Sunday, October 6, 2024
HomeNewsKeralaപ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ


പ്രഭാത വാർത്തകൾ
2021 | ജൂൺ 29 | 1196 മിഥുനം 15 | ചൊവ്വ | ചതയം |

🔳കോവിഡ് പ്രതിസന്ധി മറികടക്കാന്‍ എട്ടിന ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സാമ്പത്തിക-ആരോഗ്യ മേഖലകള്‍ക്കാണ് പദ്ധതി. ഇതില്‍ നാല് പദ്ധതികള്‍ തികച്ചും പുതിയതും ഒന്ന് ആരോഗ്യ അടിസ്ഥാനസൗകര്യത്തെ ഉന്നമിട്ടാണെന്നും ധനമന്ത്രി പറഞ്ഞു. കോവിഡ് ബാധിത മേഖലകള്‍ക്കായി 1.1 ലക്ഷം കോടി രൂപയുടെ വായ്പ ഗ്യാരന്റിയാണ് പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി രൂപയുടെ സഹായവും മറ്റു മേഖലകള്‍ക്കായി 60,000 കോടി രൂപയും പ്രഖ്യാപിച്ചു.

🔳അറുപത്തിയഞ്ചു വയസ്സിനുമുകളില്‍ പ്രായമുള്ളവരെ അപേക്ഷിച്ച് അമ്പതില്‍ത്താഴെയുള്ളവരില്‍ കോവിഡ് മരണനിരക്ക് കൂടുതലാണെന്ന് പഠനം. എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള പഠനത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ‘ഇന്ത്യന്‍ ജേണല്‍ ഓഫ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനി’ല്‍ പ്രസിദ്ധീകരിച്ചു.

🔳രാജ്യത്തിന്റെ വികസനത്തിനായി ആളുകള്‍ കൃത്യമായി നികുതി അടയ്ക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്തര്‍പ്രദേശിലെ ജന്മനാട്ടില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. തനിക്ക് മാസം കിട്ടുന്നത് 5 ലക്ഷം രൂപയാണെന്നും അതില്‍ 2.75 ലക്ഷംരൂപ നികുതി അടയ്ക്കുന്നുണ്ടെന്നും രാഷ്ട്രപതി വ്യക്തമാക്കി.

🔳പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി കോര്‍ത്ത് നില്‍ക്കുന്ന ട്വിറ്റര്‍ പുതിയ വിവാദത്തില്‍. കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളായിട്ടാണ് ട്വിറ്റര്‍ തങ്ങളുടെ വെബ്‌സൈറ്റിലെ ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത നടപടികള്‍ ട്വിറ്റര്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് സൂചന.

🔳കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണൂര്‍ സംഘത്തിലെ പ്രധാനി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കൊച്ചി കസ്റ്റംസാണ് അറസ്റ്റുചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കള്ളക്കത്ത് കേസില്‍ ഇന്നലെ രാവിലെ അര്‍ജുന്‍ ആയങ്കി ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നില്‍ ഹാജരായിരുന്നു.

🔳ഡി.വൈ.എഫ്.ഐ നേതൃത്വത്തെ വെല്ലുവിളിച്ച് ഷുഹൈബ് വധക്കേസിലെ പ്രതിയും സൈബര്‍ പോരാളിയുമായ ആകാശ് തില്ലങ്കേരി. ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ഇത്തരം നുണപ്രചാരണങ്ങള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ തനിക്കും പരസ്യമായി പ്രതികരിക്കേണ്ടിവരുമെന്നും ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്ക് കമന്റില്‍ പറഞ്ഞു. ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാര്‍ട്ടിയെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്നനിലയില്‍ തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും ആകാശിന്റെ കമന്റിലുണ്ട്.

