Pravasimalayaly

News headlines

പ്രഭാത വാർത്തകൾ
2021 | ജൂലൈ 1o | 1196 മിഥുനം 26 | ശനി | പുണർതം |

🔳കോവിഡ് 19 വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കുന്നതിന് അനുമതി തേടി വാക്‌സിന്‍ നിര്‍മാതാക്കളായ ഫൈസറും ബയോണ്‍ടെക്കും. കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയില്‍ മൂന്നാം ഡോസിന് അനുമതി തേടിയിരിക്കുന്നത്. മൂന്നാം ഡോസ് വാക്‌സിന്‍ എടുക്കുന്നത് പുതിയ വകഭേദത്തിനെതിരേ ഫലപ്രദമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫൈസറും ബയോണ്‍ടെക്കും വ്യക്തമാക്കി.

🔳ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ഡല്‍ഹി ഹൈക്കോടതി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന ഒരു സിവില്‍ കോഡ് ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരേ നിയമം ബാധകമാക്കുന്നതാണ് ഏകീകൃത സിവില്‍ കോഡ്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ദത്തെടുക്കല്‍ എന്നിവയിലെല്ലാം എല്ലാ മത വിഭാഗം ജനങ്ങള്‍ക്കും ഒരേ നിയമമാകും ബാധകമാവുക.

🔳ഇന്ത്യയില്‍ ഇതുവരെ ആകെ 36.89 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് 11.18 കോടി ഡോസ് വിതരണം ചെയ്തതായും മന്ത്രാലയം അറിയിച്ചു.

🔳കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നും നാളേയും സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കുമാത്രമാണ് തുറക്കാന്‍ അനുമതി. ഹോട്ടലുകളില്‍നിന്ന് ഹോം ഡെലിവറിയും അനുവദിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രണങ്ങളോടെ അനുവദിക്കും.

🔳സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. ആറംഗ സംഘമാവും എത്തുക. സിക്ക സ്ഥിരീകരിച്ച സാഹചര്യങ്ങള്‍ സംഘം വിലയിരുത്തും. അതിനിടെ, രോഗപ്പകര്‍ച്ച വ്യാപകമാകുന്നത് തടയാന്‍ ആവശ്യമായ എല്ലാ സഹായവും കേരളത്തിന് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🔳കിറ്റെക്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബുമായി നടത്തിയ ചര്‍ച്ച വിജയകരമെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ. ടി. രാമ റാവു. ആയിരം കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ കിറ്റെക്‌സ് തെലങ്കാനയില്‍ രംഗപ്രവേശംചെയ്യുമെന്നും ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കുട്ടികള്‍ക്കുള്ള വസ്ത്രനിര്‍മാതാക്കളായ കിറ്റെക്‌സ് ഗ്രൂപ്പിന്റെ പ്രവേശനത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടെക്‌സ്‌റ്റൈല്‍ പ്രോജക്ടിനായി വാറങ്കലില്‍ 1,000 കോടി രൂപ നിക്ഷേപിക്കാനുള്ള കരാര്‍ സ്ഥിരീകരിക്കുന്നതായി കിറ്റെക്‌സ് എംഡി സാബു ജേക്കബ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ നിക്ഷേപം തെലങ്കാനയില്‍ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🔳ജമ്മു കാശ്മീര്‍ നിയന്ത്രണരേഖയില്‍ പാക് തുഴഞ്ഞുകയറ്റം തടയുന്നതിനിടെ വീരമൃത്യു വഹിച്ച സുബേദാര്‍ എം. ശ്രീജിത്തിന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചു. ഇന്നലെ വൈകുന്നേരത്തോടെ വ്യോമസേനാ വിമാനത്തില്‍ കോയമ്പത്തൂരില്‍ എത്തിച്ച മൃതദേഹം പാലക്കാട് ജില്ലാ കളക്ടര്‍ ഏറ്റുവാങ്ങി.

🔳കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ ആവശ്യം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി തള്ളി. നാലു ദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷഫീഖിന് കോടതി ജാമ്യം അനുവദിച്ചു.

🔳ജയിലില്‍ ഭീഷണിയെന്ന് സ്വര്‍ണക്കടത്തിലെ പ്രധാന പ്രതി സരിതിന്റെ പരാതി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയാണ് ഇയാള്‍. എന്‍ഐഎ കേസില്‍ റിമാന്റ് പുതുക്കാന്‍ കോടതിയില്‍ ഓണ്‍ലൈനായി ഹാജരാക്കിയപ്പോഴാണ് സരിത് അഭിഭാഷകന്‍ മുഖേന ഇക്കാര്യം കോടതിയെ അറിയിച്ചത്. ജയിലില്‍ നിരന്തരം ഭീഷണിയുണ്ടെന്നും ചില നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്നും പരാതിയിലുണ്ട്.

🔳മുന്‍മന്ത്രി ജി. സുധാകരന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചവരുത്തിയെന്ന് സി.പി.എം. റിപ്പോര്‍ട്ട്. സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സുധാകരന്റെ പേരെടുത്തുപറഞ്ഞാണ് വിമര്‍ശനം. ഇതേക്കുറിച്ച് പ്രത്യേകമായി അന്വേഷിക്കാനും സി.പി.എം. തീരുമാനിച്ചു. മുന്നണിയിലെ പ്രധാന ഘടകകക്ഷികളായ എല്‍.ജെ.ഡി.യുടെയും കേരള കോണ്‍ഗ്രസ് (എം) ന്റെയും സംസ്ഥാന അധ്യക്ഷന്മാര്‍ മുന്നണിയുടെ സിറ്റിങ് മണ്ഡലത്തില്‍ തോല്‍ക്കാനിടയായ സാഹചര്യവും സി.പി.എം. അന്വേഷിക്കും.

🔳ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സി കെ ജാനുവിനും എതിരായ കോഴക്കേസില്‍ ആരോപണങ്ങള്‍ നിഷേധിച്ച് പാര്‍ട്ടി സംഘടനാ സെക്രട്ടറി എന്‍ ഗണേഷ്. കോഴ നല്‍കാന്‍ ഇടനില നിന്നിട്ടില്ല എന്ന് ഗണേഷ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.പ്രസീതയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ശബ്ദരേഖയില്‍ സംസാരിച്ചത് താനല്ലെന്നും എന്‍ ഗണേഷ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

🔳ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പില്‍ പുതിയ ചുമതല. കോവിഡ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നോഡല്‍ ഓഫീസറായി ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ നിയമിച്ചു. ചികിത്സാകേന്ദ്രങ്ങള്‍, ഓക്സിജനടക്കമുള്ള സൗകര്യങ്ങളുടെ ലഭ്യത, കിടക്കകള്‍ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ തയാറാക്കുന്നതിനുള്ള പുതിയ സംവിധാനത്തിലേക്കാണ് ശ്രീറാം വെങ്കിട്ടരാമന് ചുമതല നല്‍കിയിരിക്കുന്നത്.

🔳തൃശ്ശൂര്‍ ചേറ്റുവയില്‍ 30 കോടിയോളം വിലമതിക്കുന്ന തിമിംഗല ഛര്‍ദി അഥവാ ആംബര്‍ ഗ്രീസുമായി മൂന്ന് പേര്‍ പിടിയില്‍. എറണാകുളം സ്വദേശി ഹംസ, വാടാനപ്പള്ളി സ്വദേശി റഫീക്ക്, പാലയൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്. കേരളത്തിലേയും ഇന്ത്യയിലേയും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം രണ്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന വസ്തുവാണിത്. ഇവ കൈവശം വയ്ക്കുന്നതും വിപണനം നടത്തുന്നതും കുറ്റകരമാണ്.

🔳സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരേ കേരള ഹൈക്കോടതി. സ്ത്രീധന നിരോധന നിയമം സര്‍ക്കാര്‍ എന്തുകൊണ്ടാണ് നടപ്പാക്കത്തതെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥയില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

🔳സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

🔳ലക്ഷദ്വീപ് വിഷയത്തില്‍ സംവിധായിക ആയിഷ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയുടെ മൊഴിയെടുത്തു. പരാമര്‍ശം നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ ബിജെപി പ്രതിനിധിയായി പങ്കെടുത്ത ബി. ജി. വിഷ്ണുവിന്റെ മൊഴിയാണ് കവരത്തി പോലീസ് രേഖപ്പെടുത്തിയത്.

🔳കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതോടെ സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഘട്ടം ഘട്ടമായി തുറക്കാന്‍ ഗുജറാത്ത്, ഹരിയാണ സര്‍ക്കാരുകള്‍ തീരുമാനിച്ചു. ഗുജറാത്തില്‍ ജൂലായ് 15-മുതല്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളുകളും ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായി കോളേജുകളും തുറന്നുപ്രവര്‍ത്തിക്കും. ഹരിയാണയിലെ ഒമ്പത് മുതല്‍ 12-ാം ക്ലാസ് വരെയുള്ളവര്‍ക്ക് ജൂലായ് 16 മുതല്‍ സ്‌കൂളുകള്‍ തുറക്കും.

🔳ഉത്തര്‍പ്രദേശില്‍ രണ്ട് പേര്‍ക്ക് കോവിഡിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചു. ജിനോം സ്വീക്വന്‍സിങ് പരിശോധനയിലൂടെയാണ് ഇത് കണ്ടെത്തിയത്. ലഖ്‌നൗവിലെ കെ.ജി.എം.യു ആശുപത്രിയില്‍ ഇത്തരത്തില്‍ 109 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ 107 സാമ്പിളുകള്‍ ഡെല്‍റ്റ വകഭേദമാണെന്ന് സ്ഥിരീകരിച്ചു.

🔳ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാകാതിരുന്ന ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍ ഒരു വിവാഹ പാര്‍ട്ടിക്കിടെ നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെടുന്നു. അടുത്തിടെ അവര്‍ ബാസ്‌കറ്റ് ബോള്‍ കളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ഇത്.
News Circle Chengannur
പരസ്യങ്ങൾക്ക് വൻ പ്രതികരണം
🔳ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ആറുനില ഫാക്ടറയില്‍ വന്‍തീപ്പിടിത്തം. ചുരുങ്ങിയത് 52 പേരോളം വെന്തുമരിച്ചതായും 50 ഓളം പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ നര്യാണ്‍ ഗഞ്ജിലെ രുപ്ഗഞ്ചിലുള്ള ശീതളപാനീയ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും സൂക്ഷിച്ചിരുന്ന താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നും രക്ഷപ്പെടാനായി നിരവധി തൊഴിലാളികള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് എടുത്ത് ചാടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

🔳ഉത്തര്‍പ്രദേശിലെ അയോധ്യയിലെ ഗുപ്താര്‍ ഘട്ടില്‍ സരയു നദിയിലില്‍ കുളിക്കുന്നതിനിടെ ഒരു കുടംബത്തിലെ 12 പേര്‍ വെള്ളത്തില്‍ മുങ്ങി. മൂന്ന് പേരെ രക്ഷപ്പെടുത്തി. അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നാല് പേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ആഗ്ര സ്വദേശികളായ 15 അംഗ കുടുംബം അയോധ്യയില്‍ സന്ദര്‍ശനം നടത്താനെത്തിയതായിരുന്നു. പെട്ടെന്നുണ്ടായ ജലപ്രവാഹത്തില്‍ മുങ്ങിപോയവരെ രക്ഷപ്പെടുത്താനായി മറ്റുള്ളവരും തുനിഞ്ഞതോടെ എല്ലാവരും കുത്തൊഴുക്കില്‍പ്പെടുകയായിരുന്നു.

🔳ഹെയ്തി പ്രസിഡന്റ് ജൊവെനെല്‍ മോസെയെ കൊലപ്പെടുത്തിയ കൊലയാളികളെ പിടികൂടി. പ്രസിഡന്റിന്റെ കൊലപാതകത്തില്‍ ക്ഷുഭിതരായ ജനക്കൂട്ടം പോലീസിനൊപ്പം ചേര്‍ന്നതോടെയാണ് പ്രതികളെ പിടികൂടാനായത്. വിരമിച്ച കൊളംബിയന്‍ സൈനികരടക്കമുള്ള 28 അംഗ വിദേശ പ്രൊഫഷണല്‍ കൊലയാളികളെയാണ് പിടികൂടിയത്. എട്ട് പേരെ ഇനിയും പിടികൂടാനുണ്ട്. മൂന്ന് പേരെ പോലീസ് വെടിവെച്ച് കൊന്നു. അതേ സമയം ആക്രമണത്തിന് പിന്നിലെ സൂത്രധാരന്മാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിന്റെ കാരണവും ഇപ്പോഴും അജ്ഞാതമാണ്.

🔳അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സേന പിന്മാറ്റം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ആഗസ്ത് 31 ന് അവസാന സൈനികനും അഫ്ഗാന്‍ വിടുമെന്നും പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചു. 20 വര്‍ഷമായി തുടരുന്ന അമേരിക്കന്‍ സേനയെയാണ് ബൈഡന്‍ പിന്‍വലിക്കുന്നത്.

🔳അഫ്ഗാനിസ്ഥാന്റെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് ഭീകര സംഘടനയായ താലിബാന്‍. ഏറ്റുമുട്ടലുകളിലൂടെ പുതിയ പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയും അമേരിക്കന്‍ സേന പിന്‍മാറുകയും ചെയ്തതോടെയാണ് രാജ്യത്തിന്റെ ഇത്രയും മേഖല നിയന്ത്രണത്തിലായതെന്ന് താലിബാന്‍ വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാന്റെ 421-ല്‍ അധികം ജില്ലകളും താലിബാന്റെ നിയന്ത്രണത്തിലാണെന്നാണ് അവകാശവാദം.

🔳കടലിലെ ഭീഷണികള്‍ മറികടക്കുന്നതിനായി ചൈന നിര്‍മിത ബുദ്ധിയുള്ള മാരകമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഇതിന് മനുഷ്യന്റെ മാര്‍ഗനിര്‍ദേശമില്ലാതെ തന്നെ വെള്ളത്തിനടിയില്‍ ഒളിക്കാനും ശത്രുകപ്പലുകളെ ആക്രമിക്കാനും സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

🔳പാന്‍ഡമിക് ബോണസായി ടെക് ഭീമന്‍ മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് 1.12 ലക്ഷം രൂപ നല്‍കുന്നു. 1,75,508 ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണംലഭിക്കും. പാര്‍ട് ടൈം ജോലിക്കാരും മണിക്കൂര്‍ അനുസരിച്ച് ജോലി ചെയ്യുന്നവരും ബോണസിന് അര്‍ഹരാണ്. 20 കോടി ഡോറളാണ് ബോണസായി മൊത്തംചെലവാക്കുക. കോര്‍പറേറ്റ് ഭീമന്റെ രണ്ടുദിവസത്ത ലാഭത്തിന് തുല്യമാണ് ഈതുക..

🔳താരങ്ങളുടെ മോശം ഫോമും പ്രതിഫല തര്‍ക്കവും കാരണം പ്രതിസന്ധിയിലായിരിക്കുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ആശ്വാസമായി ഇന്ത്യന്‍ ടീമിന്റെ പര്യടനം. ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തിലൂടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കാന്‍ പോകുന്നത് 90 കോടിയോളം രൂപയാണ്. ടെലിവിഷന്‍ സംപ്രേക്ഷണാവകാശവും പരസ്യ വരുമാനവും ഉള്‍പ്പെടെയാണിത്. കോവിഡ് കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ ടീമിന്റെ പര്യടനം സഹായകമാകുമെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷമ്മി സില്‍വ വ്യക്തമാക്കി.

🔳പോളണ്ടിന്റെ ഹുബര്‍ട്ട് ഹുര്‍കാച്ചിനെ തകര്‍ത്ത് വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയന്‍ താരമെന്ന നേട്ടം സ്വന്തമാക്കി മത്തിയോ ബെരാറ്റിനി. ലോക ഒമ്പതാം നമ്പര്‍ താരം ബെരാറ്റിനിയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്.

🔳മാരക്കാനയില്‍ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുന്ന കോപ്പ അമേരിക്ക ഫൈനലിന് കാണികളെ പ്രവേശിപ്പിച്ചേക്കും. സ്റ്റേഡിയത്തില്‍ ആകെ ഉള്‍ക്കൊള്ളുന്നതിന്റെ 10 ശതമാനം പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 5:30-നാണ് കോപ്പ അമേരിക്ക കിരീടപോരാട്ടം.

🔳കേരളത്തില്‍ ഇന്നലെ 1,30,424 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,380 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,769 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 685 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 57 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,454 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,13,115 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313.

🔳രാജ്യത്ത് ഇന്നലെ 42,648 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 45,159 പേര്‍ രോഗമുക്തി നേടി. മരണം 1206. ഇതോടെ ആകെ മരണം 4,07,173 ആയി. ഇതുവരെ 3,07,94,756 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.49 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 8,992 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 3,039 പേര്‍ക്കും കര്‍ണാടകയില്‍ 2,290 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 3,040 പേര്‍ക്കും ഒഡീഷയില്‍ 2,806 പേര്‍ക്കും ആസാമില്‍ 2,493 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,69,610 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 23,493 പേര്‍ക്കും ബ്രസീലില്‍ 57,713 പേര്‍ക്കും റഷ്യയില്‍ 25,766 പേര്‍ക്കും ഇംഗ്ലണ്ടില്‍ 35,707 പേര്‍ക്കും അര്‍ജന്റീനയില്‍ 14,518 പേര്‍ക്കും കൊളംബിയയില്‍ 21,536 പേര്‍ക്കും സ്പെയിനില്‍ 21,879 പേര്‍ക്കും ഇറാനില്‍ 16,596 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 38,124 പേര്‍ക്കും സൗത്ത് ആഫ്രിക്കയില്‍ 22,441 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 18.67 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.19 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,846 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 335 പേരും ബ്രസീലില്‍ 1,344 പേരും റഷ്യയില്‍ 726 പേരും അര്‍ജന്റീനയില്‍ 244 പേരും കൊളംബിയയില്‍ 576 പേരും ഇന്‍ഡോനേഷ്യയില്‍ 871 പേരും സൗത്ത് ആഫ്രിക്കയില്‍ 374 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40.34 ലക്ഷം.

🔳കേരളം വിട്ടുപോകുന്നെന്ന വാര്‍ത്തകളും വിവാദങ്ങളും വന്നതിന് പിന്നാലെ കിറ്റക്‌സിന് ഓഹരി വിപണിയില്‍ വന്‍ കുതിച്ചുചാട്ടം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഓഹരി വിലയില്‍ 15 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 13 ശതമാനത്തോളമാണ് വില കൂടിയിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഓഹരി വിലയിലെ കുതിച്ചുചാട്ടം. കഴിഞ്ഞ ഒരു മാസം കിറ്റക്‌സിന്റെ ഓഹരി വില കൂടിയത് 6 രൂപ മാത്രമാണ്. എന്നാല്‍ ഇന്നലെ ഒറ്റ ദിവസം കൊണ്ട് കൂടിയത് 15 രൂപ.

🔳പാന്‍ഡമിക് ബോണസായി ടെക് ഭീമന്‍ മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് 1,500 ഡോളര്‍ (1.12 ലക്ഷം രൂപ) നല്‍കുന്നു. 1,75,508 ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 2021 മാര്‍ച്ച് 31നോ അതിനുമുമ്പോ ജോലിയില്‍ പ്രവേശിച്ച, വൈസ് പ്രസിഡന്റിന് താഴെയുള്ള എല്ലാ ജീവനക്കാര്‍ക്കും പാന്‍ഡമിക് ബോണസ് നല്‍കുമെന്നാണ് സര്‍ക്കുലര്‍വഴി അറിയിച്ചിട്ടുള്ളത്. പാര്‍ട് ടൈം ജോലിക്കാരും മണിക്കര്‍ അനുസരിച്ച് ജോലി ചെയ്യുന്നവരും ബോണസിന് അര്‍ഹരാണ്. ഫേസ്ബുക്ക് അടുത്തയിടെ 45,000 ജീവനക്കാര്‍ക്ക് പാന്‍ഡമിക് ബോണസായി 1000 ഡോളര്‍ പ്രഖ്യാപിച്ചിരുന്നു. ആമസോണാകട്ടെ മുന്‍നിര ജീവനക്കാര്‍ക്ക് 300 ഡോളര്‍ മൂല്യമുള്ള ‘ഹോളിഡേ ബോണസ്’ നല്‍കി.

🔳ഫസ്റ്റ് പേജ് എന്റെര്‍ടെയ്ന്‍ന്മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മ്മിച്ച് ശരത് ജി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. എന്തിനാണെന്റെ ചെന്താമരേ… എന്നു തുടങ്ങുന്ന പ്രണയഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. രഞ്ജിന്‍ രാജിന്റേതാണ് സംഗീതം. രഞ്ജിന്‍ രാജ് ആദ്യമായി പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്.

🔳സോഹന്‍ലാല്‍ സംവിധാനം ചെയ്ത ‘അപ്പുവിന്റെ സത്യാന്വേഷണം’ ഇന്ന് റിലീസ് ചെയ്യും. നീസ്ട്രീം ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ശനിയാഴ്ച ഉച്ചക്ക് ചിത്രം റിലീസ് ചെയ്യും. ഇന്ത്യക്ക് പുറത്ത് ആമസോണ്‍ പ്രൈമിലും, ഗൂഗിള്‍ പ്ലേ, ഐട്യൂണ്‍സ്, ആപ്പിള്‍ ടിവി എന്നീ പ്ലാറ്‌ഫോമുകളിലും ചിത്രം കാണാം. ഒമ്പത് വയസ്സുകാരനായ അപ്പുവിന്റെ കഥ പറയുന്ന ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ബാലതാരമായ മാസ്റ്റര്‍ റിഥുന്‍ ആണ്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡും കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും റിഥുന്‍ നേടി.

🔳കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഹരിശ്രീ കുറിച്ച വാഹന നിര്‍മാതാക്കളാണ് സിട്രോണ്‍. അവതരിപ്പിച്ച മൂന്ന് മാസം പിന്നിടുമ്പോള്‍ 1000-ത്തില്‍ അധികം ബുക്കിങ്ങ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സി3 എന്ന മോഡലായിരിക്കും സിട്രോണ്‍ അടുത്തതായി എത്തിക്കുകയെന്നാണ് സൂചന. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചായിരിക്കും സി3 എയര്‍ക്രോസ് ഇന്ത്യയില്‍ അവതരിപ്പിക്കുക.

🔳ഞാന്‍ ബൈബിളിനെ സ്‌നേഹിക്കുന്നു. അതിന്റെ കവിതയെ സ്‌നേഹിക്കുന്നു. എന്നാല്‍ ഞാനൊരു ക്രിസ്ത്യാനിയല്ല. അതുപോലെ തന്നെ ഒരു ഹിന്ദുവല്ല. ജൈനനുമല്ല. ഞാന്‍ കേവലം ഞാനാകുന്നു. യേശു സംസാരിച്ചുകഴിഞ്ഞിട്ട് രണ്ടായിരം വര്‍ഷങ്ങളിലധികമായിരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും നവോന്മേഷവും നവജീവനും തുടിക്കുന്നവയാണ്. ‘അഗ്നിസമാനമായ വചനങ്ങള്‍’. ഓഷോ. സൈലന്‍സ് ബുക്സ്. വില 298 രൂപ.

Exit mobile version