പ്രധാന വാർത്തകൾ
നേരായ വാർത്തകൾ നേരിട്ടറിയാൻ
പ്രഭാത വാർത്തകൾ
2021 | ജൂലൈ 5 | 1196 മിഥുനം 21 | തിങ്കൾ | ഭരണി |
🔳 കോവിഡിന്റെ മൂന്നാം തരംഗം ഒക്ടോബറിനും നവംബറിനും മധ്യേ ഉച്ചസ്ഥായിയില്‍ എത്താമെന്ന് വിലയിരുത്തല്‍. രോഗവ്യാപനം വിലയിരുത്താന്‍ ശാസ്ത്ര- സാങ്കേതിക മന്ത്രാലയം രൂപവത്കരിച്ച സമിതിയിലെ അംഗം ഡോ. മനീന്ദ്ര അഗര്‍വാളാണ് ഇക്കാര്യം പറഞ്ഞത്. മൂന്നാം തരംഗത്തില്‍ പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം രണ്ടാം തരംഗത്തില്‍ പ്രതിദിനം രോഗം ബാധിച്ചവരുടെ പകുതി മാത്രം ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ പുതിയ വകഭേദങ്ങള്‍ ഉണ്ടായാല്‍ മൂന്നാം തരംഗത്തില്‍ രോഗവ്യാപനം അതിവേഗം നടന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
🔳കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വിവിധ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം പാര്‍ലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ തീരുമാനം. ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്താനും പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.
🔳റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ സര്‍ക്കാരിനെതിരേ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ്. അഴിമതി ആരോപണത്തിലെ സത്യം പുറത്തുവരാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ വിഷയത്തില്‍ പ്രധാനമന്ത്രി തുടരുന്ന മൗനത്തെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ഇടപാടിലൂടെ പണം നേടിയ രാജ്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും എന്നാല്‍ നികുതിദായകരുടെ പണം നഷ്ടപ്പെട്ട രാജ്യം നിശബ്ദത പാലിക്കുകയാണെന്നും പാര്‍ട്ടി വക്താവ് പവന്‍ ഖേര പറഞ്ഞു.
🔳ഇസ്ലാം മതവിശ്വാസികള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് പറയുന്നവര്‍ ഹിന്ദു അല്ലെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഇന്ത്യയില്‍ ആര്‍എസ്എസ് ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നും ഇസ്ലാം- രാജ്യത്തിന് അപകടമാണെന്നുമൊക്കെയുള്ള പ്രചാരണങ്ങളില്‍ നിന്ന് രക്ഷപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.എസിന് കീഴിലെ മുസ്ലിം സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷത്തിനെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ പ്രതിഷേധം ഉയരുന്നത് ഭൂരിപക്ഷത്തില്‍ നിന്നുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
🔳ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തീവ്രവാദ ഗ്രൂപ്പുകള്‍ ഡ്രോണ്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യത ഉളളതിനാല്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ തമിഴ്‌നാടിനും കേരളത്തിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
🔳സംസ്ഥാനത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങളുടെ തുടര്‍ച്ച അവലോകനം ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലൂടെ ടിപിആര്‍ അഞ്ചില്‍ താഴെ എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. പക്ഷെ ടിപിആര്‍ പത്തില്‍ താഴെ എത്താത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ പുതിയ ഇളവ് അനുവദിക്കേണ്ടതുണ്ടോയെന്ന കാര്യം ഉന്നതതല യോഗം ചര്‍ച്ച ചെയ്യും.
🔳മന്ത്രി മുഹമ്മദ് റിയാസ് ശാസിച്ചതിന് തൊട്ടുപിന്നാലെ റോഡിലെ കുഴികള്‍ അടച്ച് കരാര്‍ കമ്പനി. രാമനാട്ടുകര – വെങ്ങളം ദേശീയപാതയിലെ കുഴികള്‍ അടയ്ക്കാത്തതില്‍ കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തില്‍ മന്ത്രി കരാര്‍ കമ്പനിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. റോഡിലെ കുഴികള്‍ അടയ്ക്കാന്‍ കഴിയുമോ എന്നത് രണ്ട് മണിക്കൂറിനകം അറിയിക്കണം എന്ന മന്ത്രിയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കരാര്‍ കമ്പനി റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയത്. മന്ത്രി തന്നെ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
🔳ചാലാട് കുഴിക്കുന്നില്‍ ഒമ്പത് വയസ്സുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. രാജേഷ്-വാഹിദ ദമ്പതിമാരുടെ മകള്‍ അവന്തികയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസില്‍ മാതാവ് വാഹിദയെ പോലീസ് അറസ്റ്റ് ചെയ്തു. മകളെ വാഹിദ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു വാഹിദയുടെ ശ്രമം. ഇവര്‍ക്ക് മാനസികപ്രശ്‌നമുണ്ടായിരുന്നതായും വിവരമുണ്ട്.
🔳പത്താം ക്ലാസ് വിദ്യാര്‍ഥിയോട് ഫോണിലൂടെ കയര്‍ത്തുസംസാരിച്ചെന്ന വിവാദത്തില്‍ പ്രതികരണവുമായി കൊല്ലം എംഎല്‍എ മുകേഷ്. വലിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ഫോണ്‍ വിളിച്ചതെന്നും എന്നെ വിളിച്ചയാള്‍ നിഷ്‌കളങ്കനായ ഒരാളായിരുന്നുവെങ്കില്‍ എന്തിന് ആ കോള്‍ റെക്കോര്‍ഡ് ചെയ്തുവെന്നും മുകേഷ് ചോദിച്ചു. സൂം മീറ്റിംഗിലാണെന്ന് പറഞ്ഞിട്ടും ആറ് തവണ തുടര്‍ച്ചയായി വിളിച്ചെന്നും നേരത്തെ വിളിച്ചത് എന്തുകൊണ്ടാണ് പുറത്ത് വിടാത്തതെന്നും മുകേഷ് ചോദിച്ചു.
🔳കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിനിടെ കേരളത്തിലേക്ക് മടങ്ങിയത് 15 ലക്ഷം പ്രവാസികളെന്ന് കണക്കുകള്‍. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലെന്ന് വിശേഷിപ്പിച്ചിരുന്ന പ്രവാസിസമൂഹത്തിലെ വലിയൊരു ശതമാനം പേരും തൊഴില്‍ നഷ്ടമായാണ് മടങ്ങിയിട്ടുള്ളതെന്നത് സാഹചര്യത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നതാണ്. 10 ലക്ഷത്തോളം പേരാണ് ജോലിനഷ്ടമായവരുടെ പട്ടികയിലുള്‍പ്പെടുന്നത്.
🔳ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി നിശ്ചയിക്കപ്പെട്ടതിനു പിന്നാലെ പുഷ്‌കര്‍ സിങ് ധാമി വിവാദത്തില്‍. ആറ് വര്‍ഷം മുന്‍പ് ട്വീറ്റ് ചെയ്ത ഇന്ത്യയുടെ ഭൂപടമാണ് പുതിയ വിവാദത്തിന് വഴിതുറന്നത്. ‘അഖണ്ഡഭാരതം’ എന്ന പേരില്‍ ഇന്നത്തെ ഇന്ത്യയുടെ പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കിയുള്ള മാപ്പാണ് പുഷ്‌കര്‍ 2015ല്‍ ട്വീറ്റ് ചെയ്തത്. പുഷ്‌കര്‍ സിങ് ധാമി ചുമതലയേറ്റതിന് പിന്നാലെ ട്വിറ്റര്‍ ഉപയോക്താക്കള്‍ ധാമിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കുക്കയായിരുന്നു. ഇന്ത്യയുടെ ഭാഗമായ ലഡാക്കിന്റേതുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയുള്ള മാപ്പാണ് ധാമി പങ്കുവെച്ചതെന്ന് ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.
🔳ഉത്തര്‍പ്രദേശില്‍ 2022-ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.പിയുമായോ ബി.എസ്.പിയുമായോ സഖ്യമുണ്ടാക്കാതെ മത്സരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു. അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് അവകാശവാദം. സംസ്ഥാനത്ത് മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉണ്ടാകുമെന്നും പ്രിയങ്ക എന്നാവും അതിന്റെ പേരെന്നും ലല്ലു കൂട്ടിച്ചേര്‍ത്തു.
🔳കോവിഡ് മഹാമാരിക്കെതിരെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഈ ആവശ്യം ഉന്നയിച്ച് കെജ്രിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. എല്ലാ ഡോക്ടര്‍മാരേയും സംഘമായി ആദരിക്കാന്‍ ചട്ടങ്ങള്‍ പരിഷ്‌കരിക്കണമെന്നും കെജ്രിവാള്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
🔳പഞ്ചാബിലെ ഗുരുദാസ്പുരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വെടിവെച്ച് കൊന്നു. വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗൃഹനാഥനായ മംഗള്‍സിങ്, മക്കളായ സുഖ്ബീര്‍ സിങ്, ജസ് വീര്‍ സിങ്, മംഗള്‍സിങ്ങിന്റെ കൊച്ചുമകനായ ബല്‍ദീപ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സുഖ് വീന്ദര്‍ സിങ് എന്നയാളാണ് വെടിവെപ്പ് നടത്തിയതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബവും സുഖ് വീന്ദറും തമ്മില്‍ വസ്തുതര്‍ക്കം നിലനിന്നിരുന്നു. ഇതാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് വിവരം.
🔳കാലിഫോണിയയില്‍ വ്യാപകമായി കാട്ടുതീ പടരുന്നു. ഇതിനോടകം തെക്കന്‍ കാലിഫോണിയയിലെ നാല്‍പതിനായിരം ഏക്കറിലധികം ഭൂമിയിലേക്ക് കാട്ടുതീ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
News Circle Chengannur
🔳യുവ ഗുസ്തി താരം സാഗര്‍ റാണയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍ ജയിലില്‍ ടിവി അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് കത്തെഴുതി. ലോകത്ത് നടക്കുന്ന ഗുസ്തി മത്സരങ്ങളെ കുറിച്ച് അറിയാനാണ് ടിവി ആവശ്യപ്പെടുന്നതെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് അയച്ച കത്തില്‍ സുശീല്‍ പറയുന്നു.
🔳കേരളത്തില്‍ ഇന്നലെ 1,18,047 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 76 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,716 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,263 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 698 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,551 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,04,039 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 6ന് താഴെ 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്ക് 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്ക് 293, ടി.പി.ആര്‍. 18ന് മുകളില്‍ 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട് 276, ഇടുക്കി 261
🔳രാജ്യത്ത് ഇന്നലെ 40,111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 42,322 പേര്‍ രോഗമുക്തി നേടി. മരണം 725. ഇതോടെ ആകെ മരണം 4,02,758 ആയി. ഇതുവരെ 3,05,84,872 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.77 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 9,336 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 3,867 പേര്‍ക്കും കര്‍ണാടകയില്‍ 1,564 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 3,175 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,297 പേര്‍ക്കും ഒഡീഷയില്‍ 2,870 പേര്‍ക്കും ആസാമില്‍ 1,213 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 3,19,484 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 3,985 പേര്‍ക്കും ബ്രസീലില്‍ 27,783 പേര്‍ക്കും റഷ്യയില്‍ 25,142 പേര്‍ക്കും ഇംഗ്ലണ്ടില്‍ 24,248 പേര്‍ക്കും കൊളംബിയയില്‍ 26,265 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 27,233 പേര്‍ക്കും സൗത്ത് ആഫ്രിക്കയില്‍ 16,585 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 18.45 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.16 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 5,711 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 38 പേരും ബ്രസീലില്‍ 718 പേരും റഷ്യയില്‍ 663 പേരും അര്‍ജന്റീനയില്‍ 310 പേരും കൊളംബിയയില്‍ 582 പേരും ഇന്‍ഡോനേഷ്യയില്‍ 555 പേരും സൗത്ത് ആഫ്രിക്കയില്‍ 333 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 39.92 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳ഏപ്രില്‍ ജൂണ്‍ കാലയളവില്‍ ഇന്ത്യ 9536 കോടി ഡോളറിന്റെ കയറ്റുമതി നടത്തി. മൂന്നു മാസക്കാലയളവില്‍ കയറ്റുമതിയില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. ജൂണില്‍ കയറ്റുമതി 47.34 ശതമാനം ഉയര്‍ന്ന് 3246 കോടി ഡോളറായി. ഇറക്കുമതി 96.33 ശതമാനം വര്‍ധിച്ച് 4186 കോടി ഡോളറായി. ഏപ്രില്‍ ജൂണ്‍ കാലയളവില്‍ 12614 കോടി ഡോളറിന്റെ ഇറക്കമതിയും നടത്തി.
🔳വന്‍ നിക്ഷേപത്തിന് തയാറെടുക്കുകാണ് രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പ്പാദകരായ എന്‍ടിപിസി. ഇതിന് ഫണ്ട് സമാഹരിക്കുന്നതിനായി അടുത്ത സാമ്പത്തിക വര്‍ഷം ഒരു മെഗാ ഐപിഒ അവതരിപ്പിക്കുന്നതിനാണ് കമ്പനി ഒരുങ്ങുന്നത്. രണ്ട് ലക്ഷം കോടി മുതല്‍ 2.5 ലക്ഷം കോടി വരെയുള്ള നിക്ഷേപം പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ നടത്തുന്നതിനാണ് പദ്ധതി. ഇതിന്റെ നല്ലൊരു പങ്ക് ഓഹരി വിപണിയിലൂടെ പൊതുജനങ്ങളില്‍ സമാഹരിക്കാനാണ് ശ്രമം.
🔳നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീകുമാരന്‍ തമ്പി രചിച്ച ‘പെര്‍ഫ്യൂമി’ലെ ഗാനം റിലീസായി. സംഗീത സംവിധായകന്‍ രാജേഷ്ബാബു കെ സംഗീതം നല്‍കി മധുശ്രീ നാരായണന്‍ ആലപിച്ച ഗാനമാണിത്. കനിഹ, പ്രതാപ് പോത്തന്‍,ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന്‍ ഹരിദാസ് ഒരുക്കിയ ചിത്രമാണ് ‘പെര്‍ഫ്യൂം’.സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത്.
🔳പുതുമുഖങ്ങള്‍ക്കൊപ്പം തമിഴിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രമാണ് ‘പാമ്പാടും ചോലൈ’യുടെ ടൈറ്റില്‍ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. മലയാളം, തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. രംഗ ബുവനേശ്വര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈം ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കുന്നത് റിയാസ് എം.ടിയാണ്.
🔳ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു എം5 കോംപറ്റീഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.62 കോടി രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ് ഷോറൂം വില. കമ്പനിയുടെ ഇന്ത്യ വെബ്‌സൈറ്റില്‍ ബിഎംഡബ്ല്യു എം5 കോംപറ്റീഷന്റെ ബുക്കിംഗ് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. അള്‍ട്രാ സ്‌ട്രൈക്കിംഗ് പെര്‍ഫോമെന്‍സ് സെഡാന്‍ തേടുന്ന ഡ്രൈവിംഗ് പ്രേമികളെ ലക്ഷ്യം വച്ചാണ് വാഹനത്തിന്റെ വരവ്.
🔳മനസ്സിന്റെ ഉള്ളറകളില്‍നിന്നു പൊട്ടിയൊഴുകുന്ന ഈ കഥകള്‍ വായനക്കാരനെ ആഴത്തില്‍ സ്പര്‍ശിക്കും. ശിവദാസന്‍ എ.കെ. യുടെ വ്യത്യസ്തങ്ങളായ പത്തു കഥകളുടെ സമാഹാരം. ‘വേടഭാരതം’. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 80 രൂപ.