി കൊള്ള, കോവിഡ് പ്രതിരോധ പാളിച്ച തുടങ്ങിയവയില്‍നിന്നും ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനുള്ള സര്‍ക്കാര്‍-പ്രതിപക്ഷ ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും അടിസ്ഥാനപരമായി ഗുണ്ടകളാണെന്ന് കേരളത്തോട് ഏറ്റുപറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
🔳കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയെന്ന പരാതിയുമായി ബി.ജെ.പി. നടപടിയില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാനെ മന്ത്രി വഴിയില്‍ ഇറക്കിവിട്ടു. ഗണ്‍മാന്‍ ബിജുവിനെയാണ് തിരുവനന്തപുരത്ത് റോഡരികില്‍ ഇറക്കിവിട്ടത്.
🔳മുഖ്യമന്ത്രിയുടെയും കെ.പി.സി.സി പ്രസിഡന്റിന്റെയും ചട്ടമ്പിത്തരം വിളമ്പി വര്‍ത്തമാന രാഷ്ട്രീയം മലീമസമാക്കരുതെന്ന് ബി.ജെ.പി. നേതാവ് പി.കെ. കൃഷ്ണദാസ്. നിന്നേക്കാള്‍ വലിയ ചട്ടമ്പി താനാണെന്ന മട്ടിലാണ് മുഖ്യമന്ത്രി വീമ്പ് പറയുന്നത്. കോവിഡ് പ്രതിരോധം പോലെ വലിയ ഉത്തരവാദിത്വം ഒരു ഭാഗത്ത്, വനംകൊള്ള പോലെ ഗുരുതരമായ അഴിമതി ആരോപണം മറുഭാഗത്ത്. ഇതിനിടയില്‍ ചട്ടമ്പിത്തരം പറഞ്ഞ് പുകമറ സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പഴയ പാര്‍ട്ടി സെക്രട്ടറി അല്ലെന്ന് ഓര്‍ത്താല്‍ നന്നെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
🔳മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചും വെല്ലുവിളിച്ചുമുള്ള കെ സുധാകരന്റെ വാദങ്ങള്‍ക്ക് മറുപടിയുമായി എ കെ ബാലന്‍. സുധാകരന് മറുപടി നല്‍കാന്‍ പിണറായി വിജയന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. സ്വഭാവഹത്യയായതിനാലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയതെന്നും ബാലന്‍ പറഞ്ഞു. പിണറായി വിജയന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ ശ്രമിച്ചത് യാഥാര്‍ഥ്യമാണെന്നും കെഎസ്യുവിനെ നശിപ്പിക്കാന്‍ നേതൃത്വം കൊടുത്തയാളാണ് സുധാകരനെന്നും ബാലന്‍ പറഞ്ഞു.
🔳ആരോഗ്യവകുപ്പ് മുന്‍മന്ത്രി കെ.കെ. ശൈലജയ്ക്ക് രാജ്യാന്തര പുരസ്‌കാരം. സെന്‍ട്രല്‍ യൂറോപ്യന്‍ സര്‍വകലാശാലയുടെ 2021-ലെ ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരത്തിന് ശൈലജയെ തിരഞ്ഞെടുത്തു. വര്‍ഷംതോറും നല്‍കിവരുന്ന ഈ രാജ്യാന്തര പുരസ്‌കാരം, സ്വതന്ത്ര സമൂഹമെന്ന ആദര്‍ശത്തിലൂന്നി പ്രവര്‍ത്തിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് നല്‍കുന്നതാണെന്ന് സെന്‍ട്രല്‍ യൂറോപ്യന്‍ സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.
🔳കോവിഡ് മൂന്നാംതരംഗത്തെ നേരിടാന്‍ കൂടുതല്‍ പ്രാഥമികചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ഒരുക്കം തുടങ്ങി. ചികിത്സാകേന്ദ്രങ്ങളിലെ കിടക്കകളുടെ എണ്ണമനുസരിച്ച് കൂടുതല്‍ സഹായം പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും നല്‍കും.
🔳കെ.ടി.ഡി.സി. റെസ്റ്റോറന്റുകളിലെ ഭക്ഷണം വാഹനങ്ങളില്‍ത്തന്നെ നല്‍കുന്ന പദ്ധതിക്ക് ഉടന്‍ തുടക്കമാകുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സ്വന്തം വാഹനത്തില്‍ ഇരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ഭക്ഷണം വാഹനത്തിലെത്തിക്കും. തിരഞ്ഞെടുക്കപ്പെട്ട റെസ്റ്റോറന്റുകളിലാണ് ആദ്യം ഇതുതുടങ്ങുക. മിഷന്‍ ഫേസ് ലിഫ്റ്റ് പദ്ധതിയിലൂടെ കെ.ടി.ഡി.സി. ഹോട്ടലുകള്‍ നവീകരിക്കുമെന്നും വേളിയില്‍ പ്രവര്‍ത്തിക്കുന്ന ‘ഫ്ളോട്ടില’ മാതൃകയിലുള്ള ഫ്ളോട്ടിങ് റെസ്റ്റോറന്റ് കടലുണ്ടിയില്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
🔳കുട്ടനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി ഡി. സതീശന്‍ ഇന്ന് കുട്ടനാട് സന്ദര്‍ശിക്കും. മടവീഴ്ചയില്‍ ദുരിതമനുഭവിക്കുന്ന കൈനകരി പഞ്ചായത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെ സന്ദര്‍ശിക്കും. പാടശേഖര സമിതി ഭാരവാഹികളും ജന പ്രതിനിധികളുമായി യുഡിഎഫ് സംഘം ചര്‍ച്ച നടത്തും. രണ്ടാം കുട്ടനാട് പാക്കേജ് ഉള്‍പ്പെടെ നടപ്പാക്കി ജനങ്ങളുടെ ദുരിതത്തിന് ഉടന്‍ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭപരിപാടികള്‍ തുടങ്ങാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്.
🔳ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ ചികിത്സാച്ചെലവിനത്തില്‍ കൈപ്പറ്റിയത് 73.40 ലക്ഷം രൂപ. മന്ത്രിമാരുടെ കുടുംബാംഗങ്ങളുടെ ചികിത്സാച്ചെലവുകള്‍ക്ക് വിനിയോഗിച്ച തുകയും ഇതില്‍ ഉള്‍പ്പെടും. വനംവകുപ്പ് മന്ത്രിയായിരുന്ന കെ. രാജുവാണ് ഏറ്റവുമധികം തുക കൈപ്പറ്റിയത്. 8.68 ലക്ഷം രൂപ. 7.74 ലക്ഷം രൂപ ചെലവഴിച്ച ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറച്ച് തുക കൈപ്പറ്റിയത് വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജനാണ്. വിദ്യാഭ്യാസമന്ത്രിയായിരുന്ന കെ.എന്‍. രവീന്ദ്രനാഥ് ചികിത്സയ്ക്ക് പണം കൈപ്പറ്റിയതായി രേഖകളില്ല.
🔳പോലീസ് സേനയിലെ സേവനത്തിനുശേഷം വിരമിച്ച് മരണമടയുന്ന നായ്ക്കള്‍ക്കായുള്ള അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെതന്നെ ആദ്യ സംരംഭമാണിത്. പ്രത്യേകം തയ്യാറാക്കിയ കല്ലറകളില്‍ പുഷ്പാര്‍ച്ചന ചെയ്താണ് ഡി.ജി.പി അന്ത്യവിശ്രമകേന്ദം സമര്‍പ്പിച്ചത്.
🔳കേരളത്തില്‍ ഇന്നലെ 1,21,743 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,948 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,639 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,145 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,06,861 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493, പത്തനംതിട്ട 433, ഇടുക്കി 324, വയനാട് 222.
🔳സംസ്ഥാനത്ത് ടി.പി.ആര്‍. 8ന് താഴെ 178 ഉം, ടി.പി.ആര്‍. 8നും 20നും ഇടയ്ക്ക് 633 ഉം, ടി.പി.ആര്‍. 20നും 30നും ഇടയ്ക്ക് 208 ഉം, ടി.പി.ആര്‍. 30ന് മുകളില്‍ 16 ഉം തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലാണുള്ളത്. തിരുവനന്തപുരം ജില്ലയില്‍ അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ജില്ലയില്‍ ചിറ്റാറ്റുകര, പാലക്കാട് ജില്ലയില്‍ നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് ജില്ലയില്‍ മൂപ്പൈനാട്, കാസര്‍ഗോഡ ജില്ലയില്‍ ബേഡഡുക്ക, മധൂര്‍ എന്നീ പ്രദേശങ്ങളിലാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ളത്.
🔳ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച ചക്ര സ്തംഭന സമരം. സിഐടിയു, ഐഎന്‍ടിയുസി, എഐറ്റിയുസി ഉള്‍പ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സംയുക്തമായാണ് 15 മിനിറ്റ് സമരം. കേന്ദ്രം നികുതി വെട്ടിച്ചുരുക്കണമെന്നാണ് ആവശ്യം.
🔳നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യര്‍ (65) അന്തരിച്ചു. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വൈദ്യരെന്ന പേരില്‍ അറിയപ്പെട്ടിരുന്ന മോഹനന്‍ ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പ്രചാരണം നടത്തുകയും, അശാസ്ത്രീയ ചികിത്സാ രീതികളുടെ പേരില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.
🔳ഇരിങ്ങലക്കുട കാട്ടൂരില്‍ മദ്യപാനത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ 5 പ്രതികളും അറസ്റ്റില്‍. അറസ്റ്റിലായവര്‍ ക്രിമിനലുകളും നിരവധി കേസുകളില്‍ പ്രതികളുമാണ്. സംഭവമുണ്ടായി 24 മണിക്കൂറിനുള്ളിലാണ് പ്രതികളെല്ലാം അറസ്റ്റിലായത്. കാട്ടൂര്‍ കൂത്തുപാലയ്ക്കല്‍ വീട്ടില്‍ മോഹനന്റെ മകന്‍ ശരത്താണ് കുത്തേറ്റ് മരിച്ചത്.
🔳രാജ്യത്തിനെതിരായി ഒന്നും ചെയ്തിട്ടില്ലെന്ന് വിവാദ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന. ലക്ഷദ്വീപ് ജനതയ്ക്കായി നീതിക്കൊപ്പം നില്‍ക്കുമെന്നും അവര്‍ പറഞ്ഞു. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകുന്നതിനായി ലക്ഷദ്വീപിലേക്ക് പുറപ്പെടും മുന്നേ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയാരുന്നു അവര്‍.
🔳കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ കടകളും വൈകീട്ട് അഞ്ചു മണി വരെ തുറന്നുപ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ 50 ശതമാനം സീറ്റുകളില്‍ ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കി. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന 13 ജില്ലകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. വൈകീട്ട് ഏഴ് മുതല്‍ രാവിലെ അഞ്ചു വരെ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ സംസ്ഥാനത്തുടനീളം തുടരും.
🔳വാക്‌സിന്‍ വിതരണം വേഗത്തിലാക്കാനൊരുങ്ങി അസം സര്‍ക്കാര്‍. ഈ മാസം 21 മുതല്‍ 30 വരെ പ്രതിദിനം മൂന്ന് ലക്ഷം പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനാണ് അസം ലക്ഷ്യമിടുന്നത്. ജില്ലകളുടെ ചുമതലുള്ള മന്ത്രിമാരും സെക്രട്ടറിമാരും അതാത് ജില്ലകള്‍ സന്ദര്‍ശിച്ച് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ആവശ്യപ്പെട്ടു.
🔳തെലങ്കാനയില്‍ ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനം. കോവിഡ് രണ്ടാം തരംഗത്തിലെ രോഗവ്യാപനം കുറയുന്ന സാഹചര്യം കണക്കിലെടുത്താണ് ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
🔳പ്രാദേശിക പാര്‍ട്ടികള്‍ രാജ്യത്തിന് പ്രാമുഖ്യം കൊടുക്കാറില്ലെന്നും അവര്‍ക്ക് രാജ്യത്തിനായി നല്ലതൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ബി.ജെ.പി. നേതാവ് ജിതിന്‍ പ്രസാദ. ഉത്തര്‍ പ്രദേശില്‍നിന്നുള്ള ജിതിന്‍ പ്രസാദ, കുറച്ചുദിവസം മുന്‍പാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. പ്രാദേശിക പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം രാജ്യവും സംസ്ഥാനവും അവര്‍ക്ക് രണ്ടാമത്തെ പരിഗണന മാത്രമാണെന്നും പാര്‍ട്ടി ഒരു പ്രത്യേക വ്യക്തിയ്ക്കു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കുമെന്നും ജിതിന്‍ പ്രസാദ പറഞ്ഞു.
🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ എ.കെ.ശര്‍മയെ ഉത്തര്‍പ്രദേശ് ബി.ജെ.പി വൈസ് പ്രസിഡന്റായി നിയമിച്ചു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് ശര്‍മയുടെ രാഷ്ട്രീയ നിയമനം. നേരത്തെ, യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുനസംഘടനയില്‍ നിയമസഭാ കൗണ്‍സില്‍ അംഗമായ എ.കെ.ശര്‍മ മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
🔳ഉത്തര്‍പ്രദേശിലെ പോലീസ് കോണ്‍സ്റ്റബിള്‍, തനിക്ക് പകരം ജോലിക്ക് അയച്ചത് ഭാര്യാസഹോദരനെ. മൊറാദാബാദിലെ ഠാക്കൂര്‍ദ്വാര പോലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിച്ച അനില്‍കുമാര്‍ എന്ന കോണ്‍സ്റ്റബിളാണ് തനിക്ക് പകരം ഭാര്യാസഹോദരനെ ആ ജോലി ഏല്‍പ്പിച്ച് ആള്‍മാറാട്ടം നടത്തിയത്. സിനിമയെ വെല്ലുന്ന സംഭവത്തില്‍ രഹസ്യമായി അന്വേഷണം നടത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആള്‍മാറാട്ടം സ്ഥിരീകരിച്ചതോടെ അനില്‍കുമാറിനെ കസ്റ്റഡിയിലെടുത്തു.
🔳സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കുന്ന പദ്ധതികളുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതില്‍ ഇക്കൊല്ലം ആദ്യം പാസാക്കിയ ജനസംഖ്യാനയം ആസ്പദമാക്കാനൊരുങ്ങി അസം സര്‍ക്കാര്‍. വായ്പ എഴുതിത്തള്ളലോ സര്‍ക്കാര്‍ പദ്ധതികളോ ആകട്ടെ, സമീപഭാവിയില്‍ ജനസംഖ്യാനയത്തെ അടിസ്ഥാനമാക്കിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ പറഞ്ഞു.
🔳രാജ്യത്ത് ഇന്നലെ 58,562 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 87,493 പേര്‍ രോഗമുക്തി നേടി. മരണം 1,573 ഇതോടെ ആകെ മരണം 3,86,740 ആയി. ഇതുവരെ 2,98,81,352 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 7.24 ലക്ഷം കോവിഡ് രോഗികള്‍.
🔳തമിഴ്നാട്ടില്‍ ഇന്നലെ 8,183 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 8,912 പേര്‍ക്കും കര്‍ണാടകയില്‍ 5,815 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 5,674 പേര്‍ക്കും പശ്ചിമബംഗാളില്‍ 2,486 പേര്‍ക്കും ഒഡീഷയില്‍ 3,427 പേര്‍ക്കും ആസാമില്‍ 3,571 പേര്‍ക്കും തെലുങ്കാനയില്‍ 1,362 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 3,43,696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 6,604 പേര്‍ക്കും ബ്രസീലില്‍ 81,574 പേര്‍ക്കും അര്‍ജന്റീനയില്‍ 15,631 പേര്‍ക്കും കൊളംബിയയില്‍ 28,734 പേര്‍ക്കും റഷ്യയില്‍ 17,906 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.89 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.15 കോടി കോവിഡ് രോഗികള്‍.
News Circle Chengannur
🔳ആഗോളതലത്തില്‍ 7,393 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 161 പേരും ബ്രസീലില്‍ 2,179 പേരും കൊളംബിയയില്‍ 589 പേരും അര്‍ജന്റീനയില്‍ 495 പേരും റഷ്യയില്‍ 466 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 38.74 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് യു.എ.ഇ. അവസാനിപ്പിച്ചു. ഈ മാസം 23 മുതല്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച
താമസവിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാം. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും വിസിറ്റിങ് വിസക്കാര്‍ക്കും പ്രവേശന വിലക്ക് തുടരും.
🔳ചൈനയുടെ സാമ്പത്തിക പിന്തുണയോടെ തങ്ങള്‍ക്കുകൂലമായി സംസാരിക്കുന്ന ഒരു അന്താരാഷ്ട്ര മാധ്യമസ്ഥാപനം തുടങ്ങാന്‍ പാകിസ്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അല്‍ ജസീറയുടെയും റഷ്യ ടുഡേയുടേയും നിലവാരത്തിലുള്ള സ്ഥാപനമാണ് വിഭാവനം ചെയ്യുന്നത്. ചൈന- പാക് സഹകരണത്തേക്കുറിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിയെടുത്ത രേഖകളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
🔳ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കാലാവസ്ഥ വീണ്ടും വില്ലനാകുന്നു. ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടുന്ന ഫൈനലിന്റെ രണ്ടാം ദിവസം വെളിച്ചക്കുറവുമൂലം മത്സരം നിര്‍ത്തിവെച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ മൂന്ന് വിക്കറ്റിന് 146 റണ്‍സ് എന്ന നിലയിലായ സമയത്താണ് മത്സരം നിര്‍ത്തിവെച്ചത്. നായകന്‍ വിരാട് കോലി (35) സഹനായകന്‍ അജിങ്ക്യ രഹാനെ (22) എന്നിവരാണ് ക്രീസിലുള്ളത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
🔳യൂറോ കപ്പില്‍ മരണ ഗ്രൂപ്പായ എഫില്‍ നടന്ന പോരാട്ടത്തില്‍ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിനെ സമനിലയില്‍ കുടുക്കി (1-1) ഹംഗറി. രണ്ടുപേരും ഓരോ ഗോള്‍ വീതം നേടി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഫ്രഞ്ച് ആക്രമണങ്ങളെ ഫലപ്രദമായി നേരിട്ട ഹംഗറി കിട്ടിയ അവസരം മുതലെടുത്ത് ഗോളടിച്ചു. ഹംഗറിക്കുവേണ്ടി ഫിയോളയും ഫ്രാന്‍സിനുവേണ്ടി ഗ്രീസ്മാനും ഗോള്‍ നേടി.
🔳യൂറോ കപ്പില്‍ ഗ്രൂപ്പ് എഫില്‍ ജര്‍മനിക്കെതിരായ മത്സരത്തില്‍ പോര്‍ച്ചുഗലിന് തോല്‍വി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ തോല്‍വി. പോര്‍ച്ചുഗീസ് പ്രതിരോധ താരങ്ങള്‍ നല്‍കിയ രണ്ട് സെല്‍ഫ് ഗോളുകളാണ് ജര്‍മനിയുടെ വിജയത്തില്‍ നിര്‍ണായകമായത്. കായ് ഹാവര്‍ട്‌സ്, റോബിന്‍ ഗോസന്‍സ് എന്നിവരുടെ വകയായിരുന്നു ജര്‍മനിയുടെ മറ്റു രണ്ട് ഗോളുകള്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഡിയോഗോ ജോട്ട എന്നിവരാണ് പോര്‍ച്ചുഗലിന്റെ ഗോളുള്‍ നേടിയത്.
🔳യൂറോ കപ്പില്‍ ഗ്രൂപ്പ് ഇയില്‍ പോളണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ സ്‌പെയ്‌നിന് സമനില. ലഭിച്ച സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയതും ജെറാര്‍ഡ് മൊറീനോയുടെ പെനാറ്റി നഷ്ടവുമാണ് സ്‌പെയ്‌നിന് തിരിച്ചടിയായത്. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങിയതോടെ സ്പാനിഷ് ടീമിന്റെ നോക്കൗട്ട് സാധ്യതകള്‍ അനിശ്ചിതത്വത്തിലായി.
🔳രാജ്യത്തെ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് തങ്ങളുടെ സേവനങ്ങള്‍ ആധുനികവല്‍ക്കരിക്കാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ ബാങ്കിംഗ് സോഫ്റ്റ്വെയര്‍ സര്‍വീസ് (സാസ്) പദ്ധതി ഇന്‍ഫോസിസ് ഫിനാകിള്‍ പ്രഖ്യാപിച്ചു. ഇന്‍ഫോസിസിന്റെ പൂര്‍ണ ഉപസ്ഥാപനമായ എഡ്ജ് വെര്‍വിന്റെ ഭാഗമാണ് ഇന്‍ഫോസിസ് ഫിനാകിള്‍. തുടക്കം മുതല്‍ അന്തിമ ഘട്ടം വരെ സബ്സ്‌ക്രിപ്ഷന്‍ എന്ന നിലയിലാണ് ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഇതോടൊപ്പം ഫിനാകിള്‍ കോര്‍ ബാങ്കിംഗും എസ്ഐപിഎല്ലില്‍ നിന്നുള്ള അനുബന്ധ സേവനങ്ങളും നല്‍കും. എടിഎം സ്വിച്ച്, മൊബീല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയ സേവനങ്ങള്‍ അധികമായി സ്വീകരിക്കാനും സൗകര്യമുണ്ട്.
News Circle Chengannur
🔳ഈ വര്‍ഷം ഏപ്രില്‍ ഒന്നിനോ അതിനു ശേഷമോ കോവിഡ് പോസിറ്റീവ് ബാധിച്ചവര്‍ക്കുള്ള കവച് പേഴ്സണല്‍ ലോണുകള്‍ക്ക് എസ്ബിഐ ശാഖകളില്‍ അപേക്ഷ നല്‍കാം. മുന്‍കൂര്‍ അനുമതിയുളളവര്‍ക്ക് യോനോ ആപ് വഴിയും ഈ വായ്പകള്‍ക്ക് അപേക്ഷിക്കാം. 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് വായ്പ. നിലവില്‍ വായ്പകള്‍ ഉണ്ടെങ്കില്‍ അതിനു പുറമേയായിരിക്കും ഈ ടേം വായ്പ അനുവദിക്കുക. മൂന്നു മാസത്തെ മോറട്ടോറിയം ഉള്‍പ്പെടെ 60 മാസ കാലാവധിയാണ് ഉണ്ടാകുക.
🔳സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി തമിഴ് മ്യൂസിക് വീഡിയോ ദൂരിക. പ്രണയവും വിരഹവും കലര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകന്‍ ഹരിചരണ്‍ ആണ്. തമിഴകത്തെ പ്രശസ്ത ഗാനരചയിതാവായ നിരഞ്ജന്‍ ഭാരതിയുടെ വരികള്‍ക്ക് അയാസ് ഇസ്മയിലാണ് സംഗീതം നല്‍കിയിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ഗാനം വൈറലായി. ശ്വേതാ വിനോദ്, ഷബീബ് ഷഹീര്‍ എന്നിവരാണ് ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ അഭിനയിച്ചിരിക്കുന്നത്.
🔳നവാഗതനായ ആനന്ദ് കൃഷ്ണ രാജ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രം ‘ആര്‍ജെ മഡോണ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. അനില്‍ ആന്റോ, അമലേന്ദു കെ. രാജ്, ഷെര്‍ഷാ ഷെരീഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. മഡോണ എന്ന റേഡിയോ ജോക്കി, തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ തീരുമാനിക്കുന്നതും, എന്നാല്‍ തികച്ചും അപരിചിതമായ സ്ഥലത്തും വ്യക്തിയുടെയും മുമ്പില്‍ എത്തുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ജിജോ ജേക്കബ്, നീലിന്‍ സാന്‍ഡ്ര, ജയ് വിഷ്ണു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
🔳ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ വൈഇസെഡ്എഫ് ആര്‍15 വി3 മോഡലിന് പുതിയ മോഡിഫിക്കേഷന്‍ കിറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഒരു കസ്റ്റമൈസേഷന്‍ സ്ഥാപനം. പൂനെ ആസ്ഥാനമായുള്ള ഓട്ടോലോഗ് ഡിസൈന്‍ ആണ് ഈ കിറ്റിന് പിന്നില്‍. ബൈക്കിനായി ഫ്യുവല്‍ ടാങ്ക് കവറും മോട്ടോജിപി സ്റ്റൈല്‍ ഫെയറിംഗ് വിംഗ്ലെറ്റുകളും അടങ്ങുന്ന വി3 എയ്‌റോ കിറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫ്യുവല്‍ ടാങ്ക് കവറിന് 4,500 രൂപയാണ്. 2,250 രൂപയാണ് വിംഗ്ലെറ്റുകളുടെ വില.
🔳കാലം ചരിത്രം ജീവിതം കാഴ്ചപ്പാടുകള്‍… മലയാളത്തിന്റെ കമ്യൂണിസ്റ്റ് സര്‍ജന്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ‘അനുഭവങ്ങള്‍ അനുഭാവങ്ങള്‍ ഒരു സര്‍ജന്റെ അനുഭവക്കുറിപ്പുകള്‍’. ഡോ. പി.കെ വാരിയര്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 210 രൂപ.