Pravasimalayaly

വാർത്തകൾ ഇതുവരെ

🔳ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടന നാളെ ഉണ്ടാകുമെന്ന് സൂചന. മന്ത്രിമാരാകന്‍ സാധ്യതയുള്ള ജ്യോതിരാദിത്യ സിന്ധ്യയടക്കമുള്ളവര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുന:സംഘടനയാണ് നടക്കാനിരിക്കുന്നത്. 2024 -ലെ പൊതുതിരഞ്ഞെടുപ്പും അതിന് മുമ്പ് നടക്കേണ്ട യുപി നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടുകൊണ്ടാകും അഴിച്ചുപണിയെന്നാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

🔳കേന്ദ്ര മന്ത്രിസഭാ പുനസംഘടന ആസന്നമായിരിക്കെ എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. കര്‍ണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗോവ, ത്രിപുര, ജാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചത്. മിസോറാം ഗവര്‍ണറായിരുന്ന പി.എസ് ശ്രീധരന്‍പിള്ളയെ അവിടെ നിന്ന് മാറ്റി ഗോവ ഗവര്‍ണറായി നിയമിച്ചു.

🔳ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ മറിയം റഷീദയുടെ അറസ്റ്റ് ആര്‍.ബി. ശ്രീകുമാര്‍ പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്. നമ്പി നാരാണനേയും രമണ്‍ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാന്‍ ഐ.ബി നിരന്തരം ശ്രമം നടത്തിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയയില്‍ സിബി മാത്യൂസ് പറയുന്നു. ഐ.ബി ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തുടങ്ങിവെച്ച കേസാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഐ.എസ്.ആര്‍.ഒ. ചാരക്കേസ് യാഥാര്‍ഥ്യമാണെന്നും മാലി വനിതകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രജ്ഞര്‍ കൂട്ടുനിന്നുവെന്നും സിബി മാത്യൂസ് ജാമ്യാപേക്ഷയയില്‍ പറയുന്നു.

🔳ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് യോഗം ചേര്‍ന്നത്. ജില്ലാ കളക്ടര്‍മാരും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്ത് നിലവിലെ അവസ്ഥയും ഇനി ചെയ്യേണ്ട കാര്യങ്ങളും വിലയിരുത്തി. ടി.പി.ആര്‍. നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

🔳മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റവതരണത്തിനിടെ അന്നത്തെ പ്രതിപക്ഷ എം.എല്‍.എ.മാര്‍ നിയമസഭയില്‍ നടത്തിയ കൈയാങ്കളി ക്ഷമിക്കാവുന്നതല്ലെന്ന് സുപ്രീംകോടതി. ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും എം.എല്‍.എ.മാര്‍ വിചാരണ നേരിടേണ്ടിവരുമെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആര്‍. ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.

🔳കെ.എം.മാണി അഴിമതിക്കാരനാണെന്ന സുപ്രീംകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം. രാഷ്ട്രീയ പരിജ്ഞാനമില്ലാത്ത അഭിഭാഷകന് സംഭവിച്ചത് നാക്കുപിഴയാണെന്ന രീതിയില്‍ വിഷയം ലഘൂകരിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

🔳നിയമസഭയില്‍ കെ.എം.മാണിക്കെതിരെയാണ് പ്രതിഷേധം നടന്നതെന്ന് സുപ്രീംകോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍. നിയമസഭാ കൈയാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം നടത്തിയ വാദവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

🔳ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ അംഗങ്ങളെ താക്കീത് ചെയ്ത് അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാര്‍ട്ടിയില്‍ അച്ചടക്കം പ്രധാനമാണെന്നും കോണ്‍ഗ്രസല്ല ബിജെപിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇത്തരത്തില്‍ അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തില്‍ സുരേന്ദ്രന്‍ സൂചിപ്പിച്ചു.

🔳സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന. 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന് മുന്‍ഗണന നല്‍കാന്‍ നിര്‍ദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. വിദേശത്ത് പഠിക്കാന്‍ പോകുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ ഈ മുന്‍ഗണന ലഭിക്കും. കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി ക്ലാസ്സുകള്‍ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

🔳കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍. വാത്തുരുത്തി ഭാഗത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി തുഷാര്‍ അത്രി (19) യാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് നാവിക സേന ഉത്തരവിട്ടു.

🔳കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ വൈറസ് ബാധയേത്തുടര്‍ന്ന് വീണ്ടും ആനക്കുട്ടി ചരിഞ്ഞു. അര്‍ജ്ജുന്‍ എന്ന കുട്ടിയാനയാണ് ഹെര്‍പ്പിസ് ബാധയേത്തുടര്‍ന്ന് ചരിഞ്ഞത്. ആന പുനരധിവാസ കേന്ദ്രത്തില്‍ അടുത്തിടെ ചരിയുന്ന രണ്ടാമത്തെ ആനക്കുട്ടിയാണ് അര്‍ജ്ജുന്‍. കഴിഞ്ഞയാഴ്ച ശ്രീക്കുട്ടി എന്ന ഒരു കുട്ടിയാന ചരിഞ്ഞിരുന്നു.

🔳നാഷണല്‍ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കടബാധ്യതയില്‍ വന്‍വര്‍ധന. 2021 സാമ്പത്തികവര്‍ഷം അവസനാമായപ്പോഴേയ്ക്കും 3.17 ലക്ഷം കോടിയായാണ് കടംകൂടിയത്. 2020 മാര്‍ച്ച് അവസാനത്തില്‍ രേഖപ്പെടുത്തിയ ബാധ്യതയേക്കാള്‍ 27ശതമാനം അധികമാണിത്. 2.49 ലക്ഷം കോടി രൂപയായിരുന്നു അന്നത്തെ ബാധ്യത.

🔳1952 ലെ സിനിമാേറ്റാഗ്രാഫ് നിയമത്തില്‍ പുതിയ നിയമഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സിനിമാറ്റോഗ്രാഫ് ആക്റ്റ് 2021 ന് എതിരെ നടന്‍ കാര്‍ത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ സന്ദര്‍ശിച്ച് കാര്‍ത്തി സിനിമാറ്റോഗ്രാഫ് നിയമത്തിനെതിരേ ആയിരത്തോളം സിനിമാപ്രവര്‍ത്തകര്‍ ഒപ്പിട്ട നിവേദനം നല്‍കി.

🔳ബധിരയും മൂകയുമായ ഭാര്യയെ സംശയത്തിന്റെ പേരില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്‍ ബധിരനും മൂകനുമായ യുവാവിന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പള്ളിത്തോട്ടം ക്യു.എസ്.എസ്.എസ്. കോളനി വെളിച്ചം നഗറിലെ 97-ാം നമ്പര്‍ വീട്ടില്‍ മോളി (29) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് അനില്‍കുമാറിനെയാണ് (39) കോടതി ശിക്ഷിച്ചത്.

🔳ഭീമാ കൊറെഗാവ് കേസില്‍ വിചാരണകാത്തു കഴിയുകയായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ മരിച്ചതില്‍ പ്രതികരണവുമായി തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. ‘ഈ രാജ്യത്ത് നീതി ഇങ്ങനെ വെന്റിലേറ്ററിലായി എന്നതില്‍ ലജ്ജയുണ്ടെന്നും സങ്കടമുണ്ടെന്നും മെഹുവ വ്യക്തമാക്കി.

🔳നിതീഷ് കുമാറിന്റെ നേതൃത്വത്തിലുളള എന്‍.ഡി.എ.സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ നിന്ന് മരണം വരെ പിന്മാറിലെന്ന് ആര്‍.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവ്. മകന്‍ തേജസ്വി യാദവ് കാരണമാണ് താനിപ്പോഴും ജീവിച്ചിരിക്കുന്നതെന്നും ലാലു പറഞ്ഞു. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലായിരുന്ന ലാലു ദീര്‍ഘകാലത്തിന് ശേഷമാണ് പൊതുവേദിയിലെത്തിയത്.

🔳കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതികളെ വെടിവെക്കുന്ന സംവിധാനമാണ് വേണ്ടതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമില്‍ നടന്ന സംഭവങ്ങളെ ന്യായീകരിച്ചു കൊണ്ടാണ് ഹിമന്ത ഇത്തരമൊരു പ്രസ്താവന നടത്തിയത്. ബലാല്‍സംഗം, ലൈംഗിക പീഡനം, കയ്യേറ്റം തുടങ്ങിയ കേസുകളില്‍ കുറ്റപത്രം തയ്യാറാക്കുന്നതില്‍ കാലതാമസമുണ്ടാകരുതെന്നും കൊലപാതകം, ആയുധക്കടത്ത്, മയക്കുമരുന്ന് കേസുകള്‍ക്കൊപ്പം സ്ത്രീകള്‍ക്കെതിരെയുള്ള കേസുകളിലും വേഗത്തിലുള്ള വിചാരണ ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳യു.എ.ഇ.യിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും യു.എ.ഇ. 10 വര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വിസ നല്‍കും. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ വാര്‍ഷികപരീക്ഷയില്‍ 95 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കുക.

🔳വിഖ്യാത ഹോളിവുഡ് സംവിധായകന്‍ റിച്ചാര്‍ഡ് ഡോണര്‍ (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. സൂപ്പര്‍മാന്‍ എന്ന സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് റിച്ചാര്‍ഡ് ഡോണര്‍.

🔳ഇറ്റാലിയന്‍ താരം ലൊറെന്‍സോ സൊനെഗോയെ തകര്‍ത്ത് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ വിംബിള്‍ഡണിന്റെ ക്വാര്‍ട്ടറില്‍ കടന്നു. എട്ടു തവണ ജേതാവായ ഫെഡറര്‍ ഇത് 18-ാം തവണയാണ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്നത്. അടുത്ത മാസം 40 വയസ് പൂര്‍ത്തിയാകാനിരിക്കുന്ന ഫെഡറര്‍ 1977-നു ശേഷം ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തുന്ന പ്രായം കൂടിയ താരമെന്ന നേട്ടവും ഓപ്പണ്‍ യുഗത്തില്‍ വിംബിള്‍ഡണിന്റെ ക്വാര്‍ട്ടറിലെത്തുന്ന പ്രായം കൂടിയ താരമെന്ന നേട്ടവും സ്വന്തമാക്കി.

🔳കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ ഫൈനലില്‍ കടന്നു. ഇന്ന് പുലര്‍ച്ചെ നടന്ന സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ബ്രസീലിന്റെ ഫൈനല്‍ പ്രവേശനം. ബുധനാഴ്ച പുലര്‍ച്ചെ നടക്കുന്ന രണ്ടാം സെമിയില്‍ അര്‍ജന്റീന – കൊളംബിയ മത്സര വിജയികളെ ഫൈനലില്‍ ബ്രസീല്‍ നേരിടും.

🔳കൊളംബിയയും അര്‍ജന്റീനയും തമ്മിലുള്ള കോപ്പ അമേരിക്ക ഫുട്ബോള്‍ സെമി ഫൈനലില്‍ അര്‍ജന്റീനക്ക് പിന്തുണ പ്രഖ്യാപിച്ച് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. ആദ്യ സെമി ഫൈനലില്‍ പെറുവിനെ ഒരു ഗോളിന് തോല്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു നെയ്മര്‍. ഫൈനലില്‍ അര്‍ജന്റീനക്കായി കാത്തിരിക്കുകയാണെന്നും ,അര്‍ജന്റീനയില്‍ തനിക്ക് സുഹൃത്തുക്കളുണ്ടെന്നും പക്ഷേ ഫൈനലില്‍ ബ്രസീല്‍ വിജയിക്കുമെന്നും നെയ്മര്‍ പറഞ്ഞു.

🔳ഏഷ്യന്‍ വംശജരെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഫ്രഞ്ച് ഫുട്ബോള്‍ താരങ്ങളായ ഒസ്മാനെ ഡെംബലയും അന്റോയ്ന്‍ ഗ്രീസ്മാനും. ആരേയും വംശീയമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആ സംഭവം നടന്നത് ജപ്പാനിലായതിനാല്‍ ഏഷ്യന്‍ വംശജര്‍ക്കെതിരായ അധിക്ഷേപമായി കണക്കാക്കരുതെന്നും ഡെംബല പറയുന്നു. എല്ലാ തരത്തിലുള്ള വിവേചനങ്ങള്‍ക്കും എതിരാണെന്നും വീഡിയോ ദൃശ്യത്തിലെ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഗ്രീസ്മാന്‍ ട്വീറ്റ് ചെയ്തു.

🔳ആര്‍ഐഎല്‍ (റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്) പുതിയതായി ആരംഭിച്ച റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍, റിലയന്‍സ് ന്യൂ സോളാര്‍ തുടങ്ങിയ കമ്പനികളുടെ ഡയറക്ടറായി ആനന്ദ് അംബാനിയെ നിയമിച്ചു. മുകേഷ് അംബാനിയുടെ ഇളയമകനാണ് ആനന്ദ് അംബാനി. സൗദി അരാംകോ നിക്ഷേപകരായ റിലയന്‍സ് ഓയില്‍ ടു കെമിക്കല്‍ ബോര്‍ഡിലും ആനന്ദിനെ നിയമിച്ചിട്ടുണ്ട്. ജിയോ പ്ലാറ്റ് ഫോമുകളുടെ ബോര്‍ഡില്‍ ഡയറക്ടറായും ആനന്ദ് സേവനമനുഷ്ഠിക്കുന്നു.

🔳സംസ്ഥാനത്ത് സ്വര്‍ണ വില കൂടുന്നു. രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ ചൊവാഴ്ച 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്റെ വില 35,520 രൂപയായി. 4440 രൂപയാണ് ഗ്രാമിന്. അഞ്ചുദിവസത്തിനിടെ 520 രൂപയാണ് വര്‍ധിച്ചത്. ഡോളര്‍ ദുര്‍ബലമായതോടെ ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,800 ഡോളര്‍ നിലവാരത്തിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.

🔳ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ ട്രെയിലര്‍ എത്തി. അന്‍പത്തിയഞ്ചുകാരനായ സുലൈമാന്‍ മാലിക് ആയി ഫഹദ് നിറയുകയാണ് ട്രെയിലറില്‍. മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രം പീരിയഡ് ഗണത്തില്‍ പെടുന്നു. രണ്ട് കാലഘട്ടങ്ങളാണ് ചിത്രത്തില്‍ സംഭവങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. സുലൈമാന്‍ മാലിക്!. തീരദേശ ജനതയുടെ നായകന്‍. ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ. 27 കോടിയോളം ബജറ്റുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

🔳അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സാറാസി’ലെ വീഡിയോഗാനം പുറത്തെത്തി. ‘കഥ പറയണ്’ എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതി, സംഗീതം പകര്‍ന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ഷാന്‍ റഹ്മാന്‍ ആണ്. സ്വതന്ത്ര സംവിധായികയാവാന്‍ ആഗ്രഹിക്കുന്ന അസോസിയേറ്റ് ഡയറക്ടര്‍ ആണ് ചിത്രത്തില്‍ അന്ന ബെന്‍ അവതരിപ്പിക്കുന്ന ‘സാറ’യെന്ന കഥാപാത്രം. നിര്‍മ്മാതാക്കളോട് സാറ തന്റെ കൈയിലുള്ള കഥ അവതരിപ്പിക്കുന്ന സീക്വന്‍സുകളാണ് ഗാനത്തിന്റെ വീഡിയോയില്‍. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് സണ്ണി വെയ്ന്‍ ആണ്.

🔳രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളെല്ലാം തന്നെ കാറുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. മാരുതി സുസൂക്കിയും ടാറ്റയും അടക്കമുള്ള കമ്പനികള്‍ വില വര്‍ദ്ധനവുണ്ടാകുമെന്ന് അറിയിച്ചിരുന്നു. ഇപ്പോഴിതാ ആ പട്ടികയിലേക്ക് ഹോണ്ടയും കടന്നുവന്നിരിക്കുകയാണ്. എല്ലാ വാഹനങ്ങളുടെ വിലയും ആഗസ്റ്റ് മാസം മുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഹോണ്ട ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. മോഡലുകള്‍ക്ക് അനുസരിച്ചാണ് വില വര്‍ദ്ധിക്കുന്നത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ഹോണ്ട വില വര്‍ദ്ധിപ്പിക്കുന്നത്.

Exit mobile version