ഇന്നത്തെ വാർത്തകൾ ഇതുവരെ

0
75

പ്രധാന വാർത്തകൾ

സായാഹ്‌ന വാർത്തകൾ
2021 ജൂലൈ 12 | 1196 മിഥുനം 28 | തിങ്കൾ | ആയില്യം |

🔳രാജ്യത്തെ ആദ്യ വാണിജ്യ ദ്രവീകൃത പ്രകൃതി വാതക ഫില്ലിങ് സ്റ്റേഷന്‍ നാഗ്പൂരില്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു. എല്‍.എന്‍.ജി, സി.എന്‍.ജി, എഥനോള്‍ തുടങ്ങിയ ഇതര ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് കുതിച്ചുയരുന്ന പെട്രോള്‍ വിലയില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരുമെന്ന് പറഞ്ഞ ഗഡ്കരി പെട്രോള്‍ ഡീസല്‍ വില വര്‍ധന ജനങ്ങള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് സൂചിപ്പിച്ചു.

🔳കാലം ചെയ്ത ബസേലിയസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയെ അനുസ്മരിച്ച് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍. ഇന്ന് പുലര്‍ച്ചെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പരിശുദ്ധ ബാവയുടെ മരണം സംഭവിച്ചത്.

🔳വ്യവസായ സംരംഭകര്‍ക്ക് കേരളം അനുകൂല അന്തരീക്ഷമൊരുക്കുന്നുവെന്ന സന്ദേശം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കുന്നു. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് സംരംഭകര്‍ക്കുള്ള പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാന, ജില്ലാതല സംവിധാനം പുതിയ നിയമത്തിലൂടെ ഉറപ്പാക്കും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമം പാസാക്കാനാണ് ഉദ്ദേശിക്കുന്നത്.

🔳സംസ്ഥാന സര്‍ക്കാരിനേയും വ്യവസായ വകുപ്പിനേയും രൂക്ഷമായി വിമര്‍ശിച്ച് കിറ്റക്‌സ് എം.ഡി സാബു ജേക്കബ്. കേരളത്തിലെ വ്യവസായിക വകുപ്പ് പൊട്ടക്കിണറ്റില്‍ വീണ തവളയാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ലെന്നും കേരളം കൊട്ടിഘോഷിക്കുന്ന ഏകജാലകം കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ 53 വര്‍ഷം നടത്തിയ പ്രയത്‌നം മറ്റൊരു സംസ്ഥാനത്ത് ആയിരുന്നെങ്കില്‍ കമ്പനി ഇപ്പോഴുള്ളതിന്റെ 30 ഇരട്ടി വളര്‍ന്നേനെയെന്നും 53 വര്‍ഷങ്ങള്‍കൊണ്ട് നഷ്ടപ്പെട്ട വളര്‍ച്ച അടുത്ത 10 വര്‍ഷം കൊണ്ട് തിരികെ പിടിക്കാമെന്ന് ഉറപ്പുണ്ടെന്നും സാബുജേക്കബ് പറഞ്ഞു.

🔳മുന്‍മന്ത്രി ജി. സുധാകരന്‍ തിരഞ്ഞെടുപ്പുസമയത്ത് പണംനല്‍കി സഹായിച്ചില്ലെന്ന എച്ച്. സലാമിന്റെ പരാതിക്കുപിന്നില്‍ അഴിമതിയില്ലാത്ത സുധാകരന്റെ പ്രതിച്ഛായ തകര്‍ക്കുക എന്ന ലക്ഷ്യമാണെന്ന് സുധാകരനെ അനുകൂലിക്കുന്നവര്‍. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന ജില്ലാക്കമ്മിറ്റിയില്‍ ജി. സുധാകരന്‍ തനിക്ക് ഒമ്പതുലക്ഷംരൂപ മാത്രമാണ് നല്‍കിയതെന്ന് സലാം അറിയിച്ചതിന്റെ ചുവടുപിടിച്ചാണ് വിവാദം പുകയുന്നത്.

