News headlines

0
34

പ്രധാന വാർത്തകൾ
🎀🎁🎀🎁🎀🎁🎀
പ്രഭാത വാർത്തകൾ
2021 | ജൂൺ 28 | 1196 മിഥുനം 14 | തിങ്കൾ | അവിട്ടം |

🔳രാജ്യത്ത് 12 വയസിനുമേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഓഗസ്റ്റോടെ കോവിഡ് വാക്‌സിന്‍ ലഭ്യമായേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. രാജ്യത്ത് മൂന്നാം തരംഗം വൈകാനാണ് സാധ്യതയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ കുത്തിവെക്കാന്‍ ആറ് മുതല്‍ എട്ട് മാസം വരെ സാവകാശം ലഭിച്ചേക്കുമെന്ന് ഐസിഎംആര്‍ കോവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എന്‍.കെ അറോറ പറഞ്ഞു.

🔳മൈനസ് 15 മുതല്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനില ആവശ്യമുള്ള വാക്‌സിനുകള്‍ സംഭരിക്കാനുള്ള ശേഷി രാജ്യത്തുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. നിശ്ചിത താപനിലയില്‍ വാക്‌സിനുകള്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന 29,000 ത്തിലധികം കോള്‍ഡ് ചെയിന്‍ പോയിന്റുകള്‍ രാജ്യത്തുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

🔳പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ. തങ്ങളുടെ പ്രവര്‍ത്തകര്‍ കോവിഡ് വ്യാപന കാലത്ത് തെരുവിലിറങ്ങി ആളുകള്‍ക്ക് സഹായം ചെയ്യുമ്പോള്‍ മറ്റു ചില ആളുകള്‍ ട്വിറ്ററിലാണ് സജീവമായതെന്ന് നഡ്ഡ പറഞ്ഞു. ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവ് അടക്കമുള്ള നേതാക്കളെ പരിഹസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

🔳ഇന്ത്യയിലെ പുതിയ ഐടി നിയമപ്രകാരം ട്വിറ്റര്‍ രാജ്യത്ത് അടുത്തിടെ നിയമിച്ച ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍ സ്ഥാനമൊഴിഞ്ഞു. ട്വിറ്റര്‍ ഇന്ത്യയിലെ ഇടക്കാല റെസിഡന്‍ഷ്യല്‍ ഗ്രീവന്‍സ് ഓഫീസറായി നിയമിച്ച ധര്‍മേന്ദ്ര ചാതൂറാണ് രാജിവെച്ചത്. ഇത് സംബന്ധിച്ച് ട്വിറ്റര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

🔳സ്വര്‍ണക്കടത്തും കൊള്ളയും നടത്തുന്ന അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി. നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജിന് എതിര്‍വശത്തെ കുന്നിന്‍ മുകളിലെ കാട്ടില്‍ ഒളിപ്പിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്. രാമനാട്ടുകര അപകടവും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് തേടി നടന്ന തെളിവാണ് ഈ കാര്‍.

🔳കൊടി സുനിയും അര്‍ജ്ജുന്‍ ആയങ്കിമാരുമാണ് സിപിഎമ്മിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. റഹീമിനെ പോലുള്ള യുവജന നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പോയിരുന്ന് പാര്‍ട്ടിയെ ന്യായീകരിക്കല്‍ മാത്രമാണ് ചെയ്യുന്നതെന്നും എത്ര കഴുകിക്കളയാന്‍ ശ്രമിച്ചാലും ചോരപുരണ്ട സിപിഎമ്മിന്റെ സ്വര്‍ണക്കടത്ത്കഥകള്‍ പുറത്തു വരുക തന്നെ ചെയ്യുമെന്നും രാഷ്ട്രീയമായും നിയമപരമായും ആ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

🔳ക്വട്ടേഷന്‍ കേസുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് സി.പി.എം. നേതാവ് പി. ജയരാജന്‍. ക്വട്ടേഷന്‍ കേസുകളുടെ മറ പിടിച്ച് സി.പി.എമ്മിനെതിരെ പ്രചാരവേല ചെയ്യുന്നുവെന്നാണ് ജയരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

🔳സംഘടനാപ്രവര്‍ത്തനം ജനകീയവും മാതൃകാപരവുമാക്കാനുള്ള തിരുത്തല്‍ നടപടിയിലേക്ക് സി.പി.എം. കടക്കുന്നു. ജനങ്ങള്‍ അംഗീകരിക്കാത്തവരുമായി പാര്‍ട്ടി അംഗങ്ങളുടെ ചങ്ങാത്തം വിലക്കാനാണ് തീരുമാനം. അടുത്ത സംസ്ഥാനകമ്മിറ്റിയില്‍ ഇതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കും. സ്വര്‍ണക്കടത്ത് – ക്വട്ടേഷന്‍ സംഘങ്ങളുമായി ചില പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള അടുപ്പം വെളിപ്പെട്ട പശ്ചാത്തലത്തിലാണിത്.

🔳കെ.മുരളീധരന്‍ യുഎഡിഎഫ് കണ്‍വീനറാകുന്നത് തടയാന്‍ ഡല്‍ഹിയില്‍ കരുനീക്കങ്ങള്‍ സജീവമായതായും കേരളത്തിലെ പുതിയ നേതൃത്വവും ഗ്രൂപ്പ് നേതാക്കളും മുരളീധരനെതിരെ ഒന്നിച്ചെന്നും റിപ്പോര്‍ട്ടുകള്‍. അതേ സമയം ഉമ്മന്‍ചാണ്ടിയുടെ പിന്തുണ കെ.മുരളീധരനുണ്ടെന്ന് പറയപ്പെടുന്നു. തിരുവഞ്ചൂരിനേയോ പി.സി.വിഷ്ണുനാഥിനേയോ മുരളിക്ക് പകരം യുഡിഎഫ് കണ്‍വീനറാക്കാനാണ് നീക്കം. രാഷ്ട്രീയകാര്യ സമിതി യോഗം ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് മുരളീധരനെതിരെ നേതാക്കള്‍ ഒന്നിച്ചത്.

🔳സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ മുന്‍മന്ത്രി ജി. സുധാകരനെതിരെ രൂക്ഷവിമര്‍ശനം. അമ്പലപ്പുഴ മണ്ഡലത്തില്‍ സുധാകരന്റെ പ്രവര്‍ത്തനം അനുകൂലം ആയിരുന്നില്ലെന്ന് എച്ച്. സലാം എം.എല്‍.എ. വിമര്‍ശിച്ചു. തനിക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ഥിയല്ല എന്ന സന്ദേശം പ്രതികരണത്തിലും പെരുമാറ്റത്തിലും നല്‍കിയെന്നും കുടുംബയോഗങ്ങളിലെ പ്രസംഗങ്ങളിലും ദുസൂചന നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

🔳സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത് തടയാന്‍ സര്‍ക്കാറിന് എട്ടിന നിര്‍ദേശങ്ങളുമായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. സ്ത്രീധനത്തില്‍ നിന്നും കമ്മീഷന്‍ പറ്റി വിവാഹം നടത്തുന്ന ബ്രോക്കര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുക, കൂടുതല്‍ കുടുംബ കോടതികള്‍, ഗാര്‍ഹിക പീഡനമേറ്റ സ്ത്രീകള്‍ക്കായി പ്രത്യേക സാമ്പത്തിക പദ്ധതികള്‍ തുടങ്ങിയ നിര്‍ദേശങ്ങളാണ് അഭിഭാഷക കൂടിയായ ഫാത്തിമ തഹ്ലിയ മുന്നോട്ടുവെക്കുന്നത്.

🔳വിദ്യാര്‍ഥികളുടെയടക്കം എതിര്‍പ്പുകള്‍ക്കിടെ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ ഇന്നാരംഭിക്കും. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് പരീക്ഷകള്‍ക്ക് തുടക്കമാകുന്നത്. രോഗവ്യാപനം കൂടൂന്ന സമയത്ത് ഓഫ് ലൈന്‍ പരീക്ഷ നടത്തുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശങ്കയുണ്ട്. പരീക്ഷയ്ക്ക് പോകേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതിയുണ്ടാകുമെന്നാണ് ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുള്ളത്.

🔳കോവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിനെതിരായ ബിജെപി നേതാക്കളുടെ വിമര്‍ശനം തുടരുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ ഉത്തര്‍പ്രദേശിലെ ഓരോ ഗ്രാമത്തിലും 10 പേര്‍ വീതമെങ്കിലും മരിച്ചുവെന്ന് പറഞ്ഞ ബിജെപി നേതാവ് ഒന്നാം തരംഗത്തില്‍ നിന്ന് യോഗി സര്‍ക്കാര്‍ പാഠം പഠിച്ചില്ലെന്ന് കുറ്റപ്പെടുത്തി. ബിജെപി വര്‍ക്കിങ് കമ്മിറ്റി അംഗം രാം ഇഖ്ബാല്‍ സിങാണ് യോഗി സര്‍ക്കാരിനെതിരെ രംഗത്തെത്തിയ പുതിയ ബിജെപി നേതാവ്.

🔳ജമ്മുവിലെ വ്യോമസേനാ താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ആറ് കിലോയോളം തൂക്കംവരുന്ന സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. സംഭവത്തില്‍ ഒരു ലഷ്‌കര്‍ ഈ തൊയ്ബ ഭീകരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമ്മു കശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിങാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ തിരക്കേറിയ മേഖലയില്‍ സ്ഥാപിക്കാനിരുന്ന സ്‌ഫോടക വസ്തുവാണ് പോലീസ് കണ്ടെടുത്തത്. ഇതിലൂടെ വലിയ സ്‌ഫോടന പദ്ധതിയാണ് ജമ്മു പോലീസ് ഇല്ലാതാക്കിയത്.

🔳ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാ വിമാന സര്‍വീസ് ജൂലൈ 7ന് പുനഃരാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

🔳ബ്രിട്ടനില്‍ ഡെല്‍റ്റ വകഭേദം ബാധിച്ചുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. ഡെല്‍റ്റ കേസുകളില്‍ 46 ശതമാനം വര്‍ധനവുണ്ടായെന്ന് യുകെ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 35,204 ഡെല്‍റ്റ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതര്‍ 1,11,157 ആയി.

🔳യുദ്ധക്കപ്പലിനെക്കുറിച്ചും ബ്രിട്ടീഷ് സൈന്യത്തെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങള്‍ അടങ്ങിയ യു.കെ. പ്രതിരോധ മന്ത്രാലയത്തിന്റെ രഹസ്യ രേഖകള്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ഒരു ബസ് സ്റ്റോപ്പില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയത്തിലെ ഒരു ജീവനക്കാരന്‍ രേഖകള്‍ നഷ്ടപ്പെട്ടതായി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നുവെന്നും ഇതാണ് കെന്റിലെ ഒരു ബസ് സ്റ്റോപ്പിന് പിന്നില്‍ കണ്ടെത്തിയതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

🔳അമ്പെയ്ത്ത് ലോകകപ്പില്‍ ഇന്ത്യന്‍ വനിതാ ടീമിന് സ്വര്‍ണം. പാരിസില്‍ നടക്കുന്ന ലോകകപ്പ് സ്റ്റേജ് ത്രീയില്‍ റിക്കര്‍വ് വിഭാഗത്തിലാണ് ഇന്ത്യയുടെ നേട്ടം. ഫൈനലില്‍ മെക്സിക്കോയെ 5-1നാണ് ഇന്ത്യന്‍ ടീം തോല്‍പ്പിച്ചത്. കോമളിക ബാരി, ദീപിക കുമാരി, അങ്കിത ഭക്ത് എന്നിവരടങ്ങുന്നതാണ് ഇന്ത്യന്‍ ടീം.

🔳റാഫേല്‍ നദാലിനും ഡൊമിനിക് തീമിനും പിന്നാലെ ടോക്കിയോ ഒളിമ്പിക്സില്‍ നിന്ന് പിന്മാറി സെറീന വില്ല്യംസും. ഒളിമ്പിക്സില്‍ പങ്കെടുക്കുകയാണെങ്കില്‍ മൂന്നു വയസ് പ്രായമുള്ള മകള്‍ ഒളിമ്പിയയെ കുറച്ചു ദിവസത്തേക്ക് പിരിഞ്ഞിരിക്കേണ്ടി വരുമെന്നതാണ് സെറീനയുടെ പിന്മാറ്റത്തിന് കാരണം. കോവിഡ് സുരക്ഷ മുന്‍നിര്‍ത്തി മത്സരാര്‍ഥികളുടെ കുടുംബാഗങ്ങളേയും വിദേശ കാണികളേയും ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

🔳യൂറോകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെ തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഏദന്‍ ഹസാര്‍ഡിന്റെയും സംഘത്തിന്റേയും വിജയം. മ്യൂണിക്കില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇറ്റലിയാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍.

🔳അട്ടിമറി വിജയവുമായി ചെക്ക് റിപ്പബ്ലിക്ക് യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍. 10 പേരായി ചുരുങ്ങിയ നെതര്‍ലന്‍ഡ്‌സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മറികടന്നാണ് ചെക്ക് ടീമിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. തോമസ് ഹോള്‍സ്, പാട്രിക് ഷിക്ക് എന്നിവരാണ് ചെക്ക് ടീമിന്റെ ഗോളുകള്‍ നേടിയത്. 55-ാം മിനിറ്റില്‍ പ്രതിരോധ നിര താരം ഡിലൈറ്റ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ ഡച്ച് നിര കളി കൈവിടുകയായിരുന്നു.

🔳നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യം വെച്ച് കളിക്കാനിറങ്ങിയ ബ്രസീലിനെതിരേ മികച്ച പ്രകടനമാണ് ഇക്വഡോര്‍ കാഴ്ചവെച്ചത്.

🔳കോപ്പ അമേരിക്കയില്‍ നിന്നും വെനസ്വേല പുറത്ത്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ പെറുവിനോട് തോല്‍വി വഴങ്ങിയതോടെയാണ് വെനസ്വേല ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനാണ് പെറുവിന്റെ വിജയം.

🔳കേരളത്തില്‍ ഇന്നലെ 1,03,996 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 62 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,879 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,236 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 566 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,351 പേര്‍ രോഗമുക്തി നേടി. ഇതോടെ 99,591 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657, കണ്ണൂര്‍ 562, കോട്ടയം 428, പത്തനംതിട്ട 343, ഇടുക്കി 275, വയനാട് 246.

🔳രാജ്യത്ത് ഇന്നലെ 46,498 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 58,540 പേര്‍ രോഗമുക്തി നേടി. മരണം 978. ഇതോടെ ആകെ മരണം 3,96,761 ആയി. ഇതുവരെ 3,02,78,963 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 5.68 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 9,974 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 5,127 പേര്‍ക്കും കര്‍ണാടകയില്‍ 3,604 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 4,250 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,836 പേര്‍ക്കും ഒഡീഷയില്‍ 3,408 പേര്‍ക്കും ആസാമില്‍ 1,523 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,03,814 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 4,638 പേര്‍ക്കും ബ്രസീലില്‍ 33,704 പേര്‍ക്കും കൊളംബിയയില്‍ 32,376 പേര്‍ക്കും അര്‍ജന്റീനയില്‍ 12,105 പേര്‍ക്കും റഷ്യയില്‍ 20,538 പേര്‍ക്കും സൗത്ത ആഫ്രിക്കയില്‍ 15,036 പേര്‍ക്കും ഇംഗ്ലണ്ടില്‍ 14,876 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 21,342 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 18.18 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.15 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5,652 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 92 പേരും ബ്രസീലില്‍ 655 പേരും അര്‍ജന്റീനയില്‍ 251 പേരും കൊളംബിയയില്‍ 664 പേരും റഷ്യയില്‍ 599 പേരും ഇന്‍ഡോനേഷ്യയില്‍ 409 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 39.38 ലക്ഷം മരണം സ്ഥിരീകരിച്ചു.
News Circle Chengannur
🔳ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മുന്‍പാദത്തെ അപേക്ഷിച്ച് പുതിയ ഭവന യൂണിറ്റുകളുടെ അവതരണത്തില്‍ 42 ശതമാനം ഇടിവുണ്ടായതായി പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി സ്ഥാപനമായി അനറോക്കിന്റെ റിപ്പോര്‍ട്ട്. കോവിഡ് -19 ന്റെ രണ്ടാം തരംഗവും സംസ്ഥാനങ്ങളിലുടനീളമുള്ള ലോക്ക്ഡൗണുകളും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചതാണ് പ്രധാന കാരണം. ആദ്യ ഏഴ് നഗരങ്ങളില്‍ 2021 ല്‍ 36,260 പുതിയ യൂണിറ്റുകള്‍ ലോഞ്ച് ചെയ്യപ്പെട്ടു. ജനുവരി-മാര്‍ച്ചില്‍ 62,130 യൂണിറ്റുകള്‍ പുതുതായി എത്തിയ സ്ഥാനത്താണിത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഭവന വില്‍പ്പനയും ഇടിഞ്ഞു.

🔳ഇന്ത്യയിലെ പ്രധാന മദ്യനിര്‍മാതാക്കളില്‍ ഒന്നാണ് യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് (യുഎസ്എല്‍). ലണ്ടന്‍ ആസ്ഥാനമായ ലണ്ടന്‍ ഡിയാജിയോ പിഎല്‍എസി ആണ് ഇതിന്റെ ഉടമകള്‍. യുണൈറ്റഡ് സ്പിരിറ്റ്സ് തങ്ങളുടെ പ്രീമിയം ക്രാഫ്റ്റ് വിസ്‌കി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. എപ്പിറ്റോം റിസര്‍വ് എന്ന പേരിലാണ് ഈ പ്രീമിയം ക്രാഫ്റ്റ് വിസ്‌കി ഇന്ത്യയില്‍ എത്തുന്നത്. ആദ്യ ബാച്ചില്‍ വെറും രണ്ടായിരം ബോട്ടിലുകള്‍ മാത്രമായിരിക്കും ഇന്ത്യയില്‍ എത്തുക. അതും തിരഞ്ഞെടുക്കപ്പെട്ട പ്രീമിയം ഔട്ട്ലെറ്റുകളില്‍ മാത്രം. മുന്‍കൂട്ടി ബുക്ക് ചെയ്തും എപ്പിറ്റോം റിസര്‍വ്വ് വാങ്ങാന്‍ സാധിക്കും.

🔳അപ്പാനി ശരത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ്സീരീസ് ‘മോണിക്ക’ ഉടനെ പ്രേക്ഷകരിലേക്കെത്തുന്നു. കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന മോണിക്കയില്‍ അപ്പാനി ശരത്തും ഭാര്യ രേഷ്മ ശരത്തുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇതിന്റെ കഥ സഞ്ചരിക്കുന്നത്. തമാശയാണ് മോണിക്കയുടെ കേന്ദ്രപ്രമേയം.

🔳ആരാധകര്‍ പൃഥ്വിരാജ് ചിത്രം കാളിയനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇപ്പോഴിതാ ചിത്രം എപ്പോള്‍ എത്തുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. തുടങ്ങിയാല്‍ നിര്‍ത്താതെ ഷൂട്ട് ചെയ്യുവാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ മാത്രമേ സിനിമയുടെ ഷൂട്ട് ആരംഭിക്കുകയുളളൂ. പതിനേഴാം നൂറ്റാണ്ടില്‍ വേണാടില്‍ ജീവിച്ചിരുന്ന കുഞ്ചിരക്കോട്ട് കാളിയുടെ കഥയെ ആസ്പദമാക്കിയുളള കഥയാണ് കാളിയന്‍ പറയുന്നത്. പൃഥ്വിരാജാണ് കാളിയനായി ചിത്രത്തിന്റെ ടൈറ്റില്‍ റോളിലെത്തുന്നത്. തമിഴ് നടന്‍ സത്യരാജാണ് ഇരവിക്കുട്ടി പിള്ളയുടെ കഥാപാത്രം അഭിനയിക്കുന്നത്.

🔳രാജ്യത്തെ ഇലക്ട്രിക് വാഹന ശ്രേണിയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് 2020 ജനുവരിയിലാണ് ടാറ്റ നെക്സോണ്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. വിപണിയില്‍ മികച്ച പ്രതികരണമുള്ള വാഹനത്തില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുകയാണ് ഇപ്പോള്‍ ടാറ്റ. ടച്ച് സ്‌ക്രീനിലും പുതിയ അലോയി വീലുകള്‍ സ്ഥാപിച്ചതും ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളാണ് നെക്സോണ്‍ ഇവിക്ക് ലഭിച്ചിരിക്കുന്നത്. നിരത്തിലെത്തി 14 മാസത്തിനകം വാഹനത്തിന്റെ 4000 യൂണിറ്റുകള്‍ വിറ്റിരുന്നു.

🔳ഫൈസര്‍, മൊഡേണ വാക്സിനെടുക്കുന്നവര്‍ക്ക് അപൂവ്വ ഹൃദയ വീക്കത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ). ഫൈസര്‍, മൊഡേണ വാക്സിനുകള്‍ സ്വീകരിക്കുന്ന ചുരുക്കം ചിലരില്‍ ഹൃദയ വീക്കത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എഫ്ഡിഎ വ്യക്തമാക്കി. വാക്സിനേഷന്‍ ഹൃദയപേശികളിലുണ്ടാകുന്ന വീക്കം (മയോകാര്‍ഡൈറ്റിസ്), പെരികാര്‍ഡിറ്റിസ് തുടങ്ങിയ ഹൃദ്രോഗങ്ങളുടെ അപകട സാധ്യതകളെ കൂട്ടുന്നുവെന്ന് എഫ്ഡിഎ അറിയിച്ചു. എന്നിരുന്നാലും കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ച രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ട്. ജൂണ്‍ 11 വരെ 1,200 ലധികം മയോകാര്‍ഡിറ്റിസ് അല്ലെങ്കില്‍ പെരികാര്‍ഡിറ്റിസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വാക്‌സീന്‍ പ്രതികൂല ഇവന്റ് റിപ്പോര്‍ട്ടിംഗ് സിസ്റ്റം വ്യക്തമാക്കുന്നു. പുരുഷന്മാരിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും എഫ്ഡിഎ വ്യക്തമാക്കി. 30 വയസ്സിന് താഴെയുള്ളവരില്‍ 309 പേരെ ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിച്ചു. അതില്‍ 295 പേരെ ഡിസ്ചാര്‍ജ് ചെയ്തുവെന്നും സിഡിസി അറിയിച്ചു.

Leave a Reply