Pravasimalayaly

News Headlines

പ്രധാന വാർത്തകൾ

പ്രഭാത വാർത്തകൾ
2021 | ജൂൺ 26 | 1196 മിഥുനം 12 | ശനി | ഉത്രാടം |

🔳 48 കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്,ഗുജറാത്ത്, കേരളം, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഒഡിഷ, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, കര്‍ണാടക എന്നിവിടങ്ങളിലാണ് ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ വ്യാപനത്തെ ഉടന്‍ പ്രതിരോധിക്കേണ്ടതുണ്ടെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇരുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് തയ്യാറാക്കുന്നു. കേന്ദ്ര ആരോഗ്യ, ധനകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് പാക്കേജ് തയ്യാറാക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ പാക്കേജ് പ്രഖ്യാപിക്കും എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മൂന്നാം തരംഗം ഉണ്ടായാല്‍ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കാനാണ് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നത്. കോവിഡ് ചികത്സാകേന്ദ്രങ്ങളുടെയും, ആശുപത്രി കിടക്കകളുടെയും എണ്ണം കൂട്ടല്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്കാണ് പാക്കേജില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്.

🔳കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായ സമയത്ത് ഡല്‍ഹി സര്‍ക്കാര്‍ ഓക്‌സിജന്‍ ആവശ്യത്തെ പെരുപ്പിച്ചു കാട്ടിയെന്ന വിവാദ റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലെ രണ്ടു കോടിയോളം വരുന്ന ജനങ്ങള്‍ക്കായി പോരാടിയെന്നുളളതാണ് താന്‍ ചെയ്ത കുറ്റമെന്ന് കെജ്രിവാള്‍ പറഞ്ഞു. ഓക്‌സിജന്‍ ക്ഷാമം മൂലം ജനങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. അവരെ നുണയന്മാരെന്ന് വിളിക്കരുത്. അവര്‍ക്കത് മോശമായി അനുഭവപ്പെടുമെന്നും കെജ്രിവാള്‍ പറഞ്ഞു.

🔳കോവിഡ് വാക്‌സിന്‍ ഗര്‍ഭിണികള്‍ക്കും നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിനെ ചെറുക്കാന്‍ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് ഉപയോഗപ്രദമാണെന്നും അവര്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പ് നല്‍കണമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

🔳കോവിഡ് ചികിത്സയ്ക്ക് നല്‍കുന്ന പണത്തിന് ആദായനികുതി ഇളവ്. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019 മുതല്‍ കോവിഡ് ചികിത്സയ്ക്ക് നല്‍കുന്ന പണത്തിനാണ് ഇളവ് ലഭിക്കുക. തൊഴിലുടമ ജീവനക്കാര്‍ക്കോ, ഒരു വ്യക്തി മറ്റൊരാള്‍ക്കോ കോവിഡ് ചികിത്സയ്ക്കായി നല്‍കുന്ന തുക പൂര്‍ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് തൊഴിലുടമ നല്‍കുന്ന ധനസഹായവും ഒരു വ്യക്തി മറ്റൊരുവ്യക്തിക്ക് നല്‍കുന്ന ധനസഹായത്തേയും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ ഇത് പത്തുലക്ഷത്തില്‍ കൂടരുത്.

🔳കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍. അമേരിക്കന്‍ പകര്‍പ്പവകാശ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിന്റെ നടപടി. അക്കൗണ്ട് ബ്ലോക്ക് ചെയ്ത വിവരം ട്വിറ്ററിലൂടെ രവിശങ്കര്‍ പ്രസാദ് തന്നെയാണ് അറിയിച്ചത്. ഒരു മണിക്കൂറോളം നേരം അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിച്ചില്ല. പിന്നീട് അക്കൗണ്ട് പുനഃസ്ഥാപിച്ചുവെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

🔳കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്ററി സമിതി ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് ഐ.ടി വിഭാഗം പാര്‍ലമെന്ററികാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശശി തരൂര്‍. അതേസമയം തനിക്കും സമാനമായ സാഹചര്യം ഉണ്ടായതായി രവിശങ്കര്‍പ്രസാദിന്റെ കുറിപ്പ് റിട്വീറ്റ് ചെയ്തുകൊണ്ട് തരൂര്‍ അറിയിച്ചു.

🔳ബിജെപിയെ നേരിടുന്നതിനായി രൂപവത്കരിക്കുന്ന മുന്നണിയില്‍നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കാനാവില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ മൂന്നാം മുന്നണിയുടെ കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍ ഒരു ബദല്‍ മുന്നണിയെപ്പറ്റി ചിന്തിക്കണമെങ്കില്‍, കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തി മാത്രമെ അത് സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

🔳സംസ്ഥാനത്ത് ഇന്നും നാളേയും സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കും. നേരത്തേ അറിയിച്ചിരുന്ന പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. രണ്ടുദിവസവും സ്വകാര്യബസുകള്‍ ഉണ്ടാകില്ല. കെ.എസ്.ആര്‍.ടി.സി. പരിമിത സര്‍വീസുകള്‍ മാത്രം നടത്തും. അവശ്യ മേഖലയിലുള്ളവര്‍ക്കും ആരോഗ്യസേവനങ്ങള്‍ക്കും മാത്രമാണ് ഇളവുള്ളത്. ഹോട്ടലുകളില്‍ പാഴ്‌സല്‍ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ഹോട്ടലുകള്‍, െറസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവയും ഭക്ഷ്യോത്പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍ബൂത്തുകള്‍, മത്സ്യ, മാംസ വില്‍പ്പന ശാലകള്‍, കള്ളുഷാപ്പുകള്‍ എന്നിവയും രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ പ്രവര്‍ത്തിക്കും. അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിച്ചശേഷം നിര്‍മാണ മേഖലയില്‍ ഉള്ളവര്‍ക്ക് കോവിഡ് മാനദണ്ഡപ്രകാരം പ്രവര്‍ത്തിക്കാം.

🔳പാലക്കാട് ജില്ലയില്‍ മൂന്നാം തരംഗം നേരിടുന്നതിനുളള തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളെല്ലാം തന്നെ അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തണം. കുട്ടികളില്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പീഡിയാട്രിക് വാര്‍ഡുകളില്‍ പരമാവധി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. ജില്ലാ ആശുപത്രിയിലും വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ജില്ലയില്‍ ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി പഞ്ചായത്തുകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നതാണെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി

🔳വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് എം.സി. ജോസഫൈന്‍ നടത്തിയ പരാമര്‍ശം സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം പരിശോധിച്ചുവെന്നും ജോസഫൈന്റെ രാജി സന്നദ്ധത പാര്‍ട്ടി അംഗീകരിച്ചുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

🔳വനിതാകമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ജോസഫൈന്‍ രാജിവെച്ചത് നില്‍ക്കക്കള്ളിയിലില്ലാത്തതു കൊണ്ടാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ജോസഫൈന്റെ രാജിയെ ബി.ജെ.പി. സ്വാഗതം ചെയ്യുന്നുവെന്നും പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയക്കാരല്ലാത്തവരെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔳സ്വര്‍ണക്കളളക്കടത്ത് സൂത്രധാരന്‍ അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ ഡി.വൈ.എഫ്.ഐ. നേതാവിന്റേത്. കാറുടമ സജേഷ് ഡി.വൈ.എഫ്.ഐ. ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്. സജേഷിന് ഇത്തരത്തില്‍ ഒരു കാറുളള വിവരം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ലായിരുന്നു. കാര്‍ വാങ്ങിയ അന്നുമുതല്‍ ഉപയോഗിച്ചിരുന്നത് അര്‍ജുന്‍ ആയങ്കിയാണെന്നാണ് വ്യക്തമാകുന്നത്.

🔳കേരള ഹൈക്കോടതിയിലെ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ ഉള്‍പ്പടെ 112 സര്‍ക്കാര്‍ അഭിഭാഷകരുടെ കാലാവധി ഒരു മാസം കൂടി നീട്ടി നല്‍കും. മൂന്നുമാസം കാലാവധി നീട്ടണം എന്ന അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. ഒരു മാസത്തേക്ക് മാത്രം കാലാവധി നീട്ടിയാല്‍ മതിയെന്ന് മുഖ്യമന്ത്രി ഫയലില്‍ രേഖപ്പെടുത്തി. തീരുമാനം ജൂണ്‍ 30-ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകും.