🔳സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി പാര്‍ട്ടിയിലെ ചിലര്‍ക്ക് ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് സി.പി.എം. ശുദ്ധികലശത്തിന്. ഓരോ ബ്രാഞ്ചും അവയ്ക്കുകീഴിലെ പാര്‍ട്ടി അംഗങ്ങളുടെ വ്യക്തിബന്ധം പരിശോധിച്ച് മേല്‍ക്കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യണം. സാമൂഹികമാധ്യമങ്ങളിലെ പാര്‍ട്ടിയുടേതല്ലാത്ത ‘പാര്‍ട്ടി ഗ്രൂപ്പുകളില്‍’നിന്ന് അംഗങ്ങള്‍ വിട്ടുനില്‍ക്കണമെന്നും ഇത് പ്രാദേശികഘടകങ്ങള്‍ ഉറപ്പുവരുത്തണമെന്നുമാണ് നിര്‍ദേശം.

🔳പീഡനങ്ങള്‍ നിശബ്ദമായി സഹിക്കേണ്ടതില്ലെന്നും പോലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടേയും നിയമവ്യവസ്ഥയുടേയും പിന്തുണ സ്ത്രീകള്‍ക്കുണ്ടെന്ന് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മഹത്യകളല്ല അനീതികള്‍ക്കുള്ള പരിഹാരമെന്ന് തിരിച്ചറിയേണ്ടതുണ്ട്. സ്വന്തം ജീവിതത്തിലൂടെ പ്രതികരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳കോവിഡ് ദുരിതത്തില്‍ ജനങ്ങളാകെ പൊറുതിമുട്ടി കഴിയുമ്പോള്‍ ഒരു കൂസലും കൂടാതെയാണ് ഇന്ധനവില ദിവസേന കൂട്ടുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. എണ്ണ കമ്പനികളുടെ ജനദ്രോഹത്തിന് ചൂട്ടുപിടിച്ച് മോദി സര്‍ക്കാരും ബി.ജെ.പിയും കോടികളുടെ കൊള്ളയാണ് പ്രതിദിനം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതിന് പ്രതിഫലമായി സ്വകാര്യ എണ്ണ കമ്പനികളില്‍ നിന്നും കോടികളാണ് ബി.ജെ.പിയുടെ അക്കൗണ്ടിലേക്ക് ഒഴുകുന്നതെന്നും അദ്ദേഹം പറഞ്ഞു.

🔳സംസ്ഥാനത്ത് സമഗ്രകായിക നയം രൂപവത്കരിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവുമായി നടത്തിയ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ലോക ശ്രദ്ധയാകര്‍ഷിക്കുന്ന കായിക നഗരമായി കൊച്ചിയെ വളര്‍ത്തിയെടുക്കുമെന്നും കായികനയം രൂപീകരിക്കുന്നതിനായി ജില്ലാ-സംസ്ഥാന തലങ്ങളില്‍ ശില്പശാലകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

🔳നിയമസഭാ കയ്യാങ്കളിക്കേസില്‍ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രി വി.ശിവന്‍ കുട്ടിയടക്കമുള്ള കേസിലെ പ്രതികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. മുന്‍ മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ മുന്‍ എംഎല്‍എമാരായ കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവന്‍, കെ.അജിത് എന്നിവരാണ് മറ്റു പ്രതികള്‍.

🔳സ്‌കൂള്‍ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്‌കൂള്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിയമനം ലഭിച്ചവര്‍ക്ക് സ്‌കൂള്‍ തുറന്നാലെ ജോലിയില്‍ പ്രവേശിക്കാനാകൂവെന്നായിരുന്നു നേരത്തെയുള്ള സര്‍ക്കാരിന്റെ തീരുമാനം.

🔳തിരുവനന്തപുരത്ത് വിഴിഞ്ഞത്ത് അര്‍ച്ചനയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭര്‍ത്താവ് സുരേഷാണ് അറസ്റ്റിലായത്. ഗാര്‍ഹിക പീഡനത്തിലും ആത്മഹത്യ പ്രേരണക്കുമാണ് അറസ്റ്റ്. സുരേഷിന്റെ നിരന്തരമായ പീഡനത്തെ തുടര്‍ന്നാണ് അര്‍ച്ചന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

🔳കാസര്‍കോട്ടെ അതിര്‍ത്തി ഗ്രാമങ്ങളുടെ കന്നഡ പേരുകള്‍ മാറ്റുന്നത് നിര്‍ത്തിവെക്കണന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പേര് മാറ്റല്‍ പ്രക്രിയ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും കേരള മുഖ്യമന്ത്രിക്ക് കത്തയിച്ചിട്ടുണ്ട്. കാസര്‍കോട്ടേയും മഞ്ചേശ്വരത്തേയും ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റുന്നെന്നാരോപിച്ച് കര്‍ണാടകത്തില്‍ പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കത്തുകള്‍. അതേ സമയം സംസ്ഥാന സര്‍ക്കാര്‍ പേര് മാറ്റം നിഷേധിച്ചു. കേരളത്തിന് അത്തരമൊരു പദ്ധതിയില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു.

🔳മുംബൈയിലെ 18 വയസില്‍ താഴെയുള്ള 51 ശതമാനത്തിലധികം കുട്ടികളിലും കോവിഡ് 19 ന് എതിരായ ആന്റീബോഡിയുണ്ടെന്ന് കണ്ടെത്തി. ഏപ്രില്‍ ഒന്നിനും ജൂണ്‍ 15 നുമിടെ നഗരത്തില്‍ നടത്തിയ സിറോ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. മുംബൈയിലെ പാത്ത് ലാബുകളില്‍നിന്ന് ശേഖരിച്ച 2176 രക്ത സാമ്പിളുകളാണ് പരിശോധിച്ചത്.

🔳പശ്ചിമ ബംഗാള്‍ ഗവര്‍ണ്‍ ജഗ്ദീപ് ധന്‍ഖറിനെതിരെ കടന്നാക്രമിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ഗവര്‍ണറെ അഴിമതിക്കാരന്‍ എന്ന് വിളിച്ച മമത ജെയിന്‍ ഹവാല കേസില്‍ ഇദ്ദേഹത്തിനെതിരെ കുറ്റപത്രമുണ്ടായിരുന്നുവെന്നും ആരോപിച്ചു. ജഗ്ദീപ് ധന്‍ഖറിനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ താന്‍ മൂന്ന് കത്തുകള്‍ എഴുതിയിട്ടുണ്ടെന്നും മമത പറഞ്ഞു.

🔳ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ നദീം അബ്രാര്‍ കശ്മീരില്‍ അറസ്റ്റിലായി. നിരവധി പേരെ കൊലപ്പെടുത്തിയിട്ടുള്ള ഇയാളുടെ അറസ്റ്റ് പോലീസിന്റെ വന്‍ വിജയമാണെന്ന് കശ്മീര്‍ സോണ്‍ ഐ.ജി വിജയ് കുമാര്‍ ട്വീറ്റ് ചെയ്തു. പാരിംപോര ചെക്ക് പോയിന്റില്‍നിന്നാണ് അബ്രാറും മറ്റൊരാളും അറസ്റ്റിലായതെന്നാണ് സൂചന.

🔳ഈ വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിന് യു.എ.ഇ വേദിയാകും. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയത്. യു.എ.ഇ വേദിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല.

🔳വിംബിള്‍ഡണിന് വമ്പന്‍ അട്ടിമറിയോടെ തുടക്കം. ഫ്രഞ്ച് ഓപ്പണ്‍ റണ്ണേഴ്‌സ് അപ്പും ടൂര്‍ണമെന്റിലെ മൂന്നാം സീഡുമായ സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ആദ്യ റൗണ്ടില്‍ പുറത്ത്. അമേരിക്കയുടെ സീഡില്ലാ താരം ഫ്രാന്‍സസ് തിയോഫെയാണ് ഗ്രീക്ക് താരത്തെ അട്ടിമറിച്ചത്. അതേസമയം ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ നോവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. വനിതകളില്‍ പത്താം സീഡ് പെട്രോ ക്വിറ്റോവയും ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു.

🔳ഇംഗ്ലണ്ടില്‍ ബയോ ബബ്ള്‍ നിയന്ത്രണം ലംഘിച്ച മൂന്ന് താരങ്ങള്‍ക്കെതിരേ നടപടിയെടുത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. കുശല്‍ മെന്‍ഡിസ്, നിരോഷന്‍ ഡിക്കെല്ല, ധനുഷ്‌ക ഗുണതിലക എന്നിവരെ സസ്പെന്റ് ചെയ്യുകയും നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഏകദിന പരമ്പരയുടെ ഭാഗമായാണ് ലങ്കന്‍ ടീം ഇംഗ്ലണ്ടിലെത്തിയത്.

🔳യൂറോ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന മികച്ച മത്സരങ്ങളിലൊന്നില്‍ ക്രൊയേഷ്യ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് സ്‌പെയ്ന്‍ ക്വാര്‍ട്ടറില്‍. എട്ടു ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് ടീമിന്റെ ജയം. എക്‌സ്ട്രാ ടൈമില്‍ രണ്ടു ഗോളുകള്‍ കൂടി നേടിയാണ് സ്‌പെയ്ന്‍ മത്സരം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമും മൂന്നു ഗോളുകള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് വിജയിയെ തീരുമാനിക്കാന്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്.

🔳യൂറോകപ്പില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ തകര്‍ത്ത് സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍. ഫ്രാന്‍സിനായി അഞ്ചാമത്തെ കിക്കെടുത്ത കിലിയന്‍ എംബാപ്പെയുടെ ഷോട്ട് തടഞ്ഞ സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സോമര്‍ ടീമിനെ അവസാന എട്ടിലെത്തിച്ചു. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും മൂന്നു ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയ്‌നാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ എതിരാളികള്‍.

🔳കേരളത്തില്‍ ഇന്നലെ 85,445 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 110 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,989 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 495 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,529 പേര്‍ രോഗമുക്തി നേടി. ഇതോടെ 96,012 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര്‍ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98.

🔳രാജ്യത്ത് ഇന്നലെ 37,012 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 56,985 പേര്‍ രോഗമുക്തി നേടി. മരണം 907. ഇതോടെ ആകെ മരണം 3,97,668 ആയി. ഇതുവരെ 3,03,16,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 5.47 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 6,727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 4,804 പേര്‍ക്കും കര്‍ണാടകയില്‍ 2,576 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,224 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,761 പേര്‍ക്കും ഒഡീഷയില്‍ 3,319 പേര്‍ക്കും ആസാമില്‍ 2,689 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,02,958 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 8,149 പേര്‍ക്കും ബ്രസീലില്‍ 27,804 പേര്‍ക്കും കൊളംബിയയില്‍ 28,478 പേര്‍ക്കും അര്‍ജന്റീനയില്‍ 18,389 പേര്‍ക്കും റഷ്യയില്‍ 21,650 പേര്‍ക്കും സൗത്ത ആഫ്രിക്കയില്‍ 12,222 പേര്‍ക്കും ഇംഗ്ലണ്ടില്‍ 22,868 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 20,694 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 18.21 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.15 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5,581 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 97 പേരും ബ്രസീലില്‍ 548 പേരും അര്‍ജന്റീനയില്‍ 574 പേരും കൊളംബിയയില്‍ 648 പേരും റഷ്യയില്‍ 611 പേരും ഇന്‍ഡോനേഷ്യയില്‍ 423 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 39.44 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳പരമ്പരാഗത നിക്ഷേപമാര്‍ഗമായ സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപകര്‍ വന്‍ തോതില്‍ ക്രിപ്റ്റോകറന്‍സിയിലേയ്ക്ക് കൂടുമാറുന്നതായി റിപ്പോര്‍ട്ട്. ലോകത്തിലെതന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണ നിക്ഷേപമുള്ള (25,000ടണ്‍) രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം 20 കോടി ഡോളറില്‍ നിന്ന് ക്രിപ്റ്റോയിലെ നിക്ഷേപം 4000 കോടി ഡോളറായി ഉയര്‍ന്നുവെന്ന്, ക്രിപ്റ്റോകറന്‍സികള്‍ക്കായി സോഫ്റ്റ് വെയര്‍ സേവനം ഉള്‍പ്പടെയുളളവ നല്‍കുന്ന സ്ഥാപനമായ ചെയിനലാസിസ് പറയുന്നു. ക്രിപ്റ്റോകറന്‍സികളില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം രാജ്യത്ത് 1.5 കോടിയിലേറെയായതായാണ് റിപ്പോര്‍ട്ടുകള്‍.

🔳ജൂണ്‍ മാസത്തില്‍ ഇതുവരെ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 12,714 കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. ഇതിനുമുമ്പ് വിദേശ നിക്ഷേപകര്‍ മെയ് മാസത്തില്‍ 2,666 കോടി രൂപയും ഏപ്രിലില്‍ 9,435 കോടി രൂപയുമായിരുന്നു മൂലധന വിപണിയില്‍ എത്തിച്ചത്. ജൂണ്‍ ഒന്നിനും ജൂണ്‍ 25 നും ഇടയില്‍ എഫ്പിഐകള്‍ 15,282 കോടി രൂപ ഇക്വിറ്റികളിലേക്ക് നിക്ഷേപിച്ചതായി ഡിപോസിറ്ററികളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, ഡെറ്റ് വിഭാഗത്തില്‍ നിന്ന് 2,568 കോടി രൂപ മൂലധന വിപണിക്ക് പുറത്തേക്ക് പോയി. അവലോകന കാലയളവില്‍ അറ്റ നിക്ഷേപം 12,714 കോടി രൂപയായിരുന്നു.

🔳’വണ്‍’ ചിത്രത്തിന്റെ റീമേക്ക് അവകാശങ്ങള്‍ ബോണി കപൂര്‍ സ്വന്തമാക്കിയതിന് പിന്നാലെ ചിത്രത്തില്‍ ആര് നായകനാകും എന്ന ചര്‍ച്ചകളാണ് നടക്കുന്നത്. മമ്മൂട്ടി അവതരിപ്പിച്ച ‘കടയ്ക്കല്‍ ചന്ദ്രന്‍’ എന്ന മുഖ്യമന്ത്രിയുടെ വേഷത്തില്‍ നടന്‍ അനില്‍ കപൂര്‍ എത്തുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. സന്തോഷ് വിശ്വനാഥന്‍ ഒരുക്കിയ വണ്ണിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കുള്ള റീമേക്ക് അവകാശമാണ് ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള നരസിംഹ എന്റര്‍പ്രൈസസ് എന്ന കമ്പനി നേടിയത്.

🔳ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി പുതിയ സര്‍വ്വീസ് പാക്കേജ് പ്രഖ്യാപിച്ച് ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ‘സര്‍വീസ് കെയര്‍ 24’ എന്ന പാക്കേജ് പ്രകാരം ആദ്യത്തെ സര്‍വ്വീസ് സൗജന്യമായിരിക്കും. തുടര്‍ന്ന് നാല് ജനറല്‍ സര്‍വ്വീസുകളും രണ്ട് എഞ്ചിന്‍ ഓയില്‍ മാറ്റങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ പാക്കേജിനായി 2,499 രൂപയാണ് ഉടമ മുടക്കേണ്ടത്. എല്ലാ നികുതികളും ഉള്‍പ്പെടെയാണ് ഈ തുക. സര്‍വ്വീസിനിടയില്‍ കൂടുതല്‍ തകരാറുകള്‍ കണ്ടുപിടിച്ചാലും പുതിയ പദ്ധതി പ്രകാരം ഇളവുകളും ലഭിക്കും.

🔳പ്രേതകഥകളുടെ അവസാനത്തെ വാക്കാണ് എം ആര്‍ ജെയിംസിന്റെ കഥകള്‍. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ‘ഗോസ്റ്റ് സ്റ്റോറീസ് ഓഫ് ആന്‍ ആന്റിഗ്വറി’ എന്ന സമാഹാരത്തിന്റെ ആദ്യമലയാള പരിഭാഷ. ‘എം ആര്‍ ജെയിംസിന്റെ പ്രേതകഥകള്‍’. റോസ് മേരി. ഹാമര്‍ ലൈബ്രറി. വില 170 രൂപ.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments