പ്രഭാത വാർത്തകൾ
2021 | ജൂൺ 23 | 1196 മിഥുനം 9 | ബുധനാഴ്ച | അനിഴം |
🔳കോവിഡിന്റെ പുതിയ ഡെല്‍റ്റ പ്ലസ് വകഭേദം അതീവ അപകടകാരിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിനോടകം ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് കോവിഡ് രണ്ടാംതരംഗത്തിന് കാരണമായ ഡെല്‍റ്റ വകഭേദത്തിന്റെ ജനിതക മാറ്റംവന്ന പുതിയ വകഭേദമാണ് ഡെല്‍റ്റ പ്ലസ്. കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിലായി ഇതിനോടകം 22 പേര്‍ക്കാണ് ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്.
🔳കോവിഡിനെതിരേ ഭാരത് ബയോടെക് നിര്‍മിച്ച കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വിദഗ്ധ സമിതി അംഗീകരിച്ച കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
🔳കോവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും പരാജയപ്പെട്ടെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശത്തിന് മറുപടിയുമായി സ്മൃതി ഇറാനി. ‘രാഹുലെന്ന ജ്ഞാനിയായ സംന്യാസി അറിവിന്റെ മുത്തുകള്‍ മറ്റുള്ളവര്‍ക്ക് മേല്‍ ചൊരിയുന്നതിന് മുന്‍പ് സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കോവിഡ് കൈകാര്യം ചെയ്തതില്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് സ്വയം പരിശോധിക്കണമെന്ന് സ്മൃതി ഇറാനി പരിഹസിച്ചു.
🔳കോവിഡ് വാക്‌സിന്‍ ബുക്കിങിനു വേണ്ടിയുള്ള ഏകീകൃത സംവിധാനമായ കോവിന്‍ പോര്‍ട്ടലിനു വേണ്ടി 20 രാജ്യങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സംഘവും കോവിന്‍ പോര്‍ട്ടലിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴാണ് മറ്റു രാജ്യങ്ങള്‍ താല്‍പര്യം അറിയിച്ച് രംഗത്തെത്തിയതെന്ന് അമിത് മാളവ്യ പറഞ്ഞു.
🔳എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ വസതിയില്‍ യോഗം ചേര്‍ന്ന് പ്രതിപക്ഷ കക്ഷികള്‍. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, കെജ്രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി എന്നിവരുള്‍പ്പെടെ പ്രതിപക്ഷ നിരയിലെ എട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാണ് ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തത്. യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു.
നിര്‍ണായകമായ രാഷ്ട്രീയ തീരുമാനങ്ങള്‍ യോഗത്തില്‍ സ്വീകരിച്ചിട്ടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും രാഷ്ട്രമഞ്ച് നേതാവുമായ യശ്വന്ത് സിന്‍ഹ പറഞ്ഞു.
🔳സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി. പരമാവധി 15 പേര്‍ക്കാണ് പ്രവേശനത്തിന് അനുമതി. പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല. ടെലിവിഷന്‍ പരമ്പര ചിത്രീകരണത്തിനും അനുമതിയുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനും ആലോചനയുണ്ട്. വാക്‌സിന്‍ രണ്ടും ഡോസും എടുത്തവരെ പ്രവേശിപ്പിക്കാനാണ് ആലോചനയെന്നും മുഖ്യമന്ത്രി.
🔳കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 18 മുതല്‍ 23 വയസ്സ് വരെയുള്ളവര്‍ക്ക് പ്രത്യേക കാറ്റഗറി നിശ്ചയിച്ച് വാക്‌സിന്‍ നല്‍കും. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 1 മുതല്‍ ക്ലാസ്സ് തുടങ്ങും. അവര്‍ക്കെല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ക്ലാസ് ആരംഭിക്കാന്‍ തീരുമാനിച്ചത്.
🔳സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും ജീവഹാനിയും കൂടി വരുന്നത് നാം ആര്‍ജിച്ച സംസ്‌കാര സമ്പന്നതയ്ക്ക് യോജിക്കാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധനവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ സംഭവങ്ങളില്‍ പഴുതടച്ച അന്വേഷണം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
🔳കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് ദേശീയ പുരസ്‌കാരം. സംസ്ഥാന ചാനലൈസിംഗ് ഏജന്‍സികളില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ലെവല്‍ വണ്‍ സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനത്തിനാണ് വനിതാ വികസന കോര്‍പ്പറേഷന്‍ അര്‍ഹമായത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷന്റെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിയായി വനിതാ വികസന കോര്‍പ്പറേഷനെ തിരഞ്ഞെടുത്തത്. കൃത്യമായ ആസൂത്രണത്തോടെ വനിത വികസന കോര്‍പറേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ ദേശീയ പുരസ്‌കാരമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
🔳സംസ്ഥാനത്തിന് 2,26,780 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,76,780 ഡോസ് കോവീഷീല്‍ഡ് വാക്‌സിനും 50,000 കോവാക്‌സിനുമാണ് ലഭ്യമായത്.
🔳സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട കാരണം കാണിക്കല്‍ നോട്ടീസില്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ‘കാര്യങ്ങളെല്ലാം’ അറിയാമായിരുന്നു എന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. സ്വപ്നയിലൂടെ കാര്യങ്ങള്‍ അറിയുന്നുണ്ടായിരുന്ന ശിവശങ്കര്‍ സ്വപ്നയടക്കമുള്ള സംഘത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും
സ്വപ്നയുമായി ചേര്‍ന്ന് ശിവശങ്കറിന് സാമ്പത്തിക ഇടപാടുകളും വിദേശയാത്രയുമുണ്ടായിട്ടുണ്ടെന്നും കസ്റ്റംസ് നോട്ടീസില്‍ പറയുന്നു.
🔳കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി ബന്ധപ്പെട്ട വിവാദത്തെപ്പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും പ്രതികരിക്കാന്‍ തയ്യാറാകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദത്തിന് ഇടയാക്കിയ കാര്യങ്ങളൊന്നും താന്‍ പറഞ്ഞതല്ല, ഒരു മാധ്യമം കൊടുത്തതാണ് എന്ന് കെ. സുധാകരന്‍ പറഞ്ഞു. അദ്ദേഹം പറയാത്ത ഒരു കാര്യത്തെപ്പറ്റി വീണ്ടും എന്തെങ്കിലും പറയാനില്ലെന്ന് പിണറായി പറഞ്ഞു.
🔳മുട്ടില്‍ മരംകൊള്ളയെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്ത് നല്‍കി. ഈ മരംകൊള്ളയ്ക്ക് പിന്നില്‍ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും വന്‍ഗൂഢാലോചനയുണ്ടെന്നും കൃഷിക്കാരുടെയും ആദിവാസികളുടെയും താത്പര്യം സംരക്ഷിക്കാനെന്ന വ്യാജേനയാണ് ഈ വന്‍ കൊള്ള നടന്നിരിക്കുന്നതെന്നും ചെന്നിത്തല കത്തില്‍ വ്യക്തമാക്കുന്നു. ഈ കൊള്ളയെപ്പറ്റി ഇതേവരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയോ, കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും സ്വതന്ത്രമായ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് ഗവര്‍ണര്‍ ഇടപെടണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
🔳രാമനാട്ടുകരയില്‍ സ്വര്‍ണക്കള്ളക്കടത്ത് സംഘങ്ങള്‍ ഏറ്റുമുട്ടുകയും അഞ്ചു പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ സി.പി.എം.- ലീഗ്- എസ്.ഡി.പി.ഐ ബന്ധമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഈ ഗുണ്ടാ സംഘങ്ങളുടെ രാഷ്ട്രീയ ബന്ധം പരിശോധിക്കപ്പെടേണ്ടതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
🔳കേരളത്തില്‍ ഇന്നലെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,295 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,719 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 766 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,730 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,00,437 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,16,284 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂര്‍ 580, പത്തനംതിട്ട 441, കാസര്‍ഗോഡ് 430, ഇടുക്കി 268, വയനാട് 266.
🔳വിഖ്യാത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ (96) അന്തരിച്ചു. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം വലിയശാലയിലുള്ള വസതിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
🔳കഴിഞ്ഞ ദിവസം മരിച്ച വിസ്മയയുടെ ഭര്‍ത്താവും അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. കൊല്ലം മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്സ്മെന്റിലെ ഉദ്യോഗസ്ഥനായ കിരണ്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. വിസ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.
🔳വിസ്മയയുടേത് തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, ഇത് പ്രാഥമികമായ നിഗമനമാണെന്നും വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും കൊല്ലം റൂറല്‍ എസ്.പി. പറഞ്ഞു.
🔳വള്ളികുന്നത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വള്ളികുന്നം ലക്ഷ്മിഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യയും കൃഷ്ണപുരം കൊച്ചുമുറി സുനില്‍ ഭവനത്തില്‍ സുനില്‍ -സുനിത ദമ്പതിമാരുടെ മകളുമായ സുചിത്ര(19)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സുചിത്രയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
🔳ധനത്തിനോടും സ്വത്തിനോടുമുള്ള മനുഷ്യരുടെ അത്യാര്‍ത്തി തീര്‍ക്കാന്‍ തികച്ചും നിസ്സഹായരായ പെണ്‍കുട്ടികളെ കുരുതി കൊടുക്കുന്ന കാടത്തം അവസാനിപ്പിച്ചേ തീരൂവെന്ന് സിപിഎം നേതാവ് പികെ ശ്രീമതി. വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ മാറ്റം വരണമെന്നും കണ്ണൂരില്‍ മുസ്ലീം കുടുംബങ്ങളിലെ ആചാരം പോലെ വിവാഹം കഴിഞ്ഞാല്‍ വരന്‍ വധുവിന്റെ വീട്ടില്‍വന്നു താമസിക്കണമെന്നും ശ്രീമതി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
🔳കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കുഞ്ഞിനെ കണ്ടെത്തിയ പറമ്പിന്റെ ഉടമ സുദര്‍ശനന്‍ പിള്ളയുടെ മകള്‍ പേഴുവിള വീട്ടില്‍ രേഷ്മ(22)യെയാണ് പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഡി.എന്‍.എ. പരിശോധന അടക്കം നടത്തിയ ശേഷമാണ് പോലീസ് സംഘം യുവതിയെ കസ്റ്റഡിയിലെടുത്തത്.
കരിയിലക്കൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകിട്ട് തന്നെ കുഞ്ഞ് മരിച്ചിരുന്നു
🔳വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കാതെ കേന്ദ്രം നിര്‍ദേശിച്ച അധികവായ്പ എടുക്കാമെന്ന് വൈദ്യുതി ബോര്‍ഡ്. എന്നാല്‍, വൈദ്യുതിനിരക്ക് കൂട്ടേണ്ടിവരും. സര്‍ക്കാരിന്റെ കുടിശ്ശിക നല്‍കണമെന്നും ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചു.
News Circle Chengannur
🔳അടിയന്തര ഘട്ടങ്ങളില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അലോപ്പതി മരുന്നുകള്‍ കുറിച്ചുനല്‍കാന്‍ അനുമതി നല്‍കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട് ആയുര്‍വേദിക് സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെയാണ് സംസ്ഥാന ആയുഷ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
🔳ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഡയറിഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ്, സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തില്‍ നിന്ന് ബീഫ് അടക്കമുള്ള മാംസാഹാരങ്ങള്‍ ഒഴിവാക്കുനുള്ള ഉത്തരവുകളാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
🔳രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതിനുപുറമേ ആയിഷ സുല്‍ത്താനയ്ക്ക് കുരുക്കുമുറുക്കി ലക്ഷദ്വീപ് ഭരണകൂടം. ചോദ്യംചെയ്യലിന് രണ്ടാമതും ഹാജരാകാന്‍ കവരത്തി പോലീസ് നോട്ടീസ് നല്‍കി. ദ്വീപിലെ ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് കളക്ടര്‍ താക്കീത് നല്‍കുകയും ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് നോട്ടീസും നല്‍കി.
🔳ജെറ്റ് എയര്‍വെയ്‌സിനെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ദേശീയ കമ്പനി ട്രിബ്യൂണല്‍ അനുമതി നല്‍കി. യുകെയില്‍നിന്നുള്ള കാള്‍റോക് ക്യാപിറ്റലും യുഎഇയിലെ സംരംഭകരായ മുരാരി ലാല്‍ ജലാനും മുന്നോട്ടുവെച്ച പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. 1375 കോടി രൂപയാണ് ഇരുകമ്പനികളും മുടക്കുക.
🔳കേന്ദ്രവിഹിതമായി ലഭിക്കുന്ന സൗജന്യഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനത്തെ ജനങ്ങളില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം അനുവദിക്കണമെന്ന് ഗുജറാത്ത് മന്ത്രി യോഗേഷ് പട്ടേല്‍. സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ നിരക്ക് വര്‍ധിപ്പിക്കാനുതകുന്ന പദ്ധതിയാണിതെന്നാണ് മന്ത്രിയുടെ വാദം.
🔳രാജ്യത്ത് കോവിഡ് 19 ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 3 കോടി കടന്നു. ഇന്നലെ 50,784 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 68,529 പേര്‍ രോഗമുക്തി നേടി. മരണം 1,359. ഇതോടെ ആകെ മരണം 3,90,691 ആയി. ഇതുവരെ 3,00,27,850 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 6.38 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 8,470 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 6,895 പേര്‍ക്കും കര്‍ണാടകയില്‍ 3,709 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 4169 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,852 പേര്‍ക്കും ഒഡീഷയില്‍ 2,957 പേര്‍ക്കും തെലുങ്കാനയില്‍ 1,175 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 3,25,478 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 8,724 പേര്‍ക്കും ബ്രസീലില്‍ 84,847 പേര്‍ക്കും റഷ്യയില്‍ 16,715 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.98 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.13 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 7,041 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 303 പേരും ബ്രസീലില്‍ 1,900 പേരും പേരും അര്‍ജന്റീനയില്‍ 791 പേരും റഷ്യയില്‍ 546 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 38.96 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳കോവിഡ് പ്രതിരോധവാക്‌സിന്‍ സ്വീകരിക്കാത്തവരെ ജയിലിലടയ്ക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂട്ടര്‍ട്ട്. വാക്‌സിന്‍ സ്വീകരിക്കാന്‍
വിസമ്മതിക്കുന്നവരെ തടവറയിലാക്കുന്നതു കൂടാതെ ബലമായി അവര്‍ക്ക് വാക്‌സിന്‍ കുത്തി വെക്കുമെന്നും ഡ്യൂട്ടര്‍ട്ട് പ്രഖ്യാപിച്ചു.
🔳ഫൈസറിന്റെ കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് സിഇഒ ആല്‍ബര്‍ട്ട് ബോര്‍ള. ഇന്ത്യ അടക്കമുള്ള ഇടത്തരം – താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ഈ വര്‍ഷം നൂറ് കോടി ഡോസ് വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ആസ്ഥാനമായ കമ്പനിയാണ് ഫൈസര്‍.
🔳മഴ ഇടയ്ക്കിടെ തടസം സൃഷ്ടിച്ച ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ അഞ്ചാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയില്‍. ഇതോടെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 32 റണ്‍സ് ലീഡായി. ചേതേശ്വര്‍ പൂജാരയും ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് കീസില്‍. ഗുഭ്മാന്‍ ഗില്ലിന്റെയും രോഹിത് ശര്‍മയുടെയും വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് നഷ്ടമായത്. റിസര്‍വ് ദിനമായ ഇന്നത്തെ മത്സരം മാത്രം ബാക്കിനില്‍ക്കേ കളി സമനിലയിലേക്കാണ് നീങ്ങുന്നത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 217 റണ്‍സിനെതിരേ ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് 249 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.
🔳ഏതെങ്കിലും ടൂര്‍ണമെന്റിന്റെ ഫൈനല്‍ പോലെ അത്യധികം പ്രാധാന്യമുള്ള മത്സരങ്ങള്‍ക്ക് യു.കെയെ വേദിയായി തിരഞ്ഞെടുക്കരുതെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍. യു.കെയിലെ പ്രവചനാതീതമായ കാലാവസ്ഥ ചൂണ്ടിക്കാട്ടിയാണ് പീറ്റേഴ്സണ്‍ന്റെ പ്രതികരണം. ന്യൂട്രല്‍ വേദിയായ, പരിശീലനത്തിനു മികച്ച സൗകര്യങ്ങളുള്ള, ഏറ്റവും മികച്ച സ്റ്റേഡിയമുള്ള ദുബായാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോലുള്ള വമ്പന്‍ ഫൈനലിനായി താന്‍ തിരഞ്ഞെടുക്കുകയെന്നും പീറ്റേഴ്സണ്‍വ്യക്തമാക്കി.
🔳ചെക്ക് റിപ്പബ്ലിക്കിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഇംഗ്ലണ്ട് യൂറോകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഡി യില്‍ നിന്നും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ടിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. സൂപ്പര്‍താരം റഹീം സ്റ്റെര്‍ലിങ്ങാണ് ഇംഗ്ലണ്ടിനായി വിജയഗോള്‍ നേടിയത്.
🔳ഗ്രൂപ്പ് ഡി യിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്ന് സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് ക്രൊയേഷ്യ യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ടീമിന്റെ വിജയം.
🔳ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി രാജ്യത്തെ റീട്ടെയ്ല്‍ രംഗത്തെ അധിപനാകാന്‍ തയാറെടുപ്പ് നടത്തുകയാണെന്ന് വിവരം. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയ്ല്‍ വരുമാനം പ്രതിവര്‍ഷം 36 ശതമാനം വളര്‍ച്ചാ നിരക്കിലായിരിക്കും കുതിക്കുകയെന്ന് കണക്കാക്കപ്പെടുന്നു. റീട്ടെയ്‌ലില്‍ നിന്ന് മാത്രമുള്ള വരുമാനം 44 ബില്യണ്‍ ഡോളറാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൊത്തം റീട്ടെയ്ല്‍ വരുമാനത്തിന്റെ 35 ശതമാനം ഇ-കൊമേഴ്‌സില്‍ നിന്നുള്ള വരുമാനമാകും. 2025 ആകുമ്പോഴേക്കും മൊത്തം വരുമാനം 44 ബില്യണ്‍ ഡോളറാകുമ്പോള്‍ ഇ-കൊമേഴ്‌സ് വരുമാനം 15 ബില്യണ്‍ ഡോളറായി കുതിക്കും. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ഗ്രോസറി വിഭാഗത്തില്‍ റിലയന്‍സിന്റെ വിപണി വിഹിതം 50 ശതമാനമായി കുതിക്കുമെന്നും വിപണി വിദഗ്ധര്‍ പറയുന്നു. ഈ മേഖലയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി വിഹിതം 30 ശതമാനമായി ഉയരും.
🔳നികുതി ഉയര്‍ത്താനുള്ള വിമുഖത മൂലം കുറഞ്ഞത് ഒരു പതിറ്റാണ്ട് കൂടി വരുമാനത്തിനായി ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണയെ ആശ്രയിക്കേണ്ടി വരുമെന്ന് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണയിലുള്ള ആശ്രിതത്വം തുടരാനുള്ള ഒരു കാരണം നികുതി വര്‍ധിപ്പിക്കാനുള്ള അവരുടെ മടിയാണെന്ന് റേറ്റിംഗ് ഏജന്‍സി വിലയിരുത്തി. ഇപ്പോള്‍ നടക്കുന്ന സാമ്പത്തിക വൈവിധ്യവല്‍ക്കരണ യജ്ഞങ്ങള്‍ക്കിടയിലും എണ്ണയിലുള്ള ആശ്രിതത്വം ഗള്‍ഫ് രാജ്യങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗിന് വിനയാകുമെന്ന് മൂഡീസ് നിരീക്ഷിച്ചു.
🔳പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ബിഗ്ബജറ്റ് ചിത്രം ‘മരക്കാര്‍, അറബിക്കടലിന്റെ സിംഹം’ കേരളത്തിലെ 600 സ്‌ക്രീനുകളില്‍ റിലീസ് ആകുമെന്ന് റിപ്പോര്‍ട്ട്. ഈ തിയേറ്ററുകളിലെല്ലാം മൂന്നാഴ്ചക്കാലത്തേക്ക് മരക്കാര്‍ മാത്രമേ പ്രദര്‍ശിപ്പിക്കൂ. കോവിഡ് താറുമാറാക്കിയ സിനിമാ മേഖലയ്ക് ഉണര്‍വ് പകരാനായി ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ ഇത്തരത്തില്‍ ഒരു കരാര്‍ ഉണ്ടാക്കിയത്. ചിത്രം ഓഗസ്റ്റ് 12നാണ് റിലീസ് ചെയ്യുക.
🔳ഒരു ചന്തയില്‍ നടക്കുന്ന സംഭവവികാസങ്ങളുടെ കഥ പറയുന്ന അരം എന്ന ഹ്രസ്വ ചിത്രം നടന്‍ വിജയ് സേതുപതിയും, മലയാളത്തിലെ താരങ്ങളും ചേര്‍ന്ന് യുട്യൂബില്‍ റിലീസ് ചെയ്തു. അരവിന്ദ് മനോജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചന്തയില്‍ എത്തുന്ന രണ്ടു യുവാക്കളും ചന്ത ഭരിക്കുന്ന ഗുണ്ടകളും തമ്മില്‍ ഉള്ള തര്‍ക്കവും, തുടര്‍ന്നുള്ള സംഘട്ടനങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം.
🔳ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്സ് ഡോര്‍ സ്റ്റെപ്പ് സര്‍വീസ് സംവിധാനം പുനരാരംഭിച്ചു. എം ജി കെയര്‍ അറ്റ് ഹോം എന്ന ഈ പദ്ധതി എം ജി മോട്ടോഴ്‌സ് ജീവനക്കാര്‍ ഉപഭോക്താക്കളുടെ വീട്ടിലെത്തി വാഹനത്തിന്റെ സര്‍വീസും സാനിറ്റൈസേഷനും നിര്‍വഹിക്കും. കാര്‍ സാനിറ്റൈസേഷന്‍, ഫ്യൂമിഗേഷന്‍, ജനറല്‍ കാര്‍ ചെക്ക്-അപ്പ്, കാര്‍ ഡ്രൈ വാഷ്, മൈനര്‍ ഫിറ്റിങ്ങ്‌സ് ആന്‍ഡ് ഫിറ്റ്‌മെന്റ് സേവനങ്ങളാണ് എം.ജി. കെയര്‍ അറ്റ് ഹോം പ്രോഗ്രാമില്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. സര്‍വീസ് ബുക്ക് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ സേവനം ലഭ്യമാക്കുക.
🔳പുഞ്ചിരിക്കുന്ന മുഖവും ആകര്‍ഷിക്കുന്ന സ്വഭാവവും ഇഷ്ടപ്പെടുന്ന വ്യക്തിത്വവും ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാര പ്രദമായ ഉത്തമകൃതി. ‘നല്ല വ്യക്തിത്വം’. ഡോ. സലാം ഓമശ്ശേരി. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 80 രൂപ.