🔳മുസ്ലിംലീഗ് വിദ്യാര്‍ഥിസംഘടനയായ എം.എസ്.എഫിന്റെ സംസ്ഥാന നേതാക്കള്‍ക്കു സ്ത്രീവിരുദ്ധതയെന്ന് ആക്ഷേപം. വനിതാവിഭാഗമായ ഹരിതയുടെ സംസ്ഥാനഭാരവാഹികള്‍ സംഘടനയില്‍ അവഹേളനവും അടിച്ചമര്‍ത്തലുമുണ്ടെന്നു ചൂണ്ടിക്കാട്ടി ലീഗ് സംസ്ഥാന നേതൃത്വത്തിന് കത്തുനല്‍കി. എം.എസ്.എഫ്. സംസ്ഥാന ഭാരവാഹികള്‍ പൊതു ഇടങ്ങളില്‍ നിരന്തരമായി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നു, പെണ്‍കുട്ടികളുടെ സംഘടനയോട് എന്തുമാകാമെന്ന നിലപാടുതിരുത്തണം എന്നിങ്ങനെയാണ് കത്തിലെ പരാമര്‍ശങ്ങള്‍.

🔳ഇടതുമുന്നണിക്ക് വേരോട്ടം കുറയുന്ന ബൂത്തുകളില്‍ സി.പി.എം. ഉത്തേജനപ്പാക്കേജ് തയ്യാറാക്കുന്നു. പ്രശ്‌നങ്ങള്‍ പഠിച്ച് തിരുത്തലും ജനകീയത വിപുലമാക്കാനുള്ള പ്രവര്‍ത്തനവുമാണ് ലക്ഷ്യം. ഇതിനുള്ള കര്‍മപദ്ധതി സംസ്ഥാനസമിതി തയ്യാറാക്കി. സെക്രട്ടേറിയറ്റിന്റെ മേല്‍നോട്ടത്തിലായിരിക്കും ഇത്തരം പ്രദേശങ്ങളിലെ പ്രവര്‍ത്തനം. ഇടതുമുന്നണി മൂന്നാംസ്ഥാനത്തുള്ള പാലക്കാട്, കാസര്‍കോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലുള്ള മുന്നേറ്റമാണ് ഒന്നാമത്തെ ലക്ഷ്യം.

🔳കോഴിക്കോട് നഗരത്തില്‍ വ്യാപാരികളും പോലീസും തമ്മില്‍ സംഘര്‍ഷം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കോഴിക്കോട് നഗരത്തില്‍ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പട്ട് ജില്ലയിലെ വ്യാപാരികള്‍ മിഠായി തെരുവില്‍ പ്രതിഷേധവുമായി എത്തി. ഇതാണ് പിന്നീട് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

🔳വണ്ടിപ്പെരിയാര്‍ ചൂരക്കുളത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിക്കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട വനിതാ കമ്മീഷന്‍ അംഗത്തിന്റെ യാത്ര വിവാദമായി. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ നിറപുഞ്ചിരിയോടെ ഉല്ലാസ യാത്ര പോകുന്ന പ്രതീതിയില്‍ ഫോട്ടോ പോസ്റ്റു ചെയ്‌തെന്നാണ് ആക്ഷേപം. സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നടക്കം വിവിധ തുറകളില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ മിനിറ്റുകള്‍ക്കകം ഷാഹിദ കമാല്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. സംഭവം നടന്നിട്ട് ഒരാഴ്ചയിലേറെയായിട്ടും വനിതാ കമ്മീഷന്‍ ഇടപെടലുണ്ടായത് ഏറെ വൈകിയാണെന്നും ആക്ഷേപമുണ്ട്.

🔳രാഷ്ട്രീയ പ്രവേശന സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ് തമിഴ് സൂപ്പര്‍ താരം രജനികാന്ത്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി രൂപീകരിച്ച
രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു. സംഘടന പഴയതുപോലെ രജനി രസികര്‍ മന്‍ട്രമായി പ്രവര്‍ത്തിക്കുമെന്നും രജനീകാന്ത് അറിയിച്ചു.

🔳ഒറ്റ ദിവസം ഇടിമിന്നലേറ്റ് രണ്ട് സംസ്ഥാനങ്ങളിലായി മരിച്ചത് 58 പേര്‍. 38 പേര്‍ ഉത്തര്‍പ്രദേശിലും 20 പേര്‍ രാജസ്ഥാനിലുമാണ് മരിച്ചത്. രാജസ്ഥാനില്‍ കനത്ത മഴയെ വകവെക്കാതെ സെല്‍ഫിയെടുക്കാനായി ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയ 11 പേരാണ് മരിച്ചത്.

