പ്രഭാത വാർത്തകൾ
2021 | ജൂൺ 22 | 1196 മിഥുനം 8 | ചൊവ്വാഴ്ച | വിശാഖം |
🔳 രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണ എന്‍.സി.പി. തലവന്‍ ശരദ് പവാറും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും കൂടിക്കാഴ്ച നടത്തി. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്ത്രങ്ങള്‍ മെനയാനുള്ള തയ്യാറെടുപ്പിലാണ് സംഘമെന്നാണ് സൂചനകള്‍. 2024-ല്‍ ബി.ജെ.പിയെ അടിതെറ്റിക്കാനുള്ള സാഹചര്യങ്ങള്‍ മുന്നിലുണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍. അതിനായി പ്രാദേശിക രാഷ്ട്രീയ ശക്തികളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി മുന്നോട്ട് പോവാനുള്ള നീക്കമാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ നടത്തുന്നത്. 12 പാര്‍ട്ടികളെയാണ് കിഷോര്‍ അണിനിരത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരദ് പവാറായിരിക്കും മഹാസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും അഭ്യൂഹങ്ങളുണ്ട്.
🔳ജമ്മു കശ്മീര്‍ റിയല്‍ എസ്റ്റേറ്റിന്റെ ഭാഗമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കണമെന്ന തന്റെ പാര്‍ട്ടിയുടെ ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു. ഭരണഘടന വഴി സ്ഥാപിതമായതൊന്നും ഭരണഘടനയുടെ വ്യവസ്ഥകള്‍ തെറ്റായി വ്യാഖ്യാനിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന പാര്‍ലമെന്റ് നിയമങ്ങള്‍ വഴി ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
🔳ആര്‍ദ്രമധുരവും കാല്പനികവുമായ ഒട്ടേറെ ചലച്ചിത്രഗാനങ്ങളുടെയും ലളിതഗാനങ്ങളുടെയും രചയിതാവും കവിയുമായ പൂവച്ചല്‍ ഖാദര്‍ (73) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
🔳സംസ്ഥാനത്ത് കോവിഡ്-19 മഹാമാരിമൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ട് പേരും മരണപ്പെട്ട കുട്ടികള്‍ക്കും അതോടൊപ്പം നേരത്തെ മാതാപിതാക്കളില്‍ ഒരാള്‍ മരണപ്പെടുകയും ശേഷിച്ച ആള്‍ ഇപ്പോള്‍ കോവിഡ് മൂലം മരണപ്പെട്ട് രക്ഷിതാക്കള്‍ പൂര്‍ണമായും നഷ്ടപ്പെട്ടതുമായ എല്ലാ കുട്ടികള്‍ക്കുമാണ് സഹായം അനുവദിക്കുന്നത്. വനിതാശിശു വികസന വകുപ്പിന്റെ ഫണ്ടില്‍ നിന്നും 2000 രൂപ വീതം, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ കുട്ടിയുടെയും കുട്ടിയുടെ ഇപ്പോഴത്തെ രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേയ്ക്ക് മാസം തോറും നിക്ഷേപിക്കുന്നതാണ്. ഈ കുട്ടികളുടെ പേരില്‍ 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും തുടങ്ങും. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുന്നതാണ്.
🔳കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ കാരണങ്ങളാല്‍ തെരുവോരങ്ങളില്‍ ഒറ്റപ്പെട്ടു പോയവരെ സമഗ്രമായി പുനരധിവസിപ്പിക്കുന്നതിനായി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ഉദയം പദ്ധതിയുടെ പ്രധാന കേന്ദ്രം ഇന്ന് വൈകീട്ട് 5.30-ന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ചേവായൂര്‍ ത്വക്ക് രോഗാശുപത്രി വളപ്പിലാണ് കേന്ദ്രം സജ്ജമാക്കിയത്.
🔳സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ സംസ്ഥാനസര്‍ക്കാരിനെയും യു.എ.ഇ. കോണ്‍സുലേറ്റിനെയും പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാരും ഉന്നതരാഷ്ട്രീയനേതാക്കളും രാജ്യസുരക്ഷയെവരെ ബാധിച്ചേക്കാവുന്നതരത്തില്‍ തുടര്‍ച്ചയായി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നാണ് നോട്ടീസിലുള്ളത്. പ്രോട്ടോക്കോള്‍ ഓഫീസിനെ മറികടന്ന് സംസ്ഥാനമന്ത്രിമാര്‍ കോണ്‍സുലേറ്റിലെ ഉന്നതരുമായി അരുതാത്ത ബന്ധമുണ്ടാക്കിയെന്നും പറയുന്നു.
🔳മരംമുറിക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരേ ആദ്യ സമരത്തിലേക്ക് പ്രതിപക്ഷം കടക്കുന്നു. ജുഡീഷ്യല്‍ അന്വേഷണമോ കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണമോ ആവശ്യപ്പെട്ടാണിത്. വ്യാഴാഴ്ച എല്ലാ മണ്ഡലം കമ്മിറ്റികളും സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ സമരം നടത്താനാണ് യു.ഡി.എഫ്. നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്.
🔳ദരിദ്ര്യ ജനവിഭാഗങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രം അനുവദിച്ച 596.65 ടണ്‍ കടല സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യാതെ പുഴുവരിച്ച് ഉപയോഗ ശൂന്യമായെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം ലോക്ഡൗണില്‍ ദുരിതത്തിലായ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ഭക്ഷ്യധാന്യങ്ങളാണ് സംസ്ഥാനത്തിന്റെ അനാസ്ഥയാല്‍ പാഴായത്. കേന്ദ്ര പദ്ധതികള്‍ ജനങ്ങളില്‍ എത്താതിരിക്കാനുള്ള ആസൂത്രിത നീക്കമാണോ ഇതിന് പിന്നിലെന്ന് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
🔳പദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രിക്കെതിരേ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടാണ് സിപിഎം മറുപടി നല്‍കിയതെന്നും വിജയരഘവന്‍ പറഞ്ഞു. സ്വാഭാവികമായും സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അതേതരത്തില്‍ തന്നെ സിപിഎം മറുപടി നല്‍കിയിട്ടുണ്ട്. ഇതോടെ അക്കാര്യം അവസാനിച്ചു. എല്ലാദിവസവും ഇതിന് മറുപടി പറയേണ്ട കാര്യമില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
🔳കെ.പി.സി.സി., ഡി.സി.സി. പുനഃസംഘടനയ്ക്കുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ബുധനാഴ്ച ചേരും. ജനപ്രതിനിധികള്‍ക്ക് കെ.പി.സി.സി. ഭാരവാഹിയാകാന്‍ വിലക്കുണ്ടാകില്ല. എന്നാല്‍ ഡി.സി.സി. പ്രസിഡന്റായി എം.പി., എം.എല്‍.എ.മാരെ നിയമിച്ചേക്കില്ല.
🔳കേരളത്തില്‍ ഇന്നലെ 77,853 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 94 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,154 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6835 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 529 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 38 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,596 പേര്‍ രോഗമുക്തി നേടി. ഇതോടെ 99,693 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65.
🔳സംസ്ഥാനത്ത് കോവിഡ് 19 പുതിയ വകഭേദം ഡല്‍റ്റാ പ്ലസ് സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ ഒരാള്‍ക്കും പാലക്കാട് രണ്ടുപേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ന്യൂഡല്‍ഹി സിഎസ്‌ഐആര്‍ ഐജിഐബിയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.
🔳മുള്ളൂര്‍ക്കര പഞ്ചായത്തിലെ വാഴക്കോട് വളവില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ വന്‍ സ്ഫോടനം. ക്വാറി ഉടമയുടെ സഹോദരന്‍, വാഴക്കോട് വളവ് മൂലയില്‍ ഹസനാരുടെ മകന്‍ അബ്ദുള്‍ നൗഷാദ് (46) മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കുണ്ട്. മുള്ളൂര്‍ക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം. നേതാവുമായ അബ്ദുള്‍ സലാമിന്റെ സഹോദരന്‍ അസീസ് ലൈസന്‍സിയായി നടത്തുന്ന കരിങ്കല്‍ ക്വാറിയാണിത്.
🔳കൊല്ലം ജില്ലയിലെ ശാസ്താംനടയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ യുവജന കമ്മീഷന്‍ കൊല്ലം റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടി. നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്. ഭര്‍തൃഗൃഹത്തില്‍ വച്ച് മര്‍ദ്ദനമേറ്റെന്നു കാട്ടി വിസ്മയ ബന്ധുക്കള്‍ക്ക് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെയാണ് വിസ്മയ തൂങ്ങി മരിച്ചെന്ന വിവരം ബന്ധുക്കള്‍ക്ക് കിട്ടിയത്.
🔳നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ പീഡനം ഏറ്റിരുന്നുവെന്നതിന്റെ സന്ദേശങ്ങള്‍ പുറത്തായതോടെ സംസ്ഥാനത്തെമ്പാടും വിസ്മയ നൊമ്പരമായി മാറിക്കഴിഞ്ഞു.
🔳ഇന്നലെ പുലർച്ചെ രാമനാട്ടുകര അപകടം മുതൽ , രാത്രി തൃശൂർ പാറമട സ്ഫോടനം വരെ ഏറെ വാർത്തകൾ നിറഞ്ഞ ദിവസമായിരുന്നു.
കൃത്യമായ സമയത്ത് തന്നെ ഈ വാർത്തകൾ വായനക്കാരിലെത്തിക്കാൻ ന്യൂസ് സർക്കിൾ ചെങ്ങന്നൂരിന് കഴിഞ്ഞു.
അതുകൊണ്ടു തന്നെ ഇന്നലെ ഏറ്റവും കൂടുതൽ ആളുകൾ വായിച്ച വാട്സപ്പ് വാർത്താ പ്ലാറ്റ്ഫോം ന്യൂസ് സർക്കിൾ ചെങ്ങന്നൂരാണ് എന്നറിഞ്ഞതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുന്നു.
വായനക്കാർക്കും പരസ്യ ദാതാക്കൾക്കും നന്ദി.
🔳രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയോട് നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കി. രാവിലെ 10.30ന് കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ഐഷയോട് മൂന്ന് ദിവസം ദ്വീപില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
🔳ശിവസേനയും ബി.ജെ.പിയും തമ്മില്‍ രമ്യതയിലാകുന്നത് സംബന്ധിച്ചുളള അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ മഹാ വികാസ് അഘാടി സഖ്യം ഒറ്റക്കെട്ടാണെന്ന് ആവര്‍ത്തിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കോണ്‍ഗ്രസ്, എന്‍.സി.പി., ശിവസേന എന്നീ കക്ഷികള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുളള ശ്രമങ്ങള്‍ ഉണ്ടായേക്കാം എന്നാല്‍ അത് നടക്കാന്‍ പോകുന്നില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
🔳രാജ്യത്ത് ഇന്നലെ നാല്‍പ്പതിനായിരത്തിനടുത്ത് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 76,440 പേര്‍ രോഗമുക്തി നേടി. മരണം 1,103 ഇതോടെ ആകെ മരണം 3,89,268 ആയി. ഇതുവരെ 2,99,73,457 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 6.59 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 6,270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 7,427 പേര്‍ക്കും കര്‍ണാടകയില്‍ 4,867 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,620 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,879 പേര്‍ക്കും ഒഡീഷയില്‍ 3,031 പേര്‍ക്കും തെലുങ്കാനയില്‍ 1,197 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 2,64,406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 7,539 പേര്‍ക്കും ബ്രസീലില്‍ 38,903 പേര്‍ക്കും കൊളംബിയയില്‍ 23,239 പേര്‍ക്കും റഷ്യയില്‍ 17,378 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.95 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.14 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 5,331 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 174 പേരും ബ്രസീലില്‍ 668 പേരും കൊളംബിയയില്‍ 648 പേരും അര്‍ജന്റീനയില്‍ 447 പേരും റഷ്യയില്‍ 440 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 38.87 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳യോഗയുടെ ഉത്ഭവം ഇന്ത്യയിലല്ല, തന്റെ രാജ്യത്താണെന്ന അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രംഗത്ത്. അന്താരാഷ്ട്ര യോഗദിനം ലോകം മുഴുവന്‍ ആഘോഷിക്കുന്നതിനിടെയാണ് ഒലിയുടെ വിവാദ പരാമര്‍ശം. ശ്രീരാമന്‍ ജനിച്ചത് നേപ്പാളിലാണെന്ന പ്രസ്താവന ഒലി ആവര്‍ത്തിക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
🔳രാജ്യത്തെ ലൈംഗിക അതിക്രമ കേസുകളിലെ വര്‍ധന സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.
🔳ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മഴ മൂലം നാലാം ദിവസത്തെ കളി ഒറ്റ പന്തുപോലും എറിയാതെ പൂര്‍ണമായും ഉപേക്ഷിച്ചു. രാവിലെ മുതല്‍ തുടര്‍ന്ന ചാറ്റല്‍ മഴ മൂലം ആദ്യ രണ്ട് സെഷനുകളും നേരത്തെ ഉപേക്ഷിച്ചിരുന്നു. അവസാന സെഷനില്‍ മഴ കനത്തിനാല്‍ നാലാം ദിവസത്തെ കളി പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു.
🔳ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിന് തിരിച്ചടിയായി യൂറോ കപ്പില്‍നിന്ന് ഒസ്മാന്‍ ഡെംബെലെ പുറത്ത്. ഹംഗറിക്കെതിരായ മത്സരത്തില്‍ ഡെംബെലയ്ക്ക് കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. വിദഗ്ദ്ധ പരിശോധനയില്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെയാണ് ഡെംബെലെ യൂറോ കപ്പില്‍നിന്ന് പിന്‍വാങ്ങിയത്.
🔳യൂറോ കപ്പില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതര്‍ലന്‍ഡ്. ഗ്രൂപ്പ് സി യിലെ അവസാന മത്സരത്തില്‍ വടക്കന്‍ മാസിഡോണിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് നെതര്‍ലന്‍ഡ്‌സ് സമ്പൂര്‍ണ വിജയം സ്വന്തമാക്കിയത്. ടീം നേരത്തേ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.
🔳നിര്‍ണായക മത്സരത്തില്‍ യുക്രൈനിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഓസ്ട്രിയ യൂറോകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.
🔳ഫിന്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ബെല്‍ജിയം യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ബിയില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
🔳അവിശ്വസനീയമായ പ്രകടനം പുറത്തെടുത്ത് റഷ്യയെ തകര്‍ത്ത് ഡെന്മാര്‍ക്ക് യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ഡെന്മാര്‍ക്കിന്റെ വിജയം. ഗ്രൂപ്പ് ബിയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഡെന്മാര്‍ക്ക് അവസാന 16-ല്‍ എത്തിയത്.
🔳കോപ്പ അമേരിക്ക ഗ്രൂപ്പ് എയില്‍ യുറഗ്വായ് – ചിലി മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. തുല്യശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ലഭിച്ച മികച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചില്ല.
🔳അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് ഓഹരികളുടെ വിപണി മൂല്യത്തില്‍ 1000 ശതമാനത്തിലേറെ വര്‍ധന. ഇതോടെ കമ്പനികളുടെ മൊത്തം മൂല്യം മാര്‍ച്ചിലെ 733 കോടി രൂപയില്‍ നിന്ന് 7,866 കോടിയായി ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചര്‍, റിലയന്‍സ് പവര്‍, റിലയന്‍സ് ക്യാപിറ്റല്‍ എന്നിവയുടെ മൂല്യം 20 വ്യാപാരദിനം കൊണ്ട് 100 ശതമാനത്തിലേറെ ഉയരുകയും ചെയ്തു. റിലയന്‍സ് പവറിന്റെ വിപണി മൂല്യം 4,446 കോടിയായും റിലയന്‍സ് ഇന്‍ഫ്രസ്‌കട്ചറിന്റെ മൂല്യം 2,767 കോടിയായും റിലയന്‍സ് ക്യാപിറ്റലിന്റെ മൂല്യം 653 കോടി രൂപയായുമാണ് ഉയര്‍ന്നത്.
🔳മാരുതി സുസുകി വീണ്ടും വില വര്‍ധനവിനൊരുങ്ങുന്നു. കമ്പനിയുടെ ഈ വര്‍ഷത്തെ നാലാമത്തെ വില വര്‍ധനവാണിത്. ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി ജനുവരിയിലാണ് 2021 ലെ ആദ്യത്തെ വില വര്‍ധനവ് നടപ്പാക്കിയത്. തുടര്‍ന്ന് ഏപ്രിലില്‍ കാര്‍ വില രണ്ടുതവണ വര്‍ധിപ്പിച്ചു. അതേസമയം വിലവര്‍ധനവ് പ്രഖ്യാപനത്തെ തുടര്‍ന്ന് മാരുതി സുസുകിയുടെ ഓഹരികള്‍ 1.12 ശതമാനം ഇടിഞ്ഞ് 6,881 രൂപയിലെത്തി.
🔳ദളപതി വിജയ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ബീസ്റ്റ് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കൈയ്യില്‍ മെഷിന്‍ ഗണ്ണുമായി നില്‍ക്കുന്ന വിജയ്യുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്യുടെ 65-ാം ചിത്രമാണിത്. താരത്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. അനിരുദ്ധ് ആണ് ചിത്രത്തിലെ സംഗീതം. പൂജ ഹെഗ്‌ഡെ ആണ് നായിക. അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
🔳പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച സിനിമകളില്‍ ഒന്നാണ് ചിമ്പു നായകനായി എത്തുന്ന മാനാട്. ഇപ്പോഴിതാ ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക. ‘മെഹര്‍സില’ എന്ന് തിടങ്ങുന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോയാണ് പുറത്തിറങ്ങിയത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം ചെയ്യുന്നത്. യുവന്‍ ശങ്കര്‍ രാജയ്ക്കൊപ്പം റിസ്വാനും രാജ ഭാവതരിനയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വെങ്കട് പ്രഭുവാണ് മാനാട് സംവിധാനം ചെയ്യുന്നത്.
🔳ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളും മാരുതിയുടെ പങ്കാളിയുമായ സുസുക്കിയുടെ ആഗോളതലത്തിലെ ജനപ്രിയ മോഡലാണ് ജിംനി. അന്താരാഷ്ട്ര വിപണികളില്‍ ഏറ്റവും ആവശ്യക്കാരുള്ള, മാരുതി ജിപ്സിയുടെ സഹോദരന്‍ കൂടിയായ ഈ കോംപാക്ട് മോഡലിന്റെ പുതിയൊരു പതിപ്പിനെക്കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ജിംനി ലൈറ്റ് എന്ന ഈ എന്‍ട്രി ലെവല്‍ വേരിയന്റിനെ ഓസ്ട്രേലിയന്‍ വിപണിയിലാണ് കമ്പനി അവതരിപ്പിക്കുക. സുസുക്കി ജിംനിയുടെ ഏറ്റവും വിലക്കുറവിലുള്ള പതിപ്പായിരിക്കും ജിംനി ലൈറ്റ്.
🔳ഒരു പഴം വീഴുന്നതിനുമപ്പുറത്ത് : അതിന്റെ ഒച്ചകേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട ആളുകളുടെ അല്ലെങ്കില്‍ നമ്മുടെ പൂന്തോട്ടത്തിന്റെ വേലിക്കപുറത്തുള്ളവരുടെ ആഖ്യാനമാണിത്. പഴയ നെല്‍വിത്തിനങ്ങളുടെ അന്വേഷണത്തിലൂടെയുള്ള ‘ തന്നാട്ടു തനിമാ ‘ ചരിത്രമാണിത്. ‘ പച്ചമനുഷ്യന്‍ ‘ എന്ന പദമാണ് ‘ഗതേ ഗതേ ‘ മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയം. ‘ഗതേ ഗതേ പരാഗതേ’. രാജേഷ് കിഴിശ്ശേരി. റാസ്ബെറി ബുക്സ്. വില 80 രൂപ.