Sunday, October 6, 2024
HomeNewsNews Headlines

News Headlines

പ്രഭാത വാർത്തകൾ
2021 മെയ്‌ 31 | 1196 എടവം 17 | തിങ്കളാഴ്ച | തിരുവോണം |

🔳കോവിഷീല്‍ഡ് വാക്‌സിന്റെ ഒന്‍പത് മുതല്‍ 10 കോടി ഡോസുകള്‍വരെ ജൂണില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ കഴിയുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സര്‍ക്കാരിനെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ക്ഷാമം സംബന്ധിച്ച പരാതി ഉന്നയിക്കുന്നതിനിടെയാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്.

🔳ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ക്വാറന്റീനില്‍ പോയിരിക്കുകയാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. സര്‍ക്കാരിന്റെ ആത്മവീര്യം തകര്‍ക്കാനും ഭരണനിര്‍വഹണത്തെ കുറിച്ച് എതിര്‍പ്പ് ഉന്നയിക്കാനും പ്രതിപക്ഷം ശ്രമിച്ചുവെന്നും നഡ്ഡ ആരോപിച്ചു.

🔳നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്ര ഭരണത്തില്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. എല്ലാരംഗത്തും
പരാജയപ്പെടുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്ത ബിജെപി സര്‍ക്കാര്‍ രാജ്യത്തിന് ദോഷമാണ് ഉണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഭരണത്തില്‍ ഏഴുവര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാര്‍ കടുത്ത ദുരിതവും അളക്കാനാവാത്ത നാശനഷ്ടവും യാതനകളുമാണ് രാജ്യത്തിനും 140 കോടി ജനങ്ങള്‍ക്കും സമ്മാനിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

🔳അലോപ്പതി ചികിത്സയിക്കെതിരെ വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി യോഗ ഗുരു ബാബ രാംദേവ്. കോവിഡ് വാക്‌സിനുകളെ വീണ്ടും ചോദ്യം ചെയ്ത രാംദേവ് കോവിഡ് മരണങ്ങള്‍ തടയാന്‍ അലോപ്പതി നൂറ് ശതമാനം ഫലപ്രദമല്ലെന്ന് തെളിഞ്ഞതായും പറഞ്ഞു. വര്‍ഷങ്ങളായി യോഗയുടേയും ആയുര്‍വേദത്തിന്റേയും ഇരട്ട സംരക്ഷണം ആസ്വദിക്കുന്നതിനാല്‍ താന്‍ വാക്‌സിന്‍ എടുക്കില്ലെന്നും രാംദേവ് വ്യക്തമാക്കി.

🔳ശരിയായ കാരണങ്ങളോടെയാണെങ്കില്‍ പോലും ദൈനംദിനം മാധ്യമങ്ങളില്‍ വന്ന് വിമര്‍ശിച്ചത് കൊണ്ട് മാത്രം പാര്‍ട്ടി പുനരുജ്ജീവിക്കപ്പെടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളോട് എഴുത്തുകാരന്‍ സക്കറിയ. കോണ്‍ഗ്രസിന്റെ കൂറ് മലയാളികളോട് ആയിരിക്കണം, മാധ്യമങ്ങളുടെ തലക്കെട്ടുകളോട് ആവരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു പുതിയ തലമുറയുടെ കൈകളില്‍ പൂര്‍ണമായി സമ്പൂര്‍ണമായി ഏല്‍പ്പിക്കുക എന്നത് മാത്രമാണ് കോണ്‍ഗ്രസിന്റെ മൃതസഞ്ജീവനിയെന്നും അദ്ദേഹം വ്യക്തമാക്കി.

🔳15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ മലിനീകരണം പരിഗണിച്ച് നിരോധിച്ചു. ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍വരും. വാഹനങ്ങള്‍ കൈവശമുള്ളവര്‍ ഡീസല്‍ എന്‍ജിന്‍ ഉപേക്ഷിക്കണം പകരം സി.എന്‍.ജി., എല്‍.എന്‍.ജി., അല്ലെങ്കില്‍ വൈദ്യുതിയിലേക്ക് മാറാം. 2021 ജനുവരി മുതല്‍ നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും മറ്റു ഇന്ധനങ്ങളിലേക്ക് മാറുന്നതിന് ആറുമാസം നല്‍കിയിരുന്നു. 2006-ന് മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയ്ക്കാണ് ബാധകമാകുക. അന്തരീക്ഷമലിനീകരണം കൂടുന്നത് ഒഴിവാക്കാനാണ് നടപടി സ്വീകരിക്കുന്നത്.

🔳ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ എല്ലാ കുട്ടികളുടെയും വീടുകളിലേക്ക് പ്രവേശനോത്സവത്തിനുമുമ്പ് മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടെത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചിട്ടില്ലെന്ന് മന്ത്രി വി.എസ്.ശിവന്‍കുട്ടി. സന്ദേശം നേരിട്ടെത്തിക്കേണ്ടതില്ലെന്ന പുതിയ ഉത്തരവിറക്കും. സന്ദേശം നേരിട്ട് വീടുകളിലെത്തിക്കേണ്ട. വാട്‌സാപ്പിലൂടെയോ മറ്റു മാര്‍ഗങ്ങളിലൂടെയോ സന്ദേശം വിദ്യാര്‍ഥികളില്‍ എത്തിയാല്‍ മതി. അധ്യാപക സംഘടനകള്‍ തെറ്റിദ്ധരിച്ചതാണ് വിവാദത്തിന് കാരണമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി.

🔳ടി.പി.ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത കെ.കെ.രമ എംഎല്‍എയ്‌ക്കെതിരെ നടപടിയുണ്ടാകില്ല. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബാഡ്ജുകളും മറ്റു ഹോള്‍ഡിങ്‌സുകളും ധരിക്കുന്നത് ചട്ടലംഘനമാണെങ്കിലും പുതിയ അംഗമായതിനാല്‍ നടപടിയെടുക്കേണ്ടതില്ലെന്നാണ് സ്പീക്കറുടെ തീരുമാനം.

🔳വാടാനപ്പള്ളി തൃത്തല്ലൂരില്‍ കോവിഡ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളുടെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ തര്‍ക്കംനിലനിന്നിരുന്നു. കുഴല്‍പ്പണ കേസില്‍ ഏഴാംകല്ലിലുള്ള ബിജെപി ജില്ലാ നേതാവിനും പഞ്ചായത്ത് അംഗത്തിനും ബന്ധമുണ്ടെന്നായിരുന്നു ബീച്ചിലെ പ്രവര്‍ത്തകരുടെ ആരോപണം. ഇതിനെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ സാമൂഹികമാധ്യമങ്ങളില്‍ നിലനിന്നിരുന്ന വാക്പോരാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

🔳കേരളത്തില്‍ ഇന്നലെ 1,24,537 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 186 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8641 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 156 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,571 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1083 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,013 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,23,727 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675, കാസര്‍ഗോഡ് 532, പത്തനംതിട്ട 517, വയനാട് 249.

🔳സംസ്ഥാനത്ത് ഇന്നലെ 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 887 ഹോട്ട് സ്‌പോട്ടുകള്‍.

🔳ലക്ഷദ്വീപ് ജനതയെ ബാധിക്കുന്ന ഭേദഗതികള്‍ കരടില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദ്വീപിന്റെ ചുമതലയുള്ള ബി.ജെ.പി. നേതാക്കള്‍ ഡല്‍ഹിയില്‍. പുതുതായി മുന്നോട്ടുവെച്ച കരടില്‍ ദ്വീപ് നിവാസികളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളുണ്ട്. അക്കാര്യങ്ങള്‍ കരടില്‍നിന്ന് മാറ്റണം എന്ന ആവശ്യം ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. അഡ്മിനിസ്‌ട്രേറ്ററുമായി ബന്ധപ്പെട്ട കാര്യവും ചര്‍ച്ചയില്‍ ഇടംപിടിക്കുമെന്നാണ് വിവരം.

🔳ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും ആശ്വാസം പകരുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പിപിഇ കിറ്റ് ധരിച്ച് കോവിഡ് വാര്‍ഡിലും ഐസിയുവിലും സന്ദര്‍ശനം നടത്തി. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലും ഇഎസ്‌ഐ ആശുപത്രിയിലുമാണ് സ്റ്റാലിന്‍ സന്ദര്‍ശനം നടത്തിയത്. മുഖ്യമന്ത്രിയായ ശേഷം ഇത്തരത്തിലുള്ള സ്റ്റാലിന്റെ ആദ്യ സന്ദര്‍ശനമാണിത്.

🔳മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെയും ഓക്‌സിജന്‍ കിടക്കകളുടെ ഉപയോഗം 40 ശതമാനത്തില്‍ താഴെയുമുള്ള ജില്ലകളില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കും. അതേസമയം രോഗബാധ കൂടുന്ന ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലോക്ക്ഡൗണ്‍ പിന്‍വലിക്കാത്തപക്ഷം പ്രക്ഷോഭം നടത്തുമെന്ന് പലരും ഭീഷണി മുഴക്കുന്നുണ്ടെന്നും എന്നാല്‍ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും ഉദ്ധവ് പറഞ്ഞു. മൂന്നാം തരംഗം എപ്പോള്‍ വരുമെന്ന് പറയാന്‍ കഴിയില്ല. അതിനാല്‍ അതീവ ജാഗ്രത തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

🔳കോവിഡ് രണ്ടാം തരംഗത്തില്‍ ഏറെ നാശംവിതച്ച ഡല്‍ഹിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് താഴെയായി. 946 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 75,440 പരിശോധനകളാണ് ഡല്‍ഹിയില്‍ നടത്തിയത്. ഇതില്‍ 1.25 ശതമാനം പേര്‍ മാത്രമാണ് പോസിറ്റീവായത്. നിലവില്‍ 12,100 ആക്ടീവ് കേസുകളാണ് ഡല്‍ഹിയിലുള്ളത്.

🔳കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. നിലവില്‍ 600-ല്‍ താഴെ കോവിഡ് കേസുകള്‍ ഉള്ള ജില്ലകളിലാണ് ജൂണ്‍ ഒന്നുമുതല്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ലഖ്‌നൗ പോലുള്ള വലിയ നഗരങ്ങളില്‍ സജീവ കേസുകളുടെ എണ്ണം വളരെ കൂടുതല്‍ ആയതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തില്ല.

🔳കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം ഇല്ലെന്ന ഉത്തരവ് പുറപ്പെടുവിച്ച് മുന്‍സിപ്പല്‍ കോര്‍പറേഷന്‍. മധ്യപ്രദേശിലെ ഉജ്ജയിന്‍ മുന്‍സിപ്പല്‍ കോര്‍പറേഷനാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്.

🔳വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് നടി മീരാ ചോപ്ര കോവിഡ് വാക്‌സിന്‍ സ്വീകരിച്ചെന്ന ആരോപണവുമായി ബി.ജെ.പി. പരാതിക്കു പിന്നാലെ താനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം ആരോപണം മീര നിഷേധിച്ചു.

🔳ഇന്ത്യക്കാര്‍ക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ നീട്ടി. ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്ന് വിമാനം ഉണ്ടാകില്ല എന്ന് എമിറേറ്റ്‌സ് എയര്‍ ലൈന്‍സ്
അറിയിച്ചു . കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും യു എ ഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല.

🔳ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്‌സി ഡൊമിനിക്കില്‍ പിടിയിലായത് കാമുകിക്കൊപ്പം. ‘റൊമാന്റിക് ട്രിപ്പ്’ പോകുന്നതിനിടെയാണ് ചോക്‌സി പിടിക്കപ്പെട്ടതെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. ഇതിനിടെ ചോക്‌സിയെ കൊണ്ടുവരാന്‍ സ്വകാര്യ വിമാനവുമായിട്ടാണ് ഇന്ത്യന്‍ അന്വേഷണ സംഘം കരീബിയന്‍ ദ്വീപ് രാജ്യമായ ഡൊമിനിക്കില്‍ എത്തിയിട്ടുള്ളത്.

🔳രാജ്യത്ത് ഇന്നലെ 1,53,347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2,37,568 പേര്‍ രോഗമുക്തി നേടി. മരണം 3,129. ഇതോടെ ആകെ മരണം 3,29,127 ആയി. ഇതുവരെ 2,80,46,957 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 20.22 ലക്ഷം കോവിഡ് രോഗികള്‍.

🔳തമിഴ്നാട്ടില്‍ ഇന്നലെ 28,864 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 18,600 പേര്‍ക്കും കര്‍ണാടകയില്‍ 20,378 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 13,400 പേര്‍ക്കും പശ്ചിമബംഗാളില്‍ 11,284 പേര്‍ക്കും ഒഡീഷയില്‍ 9,541 പേര്‍ക്കും ആസാമില്‍ 3245 പേര്‍ക്കും ഡല്‍ഹിയില്‍ 946 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തില്‍ താഴെ മാത്രമാണ്.

🔳ആഗോളതലത്തില്‍ ഇന്നലെ 3,88,778 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 7,625 പേര്‍ക്കും ബ്രസീലില്‍ 43,520 പേര്‍ക്കും അര്‍ജന്റീനയില്‍ 21,346 പേര്‍ക്കും കൊളംബിയയില്‍ 20,218 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.10 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.41 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,837 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 124 പേരും ബ്രസീലില്‍ 789 പേരും കൊളംബിയയില്‍ 535 പേരും അര്‍ജന്റീനയില്‍ 348 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 35.56 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳അമേരിക്കയിലെ ഫ്‌ളോറിഡയിലെ ബില്യാര്‍ഡ്‌സ് ക്ലബ്ബിന് പുറത്തുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ്
വെടിവെപ്പ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. തോക്കുമായി എത്തിയ മൂന്നുപേര്‍ ബില്യാര്‍ഡ്‌സ് ക്ലബ്ബില്‍ നടന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു.

🔳കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് ആശുപത്രി വിട്ടു. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെ കുടുംബത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്.

🔳റോളണ്ട് ഗാരോസില്‍ രണ്ടാം റൗണ്ടില്‍ കടന്ന് ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം നവോമി ഒസാക്ക. റൊമാനിയന്‍ താരം പാട്രിക്ക മരിയ ടിഗിനെ
നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നാണ് ഒസാക്ക ഫ്രഞ്ച് ഓപ്പണ് ജയത്തോടെ തുടക്കമിട്ടത്.

🔳പുതിയ 2000 രൂപ നോട്ടുകള്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലും വിതരണം ചെയ്യില്ലെന്ന് റിസര്‍വ് ബാങ്ക്. 2019 മുതല്‍ രാജ്യത്തെ ഏറ്റവും മൂല്യമേറിയ കറന്‍സിയുടെ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 500 രൂപ നോട്ടും 2000 രൂപ നോട്ടുമാണ് രാജ്യത്ത് പ്രചാരത്തിലുള്ള ഏറ്റവും മൂല്യമുള്ള കറന്‍സികള്‍. നിലവില്‍ വിപണിയിലുള്ള ഈ രണ്ട് കറന്‍സികളുടെയും മൂല്യം ആകെ പ്രചാരത്തിലുള്ള കറന്‍സികളുടെ മൂല്യത്തിന്റെ 85.7 ശതമാനം വരും. ഈ സാഹചര്യത്തില്‍ കൂടിയാണ് രാജ്യത്തെ 2000 രൂപ നോട്ടിന്റെ വിതരണം റിസര്‍വ് ബാങ്ക് കുറച്ചിരിക്കുന്നത്. 2020 ല്‍ തന്നെ ഈ നോട്ടിന്റെ അച്ചടി ബാങ്ക് നിര്‍ത്തിവെച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ ഉയര്‍ത്തിയാണ് റിസര്‍വ് ബാങ്ക് മൂല്യമേറിയ കറന്‍സിയുടെ അച്ചടി നിര്‍ത്തിയതെന്നും സൂചനയുണ്ട്. നോട്ടുനിരോധനത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് 2000 രൂപയുടെ കറന്‍സി പുറത്തിറക്കിയത്.

🔳ഇന്‍ഫോസിസില്‍ തന്റെ ഭാര്യക്കുണ്ടായിരുന്ന 100 കോടി രൂപ വിലമതിക്കുന്ന ഓഹരികള്‍ കമ്പനിയുടെ സ്ഥാപകരിലൊരാളായ എസ്ഡി ഷിബുലാല്‍ വാങ്ങി. കുമാരി ഷിബുലാലിന്റെ പേരിലുണ്ടായിരുന്ന ഓഹരികള്‍ ഓപണ്‍ മാര്‍ക്കറ്റ് വഴിയാണ് വാങ്ങിയത്. മെയ് 27നായിരുന്നു ഓഹരികള്‍ വാങ്ങിയത്. 722545 ഓഹരികളാണ് വാങ്ങിയതെന്ന് ഷിബുലാല്‍ സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിങില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടപാടിന് ശേഷം ഇന്‍ഫോസിസില്‍ ഷിബുലാലിന് 0.12 ശതമാനം ഓഹരിയാണ് ഉള്ളത്. അതേസമയം കുമാരിക്ക് 0.14 ശതമാനം ഓഹരിയുണ്ട്. ഈയാഴ്ച ഇത് രണ്ടാം തവണയാണ് ഷിബുലാല്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും ഭാര്യയുടെ പേരിലുള്ള ഓഹരികള്‍ വാങ്ങിയത്. മെയ് 12 ന് നൂറ് കോടി മുടക്കി ഷിബുലാല്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് കമ്പനിയുടെ സ്‌ക്രിപ്സുകള്‍ വാങ്ങിയിരുന്നു. മെയ് 19 നും മെയ് 24 നും നൂറ് കോടി രൂപ വീതം മുടക്കി ഇതേ ഇടപാട് അദ്ദേഹം നടത്തി. എല്ലാ തവണയും കുമാരി ഷിബുലാലാണ് ഓഹരികള്‍ വിറ്റഴിച്ചത്.

🔳നഹാസ് ഹിദയത്ത് സംവിധാനം ചെയ്ത 14 ഡേയ്സ് ഓഫ് ലൗ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. സര്‍ക്കസ് ഗണ്‍ മലയാളം എന്ന യൂട്യൂബ് ചാനലി ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനുള്‍പ്പടെ നിരവധിപ്പേര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ടിക് ടോക് താരം ഉണ്ണി ലാലു,സിനിമ താരം നയന എല്‍സയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംഗീത സംവിധായകന്‍ ജോയല്‍ ജോണ്‍സ് തന്നെ ആലപിച്ച ഹലോ ഹലോ എന്നൊരു പ്രണയ ഗാനത്തിന് വരികള്‍ ടിറ്റോ പി തങ്കച്ചന്‍ നിര്‍വഹിച്ചിരിക്കുന്നത്. സില്ലി മങ്ക്സ് ആണ് 14ഡേയ്സ് ഓഫ് ലൗ നിര്‍മ്മിച്ചിരിക്കുന്നത്.

🔳നവാഗതനായ ആനന്ദ് കൃഷ്ണ രാജ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. ‘ആര്‍.ജെ മഡോണ’ എന്ന പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഏറെ നിഗൂഢത നിറച്ചാണ് എത്തിയിരിക്കുന്നത്. അനില്‍ ആന്റോ, അമലേന്ദു കെ. രാജ്, ഷെര്‍ഷാ ഷെരീഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഹിച്ച്കോക്ക് എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ആനന്ദ് കൃഷ്ണ രാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും, ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത്. അഖില്‍ അക്‌സ ഛായാഗ്രഹണവും ഹൃഷികേഷ് മുണ്ടാണിയുടെ വരികള്‍ക്ക് രമേശ് കൃഷ്ണന്‍ എം.കെ സംഗീതവും ഒരുക്കുന്നു.

🔳ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ജനപ്രിയ എക്‌സിക്യൂട്ടീവ് സെഡാന്‍ ഒക്ടാവിയയുടെ നാലാം തലമുറ ജൂണ്‍ 10ന് ഇന്ത്യയില്‍ അവതരിപ്പിക്കും. സ്‌കോഡയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും വാഹനത്തിനുള്ള ബുക്കിംഗുകള്‍ കമ്പനി സ്വീകരിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതു തലമുറ സ്‌കോഡ ഒക്ടാവിയ സെഡാന്റെ വില 20 ലക്ഷം രൂപയില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തില്‍ 2.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിന്‍ മാത്രമായിരിക്കും വാഗ്ദാനം ചെയ്യുക. ഇത് 187 ബിഎച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭിക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments