പ്രധാന വാർത്തകൾ
പ്രഭാത വാർത്തകൾ
2021 | ജൂലൈ 1 | 1196 മിഥുനം 17 | വ്യാഴം | ഉത്രട്ടാതി |
🔳കോവാക്‌സിനും കോവിഷീല്‍ഡും അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന യൂറോപ്യന്‍ യൂണിയന്റെ വാക്‌സിന്‍ പാസ്‌പോര്‍ട്ട് നയത്തില്‍ കോവിഷീല്‍ഡും കോവാക്‌സിനും ഉള്‍പ്പെട്ടിട്ടില്ല. ഇത് ഈ വാക്‌സിനുകള്‍ സ്വീകരിച്ച ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഔദ്യോഗികമായി വാക്‌സിനുകള്‍ അംഗീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. ഇല്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യയും സ്വീകരിക്കില്ലെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
🔳ഭാവിയില്‍ പകര്‍ച്ചവ്യാധികളോട് സമയബന്ധിതവും ഫലപ്രദവുമായി പ്രതികരിക്കുന്നതിന് ലോകാരോഗ്യ സംഘടനയില്‍ വലിയ പരിഷ്‌കാരങ്ങള്‍ അടിയന്തരമായി നടത്തേണ്ടതുണ്ടെന്നാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗസൈഷന്‍ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ മൂലം കോവിഡ് ഉണ്ടാക്കുന്ന ആഗോള പ്രതിസന്ധി, കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത് പരാജയപ്പെടുത്തുന്നതിന് രാജ്യങ്ങള്‍ തമ്മില്‍ ആരോഗ്യ രംഗത്ത് കൂടുതല്‍ സഹകരണം നടത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഉയര്‍ത്തിക്കാട്ടി.
🔳കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ജൂണ്‍ 21 മുതല്‍ 27 വരെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 10 ശതമാനത്തിന് മുകളില്‍ രേഖപ്പെടുത്തിയ ജില്ലകളില്‍ നിയന്ത്രണ നടപടികള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
🔳കോവിഡ് 19 വ്യാപനത്തിന്റെ മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് 19 ബാധിതരാകുന്ന കുട്ടികള്‍ പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറില്ലെന്നും രോഗബാധിതരാകുന്നവരില്‍ വളരെ കുറച്ച് ശതമാനത്തിന് മാത്രമേ ആശുപത്രിവാസം ആവശ്യമായി വരുന്നുളളൂവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
🔳കോവിഡ് വാക്‌സിനുകള്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ശേഷിയെ ദോഷകരമായി ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തിയ ശേഷം മാത്രമേ അവ ഉപയോഗിക്കാന്‍ അനുമതി നല്‍കുകയുള്ളൂയെന്നും മന്ത്രാലയം പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പ് മൂലം വന്ധ്യതയുണ്ടാകുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയായാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
🔳അമേരിക്കന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ നോവവാക്‌സ് വികസിപ്പിച്ചെടുത്ത കോവോവാക്‌സ് കോവിഡ് വാക്‌സിന്‍ സെപ്തംബറിനുള്ളില്‍ രാജ്യത്ത് ലഭ്യമായേക്കും. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കാനിരിക്കുന്ന അഞ്ചാമത്തെ കോവിഡ് വാക്‌സിനാകും കോവോവാക്‌സ്. ഒരു ഡോളറിന് താഴെ മാത്രമേ ഇതിന് ചെലവ് വരുന്നുള്ളൂവെങ്കിലും വിതരണത്തിനെത്തുമ്പോള്‍ കോവിഷീല്‍ഡിനേക്കാള്‍ വിലയുണ്ടായിരിക്കുമെന്നാണ് കമ്പനി സി.ഇ.ഒ സൂചിപ്പിച്ചത്.
🔳ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ട അശ്ലീല ഉള്ളടക്കങ്ങള്‍ പൂര്‍ണമായും നീക്കംചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍. ഉള്ളടക്കങ്ങള്‍ നീക്കംചെയ്യാന്‍ ട്വിറ്ററിന് ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് വനിതാ കമ്മീഷന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
🔳കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരോട് ഒരു സന്ധിയുമില്ലെന്ന് വ്യക്തമാക്കിയിട്ടും സിപിഎമ്മിനെതിരേ നടക്കുന്ന പ്രചാരണം ഗൂഢാലോചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. പാര്‍ട്ടിയോടുള്ള ജനവിശ്വാസത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തേയും സഹായിക്കുന്ന സമീപനം സിപിഎം ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
🔳സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 3,78, 690 ഡോസ് കോവിഷീല്‍ഡും 55,580 ഡോസ് കോവാക്സിനുമാണ് ഇന്നലെ ലഭിച്ചത്. ചൊവ്വാഴ്ച ലഭിച്ച രണ്ട് ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനും ഇതില്‍ ഉള്‍പ്പെടും
🔳സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനില്‍ കാന്ത് ചുമതലയേറ്റു. ലോക്നാഥ് ബെഹ്റയില്‍ നിന്ന് അനില്‍ കാന്ത് ബാറ്റണ്‍ ഏറ്റുവാങ്ങി. പ്രഥമ പരിഗണന സ്ത്രീ സുരക്ഷക്കായിരിക്കുമെന്ന് അനില്‍ കാന്ത് പറഞ്ഞു. പൊലീസ് മേധാവിക്ക് രണ്ട് വര്‍ഷത്തേക്ക് നിയമനം നല്‍കണമെന്നാണ് സുപ്രീംകോടതി വിധിയെങ്കിലും അനില്‍ കാന്തിന്റെ നിയമന ഉത്തരവില്‍ കാലാവധി പറയുന്നില്ല. ഏഴ് മാസമാണ് അനില്‍കാന്തിന് ഇനി സര്‍വ്വീസ് ബാക്കിയുള്ളത്.
🔳കരിപ്പൂര്‍ സ്വര്‍ണക്കടത്തിന്റെ ബുദ്ധികേന്ദ്രമായ അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍രേഖകളിലൂടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കസ്റ്റംസ് ഒരുക്കം തുടങ്ങി. ഉന്നതര്‍ അടക്കമുള്ളവരുടെ ബന്ധങ്ങള്‍ പുറത്തുവരാതിരിക്കാന്‍, ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നശിപ്പിച്ചശേഷമാണ് അര്‍ജുന്‍ കസ്റ്റംസിനുമുന്നില്‍ ഹാജരായത്. മൊബൈല്‍ ഫോണ്‍ സേവനദാതാക്കളില്‍നിന്ന് അര്‍ജുന്റെ ഫോണ്‍ഡേറ്റ ശേഖരിച്ച് അര്‍ജുനുമായി നിരന്തരം ചാറ്റുകളിലേര്‍പ്പെട്ടിരുന്നവരുടെ വാട്‌സാപ്പ് ചാറ്റുകളും വോയ്സ് ക്ലിപ്പുകളും പരിശോധിക്കാനൊരുങ്ങുകയാണ് കസ്റ്റംസ്.
🔳കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസില്‍ ഡി.വൈ.എഫ്.ഐ മുന്‍ നേതാവ് സജേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു.. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഏഴുമണിക്കൂര്‍ നീണ്ടു. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പരിചയം മാത്രമാണ് അര്‍ജുനുമായിട്ടുള്ളതെന്നും സ്വര്‍ണക്കടത്തിലോ ക്വട്ടേഷനിലോ ബന്ധമില്ലെന്ന് സജേഷ് പറഞ്ഞെങ്കിലും മൊഴി വിശ്വാസത്തിലെടുക്കാന്‍ കസ്റ്റംസ് തയ്യാറായിട്ടില്ല. അര്‍ജുന്റെ ബിനാമിയാണ് സജേഷ് എന്ന നിഗമനത്തിലാണ് കസ്റ്റംസ്.
🔳റവന്യു വകുപ്പിലെ വിജിലന്‍സ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും ആവശ്യമെങ്കില്‍ സമഗ്രമായി പുനഃസംഘടിപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് റവന്യു മന്ത്രി കെ രാജന്‍ നിര്‍ദ്ദേശം നല്‍കി. വളരെയധികം പരാതികളാണ് പൊതുജനങ്ങളില്‍ നിന്ന് വരുന്നതെന്നും വളരെ ലാഘവത്തോടെയാണ് വിജിലന്‍സ് സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഈ രീതി അടിമുടി മാറണമെന്നും മന്ത്രി പറഞ്ഞു. ജനദ്രോഹ നടപടികള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും മുഖം നോക്കാതെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
News Circle Chengannur
🔳സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ ‘മകള്‍ക്കൊപ്പം’ എന്ന കാമ്പയിനുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്ത്രീധന പീഡനങ്ങളുടെ പേരില്‍ കേരളം അപമാനഭാരത്താല്‍ തലതാഴ്ത്തി നില്‍ക്കുകയാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മകള്‍ക്കൊപ്പം’ കാമ്പയിന്റെ ഭാഗമായി സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരെയും മഹിളാ- യുവജന പ്രസ്ഥാനങ്ങളെയും അണിനിരത്തി സ്ത്രീധനത്തിനെതിരായ പ്രചാരണം ശക്തമാക്കാനാണ് തീരുമാനം.
🔳സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന കള്ളക്കടത്ത്, ക്വട്ടേഷന്‍, ഭീകരവാദം, സ്ത്രീപീഡനങ്ങള്‍ എന്നിവക്ക് പിണറായി സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും ഇതിനെതിരെ സമര പരമ്പര നടത്തുമെന്നും ബിജെപി. രണ്ടാം ഇടത് ഭരണത്തില്‍ കേരളം അസാധാരണവും അപകടകരവുമായ സാഹചര്യത്തിലൂടെ കടന്നുപോവുകയാണെന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍ പറഞ്ഞു.
🔳ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നിന്ന് മന്ത്രി ആര്‍. ബിന്ദുവിനെ തിരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രൊഫസര്‍ അല്ലെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രൊഫസര്‍ എന്ന് പേരിനു മുന്നില്‍ ചേര്‍ത്താണ് ബിന്ദു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഇത് തിരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പരിധിയില്‍ വരുമെന്നും ഹര്‍ജിയില്‍ പറയുന്നു.
🔳കോവിഡ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളൊന്നും നടത്താന്‍ അനുവദിക്കരുതെന്ന് മഹാരാഷ്ട്രാ സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി. ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കോവിഡിന്റെ രണ്ടാം തരംഗം സൃഷ്ടിച്ച കനത്ത ആഘാതം കണക്കിലെടുത്ത് മൂന്നാം തരംഗം പ്രതിരോധിക്കാനുള്ള മുന്നൊരുക്കം നടത്തേണ്ട സമയമാണിതെന്നും കോടതി നിര്‍ദ്ദേശിച്ചു.
🔳പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് നവജോത് സിങ് സിദ്ധു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. വീട്ടിലെത്തിയാണ് അദ്ദേഹം രാഹുലിനെ കണ്ടത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിലാണ് സിദ്ധുവിന്റെ കൂടിക്കാഴ്ച. നേരത്തെ സിദ്ധു പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
🔳വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപവരെ വായ്പ ലഭിക്കുന്ന സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് പദ്ധതി പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കാര്‍ഡ് ഉപയോഗിച്ച് 10 ലക്ഷം രൂപ വായ്പ എടുക്കുന്നവര്‍ 15 വര്‍ഷത്തിനകം തിരിച്ചടച്ചാല്‍ മതിയാകും. വായ്പയ്ക്ക് ഈട് നല്‍കേണ്ടതില്ല. സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കും ഗ്യാരന്റി നല്‍കുക’. 10 വര്‍ഷം ബംഗാളില്‍ താമസിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്കെല്ലാം ക്രെഡിറ്റ് കാര്‍ഡിന് അര്‍ഹരായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തോ വിദേശത്തോ ഉന്നത വിദ്യാഭ്യാസത്തിനായി വായ്പയെടുക്കാന്‍ ഈ കാര്‍ഡ് ഉപയോഗിക്കാം.
🔳ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പിറവികൊണ്ടിട്ട് ഇന്നലെ നൂറ്റാണ്ട് തികഞ്ഞു. രാഷ്ട്രവികസനത്തിലും മാനുഷികവികസനത്തിലും ഉജ്ജ്വലമായ അധ്യായമാണ് നൂറുകൊല്ലംകൊണ്ട് പാര്‍ട്ടി എഴുതിച്ചേര്‍ത്തതെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞു.
🔳എതിരാളികളില്‍ നിന്ന് സൈനികരെ ഫലത്തില്‍ അദൃശ്യരാക്കി മാറ്റുന്ന പുത്തന്‍ സാങ്കേതിക വിദ്യയുമായി ഇസ്രയേല്‍ സൈന്യം. ഇസ്രയേലിലെ ഉത്പന്ന നിര്‍മാതാക്കളായ പോളാരിസ് സൊല്യൂഷന്‍സാണ് അദൃശ്യരാക്കുന്ന ഈ നെറ്റ് രൂപകല്‍പ്പന ചെയ്തത്. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ 300 കിറ്റ് ഷീറ്റുകളാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മൈക്രോ ഫൈബറുകളും ലോഹങ്ങളും മനുഷ്യ കണ്ണുകള്‍ക്കും തെര്‍മല്‍ ക്യാമറകള്‍ക്കും കാണാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന മെറ്റിരീയിലുകളും ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
🔳കോവിഡിനെ വേണ്ടവിധത്തില്‍ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പുറത്താക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ ‘വലിയൊരു പ്രതിസന്ധി’യിലേക്ക് തള്ളിവിട്ടതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
News Circle Chengannur
🔳തയ്‌വാനില്‍ ജൂഡോ പരിശീലകന്‍ തുടര്‍ച്ചയായി 27 തവണ നിലത്തെറിഞ്ഞ ഏഴുവയസ്സുകാരന്‍ മരിച്ചു. തലയ്ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് 70 ദിവസത്തോളം അബോധാവസ്ഥയിലായിരുന്ന ബാലനാണ് ബുധനാഴ്ച മരിച്ചത്. കുട്ടിയുടെ ഹ്വാങ് എന്ന കുടുംബപ്പേരു മാത്രമേ ഇതുവരെ പുറത്തുവന്നിട്ടുള്ളൂ. സംഭവത്തില്‍ അധ്യാപകനെതിരേ ജൂണ്‍ ആദ്യം കേസെടുത്തിരുന്നു.
🔳ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ശൃംഖലയായ സ്റ്റാര്‍ലിങ്ക് ഓഗസ്റ്റോടെ ലോകത്താകമാനം ബ്രോഡ്ബാന്‍ഡ് സേവനം നല്‍കും. ഇതിനായി സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ടെക്‌നോളജീസ് കോര്‍പറേഷന്‍ 1,500 ലധികം സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചുകഴിഞ്ഞു. 500നും ആയിരം കോടി ഡോളറിനുമിടയിലാണ് ഇതിനായി നിക്ഷേപിച്ചിട്ടുള്ളതെന്നും 2000 കോടി ഡോളറിലധികം അതിന്റെ പരിപാലനചെലവിനായി വേണ്ടിവരുമെന്നും മസ്‌ക് പറയുന്നു.
🔳ഇന്ത്യയുടെ വനിതാ ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിനേയും സ്പിന്‍ ബൗളര്‍ ആര്‍ അശ്വിനേയും ഖേല്‍രത്ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത് ബിസിസിഐ. ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരെ അര്‍ജുന പുരസ്‌കാരത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
🔳ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ ഖേല്‍രത്ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത് ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍. നിലവില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കുന്ന താരങ്ങളില്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഛേത്രി. ക്രിസ്റ്റിയാനൊ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമാണ് ഛേത്രിക്ക് മുന്നിലുള്ളത്.
🔳കേരളത്തില്‍ ഇന്നലെ 1,40,727 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,235 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,833 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 689 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,808 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,00,881 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270.
🔳രാജ്യത്ത് ഇന്നലെ 48,415 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 61,494 പേര്‍ രോഗമുക്തി നേടി. മരണം 988. ഇതോടെ ആകെ മരണം 3,99,475 ആയി. ഇതുവരെ 3,04,10,577 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 5.17 ലക്ഷം കോവിഡ് രോഗികള്‍.
News Circle Chengannur
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 9,771 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 4,506 പേര്‍ക്കും കര്‍ണാടകയില്‍ 3,382 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 3,797 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,478 പേര്‍ക്കും ഒഡീഷയില്‍ 3,371 പേര്‍ക്കും ആസാമില്‍ 2,479 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 3,39,669 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 11,462 പേര്‍ക്കും ബ്രസീലില്‍ 43,836 പേര്‍ക്കും അര്‍ജന്റീനയില്‍ 22,673 പേര്‍ക്കും റഷ്യയില്‍ 21,042 പേര്‍ക്കും സൗത്ത ആഫ്രിക്കയില്‍ 19,506 പേര്‍ക്കും ഇംഗ്ലണ്ടില്‍ 26,068 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 21,807 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 18.29 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.15 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 7,103 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 197 പേരും ബ്രസീലില്‍ 1947 പേരും അര്‍ജന്റീനയില്‍ 636 പേരും റഷ്യയില്‍ 669 പേരും ഇന്‍ഡോനേഷ്യയില്‍ 467 പേരും സൗത്ത് ആഫ്രിക്കയില്‍ 383 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 39.61 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳ഇന്ത്യയില്‍ ജോലി ചെയ്യാന്‍ ഏറ്റവും മികച്ച കമ്പനി ഗൂഗിള്‍ ഇന്ത്യ ആണെന്ന് സര്‍വേ റിപ്പോര്‍ട്ട്. സാമ്പത്തിക സ്ഥിതി, കമ്പനിയുടെ പ്രശസ്തി, ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തുടങ്ങിയ ഘടകങ്ങളാണ് റാന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച് 2021 ല്‍ പരിഗണിച്ചത്. രണ്ടാം സ്ഥാനത്ത് ആമസോണ്‍ ഇന്ത്യയും മൂന്നാമത് മൈക്രോസോഫ്റ്റ് ഇന്ത്യയുമാണ്.
🔳പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെയാണ് പണം പിന്‍വലിക്കുന്നതിനുള്ള ചട്ടങ്ങള്‍ പരിഷ്‌കരിച്ചത്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനാണ് പുതിയ നിരക്കുകള്‍ ബാധകമാകുന്നത്. ജൂലൈ ഒന്നുമുതല്‍ പുതിയ നിരക്കുകള്‍ പ്രാബ്യത്തില്‍ വരും. എടിഎം സേവനം, ബ്രാഞ്ചിലെത്തിയുള്ള പണം പിന്‍വലിക്കല്‍, ചെക്ക് ബുക്ക് ഉപയോഗം എന്നീ സേവനങ്ങള്‍ക്കുള്ള ഫീസാണ് ഇതോടെ പുതുക്കിയിട്ടുള്ളത്.
🔳പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ഹംഗാമ 2’ റിലീസിന് ഒരുങ്ങുന്നു. ചിത്രം ജൂലൈ 23ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും. 30 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ അവകാശം ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയത്. പരേഷ് റാവല്‍, ശില്‍പ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്റി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആറ് വര്‍ഷത്തെ ഇടേവളയ്ക്ക് ശേഷം പ്രിയദര്‍ശന്‍ ബോളിവുഡില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹംഗാമ 2.
🔳അമിത് ചക്കാലക്കല്‍ നായകനാവുന്ന ത്രില്ലര്‍ ചിത്രം ‘ജിബൂട്ടി’യുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്. വൈല്‍ഡ് ആന്‍ഡ് റോ ആക്ഷനുകള്‍ ആണെന്ന് സൂചന നല്‍കിക്കൊണ്ടുള്ള പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. എസ്.ജെ സിനു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കുന്നു.
🔳ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യന്‍ വിപണി വിപുലീകരിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഹാര്‍ഡ്വെയര്‍ വെര്‍ച്വല്‍ ഷോറൂം ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നു. വരാനിരിക്കുന്ന വെര്‍ച്വല്‍ ഷോറൂം ഇന്ത്യയിലുട നീളം ഹാര്‍ലി-ഡേവിഡ്സണിന്റെമോട്ടോര്‍ സൈക്കിളുകള്‍, ആക്‌സസറികള്‍, ഗുഡ്സുകള്‍ എന്നിവ റീട്ടെയില്‍ ചെയ്യും.
🔳കേരള ചരിത്രത്തിലെ രക്ത രൂക്ഷിതമായ സമരങ്ങളിലൊന്നാണ് 1946 ഒക്ടോബര്‍ 27 ആലപ്പുഴ ജില്ലയിലെ പുന്നപ്ര വയലാര്‍ സാക്ഷ്യം വഹിച്ചത്. ‘പുന്നപ്ര വയലാറും കേരള ചരിത്രവും’. എ ശ്രീധരമേനോന്‍. ഡിസി ബുക്സ്. വില 94 രൂപ.