Sunday, November 17, 2024
HomeNewsNews headlines

News headlines

പ്രധാന വാർത്തകൾ

വ്യത്യസ്തമായ വാർത്താ അനുഭവം

പ്രഭാത വാർത്തകൾ
2021 | ജൂലൈ 2 | 1196 മിഥുനം 18 | വെള്ളി | രേവതി |

🔳 ഇന്ത്യ സൃഷ്ടിച്ച സാങ്കേതിക മാര്‍ഗങ്ങള്‍ കോവിഡ് മഹാമാരിക്കാലത്ത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടു എന്ന് പ്രധാനമന്ത്രി . ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

🔳ഡ്രോണ്‍ ആക്രമണം നേരിടാനുള്ള സംവിധാനം വികസിപ്പിക്കുന്നതായി കരസേനാ മേധാവി ജനറല്‍ എം.എം. നരവണെ. സുരക്ഷാ സേനകള്‍ക്ക് ഇത്തരം വെല്ലുവിളികളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും സൈനിക സന്നാഹവുമായി ബന്ധപ്പെട്ട ഉന്നത ബൗദ്ധികതല യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

🔳രാജ്യത്ത് നടക്കുന്ന കോവിഡ് വാക്‌സിനേഷനെതിരെ പ്രതിപക്ഷം ഉത്തരവാദിത്തരഹിതമായ പ്രസ്താവനകള്‍ നടത്തുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. വാക്‌സിന്‍ വിതരണത്തെക്കുറിച്ച് ആശങ്കകള്‍ പരത്തുന്നതിനു പകരം, ശരിയായ വിധത്തില്‍ വാക്‌സിന്‍ വിതരണം നടത്താനുള്ള ശ്രമമാണ് നടത്തേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔳റഷ്യ വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്സിന്‍ സ്പുട്നിക് ലൈറ്റിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ ഡോക്ടര്‍ റെഡ്ഡീസ് ലാബ്സ് സമര്‍പ്പിച്ച അപേക്ഷ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ തള്ളി. വിഷയം പരിഗണിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധസമിതി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന.

🔳കോഴിക്കോട് നഗരത്തില്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി ഐബിയുടെ പരിശോധനയില്‍ കണ്ടെത്തി. നഗരത്തിന്റെ നാല് കേന്ദ്രങ്ങളിലാണ് എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ റെയ്ഡ് നടത്തുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ടെലികോം മന്ത്രാലയത്തെ അറിയിക്കാതെ വിദേശകോളുകളടക്കം ആളുകളില്‍ എത്തിച്ചുവെന്നാണ് വിവരം.

🔳100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. അടിപതറാതെ കോവിഡ് മഹാമാരിയെ പരാജയപ്പെടുത്തിയ ചൈനീസ് ജനകീയ ഭരണകൂടത്തിന്റെ രീതി മാതൃകാപരമാണെന്നും നൂറു വര്‍ഷത്തിനുള്ളില്‍ ചൈനയെ മഹത്തായ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കി മാറ്റുമെന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ പ്രസ്താവന ആവേശകരമാണെന്നും വിജയരാഘവന്‍ പ്രസ്താവനയില്‍ കുറിച്ചു.

🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുബാംഗങ്ങള്‍ക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ധനസഹായം ലഭിക്കാനുള്ള സാധ്യതകള്‍ തുറന്നു കിട്ടിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കോവിഡ് മരണം കുറച്ചു കാട്ടാനുള്ള വ്യഗ്രതയില്‍ അനേകായിരം പാവപ്പെട്ടവര്‍ക്കാണ് ധനസഹായം നിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

🔳ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ ശൃംഖ്‌ളയ്ക്ക് കേരളം കത്തയച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങാനാകാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് തൊഴില്‍സ്ഥലങ്ങളില്‍ തിരിച്ചെത്താനുള്ള അവസരമൊരുക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് കത്തയച്ചത്.

🔳വത്തിക്കാനില്‍ നിന്നുള്ള പുതിയ ഉത്തരവ് പ്രകാരം സിസ്റ്റര്‍ ലൂസി കളയ്പ്പുരക്കലിന് കോണ്‍വെന്റില്‍ തുടരാന്‍ അവകാശം കാണുന്നില്ലെന്ന് ഹൈക്കോടതി. നിലപാട് വിശദീകരിക്കാന്‍ സിസ്റ്റര്‍ ലൂസിക്ക് കോടതി ചൊവ്വാഴ്ച വരെ സമയം അനുവദിച്ചു. കോണ്‍വെന്റ് ഒഴിയാന്‍ വേണമെങ്കില്‍ സമയം നല്‍കാമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

🔳തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. കാട്ടാക്കട സ്വദേശി ഹര്‍ഷാദ് (45) ആണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മൃഗശാലയിലെ ആനിമല്‍ കീപ്പറാണ് മരിച്ച ഹര്‍ഷാദ്. രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്. സംഭവം നടന്ന് ഉടനെ തന്നെ ഹര്‍ഷാദിനെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

🔳വിവാദമായ കടയ്ക്കാവൂര്‍ പോക്സോ കേസില്‍ പോലീസ് റിപ്പോര്‍ട്ടിനെതിരേ ആരോപണ വിധേയായ അമ്മ. കേസില്‍ താന്‍ നിരപരാധിയാണെന്ന് കണ്ടെത്തിയതില്‍ തൃപ്തിയുണ്ടെങ്കിലും റിപ്പോര്‍ട്ടില്‍ മകനെ കുറ്റക്കാരനാക്കി ചിത്രീകരിച്ചിരിക്കുകയാണെന്ന് അമ്മ മാധ്യമങ്ങളോട് മറഞ്ഞു. കള്ളക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നും സംഭവത്തില്‍ കടയ്ക്കാവൂര്‍ പോലീസിനെതിരേ നടപടി വേണമെന്നും അമ്മ ആവശ്യപ്പെട്ടു.
News Circle Chengannur
🔳ആലുവ ആലങ്ങോട് ഗര്‍ഭിണിയായ യുവതിയെയും പിതാവിനെയും മര്‍ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവ് ജൗഹര്‍, ഭര്‍തൃമാതാവ് സുബൈദ, രണ്ട് സഹോദരിമാര്‍, ജൗഹറിന്റെ സുഹൃത്ത് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വനിത കമ്മീഷനും പോലീസില്‍നിന്ന് റിപ്പോര്‍ട്ട് തേടി. അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ജൗഹര്‍ മര്‍ദിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച യുവതിയുടെ പിതാവിനും മര്‍ദനത്തില്‍ പരിക്കേറ്റു.

🔳വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം. യു.കെ., ഫ്രാന്‍സ് സ്വദേശിനികള്‍ക്കാണ് അതിക്രമം നേരിടേണ്ടിവന്നത്. മദ്യലഹരിയില്‍ എത്തിയ സംഘമാണ് വിദേശ വനിതകളെ ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി ബിച്ചില്‍ നടക്കാനിറങ്ങിയപ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് വിദേശവനിതകള്‍ പറഞ്ഞു. അതിക്രമം നടത്തിയ കേസില്‍ ഒരാള്‍ പിടിയിലായി.. ഇടവ സ്വദേശി മഹേഷാണ് പിടിയിലായത്.

🔳ലക്ഷദ്വീപില്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കോ കളക്ടര്‍ക്കോ നിയമപരമായ അധികാരമില്ലെന്നും സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്റ്റാമ്പ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയ നടപടി വിവേചനപരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

🔳കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധന സര്‍ട്ടിഫിറ്റ് അല്ലെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് കര്‍ണാടക സര്‍ക്കാര്‍. വിമാനം, ബസ്, ട്രെയിന്‍, ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ തുടങ്ങിയവയില്‍ വരുന്ന യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
News Circle Chengannur
🔳തിരുപ്പതിയില്‍ ടെക്കി യുവതിയുടെ മൃതദേഹം സ്യൂട്ട്കേസില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. എന്‍ജിനീയറായ ശ്രീകാന്ത് റെഡ്ഡിയെയാണ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. മൊബൈല്‍ഫോണ്‍ സിഗ്നല്‍ ട്രാക്ക് ചെയ്ത് വിജയവാഡയില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ 23-നാണ് തിരുപ്പതിയിലെ ആശുപത്രിക്ക് സമീപം സ്യൂട്ട്കേസില്‍ കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയത്.

🔳മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 65 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി. അജിത് പവാറിന്റെയും ഭാര്യയുടെയും പേരിലുള്ള പഞ്ചസാര ഫാക്ടറി അടക്കമുള്ള വസ്തുവകകളാണ് കണ്ടുകെട്ടിയത്.

🔳മഹാരാഷ്ട്രയും മമതയുടെ പാത സ്വീകരിക്കണ്ടിവരുമെന്ന് ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന. മഹാരാഷ്ട്രാ നിലവില്‍ കുരുക്ഷേത്ര യുദ്ധ ഭൂമിയാണെന്നും മഹാമാരിയോടൊപ്പം എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്ക്ടറേറ്റിന്റേയും സിബിഐയുടേയും സേച്ഛാധിപത്യ നടപടികളോട് കൂടി പോരാടേണ്ടതുണ്ടെന്നും ശിവസേന വ്യക്തമാക്കി. ഇത്തരം സേച്ഛാധിപതികള്‍ക്കെതിരെ മമതാ ബാനര്‍ജി ജയിച്ചുവെന്നും ഇത്തരക്കാരോട് പോരാടാന്‍ മമതയുടെ പാത തന്നെ സ്വീകരിക്കേണ്ടി വരുമെന്നും ശിവസേന പ്രതികരിച്ചു.

🔳വിമാനം വാടകയ്‌ക്കെടുക്കാനുള്ള പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ബിജെപി രംഗത്ത്. പത്ത് സീറ്റുള്ള വിമാനം അഞ്ച് വര്‍ഷത്തേക്ക് വാടകയ്ക്ക് എടുക്കാനാണ് നീക്കം. സ്വയം പ്രഖ്യാപിത പ്രധാനമന്ത്രിയായ മമത ബാനര്‍ജിക്കു വേണ്ടിയാണ് വിമാനം വാടകയ്ക്ക് എടുക്കുന്നതെന്നാണ് ബിജെപിയുടെ വിമര്‍ശനം.

🔳കൊല്‍ക്കത്ത വാക്‌സിനേഷന്‍ തട്ടിപ്പില്‍ പുതിയ വഴിത്തിരിവ്. വാക്‌സിന്‍ തട്ടിപ്പ് കേസ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെതിരെ ആയുധാക്കിയിരിക്കുകയാണിപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്. ഗവര്‍ണറും കൊല്‍ക്കത്ത വാക്‌സിന്‍ തട്ടിപ്പ് കേസിലെ പ്രധാനി ദിബഞ്ജന്‍ ദേബിന്റെ അംഗരക്ഷകനും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യം.

🔳രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസം സംബന്ധിച്ച 2019-20 വര്‍ഷത്തെ യുണൈറ്റഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ പ്ലസ് റിപ്പോര്‍ട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ പുറത്തിറക്കി. സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ വത്കരണം ശോചനീയമായ നിലയിലാണെന്നാണ് റിപ്പോര്‍ട്ട് കാണിക്കുന്നത്. രാജ്യത്തെ 39 ശതമാനം സ്‌കൂളുകളില്‍ മാത്രമാണ് കമ്പ്യൂട്ടറുകള്‍ ഉള്ളത്. ഇതില്‍ തന്നെ 22 ശതമാനം സ്‌കൂളുകളിലാണ് ഇന്റര്‍നെറ്റ് കണക്ഷനുള്ളത്.

🔳ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പുനസ്ഥാപിക്കണമെന്നും പൂര്‍ണ സംസ്ഥാന പദവി നല്‍കണെമെന്നും ലഡാക്കില്‍ നിന്നുള്ള നേതാക്കള്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലഡാക്കില്‍ നിന്നുള്ള പ്രതിനിധികള്‍ ഇക്കാര്യം ഉന്നയിച്ചത്. സമ്പൂര്‍ണ്ണ സംസ്ഥാന പദവിയും കാര്‍ഗിലിന്റെ വികസനവും എന്ന ആവശ്യത്തില്‍ ലഡാക്ക് പ്രതിനിധികള്‍ ഉറച്ചിനിന്നതായണ് റിപ്പോര്‍ട്ടുകള്‍.

🔳തെരുവ് നായകള്‍ക്ക് ഭക്ഷണം ലഭിക്കുന്നതിനും പൗരന്മാര്‍ക്ക് അത് നല്‍കുന്നതിനുമുള്ള അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. മൃഗങ്ങളെ സംരക്ഷിക്കേണ്ടത് പൗരന്മാരുടെ ധാര്‍മികമായ കടമയാണ്. വന്ധ്യംകരിക്കുകയും വാക്‌സിനേറ്റ് ചെയ്യുകയും ചെയ്ത തെരുവ് നായകളെ മുന്‍സിപ്പാലിറ്റി അധികൃതര്‍ക്ക് പിടിച്ചുകൊണ്ട് പോകാന്‍ അവകാശമില്ല. കാരുണ്യം, ബഹുമാനം, അന്തസ്സ് എന്നിവ തെരുവ് നായകള്‍ക്ക് നല്‍കേണ്ടതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

🔳ഒരിടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകളും മരണങ്ങളും കുതിച്ചുയരുന്ന സാഹചര്യത്തില്‍ കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പാരംഭിച്ച് റഷ്യ. വാക്‌സിനെടുത്ത് ആറ് മാസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതെന്ന് റഷ്യന്‍ ആരോഗ്യ അധികൃതര്‍ അറിയിച്ചു.

🔳ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാന്‍ഡ് മാസ്റ്ററായി ഇന്ത്യന്‍ വംശജനായ അഭിമന്യു മിശ്ര. ഹംഗറിയിലെ ബുദാപെസ്റ്റില്‍ നടന്ന ചെസ് ടൂര്‍ണമെന്റിലാണ് 12 വയസ്സുകാരന്റെ നേട്ടം. 15-കാരനായ ഗ്രാന്‍ഡ് മാസ്റ്റര്‍ ലിയോണ്‍ ലൂക്ക് മെന്‍ഡോണ്‍ക്കെയെയാണ് അഭിമന്യു പരാജയപ്പെടുത്തിയത്. ന്യൂജേഴ്സിയില്‍ നിന്നുള്ള അഭിമന്യുവിന്റെ പ്രായം 12 വയസ്സും നാല് മാസവുമാണ്.

🔳400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി മലപ്പുറം സ്വദേശി എംപി ജാബിര്‍. ജാവലിന്‍ ത്രോ താരം അന്നു റാണിയും സ്പ്രിന്റര്‍ ദ്യുതി ചന്ദും ജാബിറിനൊപ്പം ഒളിമ്പിക് യോഗ്യത നേടി. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് മൂന്നു പേര്‍ക്കും യോഗ്യത ലഭിച്ചത്.

🔳സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമായി പുതിയ കരാറൊപ്പിടുന്നതു വൈകുന്നതിലെ കാരണം വ്യക്തമാക്കി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ പ്രസിഡന്റ് ജോന്‍ ലാപോര്‍ട്ട. മെസ്സിയുമായി പുതിയ കരാര്‍ ധാരണയായിട്ടുണ്ടെന്നും ലാ ലിഗയുടെ സാമ്പത്തിക നടപടിക്രമങ്ങളുടെ ഭാഗമായാണ് കരാര്‍ പ്രാബല്യത്തില്‍ വരാത്തതെന്നും ലാപോര്‍ട്ട വ്യക്തമാക്കി.

🔳കേരളത്തില്‍ ഇന്നലെ 1,24,886 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,359 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,564 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,02,058 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 6ന് താഴെയുള്ള 143, 6നും 12നും ഇടയ്ക്കുള്ള 510, 12നും 18നും ഇടയ്ക്കുള്ള 293, 18ന് മുകളിലുള്ള 88 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266.

🔳രാജ്യത്ത് ഇന്നലെ നാല്‍പത്തയ്യായിരത്തിനടുത്ത് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 54,246 പേര്‍ രോഗമുക്തി നേടി. മരണം 782. ഇതോടെ ആകെ മരണം 4,00,271 ആയി. ഇതുവരെ 3,04,53,937 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 5.05 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 9,195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 4,481 പേര്‍ക്കും കര്‍ണാടകയില്‍ 3,203 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 3,841 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,501 പേര്‍ക്കും ഒഡീഷയില്‍ 3,087 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,05,636 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 15,469 പേര്‍ക്കും ബ്രസീലില്‍ 63,140 പേര്‍ക്കും അര്‍ജന്റീനയില്‍ 21,177 പേര്‍ക്കും കൊളംബിയയില്‍ 28,315 പേര്‍ക്കും റഷ്യയില്‍ 23,543 പേര്‍ക്കും സൗത്ത ആഫ്രിക്കയില്‍ 21,584 പേര്‍ക്കും ഇംഗ്ലണ്ടില്‍ 27,989 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 24,836 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 18.33 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.15 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,553 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 308 പേരും ബ്രസീലില്‍ 1849 പേരും അര്‍ജന്റീനയില്‍ 468 പേരും കൊളംബിയയില്‍ 593 പേരും റഷ്യയില്‍ 672 പേരും ഇന്‍ഡോനേഷ്യയില്‍ 504 പേരും സൗത്ത് ആഫ്രിക്കയില്‍ 382 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 39.70 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳വിദേശ വിപണിയില്‍ വില ഇടിഞ്ഞതിനെതുടര്‍ന്ന് സര്‍ക്കാര്‍ സ്വര്‍ണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില കുറച്ചു. പുതുക്കിയ വില പ്രകാരം ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ താരിഫ് മൂല്യം 10 ഗ്രാമിന് 566 ഡോളറാണ്. വെള്ളിയുടേത് കിലോഗ്രാമിന് 836 ഡോളറും. സ്വര്‍ണത്തിന് 601 ഡോളറും വെള്ളിക്ക് 893 ഡോളറുമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. സ്വര്‍ണത്തിന് ഇന്ത്യയില്‍ 7.5 ശതമാനമാണ് ഇറക്കുമതി തീരുവയുള്ളത്. മൂന്നുശതമാനമാണ് ജിഎസ്ടി. അടിസ്ഥാന വിലിയില്‍ വന്ന കുറവ് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

🔳കഴിഞ്ഞ വര്‍ഷം രാജ്യത്തെ വായ്പാ വിതരണത്തിന്റെ പ്രവണതയില്‍ ഉണ്ടായത് യു ടേണ്‍. വ്യക്തിഗത വായ്പകള്‍ 13.5 ശതമാനത്തിന്റെ മികച്ച വളര്‍ച്ച പ്രകടമാക്കിയപ്പോള്‍ കോര്‍പ്പറേറ്റ് വായ്പകള്‍ സാമ്പത്തിക വര്‍ഷത്തില്‍ ഉടനീളം നെഗറ്റിവ് തലത്തില്‍ തുടര്‍ന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രകാരം ഗാര്‍ഹിക മേഖലയ്ക്കുള്ള വായ്പ 10.9 ശതമാനം ഉയര്‍ന്നു. മൊത്തം വായ്പയില്‍ ഗാര്‍ഹിക മേഖലയ്ക്കുള്ള വായ്പയുടെ വിഹിതം 2021 മാര്‍ച്ചില്‍ 52.6 ശതമാനമായി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പ് വരെ ഇത് 49.8 ശതമാനമായിരുന്നു.

🔳ചിമ്പു, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ഒന്നിക്കുന്ന മാനാടിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക് യുവന്‍ ശങ്കര്‍ രാജയാണ് ഈണം നല്‍കിയിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയ്ക്കൊപ്പം റിസ്വാന്‍, രാജ ഭവതരണി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിമ്പുവിന്റെ 45-ാമത്തെ സിനിമയാണ് മാനാട്.

🔳രജനീകാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’യുടെ റിലീസ് തീയതിയില്‍ മാറ്റമില്ല. നേരത്തെ പ്രഖ്യാപിച്ചിരുന്ന നവംബര്‍ 4നു തന്നെ ചിത്രം എത്തുമെന്നും തിയറ്ററുകളില്‍ തന്നെയാവും റിലീസ് ചെയ്യുകയെന്നും നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് വ്യക്തമാക്കി. ദീപാവലി റിലീസ് ആയിരിക്കും ചിത്രം. സിരുത്തൈ ശിവ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

🔳അപ്പാഷെ ആര്‍ടിആര്‍ 160 4വി മോഡലിന് നോ-കോസ്റ്റ് ഇഎംഐ ഓഫര്‍ പ്രഖ്യാപിച്ച് ടിവിഎസ്. മൂന്നോ അല്ലെങ്കില്‍ ആറോ മാസത്തെ ഇഎംഐ കാലാവധിയിലാണ് ഈ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കുക. 2021 ജൂലൈ 15 വരെ മാത്രമാണ് ഈ ഓഫറിന്റെ കാലാവധി. മാത്രമല്ല തെരഞ്ഞെടുത്ത ബാങ്ക് ക്രെഡിറ്റ് കാര്‍ഡിലൂടെ പണമിടപാട് നടത്തുന്ന ഉടമകള്‍ക്ക് മാത്രമാണ് സേവനം ലഭ്യമാവുക. താത്പര്യമുള്ള ആളുകള്‍ക്ക് ടിവിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 5,000 രൂപ ടോക്കണ്‍ തുക നല്‍കി മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാം.

🔳വിശ്വപ്രസിദ്ധമായ ഭരതമുനിയുടെ നാട്യശാസ്ത്രം എന്ന മഹാഗ്രന്ഥത്തിന്റെ രസവികലനം. ഭാവ വ്യഞ്ജകം എന്നി അധ്യായങ്ങളുടെ വ്യാഖ്യാനം. ‘നാട്യശാസ്ത്രത്തിലെ രസഭാവങ്ങള്‍’. ഡോ. സി.ആര്‍ സന്തോഷ്. കേരള സാഹിത്യ അക്കാദമി. വില 522 രൂപ.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments