Friday, July 5, 2024
HomeNewsഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ

➖➖➖➖➖➖➖➖

🔳18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിനേഷന്‍ ഏര്‍പ്പെടുത്തിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബാനറുകളും ബോര്‍ഡുകളും സ്ഥാപിക്കാന്‍ സര്‍വകലാശലകള്‍ക്കും കോളേജുകള്‍ക്കും യുജിസിയുടെ നിര്‍ദേശം. അവരുടെ സാമൂഹിക മാധ്യമ പേജുകളിലും പ്രധാനമന്ത്രിക്ക് നന്ദി അര്‍പ്പിച്ചുള്ള ബാനറുകള്‍ പോസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.

🔳കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ ധവളപത്രം പുറത്തിറക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഏതെങ്കിലും രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടിയല്ല ധവളപത്രം പുറത്തിറക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. കോവിഡില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരുടെ കണ്ണീര്‍ തുടയ്ക്കാന്‍ പ്രധാനമന്ത്രിയുടെ കണ്ണീരിന് സാധിക്കില്ലെന്നും പക്ഷെ ഓക്‌സിജിന് സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടും സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടും കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുള്ള വിവരങ്ങളാണ് ധവളപത്രത്തിലുള്ളതെന്ന് രാഹുല്‍ പറഞ്ഞു.

🔳വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളിയാകാന്‍ മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പരീക്ഷിച്ച് പഴകിയ മൂന്നാം മുന്നണി സംവിധാനം കാലഹരണപ്പെട്ടതും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുയോജ്യവുമല്ലെന്നും താന്‍ അതില്‍ നിന്ന് അകന്നുനില്‍ക്കുകയാണെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. എന്നാല്‍ പവാറുമായുളള കൂടിക്കാഴ്ച ഭാവിയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

🔳വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് പ്രതികളുടെ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകള്‍ പുറത്ത്. പ്രതികള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനൊപ്പമാണ് സരിത്ത്, സന്ദീപ്, റമീസ് എന്നിവരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ടെലിഗ്രാം സന്ദേശങ്ങള്‍ കസ്റ്റംസ് നോട്ടീസിനൊപ്പം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് തുടങ്ങിയ ശേഷം കേസിലെ മുഖ്യപ്രതികളായ സരിത്ത്, സന്ദീപ്, റമീസ് എന്നിവരയച്ച ടെലഗ്രാം സന്ദേശത്തിന്റെ ഒരു ഒരു ഭാഗമാണ് കാരണം കാണിക്കല്‍ നോട്ടീസിലുള്ളത്. സിപിഎം കമ്മിറ്റിയെന്ന പേരിലായിരുന്നു ടെലഗ്രാം ഗ്രൂപ്പ്.

🔳കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് സുപ്രീം കോടതിയെ സമീപിച്ചു. 25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്നത് ചോദ്യം ചെയ്താണ് ബ്രിട്ടാസ് സുപ്രീം കോടതിയെ സമീപിച്ചത്. പുതിയ വാക്‌സിന്‍ നയം സമൂഹത്തില്‍ അസന്തുലിതാവാസ്ഥ സൃഷ്ടിക്കുമെന്നും നയം പണക്കാര്‍ക്കും നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്കും മുന്‍തൂക്കം നല്‍കുന്നതാണെന്നും ആരോപിച്ചാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

🔳പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടു വരുന്നതിനുള്ള നീക്കങ്ങളെ പിന്തുണക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. എല്ലാ നികുതി അധികാരങ്ങളും കവരാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്നും ഇന്ധനനികുതി ഇല്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ലെന്നും കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. ഇന്ധനവില പൊള്ളിക്കുമ്പോഴും സംസ്ഥാനനികുതി കേരളം കുറച്ചിട്ടില്ല. നികുതി കുറച്ചാല്‍ അത് കൊവിഡ് പ്രതിസന്ധിക്കാലത്ത് കേരളത്തിന് വലിയ നഷ്ടം വരുത്തി വയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

🔳സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റസ്റ്റ് ഹൗസുകള്‍ കൂടുതല്‍ ജനകീയമാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റസ്റ്റ് ഹൗസുകളില്‍ കൂടുതല്‍ ജീവനക്കാരെ ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമടക്കം ഏര്‍പ്പെടുത്തി പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതി സമയബന്ധിതമായി പരിഷ്‌കരിക്കുമെന്നും ടൂറിസം മേഖലകള്‍ ഉടനെ തുറന്ന് നല്‍കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

🔳എല്‍.എന്‍.ജി. ബസുകളുടെ ഓട്ടം വിജയകരമായാല്‍ അടുത്തവര്‍ഷം ഇത്തരത്തിലുള്ള 400 ബസുകള്‍ പുറത്തിറക്കലാണ് കെ.എസ്.ആര്‍.ടി.സി.യുടെ ലക്ഷ്യമെന്ന് മന്ത്രി ആന്റണി രാജു. ഹരിത ഇന്ധനം ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യത്തെ എല്‍.എന്‍.ജി.-എ.സി. ബസ് സര്‍വീസ് തമ്പാനൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

🎯കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ ഇല്ലാതാക്കുക തന്റെ ഉത്തരവാദിത്തമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗ്രൂപ്പുകള്‍ കോണ്‍ഗ്രസില്‍ എല്ലാകാലത്തും ഉണ്ട്. ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ വിഴുങ്ങുന്നത് തടയുകയാണ് വേണ്ടത്. കഴിവുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവന്ന് പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കാനാണ് ശ്രമങ്ങള്‍ ഉണ്ടാകേണ്ടതെന്നും സതീശന്‍ പറഞ്ഞു.

🔳സിനിമാട്ടോഗ്രാഫ് നിയമഭേദഗതിയെ ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ മലയാള സിനിമാലോകം. ഇതിനായി സംഘടനകളെ ഒരുമിച്ച് അണിനിരത്താന്‍ ശ്രമങ്ങള്‍ തുടങ്ങി. സിനിമാട്ടോഗ്രഫി നിയമത്തിലെ 5 ബി(1) വകുപ്പിന്റെ ലംഘനമുണ്ടായാല്‍ നേരത്തേ സെന്‍സര്‍ ബോര്‍ഡ് അനുമതിനല്‍കിയ സിനിമ സര്‍ക്കാരിനു വീണ്ടും പരിശോധിക്കാനാവുന്നതാണ് പുതിയ ഭേദഗതി. ഇത് സര്‍ക്കാരിന്റെ രാഷ്ട്രീയതാത്പര്യങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതാകുമെന്നാണ് സിനിമാപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

🔳കേരളത്തില്‍ പതിനൊന്നാം ക്ളാസ് പരീക്ഷ റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ മാസത്തില്‍ പരീക്ഷ നടത്തുമെന്നും അതിന് അനുമതി നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ സ്റ്റേറ്റ് സിലബസ് പരീക്ഷകള്‍ കൂടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

🔳പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തിലൂടെ പ്രശസ്തനായ മഞ്ചാടിക്കരി എന്‍.എസ്. രാജപ്പന്റെ അക്കൗണ്ടില്‍നിന്നു പിന്‍വലിച്ച പണം സഹോദരി വിലാസിനി തിരികെ നല്‍കി. പണം തിരിച്ചു കിട്ടിയാല്‍ പരാതി പിന്‍വലിക്കാമെന്നു രാജപ്പന്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സഹോദരിക്കു വേണ്ടി ബന്ധു ബാങ്കില്‍ എത്തി പണം തിരികെ നിക്ഷേപിച്ചത്. രാജപ്പന്റെ അക്കൗണ്ടില്‍നിന്നു സഹോദരി പിന്‍വലിച്ച 5.08 ലക്ഷം രൂപയും എ.ടി.എം. കാര്‍ഡ് ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങിയ 20,000 രൂപയും ഉള്‍പ്പെടെ 5.28 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്.

🔳ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം. എല്ലാം സഹിച്ചവളാണ് തന്റെ മകളെന്നും ആത്മഹത്യ ചെയ്യാനുള്ള ഒരു സാധ്യതയുമില്ലെന്നും മരിച്ച വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. ഭര്‍ത്താവ് കിരണ്‍ മാത്രമല്ല അവരുടെ അമ്മയും മര്‍ദിച്ചതായി വിസ്മയയുടെ സുഹൃത്തില്‍ നിന്ന് തങ്ങള്‍ക്ക് വിവരം കിട്ടിയെന്നും ത്രിവിക്രമന്‍ പറഞ്ഞു.

🔳വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ കിരണ്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ക്കെതിരേ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തുമെന്ന് പോലീസ് പറഞ്ഞു. വിസ്മയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റു വകുപ്പുകള്‍ ചുമത്തുന്നത് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

🔳വിഴിഞ്ഞം വെങ്ങാനൂരില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സ്വദേശിനി അര്‍ച്ചന(24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. ഭര്‍ത്താവ് സുരേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഏറെ നാളായി സുരേഷും അര്‍ച്ചനയുമായി വഴക്കുണ്ടായിരുന്നെന്നും സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

🔳മരിച്ച് മണ്ണടിഞ്ഞ് ഓര്‍മകള്‍ ആയി മാറുന്ന സ്വന്തം മകളെക്കാള്‍ നല്ലത്, ഭര്‍ത്താവ് ഇല്ലാതെ കൂടെ വന്ന് നില്‍ക്കുന്ന മകള്‍ തന്നെയാണെന്നും, മറ്റൊരു വീട്ടില്‍ നരകിച്ചു ജീവിക്കുന്ന പെണ്‍കുട്ടികളെക്കാള്‍ നല്ലത് സ്വന്തം കാലില്‍ ഒറ്റയ്ക്ക് ജീവിക്കുന്ന പെണ്‍കുട്ടികള്‍ ആണെന്നും മാതാപിതാക്കള്‍ തിരിച്ചറിയണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ശ്രീറാം വെങ്കിട്ടരാമനെ പോലെ പണവും സ്വാധീനവും ഉപയോഗിച്ച് നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വിസ്മയയുടെ ഘാതകരെ അനുവദിക്കരുതെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സുധാകരന്‍ പറഞ്ഞു.

🔳ഒരുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂട്ടിയത്. ഇന്ന് തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് വില 99.54രൂപയും ഡീസലിന് 94.80 രൂപയും ആയി ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

🔳കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ റിട്ടേണ്‍ നല്‍കിയിട്ടില്ലെങ്കില്‍ ടിഡിഎസ് ഇനത്തില്‍ ബാങ്കുകള്‍ ഇരട്ടി തുക ഈടാക്കും. 2021ലെ ബഡ്ജറ്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. 2021 ജൂലായ് ഒന്നുമുതലാണിതിന് പ്രാബല്യം.

🔳കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപം നല്‍കാനൊരുങ്ങി മിസോറാം മന്ത്രി. കായിക മന്ത്രി റോബര്‍ട്ട് റൊമാവിയ റോയ്‌തെയാണ് തന്റെ നിയോജക മണ്ഡലത്തില്‍ ഏറ്റവുമധികം കുട്ടികളുള്ള രക്ഷിതാവിന് പാരിതോഷികം പ്രഖ്യാപിച്ചത്. ജനസംഖ്യാപരമായി പരിമിതമായ മിസോ സമുദായങ്ങള്‍ക്കിടയില്‍ ജനസംഖ്യാ വര്‍ധനവ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണിത്.

🔳ജമ്മുകശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം. ഗുപ്കര്‍ സഖ്യത്തിന്റെ യോഗത്തിലാണ് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനമായത്. ഫറൂഖ് അബ്ദുള്ളയും മൊഹമ്മദ് യൂസഫ് തരിഗാമിയും മെഹബൂബ മുഫ്തിയും പങ്കെടുക്കും. നേരത്തെ മെഹബൂബ മുഫ്തി യോഗത്തില്‍ നിന്നും വിട്ടുനിന്നേക്കുമെന്ന് അറിയിച്ചിരുന്നു. തീരുമാനം പിന്‍വലിച്ച മുഫ്തി, യോഗത്തില്‍ പങ്കെടുത്ത് കശ്മീരിന്റെ വികാരം അറിയിക്കുമെന്നും പറഞ്ഞു.

🔳ഇ-കൊമേഴ്‌സ് മേഖലയില്‍ തട്ടിപ്പ് വ്യാപകമായതോടെ നിയമം പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഫ്‌ളാഷ് സെയില്‍, ഓര്‍ഡര്‍ ചെയ്ത ഉത്പന്നം നല്‍കാതിരിക്കല്‍ എന്നിവക്കെതിരെ നടപടി സ്വീകരിക്കുന്നതുള്‍പ്പടെയുള്ള പരിഷ്‌കാരങ്ങളാകും നടപ്പാക്കുക. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും.

🔳കോപ്പ അമേരിക്ക ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ പരഗ്വായെ പരാജയപ്പെടുത്തി അര്‍ജന്റീന. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മെസ്സിയുടെയും സംഘത്തിന്റെയും ജയം. ഇതോടെ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാനും അവര്‍ക്കായി. ഒമ്പതാം മിനിറ്റില്‍ അലക്‌സാണ്‍ഡ്രോ ഗോമസാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്.

🔳ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് ഇന്‍സ്റ്റന്റ് കാര്‍ഡ്ലെസ് ഇഎംഐ സൗകര്യം ഏര്‍പ്പെടുത്തി ഐസിഐസിഐ ബാങ്ക്. ക്രെഡിറ്റ് കാര്‍ഡ് ഇല്ലാതെ അഞ്ച് ലക്ഷം രൂപയ്ക്ക് വരെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഉള്‍പ്പടെ സാധനങ്ങള്‍ വാങ്ങാം. ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗിനായുള്ള ‘കാര്‍ഡ്ലെസ് ഇഎംഐ’ യ്ക്കുള്ള യോഗ്യത ‘കാര്‍ഡ്ലെസ്’ ‘5676766’ ലേക്ക് അയച്ചുകൊണ്ട് അല്ലെങ്കില്‍ ഐമൊബൈല്‍ അപ്ലിക്കേഷനിലെ ഓഫറുകള്‍ വിഭാഗം പരിശോധിച്ച് മനസിലാക്കാം.

🎯തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. പവന്റെ വില 160 രൂപ കൂടി 35,280 രൂപയായി. ഗ്രാമിന്റെ വില 20 രൂപ വര്‍ധിച്ച് 4410 രൂപയുമായി. 35,120 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ വിലയില്‍ മാറ്റമില്ല. സ്പോട് ഗോള്‍ഡ് വില ഒരു ട്രോയ് ഔണ്‍സിന് 1,784 ഡോളര്‍ നിലവാരത്തിലാണ്.

🔳നാടന്‍ പാട്ടിന്റെ സുഗന്ധം പരത്തിയ ശീലുകളുമായിതാ ‘ഒരു പപ്പടവട പ്രേമത്തിലെ’ മൂന്നാമത്തെ ഗാനമെത്തി. ‘ചെമ്മാനം ചേലേറി ചെന്തെങ്ങിന്‍ തേരേറി’ എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധേയ ഗായകരായ അന്‍വര്‍ സാദത്തും അഷിന്‍കൃഷ്ണയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. പ്രമുഖ സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ ശൂരനാട് സംഗീതം നല്‍കിയ ഈ ഗാനം വാസു അരീക്കോടാണ് രചിച്ചിരിക്കുന്നത്. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം സോഷ്യല്‍മീഡിയയില്‍ സംഗീതാസ്വാദകര്‍ പാട്ട് ഏറ്റെടുത്തുകഴിഞ്ഞു.

🔳കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം ഹൈദരാലിയുടെ ജീവിതകഥ പറയുന്ന ചിത്രം ‘കലാമണ്ഡലം ഹൈദരാലി’ നീസ്ട്രിമിലെത്തി. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് കിരണ്‍ ജി നാഥാണ്. തൃശ്ശൂര്‍ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും വരുന്ന ഹൈദര്‍ എന്ന കുട്ടി പിന്നീട് ലോകപ്രശസ്തനായ കലാമണ്ഡലം ഹൈദരാലിയായി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. രണ്‍ജി പണിക്കരാണ് ഹൈദരലിയുടെ വേഷമിടുന്നത്. അശോകന്‍, ടി. ജി രവിന്ദ്രനാഥന്‍, പാരിസ് ലക്ഷ്മി, മീര നായര്‍, നിഖില്‍ രഞ്ജി പണിക്കര്‍, എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥ – അജു കെ. നാരായണന്‍.

🎯മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ആല്‍ക്കസാര്‍ എന്ന എസ്യുവി ഇന്ത്യയില്‍ അവതരിപ്പിച്ച് ഹ്യുണ്ടേയ്. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ എത്തിയ പുത്തന്‍ തലമുറ ക്രെറ്റ എസ്യുവിയുടെ ചേട്ടനാണ് ആല്‍ക്കസാര്‍. മൂന്ന് നിരകളിലായി 6,7 സീറ്റര്‍ പതിപ്പുകളില്‍ ആല്‍ക്കസാര്‍ ലഭ്യമാണ്. 16.30 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്.

🔳നിത്യ വിസ്മയമാണ് ഹിമാലയം എത്ര നടന്നാലും തീരാത്ത എത്ര പകര്‍ത്തിയാലും പകര്‍ന്നു തീരാത്ത ഒന്നത്രെ ഹിമാലയന്‍ യാത്രകള്‍. ഹിമവാന്റെ ഗിരിശൃംഖങ്ങളില്‍ കയറിയും താഴ്വരകളിലലഞ്ഞും മഞ്ഞും മലയും നുകര്‍ന്നും അജയന്‍ കീഴടക്കിയ കൊടുമുടികളാണ് ഈ പുസ്തകം. ‘ആരോഹണം ഹിമാലയം’. കെ ആര്‍ അജയന്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 275 രൂപ.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments