Monday, July 8, 2024
HomeNewsNews Headlines

News Headlines

പ്രധാന വാർത്തകൾ

2021 | ജൂലൈ 4 | 1196 മിഥുനം 20 | ഞായർ | അശ്വതി |

🔳റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഒരിടവേളക്ക് ശേഷം ഇന്ത്യയില്‍ റഫാല്‍ വിവാദം വീണ്ടും ചൂടുപിടിക്കുന്നു. 56000 കോടി രൂപയ്ക്ക് ഫ്രാന്‍സില്‍ നിന്ന് 37 യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതിലാണ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്. റഫാലിലെ അഴിമതി ഇപ്പോള്‍ വ്യക്തമായി പുറത്തുവന്നിട്ടുണ്ടെന്നും ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റേയും രാഹുല്‍ ഗാന്ധിയുടേയും നിലപാടുകള്‍ ശരിയാണെന്ന് തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

🔳സര്‍ക്കാരിന്റെ പുതിയ ഐടി നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതിതിന് ശേഷം ഗൂഗിള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ നിന്ദ്യമായ ഉളളടക്കമുളള പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് സുതാര്യതയിലേക്കുള്ള വലിയ ചുവടുവെപ്പാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഗൂഗിള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവ പോസ്റ്റുകള്‍ നീക്കം ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

🔳കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ വീഴ്ചയുണ്ടായോ എന്നറിയാന്‍ ജൂണ്‍ 16-നുമുമ്പുള്ള മുഴുവന്‍ മരണക്കണക്കും ആരോഗ്യവകുപ്പ് പുനഃപരിശോധിക്കും. പരാതിയുള്ളവയില്‍ പ്രത്യേക പരിശോധന നടത്താനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

🔳മൃതദേഹത്തില്‍ നിന്ന് കോവിഡ് ഒരു മണിക്കൂര്‍ നേരത്തേക്ക് വിട്ടുനില്‍ക്കുമെന്ന അപഹാസ്യകരമായ ഉപദേശം മുഖ്യമന്ത്രി പിണറായി വിജയന് ആരാണ് നല്‍കിയതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. ഐസിഎംആറിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് കേരളത്തിലെ കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

🔳വോട്ടേഴ്സ് ലിസ്റ്റിലെ ഇരട്ട വോട്ടുകള്‍ കണ്ടെത്തി അത് ശുദ്ധീകരിക്കാന്‍ ശ്രമിച്ചതിനെതിരെ കേസെടുപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യ പ്രക്രിയക്കെതിരായ കയ്യേറ്റമാണെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ട് ഇരട്ടിപ്പും വ്യാജവോട്ടുകളും നീക്കം ചെയ്യുകയും അത് ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന് പകരം അത് പുറത്തു കൊണ്ടുവന്നവരെ പിടികൂടാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഇത് കേട്ട് കേഴ്വി ഇല്ലാത്ത കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്്സൈറ്റില്‍ പ്രസിദ്ധീകിരച്ചിരുന്ന വോട്ടര്‍ പട്ടികയാണ് പ്രതിപക്ഷം പരിശോധിച്ച് ഇരട്ടിപ്പ് കണ്ടെത്തിയതെന്നും ഏത് പൗരനും പ്രാപ്യമായ ലിസ്റ്റാണതെന്നും പറഞ്ഞ ചെന്നിത്തല അതിലെവിടെയാണ് ചോര്‍ത്തലുള്ളതെന്നും ചോദിച്ചു.

🔳കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ടി.പി.വധക്കേസ് പ്രതികളായ കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ കസ്റ്റംസിന്റെ റെയ്ഡ്.
സ്വര്‍ണക്കൊള്ളയ്ക്ക് ഷാഫിയും കൊടി സുനിയും സഹായിച്ചുവെന്ന അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

🔳സ്വര്‍ണ്ണക്കടത്തും കോവിഡ് മരണക്കണക്കിലെ കള്ളക്കളിയുമടക്കം സിപിഎം അകപ്പെട്ട വിവാദങ്ങളില്‍ നിന്ന് തലയൂരാനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരായ നീക്കമെന്ന് വി.മുരളീധരന്‍. സിപിഎം പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങള്‍ നടത്തുന്ന കൊള്ളയും പിടിച്ചുപറിയും കണ്ടെത്താന്‍ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് പരിഹാസ്യമാണെന്നും കള്ളപ്പണമാണ് വിഷയമെങ്കില്‍ അത് അന്വേഷിക്കേണ്ടത് പോലീസല്ലെന്നും മുരളീധരന്‍ പറഞ്ഞു.

🔳രാമനാട്ടുകര- വെങ്ങളം ബൈപ്പാസിന്റെ വീതികൂട്ടല്‍ വൈകുന്നതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതലയോഗത്തില്‍ കരാര്‍ കമ്പനി അധികൃതരോട് പൊട്ടിത്തെറിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കുണ്ടും കുഴിയും കാരണം അപകടങ്ങള്‍ ഉണ്ടായ സംഭവങ്ങളില്‍ നിയമനടപടി ഉള്‍പ്പെടെ ആലോചിക്കുമെന്നും ഉടന്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്നും കമ്പനിക്ക് മന്ത്രി മുന്നറിയിപ്പ് നല്‍കി.

🔳കിറ്റെക്സ് കമ്പനി കേരളം വിട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നതായി വ്യവസായി എം.എ. യൂസഫലി പറഞ്ഞു. 3500 കോടിയുടെ നിക്ഷേപമായാലും ഒരു കോടിയുടെ നിക്ഷേപം ആയാലും അത് കേരളത്തിന് വലുതാണെന്നും വ്യവസായ സംരംഭങ്ങള്‍ കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും യൂസഫലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

🔳കിറ്റക്സ് വിഷയം അതീവ ഗൗരവത്തോടെ കാണുന്നെന്ന് വ്യവസായ മന്ത്രി പി. രാജീവ്. താന്‍ പറഞ്ഞതനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ മാനേജുമെന്റുമായി സംസാരിക്കുന്നതെന്നും വ്യവസായ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും പി. രാജീവ് പറഞ്ഞു.
സ്ഥാപനത്തില്‍ ഒരു മാസത്തിനിടെ പതിനൊന്നോളം പരിശോധനകള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് കേരളത്തില്‍ നടപ്പാക്കാനിരുന്ന 3500 കോടിയുടെ പദ്ധതിയില്‍ നിന്ന് കിറ്റെക്സ് പിന്മാറിയിരുന്നു. ഇതിന് പിറകേ വ്യവസായം ആരംഭിക്കാന്‍ തമിഴ്നാട്ടില്‍ നിന്നും കിറ്റക്സിന് ക്ഷണം ലഭിച്ചിരുന്നു. തുടര്‍ന്നാണ് കിറ്റക്സിനെ അനുനയിപ്പിക്കാനുളള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.

🔳സംസ്ഥാനത്തുള്ള വ്യവസായങ്ങളെ തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ഉടമ സാബു ജേക്കബ്. 76 നിയമങ്ങള്‍
ലംഘിച്ചുവെന്നാണ് തനിക്ക് ലഭിച്ച നോട്ടീസില്‍ പറയുന്നത്. തന്റെ വ്യവസായത്തിന് ബാധകമല്ലാത്ത പല നിയമങ്ങളും ചൂണ്ടിക്കാണിച്ചാണ് ലംഘനം നടത്തിയെന്ന് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എല്ലാവരും ഇതുപോലെ പീഡിപ്പിക്കപ്പെടുകയാണ്. ആരും ഭയന്നിട്ട് പുറത്തുപറയുന്നില്ലെന്ന് മാത്രം, പുറത്തുപറഞ്ഞാല്‍ അവനെ വളഞ്ഞിട്ട് ആക്രമിക്കുമെന്നും സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു.

🔳ഫ്യൂഡലും കൊളോണിയലുമായ അധികാരബോധങ്ങളെയും അധികാരബന്ധങ്ങളേയും പുതുക്കാനും പുറന്തള്ളാനും കുടഞ്ഞെറിയാനുമുള്ള നവോത്ഥാന പരിശ്രമങ്ങളുടെ കൂടി പേരാണ് ജനാധിപത്യമെന്ന് നേതാക്കള്‍ എപ്പോഴാണ് തിരിച്ചറിയുകയെന്ന് കെ.കെ. രമ എംഎല്‍എ. തനിക്ക് ആദരവ് ലഭിക്കുന്നില്ലെന്ന തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിന്റെ പരാതി ചര്‍ച്ചയായതിന്റെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ജനപ്രതിനിധികള്‍ക്കുളള ആദരവ് എന്നാല്‍ ജനങ്ങളോടുളള ആദരം മാത്രമാണെന്ന് കെ.കെ. രമ അഭിപ്രായപ്പെട്ടു.

🔳തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ 346 ക്ഷേത്രങ്ങളില്‍ക്കൂടി ഓണ്‍ലൈന്‍ വഴിപാടിനുള്ള സംവിധാനം ഒരുക്കും. കഴിഞ്ഞദിവസംചേര്‍ന്ന ബോര്‍ഡ് യോഗം ഇതിന് അനുമതി നല്‍കി. ഇതോടെ ഭക്തര്‍ക്ക് വീട്ടിലിരുന്നു വഴിപാടും കാണിക്കയും സമര്‍പ്പിക്കാനാവും. നിലവില്‍ ശബരിമല ഉള്‍പ്പെടെ ബോര്‍ഡിനുകീഴിലെ 24 ക്ഷേത്രങ്ങളിലാണ് ഓണ്‍ലൈന്‍ സംവിധാനം ഉള്ളത്. കോവിഡ് പ്രതിസന്ധിയിലുണ്ടായ വന്‍വരുമാനക്കുറവാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചത്.
News Circle Chengannur
🔳ആലുവ ആലങ്ങാട് ഗര്‍ഭിണിയായ യുവതിയെയും പിതാവിനെയും മര്‍ദ്ദിച്ച കേസില്‍ രണ്ട് പേരെ ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവ് നോര്‍ത്ത് നോര്‍ത്ത് പറവൂര്‍ മന്നം തോട്ടത്തില്‍ പറമ്പ് വീട് മുഹമ്മദലി ജവഹര്‍ (28) ഇയാളുടെ സുഹൃത്തായ മന്നം മില്ലുപടി മങ്ങാട്ട് പറമ്പില്‍ വീട്ടില്‍ സഫല്‍ (26) എന്നിവരാണ് അറസ്റ്റിലായത്.

🔳ദുരൂഹതകള്‍ക്ക് വിരാമമിട്ട് കല്ലുവാതക്കലിലെ രേഷ്മയുടെ ‘കാമുകനെ’ പോലീസ് കണ്ടെത്തി. ഫെയ്സ്ബുക്ക് കാമുകനായ അനന്ദു എന്ന വ്യാജ ഐ.ഡിയില്‍നിന്ന് രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗ്രീഷ്മയുടെ സുഹൃത്തായ യുവാവിനെ ചോദ്യം ചെയ്തതോടെയാണ് ‘കാമുകന്റെ’ കാര്യത്തില്‍ സ്ഥിരീകരണമായത്.

🔳ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിതിന് കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും നല്‍കിയ അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം തള്ളി. എംപിമാരുടെ സന്ദര്‍ശനം ദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടര്‍ അപേക്ഷ തള്ളിയത്. നേരത്തെയും കോണ്‍ഗ്രസ് എംപിമാര്‍ക്ക് ദ്വീപ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചിരുന്നു.

🔳സംസ്ഥാനത്ത് അടുത്ത ആഴ്ച മുതല്‍ വാരാന്ത്യ കര്‍ഫ്യൂ ഉണ്ടാകില്ലെന്ന് കര്‍ണാടക സര്‍ക്കാരിന്റെ പ്രഖ്യാപനം. അതേസമയം ദിനംപ്രതിയുള്ള കോവിഡ് കേസുകളില്‍ കുറവുണ്ടെങ്കിലും ജാഗ്രത തുടരുമെന്നും കര്‍ണാടക വ്യക്തമാക്കി. ഇതിന്റെ ഭാഗമായി രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ച അഞ്ചു വരെയുള്ള രാത്രികാല കര്‍ഫ്യൂ അടുത്ത ആഴ്ചയിലും തുടരും.

🔳ഓണ്‍ലൈന്‍ ബിരുദദാനച്ചടങ്ങിനിടെ ഡല്‍ഹി മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് അംബേദ്കര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിക്ക് 5000 രൂപ പിഴയിട്ടു. മുഖ്യമന്ത്രി
അരവിന്ദ് കെജ്രിവാളിനോടും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോടും അനാദരവു പുലര്‍ത്തുന്ന രീതിയില്‍ അഭിപ്രായപ്രകടനം നടത്തിയെന്നാണ് സര്‍വകലാശാല കണ്ടെത്തിയ കുറ്റം. ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ളതാണ് ഈ സര്‍വകലാശാല.

🔳അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി.
75 ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടി. ബിജെപി 65 ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ സീറ്റുകള്‍ നേടിയപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ് വാദി പാര്‍ട്ടി ആറില്‍ ഒതുങ്ങി. മറ്റുള്ളവര്‍ നാല് സീറ്റുകള്‍ പിടിച്ചപ്പോള്‍ കോണ്‍ഗ്രസിന് സീറ്റൊന്നും നേടാനായില്ല.

🔳ഉത്തര്‍പ്രദേശില്‍ ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെ ആരോപണവുമായി സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. ബിജെപി എല്ലാ ജനാധിപത്യ മാനദണ്ഡങ്ങളേയും പരിഹസിക്കുകയാണെന്ന് പറഞ്ഞ അഖിലേഷ് യാദവ് പോളിങ് തടസപ്പെടുത്തുന്നതിനായി അവര്‍ വോട്ടര്‍മാരെ തട്ടിക്കൊണ്ടുപോയതായും ബലംപ്രയോഗിച്ചതായും ആരോപിച്ചു.

🔳പുഷ്‌കര്‍ സിങ് ധാമി ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി. സംസ്ഥാന ബിജെപി നേതൃത്വമാണ് പുതിയ മുഖ്യമന്ത്രിയായി പുഷ്‌കറിനെ തിരഞ്ഞെടുത്തത്. തിരഥ് സിങ് റാവത്തിന്റെ രാജിയെ തുടര്‍ന്നാണ് ധാമി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. നിയമസഭാംഗമല്ലാത്ത തിരഥിനെ ആറുമാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പുനടത്തി എം.എല്‍.എ. ആക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് തീരുമാനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ അദ്ദേഹം സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

🔳റോഡ് വീതികൂട്ടുന്നതിനായി അമിതാഭ് ബച്ചന്റെ ബംഗ്ലാവ് ‘പ്രതീക്ഷ’യുടെ ഒരു ഭാഗം മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പൊളിച്ചുനീക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2017ല്‍ നല്‍കിയ നോട്ടീസിന്റെ തുടര്‍നടപടിയായി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആരംഭിച്ചതായും പ്രതീക്ഷയുടെ ഒരു ഭാഗം ഉടന്‍ പൊളിച്ചുനീക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പൊളിച്ചുനീക്കേണ്ട കെട്ടിടത്തിന്റെ കൃത്യമായ ഭാഗം നിര്‍ണ്ണയിക്കാന്‍ കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

🔳കാനഡയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍ കൊടുംചൂടില്‍ ഉഴലുകയാണ് ഇപ്പോള്‍. പൊതുവേ ശൈത്യപ്രദേശമായി കണക്കാക്കപ്പെടുന്ന കാനഡയില്‍ അസാധാരണമായ കാലാവസ്ഥ അനുഭവപ്പെടുന്നതില്‍ ആശങ്കയിലാണ് ലോകം. അന്തരീക്ഷ താപനില അപകടകരമായ നിലയില്‍ ഉയര്‍ന്ന കാനഡയില്‍ മരണങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. കാനഡയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലാണ് ഉഷ്ണതരംഗം മൂലമുള്ള മരണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കനത്ത ചൂടുമൂലം ഇവിടെ മാത്രം ഒരാഴ്ചയ്ക്കിടയില്‍ 500-ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

🔳അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരമായി ഇന്ത്യയുടെ മിതാലി രാജ്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ചാര്‍ലോട്ട് എഡ്വേര്‍ഡ്സിനെയാണ് മിതാലി മറികടന്നത്. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ 15 റണ്‍സ് നേടിയപ്പോഴാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ എഡ്വേര്‍ഡ്സിനെ മറികടന്നത്. മത്സരത്തില്‍ പുറത്താവാതെ 75 റണ്‍സാണ് മിതാലി നേടിയത്. ഇതോടെ മൂന്ന് ഫോര്‍മാറ്റുകളിലുമായി താരത്തിന്റെ അക്കൗണ്ടില്‍ 10,273 റണ്‍സായി. മിതാലിയുടെ ഇന്നിങ്സിന്റെ കരുത്തില്‍ ഇന്ത്യ നാല് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇംഗ്ലണ്ട് പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

🔳തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ തകര്‍ത്ത് ഡെന്മാര്‍ക്ക് യൂറോ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഡെന്മാര്‍ക്കിന്റെ വിജയം. ടൂര്‍ണമെന്റില്‍ അട്ടിമറികളുമായി മുന്നേറിയ ഡെന്മാര്‍ക്കും ചെക്കും മികച്ച പ്രകടനമാണ് ക്വാര്‍ട്ടറില്‍ പുറത്തെടുത്തു.

🔳യൂറോകപ്പിലെ അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ യുക്രൈനിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് സെമി ഫൈനലില്‍ പ്രവേശിച്ചു. 1996-ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഹോം ഗ്രൗണ്ടായ വെബ്ലിയില്‍ വെച്ച് നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഡെന്മാര്‍ക്കാണ് എതിരാളികള്‍.

🔳കേരളത്തില്‍ ഇന്നലെ 1,19,897 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,640 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,677 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 659 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,515 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,03,567 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 6ന് താഴെ 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്ക് 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്ക് 293, ടി.പി.ആര്‍. 18ന് മുകളില്‍ 88 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267.

🔳രാജ്യത്ത് ഇന്നലെ 42,751 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 51,775 പേര്‍ രോഗമുക്തി നേടി. മരണം 932. ഇതോടെ ആകെ മരണം 4,02,015 ആയി. ഇതുവരെ 3,05,44,485 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.8 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 9,489 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 4,013 പേര്‍ക്കും കര്‍ണാടകയില്‍ 2,082 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,930 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,391 പേര്‍ക്കും ഒഡീഷയില്‍ 2,917 പേര്‍ക്കും ആസാമില്‍ 2,375 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,68,674 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 7,844 പേര്‍ക്കും ബ്രസീലില്‍ 54,556 പേര്‍ക്കും റഷ്യയില്‍ 24,439 പേര്‍ക്കും ഇംഗ്ലണ്ടില്‍ 24,885 പേര്‍ക്കും അര്‍ജന്റീനയില്‍ 14,034 പേര്‍ക്കും കൊളംബിയയില്‍ 26,928 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 27,913 പേര്‍ക്കും സൗത്ത് ആഫ്രിക്കയില്‍ 26,485 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 18.42 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.16 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,667 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 96 പേരും ബ്രസീലില്‍ 1,519 പേരും റഷ്യയില്‍ 697 പേരും അര്‍ജന്റീനയില്‍ 212 പേരും കൊളംബിയയില്‍ 591 പേരും ഇന്‍ഡോനേഷ്യയില്‍ 493 പേരും സൗത്ത് ആഫ്രിക്കയില്‍ 175 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 39.86 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രാജ്യത്തൊട്ടാകെ തെരഞ്ഞെടുക്കപ്പെട്ട 360 ശാഖകളില്‍ കറന്റ് അക്കൗണ്ട് സേവന പോയിന്റ് ആരംഭിച്ചു. മുഖ്യ കറന്റ് അക്കൗണ്ട് ഉടമകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം പുതിയ ഇടപാടുകാരെ കണ്ടെത്തുവാനും ഈ കൗണ്ടര്‍ ലക്ഷ്യമിടുന്നു. ഇടപാടുകാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനും അവരുടെ ആവശ്യത്തിനനുസരിച്ചുള്ള സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുവാനുമാണ് കറന്റ് അക്കൗണ്ട് സേവന പോയിന്റ് ലക്ഷ്യമിടുന്നത്.

🔳2021 ന്റെ ആദ്യ പകുതിയിലെ ശക്തമായ മുന്നേറ്റത്തിനുശേഷം, ഇന്ത്യന്‍ ഐപിഒ വിപണിയില്‍ ജൂലൈയിലും തുടര്‍ന്നുള്ള മാസങ്ങളിലും ഐപിഒ തരംഗമാണ് വരുന്നതെന്ന് വിപണി റിപ്പോര്‍ട്ടുകള്‍. 2021 ന്റെ ആദ്യ പകുതിയില്‍ 24 കമ്പനികള്‍ ഐപിഒകള്‍ വഴി 39,000 കോടി രൂപയാണ് സമാഹരിച്ചത്. ഐപിഒകള്‍ 22 ഓളമാണ് ചാനലിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ജൂലൈയില്‍ തന്നെ സൊമാറ്റോ, ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി, റോളക്‌സ് റിംഗ്‌സ് തുടങ്ങിയവ ഐപിഓയ്ക്ക് എത്തും. 22,000 കോടി രൂപ യാണ് ലക്ഷ്യം.

🔳ദിലീഷ് പോത്തന്റെ ‘ജോജി’യില്‍ പ്രേക്ഷകപ്രീതി നേടിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ബാബുരാജ് അവതരിപ്പിച്ച ‘ജോമോന്‍ പനച്ചേല്‍’.’ജോമോന്‍ പനച്ചേല്‍’ ആയുള്ള ബാബുരാജിന്റെ പ്രകടനം ഇഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് തന്റെ പുതിയ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലേക്ക് ബാബുരാജിനെ ക്ഷണിച്ചിരിക്കുകയാണ് വിശാല്‍. വിശാല്‍ നായകനാവുന്ന ചിത്രത്തിലാണ് ബാബുരാജ് അഭിനയിക്കുന്നത്. നായികയാവുന്നത് തെലുങ്ക്, തമിഴ് താരം ഡിംപിള്‍ ഹയതിയാണ്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്.

🔳ബോളിവുഡ് താരം അക്ഷയ് കുമാറുമായി ചിത്രമൊരുക്കാന്‍ സംവിധായകന്‍ പ്രിയദര്‍ശന്‍. നീണ്ട കാലത്തെ ഇടവേളക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നത്. പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അക്ഷയ് കുമാറിനൊപ്പം ചര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹവും റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 12ന് ഓണം റിലീസായി ചിത്രമെത്തിക്കാന്‍ ആണ് പദ്ധതിയിട്ടിരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും.

🔳2021 ജൂണ്‍ മാസത്തിലെ പ്രതിമാസ വില്‍പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ മികച്ച നേട്ടവുമായി രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 1,47,368 യൂണിറ്റായിരുന്നു കമ്പനിയുടെ മൊത്തം വില്‍പന. ആഭ്യന്തര വില്‍പ്പനയും കയറ്റുമതി കണക്കുകളും ഉള്‍പ്പെടെയാണിത്. ഇതില്‍ 1,30,348 യൂണിറ്റിന്റെ മൊത്തം ആഭ്യന്തര വില്‍പ്പനയും 17,020 യൂണിറ്റിന്റെ കയറ്റുമതിയും ഉള്‍പ്പെടുന്നു. മെയില്‍ 46,555 കാറുകള്‍ മാത്രം വിറ്റിരുന്ന സ്ഥാനത്താണിത്.

🔳ദരിദ്ര കുടുംബത്തില്‍ ജനിച്ചിട്ടും, ചുറ്റുപാടുകള്‍ അനുകൂലമല്ലാതിരുന്നിട്ടും അറിവ് നേടി വലിയ വിജയത്തിലെത്തിയ ധീരന്റെ ജീവിതകഥ. ‘അറിവിന്റെ അദ്ഭുതലോകത്തില്‍’. പ്രൊഫ എസ് ശിവദാസ്. പൂര്‍ണ പബളിക്കേഷന്‍സ്. വില 123 രൂപ.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments