News Headlines

0
65


2021 | ജൂൺ 25 | 1196 മിഥുനം 11 | വെള്ളി | മൂലം, പൂരാടം |

🔳ജമ്മുകശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പു നടത്താനും യുക്തമായ സമയത്ത് സംസ്ഥാനപദവി നല്‍കാനും പ്രതിജ്ഞാ ബദ്ധരാണെന്ന് കേന്ദ്രസര്‍ക്കാര്‍. മേഖലയിലെ ഭാവി നടപടികള്‍ ചര്‍ച്ചചെയ്യാന്‍ ഇന്നലെ വിളിച്ച സര്‍വക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ മേഖലയിലും ജനാധിപത്യ പ്രക്രിയയും വികസനവുമെത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയിലേക്കുള്ള ദൂരവും മനസ്സിലെ ദൂരവും ഒഴിവാക്കണമെന്നും വിഷയത്തില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം രാജ്യതാത്പര്യം ഉയര്‍ത്തിപ്പിടിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ വാഗ്ദാനം ചെയ്തതുപോലെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതിന് മണ്ഡല പുനര്‍നിര്‍ണയ നടപടികളും സമാധാനപരമായ തിരഞ്ഞെടുപ്പും നിര്‍ണായകമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു

🔳മോദി സമുദായത്തിന് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി ഉണ്ടെന്ന പരാമര്‍ശം വെറും കുത്തുവാക്ക് ആയിരുന്നു എന്നും നരേന്ദ്ര മോദി ഒരു വ്യവസായിക്ക് 30 കോടി രൂപ നല്‍കിയെന്ന ആരോപണം രാജ്യതാത്പര്യം മുന്‍നിര്‍ത്തി ഉന്നയിച്ചതാണെന്നും രാഹുല്‍ ഗാന്ധി സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പറഞ്ഞു.

🔳ഉത്തര്‍പ്രദേശ് പ്രദേശ് പോലീസ് സമന്‍സ് അയച്ച ട്വിറ്ററിന്റെ ഇന്ത്യയിലെ മേധാവി മനീഷ് മഹേശ്വരിക്ക് അറസ്റ്റില്‍ നിന്ന് കര്‍ണാട ഹൈക്കോടതിയുടെ ഇടക്കാല സംരക്ഷണം. ചോദ്യം ചെയ്യലിനായി മനീഷ് മഹേശ്വരി ഗാസിയാബാദിലേക്ക് പോകേണ്ടതില്ലെന്നും ഓണ്‍ലൈനിലൂടെ ഹാജരായാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരു വയോധികനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ സംബന്ധിച്ച് യുപി പോലീസിന്റെ സമന്‍സിലാണ് കോടതിയുടെ ഉത്തരവ്.

🔳സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. കേസ് അട്ടിമറിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെന്ന് ഇ.ഡി ഹൈക്കോടതിയില്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് കമ്മീഷനെ നിയോഗിച്ചതെന്നും ഇ.ഡി കോടതിയില്‍ വ്യക്തമാക്കി.

🔳ഗാര്‍ഹിക പീഡന പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ. ഇത് സംബന്ധിച്ച് സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കി.

🔳തത്സമയ ചാനല്‍ പരിപാടിക്കിടെ വനിതാ കമ്മീഷന്‍ അധ്യക്ഷ പരാതിക്കാരിയോട് മോശം രീതിയില്‍ സംസാരിച്ച സംഭവത്തില്‍ പ്രതികരിച്ച് സിപിഎം നേതാവ് പികെ ശ്രീമതി. വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് അവര്‍ തിരുത്തണമെന്ന് പികെ ശ്രീമതി പ്രതികരിച്ചു.

🔳പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനെതിരെ വന്‍പ്രതിഷേധം. സിനിമാ, രാഷ്ട്രീയ ,സാമൂഹിക മേഖലകളില്‍ നിന്നാണ് ജോസഫൈന്റെ രാജി ആവശ്യം ഉയരുന്നത്. സിപിഐ യുവജന സംഘടനയായ എ.ഐ.എസ്.എഫും ജോസഫൈനെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടു. പാര്‍ട്ടി അണികളില്‍ നിന്ന് പോലും വനിതാ കമ്മീഷനെതിരെ രൂക്ഷമായ പ്രതികരണം വന്നതോട് കൂടി സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്.

🔳പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്റെ നടപടിയില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി. വിവാദം ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. ജോസഫൈനെതിരെ ഇടത് മുന്നണി പ്രവര്‍ത്തകരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പാര്‍ട്ടി നേതൃത്വം ഇടപെടലുകളുമായി എത്തുന്നത്.

🔳പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നത് വരെ വഴിയില്‍ തടയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കഴിഞ്ഞ നാലര വര്‍ഷം ഇത്തരമൊരു വിപത്തിനെ സ്ത്രീകള്‍ക്ക് മേല്‍ കെട്ടിവെച്ച സര്‍ക്കാര്‍ തെറ്റു തിരുത്തി അപമാനിതരായ സ്ത്രീകളോട് മാപ്പ് പറയണമെന്നും ജോസഫൈന്‍ ഇനിയും അധികാരത്തില്‍ തുടരാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

🔳വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് അവര്‍ വൈകിട്ടോടെ പുറത്തിറക്കി. ഒരു അമ്മയുടെ സ്വാതന്ത്യത്തോടെയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതെന്നും തന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചെങ്കില്‍ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജോസഫൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അനുഭവിച്ചോളൂ എന്ന് യുവതിയോട് പറഞ്ഞത് ആ അര്‍ഥത്തിലല്ലെന്നും തികഞ്ഞ ആത്മാര്‍ഥയോടെയും സത്യസന്ധതയോടെയുമാണ് താനത് പറഞ്ഞതെന്നും ജോസഫൈന്‍. ഓരോ ദിവസവും നിവധി സ്ത്രീകളാണ് തങ്ങളെ വിളിക്കുന്നതെന്നും അതിനാല്‍ ഓരോ ദിവസവും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരായാണ് തങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. എല്ലായിടത്തും വനിതാകമ്മിഷന് ഓടിയെത്താനാകില്ല അതുകൊണ്ടാണ് പോലീസില്‍ പരാതിപ്പെടാന്‍ പറയുന്നതെന്നും ജോസഫൈന്‍ പറഞ്ഞു.

🔳മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുണ്ടോയെന്ന് അറിയില്ലെന്ന് മുന്‍ വനം വകുപ്പ് മന്ത്രി കെ രാജു. ഇത് സംബന്ധിച്ച് ആര്‍ക്കെങ്കിലും മറുപടി കൊടുത്തിരുന്നതായി അറിയില്ലെന്നും മുറിച്ച മരം തിരിച്ച് പിടിക്കാനാണ് നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

🔳മുട്ടില്‍ മരം മുറി കേസിലെ പ്രതികളിലൊരാളായ റോജി അഗസ്റ്റിന്‍ തന്നെ ഫോണ്‍ വിളിച്ചിരുന്നുവെന്ന് മുന്‍ വനം മന്ത്രി കെ.രാജുവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി.ശ്രീകുമാര്‍. ഫോണ്‍ വിളിച്ചെങ്കിലും ഇയാള്‍ക്ക് മുട്ടില്‍ മരം മുറിയുമായുള്ള ബന്ധം അറിയില്ലായിരുന്നുവെന്നും സ്വന്തം പറമ്പിലെ മരം കൊണ്ടുപോവാന്‍ സാധാരണ പൗരന് അനുവദിക്കുന്ന പാസിന് അപേക്ഷിച്ചിട്ടും ഫോറസ്റ്റുകാര്‍ സമ്മതിക്കുന്നില്ലെന്നായിരുന്നു പറഞ്ഞതെന്നും ശ്രീകുമാര്‍ വ്യക്തമാക്കി. വിഷയത്തില്‍ നിവേദനം നല്‍കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.

🔳സംസ്ഥാനത്ത് എട്ട് ജില്ലകളിലായി നടന്ന മരം മുറിക്കല്‍ വിവാദത്തിന്റെ വസ്തുതകള്‍ അന്വേഷിക്കുന്നതിനായി നിഷ്പക്ഷരായ മൂന്നംഗ വിദഗ്ദ സമിതിയെ യു.ഡി.എഫ് നിയോഗിച്ചതായി യു ഡി എഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചു. പ്രൊഫ: ഇ. കുഞ്ഞികൃഷ്ണന്‍, അഡ്വ: സുശീല ഭട്ട്, റിട്ടയര്‍ഡ് ഐ.എഫ്.എസ്. ഉദ്യോഗസ്ഥന്‍ ഒ. ജയരാജ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. സമിതിയുടെ റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് മുന്നില്‍ യു.ഡി.എഫ്. ചര്‍ച്ച ചെയ്യുമെന്ന് വി.ഡി സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു.

🔳മുട്ടില്‍ മരംമുറി കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് സി ബി ഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

🔳ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ഡ്യൂട്ടിക്കിടയില്‍ ഡോ. രാഹുലിനെ മര്‍ദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഡോ.രാഹുലിന്റെ വിഷമം മനസിലാക്കുന്നുവെന്നും അദ്ദേഹത്തിനൊപ്പമാണുള്ളതെന്നും മന്ത്രി പറഞ്ഞു.

🔳ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരാള്‍ക്കും പാര്‍ട്ടിയില്‍ യാതൊരു സ്ഥാനവുമുണ്ടാവില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രചരണങ്ങള്‍ക്കോ സംരക്ഷണത്തിനോ ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം വേണ്ടതില്ല. ഇതുപോലെ ധീരമായ നിലപാട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും ക്വട്ടേഷന്‍ സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

🔳കേരളത്തില്‍ ഇന്നലെ 1,16,507 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 136 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,581 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 77 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,469 പേര്‍ രോഗമുക്തി നേടി. ഇതോടെ 99,859 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം 594, പത്തനംതിട്ട 525, കാസര്‍ഗോഡ് 439, വയനാട് 352, ഇടുക്കി 309.

🔳ടി.പി.ആര്‍. 8ന് താഴെ 313 , 8നും 16നും ഇടയ്ക്ക് 545 , 16നും 24നും ഇടയ്ക്ക് 152 , 24ന് മുകളില്‍ 24 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് നിലവിലുള്ളത്. തിരുവനന്തപുരം ജില്ലയില്‍ മുദാക്കല്‍, പള്ളിച്ചല്‍, പത്തനംതിട്ട ജില്ലയില്‍ കടപ്ര, കോട്ടയം ജില്ലയില്‍ വാഴപ്പള്ളി, എറണാകുളം ജില്ലയില്‍ കീഴ്മാട്, തൃശൂര്‍ ജില്ലയില്‍ വലപ്പാട്, പാലക്കാട് ജില്ലയില്‍ എലവഞ്ചേരി, എരിമയൂര്‍, കണ്ണമ്പ്ര, കിഴക്കഞ്ചേരി, ലെക്കിടി-പേരൂര്‍, മുതുതല, പട്ടാമ്പി, തരൂര്‍, തൃത്താല, വടവന്നൂര്‍, പറളി, പിരായിരി, മലപ്പുറം ജില്ലയില്‍ കാളികാവ്, മാറഞ്ചേരി, പെരുമണ്ണ ക്ലാരി, വഴിക്കടവ്, കാസര്‍ഗോഡ് ജില്ലയില്‍ അജാനൂര്‍, മധുര്‍ എന്നിവയാണ് ടി.പി.ആര്‍ 24ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.

🔳പന്ത്രണ്ടാംക്ലാസ് പരീക്ഷ റദ്ദാക്കിയ സംസ്ഥാന ബോര്‍ഡുകള്‍ വിദ്യാര്‍ഥികളെ വിലയിരുത്തുന്ന രീതി പത്തുദിവസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീംകോടതി. ഇന്റേണല്‍ അസസ്‌മെന്റ് ഫലം ജൂലായ് 31-നകം പ്രസിദ്ധീകരിക്കണമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ അവധിക്കാല ബെഞ്ച് ആവശ്യപ്പെട്ടു.

🔳ആനക്കയം പന്തല്ലൂരില്‍ മില്ലുംപടിയില്‍ കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. സഹോദരങ്ങളുടെ മക്കളാണ് ഇവര്‍. ഒഴുക്കില്‍പ്പെട്ട ഒരു കുട്ടിയെ കാണാതായി. കാണാതായ കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ ഹുസൈന്റെ മകള്‍ ഫാത്തിമ ഇഫ്‌റത്ത് (19), ഹുസൈന്റെ സഹോദരന്‍ അബ്ദുറഹിമാന്റെ മകള്‍ ഫാത്തിമ ഫിദ ((13) എന്നിവരാണ് മരിച്ചത്. മരിച്ച കുട്ടികളുടെ ബന്ധുവും കൊണ്ടോട്ടി വീട്ടില്‍ അന്‍വറിന്റെ മകളുമായ അസ്മിയ ഷെറിന്‍ (16) ആണ് കാണാതായത്.

🔳രാജ്യദ്രോഹക്കേസില്‍ പ്രതിയായ ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനക്ക് ദ്വീപില്‍ നിന്ന് മടങ്ങാന്‍ അനുമതി. മൂന്ന് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് ദ്വീപില്‍ നിന്ന് മടങ്ങാന്‍ ലക്ഷദ്വീപ് പോലീസ് അനുമതി നല്‍കിയത്.

🔳ഓണ്‍ലൈന്‍ മദ്യവിതരണ സ്ഥാപനമായ ലിവിങ് ലിക്വിഡ്‌സ് തന്നെ കബളിപ്പിച്ചെന്ന പരാതിയുമായി നടി ശബാന ആസ്മി രംഗത്ത്. ഓണ്‍ലൈന്‍ വഴി മദ്യം ഓഡര്‍ ചെയ്തുവെങ്കിലും തനിക്ക് മദ്യം ലഭിച്ചില്ലെന്ന് അവര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ എത്ര രൂപയ്ക്കാണ് മദ്യം ഓഡര്‍ ചെയ്തതെന്നോ കബളിപ്പിക്കപ്പെട്ടതിന്റെ പേരില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്നോ താരം വെളിപ്പെടുത്തിയിട്ടില്ല.

🔳റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് റഷ്യന്‍ കോണ്‍സുലേറ്റ്. വ്യാജ രേഖകള്‍ കാട്ടി റഷ്യയില്‍ സര്‍ക്കാര്‍-സ്വകാര്യ കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ നിന്നുള്ള നിരവധി ആളുകള്‍ തട്ടിപ്പിനിരയായി വിസ തട്ടിപ്പിന്റെ പേരില്‍ റഷ്യയില്‍ പിടിയിലായെന്നും ഓണററി കോണ്‍സലേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

🔳രാജ്യത്ത് ഇന്നലെ 51,225 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 63,674 പേര്‍ രോഗമുക്തി നേടി. മരണം 1,324 ഇതോടെ ആകെ മരണം 3,93,338 ആയി. ഇതുവരെ 3,01,33,417 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 6.07 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 9,844 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 6,162 പേര്‍ക്കും കര്‍ണാടകയില്‍ 3,979 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 4,981 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,923 പേര്‍ക്കും ഒഡീഷയില്‍ 3,650 പേര്‍ക്കും ആസാമില്‍ 2,781 പേര്‍ക്കും തെലുങ്കാനയില്‍ 1,088 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 18 കോടി കടന്നു. ഇന്നലെ മാത്രം 3,85,021 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 11,652 പേര്‍ക്കും ബ്രസീലില്‍ 72,705 പേര്‍ക്കും അര്‍ജന്റീനയില്‍ 24,463 പേര്‍ക്കും കൊളംബിയയില്‍ 32,997 പേര്‍ക്കും റഷ്യയില്‍ 20,182 പേര്‍ക്കും സൗത്ത ആഫ്രിക്കയില്‍ 16,078 പേര്‍ക്കും ഇംഗ്ലണ്ടില്‍ 16,703 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 20,574 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 18.02 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.14 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8023 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 223 പേരും ബ്രസീലില്‍ 2,212 പേരും അര്‍ജന്റീനയില്‍ 705 പേരും കൊളംബിയയില്‍ 645 പേരും റഷ്യയില്‍ 548 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 39.06 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳കോപ്പ അമേരിക്ക ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ബൊളീവിയയെ തകര്‍ത്ത് യുറഗ്വായ്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു യുറഗ്വായുടെ ജയം.

🔳ആരോഗ്യ മേഖലയില്‍ മതിയായ സൗകര്യങ്ങളൊരുക്കാന്‍ എസ്ബിഐ ‘ആരോഗ്യം ഹെല്‍ത്ത്‌കെയര്‍ ബിസിനസ് ലോണ്‍’ എന്ന പേരില്‍ പുതിയ വായ്പ പദ്ധതി അവതരിപ്പിച്ചു. പത്തു ലക്ഷം രൂപ മുതല്‍ 100 കോടി രൂപ വരെയാണ് വായ്പ നല്‍കുക. വായ്പ 10 വര്‍ഷം കൊണ്ട് അടച്ചുതീര്‍ത്താല്‍ മതി. രണ്ടു കോടി രൂപ വരെയുള്ള വായ്പയ്ക്ക് സിജിഎസ്എസ്ഡി സിജിടിഎംസ്ഇ (ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്മാള്‍ എന്റര്‍പ്രൈസ്സ്) പദ്ധതിയില്‍ കവറേജ് ലഭിക്കും. മെട്രോനഗരങ്ങളിലാണ് 100 കോടി രൂപ വരെ വായ്പ അനുവദിക്കുക.

🔳കഴിഞ്ഞ ഒരാഴ്ച്ചകൊണ്ട് മൊത്തം ക്രിപ്റ്റോ വിപണിയുടെ മൂല്യം 1.35 ലക്ഷം കോടി ഡോളറില്‍ നിന്നും 1.7 ലക്ഷം കോടി ഡോളറായി ചുരുങ്ങി. അതായത് ഏകദേശം 20 ശതമാനം തകര്‍ച്ചയിലൂടെയാണ് വിപണി കടന്നുപോകുന്നത്. ബിറ്റ്കോയിന്‍ മൈനിങ്ങിന് ചൈന വിലക്കേര്‍പ്പെടുത്തിയ സംഭവം വിപണിക്ക് ക്ഷീണം ചെയ്യുന്നുണ്ടെങ്കിലും പിന്‍വാങ്ങല്‍ താത്കാലികം മാത്രമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ നിരീക്ഷണം. രണ്ടാം പാദത്തിലെ ഓപ്ഷന്‍സ് കരാറുകള്‍ ജൂണ്‍ അവസാന വാരം തീരാനിരിക്കെ ഡിജിറ്റല്‍ കോയിനുകള്‍ നില മെച്ചപ്പെടുത്തുമെന്ന് ഇവര്‍ പറയുന്നു. 2.3 ബില്യണ്‍ ഡോളറിന്റെ ഓപ്ഷന്‍സ് കരാറുകള്‍ക്കാണ് തിരശ്ശീല വീഴാനിരിക്കുന്നത്.

🔳കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന ‘പെര്‍ഫ്യൂം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ജയസൂര്യ, അനൂപ് മേനോന്‍, പ്രതാപ് പോത്തന്‍, ടിനി ടോം, കനിഹ തുടങ്ങിയവരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. രതിയുടെയും സ്‌നേഹത്തിന്റെയും പകയുടേയും ഒക്കെ നിമിഷങ്ങളാണ് ട്രെയ്‌ലര്‍ പങ്കുവയ്ക്കുന്നത്. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് പെര്‍ഫ്യൂമിന്റെ ഇതിവൃത്തം. നവാഗതരായ ഗാനരചയിതാക്കളുടെ ഹൃദയഹാരിയായ ഒട്ടേറെ പാട്ടുകളും ചിത്രത്തിന്റെ പ്രത്യേകതയാണ്.

🔳ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോയുടെ റിലീസ് പ്രഖ്യാപിച്ചു. ഓണം റിലീസായി ചിത്രം ആ?ഗസ്റ്റ് 27 ന് തീയേറ്ററുകളിലെത്തും. മാത്തുക്കുട്ടി തന്നെ രചന നിര്‍വഹിക്കുന്ന ചിത്രം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ‘കുഞ്ഞെല്‍ദോ’യുടെ ക്രിയേറ്റീവ് ഡയറക്ടര്‍. ഷാന്‍ റഹ്മാനാണ് സംഗീതം. സംവിധായകന്റെ സുഹൃത്തിന്റെ ജീവിതത്തില്‍ നടന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം.

🔳വമ്പന്‍ ഓഫറുകളുമായി രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. മൂന്നുലക്ഷം രൂപയുടെ വരെ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 16,500 രൂപ മുതല്‍ 3.01 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അടുത്തിടെ അവതരിപ്പിച്ച ഥാറിന് ഒഴികെ മഹീന്ദ്രയുടെ വാഹനനിരയിലെ എല്ലാ വാഹനങ്ങള്‍ക്കും ഓഫര്‍ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 30 വരെ ഈ ഓഫറുകള്‍ ലഭ്യമാകുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്.

Leave a Reply