🔳കേരളത്തില്‍ ഇന്നലെ 1,08,867 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,699 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 624 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,056 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,00,230 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍: മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729, ആലപ്പുഴ 660, കണ്ണൂര്‍ 619, കോട്ടയം 488, പത്തനംതിട്ട 432, ഇടുക്കി 239, വയനാട് 203.

🔳കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനേ തുടര്‍ന്ന് കാണാതായ രണ്ട് യുവതികളുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍നിന്ന് കണ്ടെത്തി. ഊര്യായിക്കോട് സ്വദേശി ആര്യ(23)യുടെയും ഗ്രീഷ്മ(22)യുടെയും മൃതദേഹമാണ് കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ.

🔳രാജ്യദ്രോഹക്കേസില്‍ ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നീതി തന്നോടൊപ്പമാണെന്നും ആയിഷ സുല്‍ത്താന. പ്രതികരിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. അതിനെ എതിര്‍ത്തുകൊണ്ട് മുന്നോട്ട് പോകണമെന്നാണ് ഈ വിധിയിലൂടെ നിയമം പറയുന്നതെന്നും ആയിഷ സുല്‍ത്താന പറഞ്ഞു.

🔳ഓലമടലെന്‍ സമരായുധം…’ ലക്ഷദ്വീപ് ജനതയുടെ പുതിയ മുദ്രാവാക്യമിതാണ്. പറമ്പില്‍ ഓലമടലുകള്‍ കൂട്ടിയിട്ട് അതിനു മീതെ കിടന്ന് ലക്ഷദ്വീപുകാര്‍ തിങ്കളാഴ്ച സമരം ചെയ്യും. തേങ്ങയും ഓലയും മടലും ചിരട്ടയുമൊന്നും വീടിന് പരിസരത്തോ പൊതുയിടങ്ങളിലോ കാണരുതെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിനെതിരേയാണ് സമരം.

🔳മുംബൈയിലും കൊല്‍ക്കത്തയിലും വ്യാജ കോവിഡ് വാക്‌സിന്‍ നല്‍കി നടന്നത് വന്‍തട്ടിപ്പ്. മുംബൈയില്‍ 2000ത്തോളം പേരും കൊല്‍ക്കത്തയില്‍ 500 പേരും വ്യാജ വാക്‌സിന്‍ കുത്തിവെപ്പിന് വിധേയരായി. വികലാംഗകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. പിടിയിലായ തട്ടിപ്പു സംഘത്തില്‍ നിന്ന് 12.4 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘം മുംബൈയില്‍ എട്ട് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ കൂടി സംഘടിപ്പിച്ചിട്ടുണ്ടെന്നും ജോയിന്റ് കമ്മീഷണര്‍ വിശ്വാസ് പട്ടീല്‍ പറഞ്ഞു.

🔳രാജ്യത്ത് ഇന്നലെ 48,618 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 64,524 പേര്‍ രോഗമുക്തി നേടി. മരണം 1,182. ഇതോടെ ആകെ മരണം 3,94,524 ആയി. ഇതുവരെ 3,01,82,469 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 5.90 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 9,604 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 5,755 പേര്‍ക്കും കര്‍ണാടകയില്‍ 3,310 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 4,458 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,925 പേര്‍ക്കും ഒഡീഷയില്‍ 2,912 പേര്‍ക്കും ആസാമില്‍ 2,793 പേര്‍ക്കും തെലുങ്കാനയില്‍ 1,061 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,95,992 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 14,017 പേര്‍ക്കും ബ്രസീലില്‍ 79,277 പേര്‍ക്കും കൊളംബിയയില്‍ 32,733 പേര്‍ക്കും അര്‍ജന്റീനയില്‍ 24,023 പേര്‍ക്കും റഷ്യയില്‍ 20,393 പേര്‍ക്കും സൗത്ത ആഫ്രിക്കയില്‍ 18,762 പേര്‍ക്കും ഇംഗ്ലണ്ടില്‍ 15,296 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 18,872 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 18.11 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.14 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,201 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 368 പേരും ബ്രസീലില്‍ 1,860 പേരും അര്‍ജന്റീനയില്‍ 541 പേരും കൊളംബിയയില്‍ 685 പേരും റഷ്യയില്‍ 601 പേരും ഇന്‍ഡോനേഷ്യയില്‍ 422 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 39.59 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം ഒഎന്‍ജിസി (ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍) പുറത്തുവിട്ടു. ജനുവരി-മാര്‍ച്ച് കാലത്ത് 6,734 കോടി രൂപയാണ് കമ്പനി അറ്റാദായം കുറിച്ചത്. കൃത്യം ഒരു വര്‍ഷം മുന്‍പ് ഇതേ കാലത്ത് 3,214 കോടി രൂപ നഷ്ടത്തിലായിരുന്നു ഒഎന്‍ജിസിയുടെ പ്രയാണം. മാര്‍ച്ച് പാദത്തില്‍ മൊത്തം വരുമാനം 1.2 ശതമാനം ഇടിഞ്ഞ് 21,189 രൂപ രേഖപ്പെടുത്തി. അറ്റാദായത്തില്‍ 18.4 ശതമാനം വര്‍ധനവ് കുറിക്കാന്‍ ഇത്തവണ ഓഎന്‍ജിസിക്ക് സാധിച്ചു. 2020-21 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം 11,246 കോടി രൂപയിലും മൊത്ത വരുമാനം 68,141 കോടി രൂപയിലുമാണ് എത്തി നിന്നത്.

🔳പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഡിജിറ്റല്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ ആരംഭിക്കുന്ന പാര്‍ട്ണര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെവിടെയിരുന്നും ജോലി ചെയ്യാവുന്ന ഗിഗ് ഇക്കോണമിയില്‍, സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ക്ക് https://partner.geojit.com. എന്ന പാര്‍ട്ണര്‍ പോര്‍ട്ടലിലൂടെ ജിയോജിതുമായി കൈകോര്‍ത്ത് വരുമാനം സൃഷ്ടിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.

🔳മലയാളത്തിന്റെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് താരത്തിന്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്ത്. രാഹുല്‍ രാമചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ ദുരൂഹതയുണര്‍ത്തുന്ന പോസ്റ്ററാണ് എത്തിയിരിക്കുന്നത്. മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന രീതിയില്‍ ഇരിക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററില്‍. സുരേഷ് ഗോപിയുടെ മുന്നിലിരിക്കുന്ന മേശയുടെ സൈഡില്‍ അമിര്‍ മുഹമ്മദിന്റെ കെഎല്‍ നോയിര്‍: റെഡ് എന്ന ബുക്കും, സെല്‍ബിന്‍ റാബിന്റെ ഫൈവ് ഫാമിലീസ് എന്ന ബുക്കും കാണാം. നടന്റെ കാലിനടുത്ത് ഒരു നായയും ഇരിപ്പുണ്ട്. സമീന്‍ സലീമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.

🔳ധനുഷ് സഹോദരന്‍ ശെല്‍വരാഘവനുമായി വീണ്ടും ഒന്നിക്കുകയാണ്. നാനെ വരുവേന്‍ എന്ന സിനിമയിലാണ് ശെല്‍വരാഘവന്റെ സംവിധാനത്തില്‍ ധനുഷ് നായകനായത്. സിനിമയെ കുറിച്ച് ധനുഷ് തന്നെയാണ് അറിയിച്ചത്. ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം. ഓഗസ്റ്റില്‍ തുടങ്ങുമെന്ന് അറിയിച്ചിരിക്കുന്ന സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തുള്ളുവതോ ഇളമൈ എന്ന ശെല്‍വരാഘവന്‍ സിനിമയിലൂടെയാണ് ധനുഷ് ആദ്യമായി നായകനാകുന്നതും.

🔳ഐക്കണിക്ക് ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ മിനി ഇന്ത്യ തങ്ങളുടെ 2021 കാര്‍ ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്ന് പുതിയ കാറുകളാണ് മിനി ഇന്ത്യ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ആള്‍ ന്യൂ മിനി 3- ഡോര്‍ ഹാച്ച്, ആള്‍ ന്യൂ മിനി കണ്‍വേര്‍ട്ടബിള്‍, ആള്‍ ന്യൂ മിനി ജോണ്‍ കൂപര്‍ വര്‍ക് ഹാച്ച് എന്നിവയാണ് ഈ വാഹനങ്ങള്‍. ഇവക്ക് യഥാക്രമം 38 ലക്ഷം, 44 ലക്ഷം, 45.5 ലക്ഷം എന്നിങ്ങനെയാണ് എക്സ് ഷോറൂം വിലകള്‍.

🔳കടല്‍ജീവികളെ കഥാപാത്രങ്ങളോട് താരതമ്യപ്പെടുത്തി ഫാന്റസി തലത്തില്‍ എഴുതാന്‍ ശ്രമിച്ചതിനാല്‍ കഥയും കഥാപാത്രങ്ങളും വേറിട്ട് നില്‍ക്കുന്നു. ‘കടലിന്റെ സുല്‍ത്താന്‍’. റോഹന്‍ നജീബ്. മൈത്രി ബുക്സ്. വില 170 രൂപ.

🔳വാക്സീന്‍ എടുത്തവര്‍ക്കും അപൂര്‍വമായെങ്കിലും കോവിഡ് ബാധ ഉണ്ടാകാം. എന്നാല്‍ വാക്സിനേഷന് ശേഷമുള്ള അണുബാധ അത്ര തീവ്രമായിരിക്കില്ല എന്നതാണ് ആശ്വാസകരമായ വാര്‍ത്ത. വാക്സിനേഷന്‍ എടുത്തവര്‍ക്ക് വരുന്ന കോവിഡ് ബാധയില്‍ ലക്ഷണങ്ങള്‍ക്കും ചില മാറ്റങ്ങള്‍ ഉണ്ടാകാമെന്ന് വിദഗ്ധര്‍ പറയുന്നു. വാക്സിനേഷന് ശേഷമുള്ള കോവിഡ് ബാധ തിരിച്ചറിയാന്‍ ഇനി പറയുന്ന നാല് ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം: കോവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍ ഒരിക്കല്‍ പോലും ഇടംപിടിക്കാതിരുന്ന രോഗലക്ഷണമാണ് തുമ്മല്‍. എന്നാല്‍ വാക്സിനേഷന് ശേഷം കോവിഡ് വരുന്നവരില്‍ തുടര്‍ച്ചയായ തുമ്മല്‍ കാണപ്പെടുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കോവിഡിന്റെ രണ്ടാം തരംഗ സമയത്ത് ഏറ്റവും വ്യാപകമായി കാണപ്പെട്ട ഒരു രോഗലക്ഷണമാണ് ശ്വാസംമുട്ടല്‍. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് ശരീരത്തിലെ ഓക്സിജന്‍ തോതിനെ താഴേക്ക് കൊണ്ടുവരുന്നു. വാക്സിനേഷന് ശേഷം കോവിഡ് ബാധിക്കുന്നവരിലും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കക്ഷത്തിലും കഴുത്തിന്റെ ഭാഗത്തും ഒക്കെ ഗ്രന്ഥികള്‍ക്ക് നീര്‍ക്കെട്ട് ഉണ്ടാകുന്നത് കോവിഡ് വാക്സിനേഷന്റെ പാര്‍ശ്വഫലങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ കുത്തി വയ്പ്പെടുത്ത് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ അവ അപ്രത്യക്ഷമാകാറുണ്ട്. ഈ നീര്‍ക്കെട്ട് തുടരുന്നതായി കണ്ടാല്‍ കോവിഡ് അണുബാധ സംശയിക്കണം. ചെവിയില്‍ ഒരു മുഴക്കമോ കേള്‍വിക്ക് ചെറിയ തടസ്സമോ വാക്സിനേഷന് ശേഷം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവയും കോവിഡ് അണുബാധയുടെ ലക്ഷണങ്ങളാകാം. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെടുന്ന പക്ഷം വാക്സീന്‍ എടുത്തവരും രോഗ പരിശോധന നടത്തി, വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഈ ലക്ഷണങ്ങള്‍ നോക്കി ഇരിക്കുന്ന വേളയില്‍ കോവിഡിന്റെ സാധാരണ രോഗലക്ഷണങ്ങള്‍ മറക്കുകയും അരുത്. പനി, തലവേദന, കണ്ണിലെ ചുവപ്പ്, ശരീരവേദന, മണവും രുചിയും നഷ്ടമാകല്‍,ഓക്സിജന്‍ തോത് താഴ്ന്നു പോകല്‍ പോലുള്ള കോവിഡിന്റെ പൊതു രോഗലക്ഷണങ്ങളോട് ജാഗ്രത പുലര്‍ത്തണമെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Exit mobile version