🔳അസമിലെ വീരപ്പന്‍ എന്നറിയപ്പെടുന്ന കാട്ടുകള്ളന്‍ മംഗിന്‍ ഖോല്‍ഹു കൊല്ലപ്പെട്ടു. യുണൈറ്റഡ് പീപ്പിള്‍സ് റെവല്യൂഷണറി ഫ്രണ്ടിന്റെ സ്വയം പ്രഖ്യാപിത കമാന്റഡര്‍ ഇന്‍ ചീഫ് കൂടിയായ മംഗിന്‍ ഖോല്‍ഹുവാണ് സ്വന്തം കൂട്ടാളികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഘടനയ്ക്കുള്ളിലെ ആഭ്യന്തര കലാപമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

🔳കശ്മീര്‍ താഴ്വരയിലേക്ക് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്താനുള്ള ശ്രമം ജമ്മു പോലീസ് പരാജയപ്പെടുത്തി. ആയുധങ്ങള്‍ കടത്തുന്നത് സംബന്ധിച്ച് ചില വിവരങ്ങള്‍ ലഭ്യമായതിനെ തുടര്‍ന്ന് ജമ്മുവിലുടനീളം കനത്ത സുരക്ഷ ക്രമീകരണങ്ങളും വാഹന പരിശോധനയും നടത്തിവരികയായിരുന്നുവെന്ന് ജമ്മു പോലീസ് സൂപ്രണ്ട് ചന്ദന്‍ കോലി പറഞ്ഞു.

🔳ബഹിരാകാശ വിനോദസഞ്ചാരമേഖലയില്‍ പുതുചുവടുവെച്ച് ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണും സംഘവും ബഹിരാകാശംതൊട്ട് ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍വംശജ സിരിഷ ബാന്‍ഡ്‌ലയടക്കമുള്ള ആറംഗസംഘം 11 മിനിറ്റുനേരം ബഹിരാകാശം ആസ്വദിച്ചു. ഇന്ത്യന്‍സമയം ഞായറാഴ്ച രാത്രി എട്ടുമണിക്ക് യു.എസിലെ ന്യൂമെക്സിക്കോയില്‍ നിന്ന് വെര്‍ജിന്‍ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിലാണ് സംഘം പുറപ്പെട്ടത്. ജീവിതത്തില്‍ എന്നന്നേക്കുമായുള്ള അനുഭവം എന്നാണ് യാത്രയെക്കുറിച്ച് ബ്രാന്‍സണ്‍ പ്രതികരിച്ചത്. ഇതോടെ, വിനോദസഞ്ചാരിയെന്നനിലയില്‍ ബഹിരാകാശത്തെത്തുന്ന ആദ്യസംഘമെന്ന പേരും ഇവര്‍ നേടി.

🔳എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയര്‍ സിരിഷ ബാന്‍ഡ്‌ല ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയായി. ഞായറാഴ്ച ബഹിരാകാശംതൊട്ട് ഭൂമിയില്‍ തിരിച്ചെത്തിയ ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ സംഘത്തിലെ അംഗമായിരുന്നു സിരിഷ. കല്‍പന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്ത് എത്തുന്നഇന്ത്യന്‍ വംശജയായി മാറി ഇതോടെ സിരിഷ.

🔳മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോടടുക്കുകയാണെന്നും തിങ്കളാഴ്ചയോടെ ഭൂമിയിലെത്തിയേക്കുമെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. കാറ്റിന്റെ വേഗം കൂടിയേക്കാമെന്നും ഇതുകാരണം ഉപഗ്രഹസിഗ്നലുകളെ തടസ്സപ്പെടുത്തിയേക്കുമെന്നും നാസ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂര്യന്റെ അന്തരീക്ഷത്തില്‍നിന്ന് ഉദ്ഭവിച്ച കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ ആധിപത്യമുള്ള ബഹിരാകാശമേഖലയെ സാരമായി ബാധിക്കുമെന്ന് സ്പേസ് വെതര്‍ ഡോട്ട്കോം എന്ന വെബ്സൈറ്റ് വ്യക്തമാക്കുന്നു.

🔳ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫൈനലിലും അഴിഞ്ഞാടി ഇംഗ്ലണ്ട് ആരാധകര്‍. ഫൈനലിന്റെ തുടക്കത്തില്‍ ഇറ്റലിയുടെ ദേശീയഗാനം ആലപിച്ചപ്പോള്‍ കൂവിയാര്‍ത്ത ഇംഗ്ലീഷ് ആരാധകര്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലെ തോല്‍വിക്ക് ശേഷം ഇറ്റാലിയന്‍ ആരാധകരെ മര്‍ദിക്കുകയും ചെയ്തു. പരാജയം അംഗീകരിക്കാത്ത ആരാധകര്‍ വെംബ്ലി സ്റ്റേഡിയത്തിന് പുറത്ത് ഇറ്റാലിയന്‍ ആരാധകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.

🔳യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരേ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ക്കെതിരേ വംശീയാധിക്ഷേപം. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്,
ജേഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവരെയാണ് ഇംഗ്ലീഷ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിന് വേണ്ടി പൂര്‍ണമായും തങ്ങളുടെ കഴിവ് പുറത്തെടുത്തിട്ടും ചില താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിവേചനം നേരിട്ടത് അംഗീകരിക്കാനാകില്ലെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി.

🔳ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായി മൂന്ന് വര്‍ഷത്തേക്ക് കൂടി ശ്യാം ശ്രീനിവാസന്റെ കാലാവധി നീട്ടിയ തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ചു. 2024 സെപ്തംബര്‍ 23 വരെയാണ് കാലാവധി നീട്ടിയത്. 2010 സെപ്തംബര്‍ 23 മുതല്‍ ശ്യാമാണ് ഫെഡറല്‍ ബാങ്കിന്റെ തലപ്പത്ത്. സിഇഒ പദവിയില്‍ ഇദ്ദേഹം ഇതിനോടകം മൂന്ന് ടേം പൂര്‍ത്തിയാക്കി. നിലവില്‍ ഫെഡറല്‍ ബാങ്കിന്റെ എംഡിയും സിഇഒയുമായി കൂടുതല്‍ കാലം പ്രവര്‍ത്തിച്ചതിന്റെ റെക്കോര്‍ഡ് കൂടി ശ്യാം ശ്രീനിവാസന്റെ പേരിലുണ്ട്. ഫെഡറല്‍ ബാങ്കിന്റെ ആപ്പില്‍ യുപിഐ പേമെന്റ്‌സ് സംവിധാനം കൂടി ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. ബാങ്കിന്റെ 86 ശതമാനം ഇടപാടുകളും ഡിജിറ്റല്‍ വഴിയാണ് നടക്കുന്നതെന്ന് ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.

🔳സാമ്പത്തിക വളര്‍ച്ചയെ ബാധിച്ച കോവിഡ് -19 ഇപ്പോഴും തുടരുകയാണെങ്കിലും, ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള (ഏപ്രില്‍-ജൂണ്‍) കണക്ക് പ്രകാരം അറ്റ പ്രത്യക്ഷ നികുതി സമാഹരണം 2.49 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 1.29 ലക്ഷം കോടി രൂപയായിരുന്നു. ഇതിനെ അപേക്ഷിച്ച് 91 ശതമാനം വര്‍ധനയാണ് കഴിഞ്ഞ പാദത്തില്‍ ഉണ്ടായിരിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍, റീഫണ്ടുകള്‍ ക്രമീകരിക്കുന്നതിന് മുമ്പുള്ള മൊത്തം പ്രത്യക്ഷ നികുതി ശേഖരണം 2.86 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.94 ലക്ഷം കോടി രൂപയായിരുന്നു.

🔳പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് അജിത്ത് കുമാര്‍ നായകനാവുന്ന ‘വലിമൈ’. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. എച്ച് വിനോദ് ആണ് സംവിധാനം. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍. ചിത്രം പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബില്‍ ഇതിനകം ഇടംപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു.

🔳ശരത്ത് അപ്പാനിയെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷന്‍ സി. ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുന്നു. പരസ്പരം ഇനിയൊന്നും എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. നിഖില്‍ മാത്യുവാണ് ഗാനം പാടിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ സുനില്‍ ജി ചെറുകടവിന്റെ വരികള്‍ക്ക് പാര്‍ത്ഥസാരഥിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ക്യാപ്റ്റന്‍ അഭിനവ് എന്ന ഒരു പ്രധാന കഥാപാത്രത്തെ കൈലാഷും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

🔳ടിവിഎസ് മോട്ടോഴ്സിന്റെ 125 സിസി സ്‌കൂട്ടര്‍ ശ്രേണിയിലേക്കുള്ള ആദ്യത്തെ ചുവടുവയ്പായിരുന്നു എന്‍ടോര്‍ഖ്. ഇപ്പോഴിതാ എന്‍ടോര്‍ക്ക് 125 റേസ് എക്‌സ്പി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 83,275 രൂപയാണ് ഈ വകഭേദത്തിന്റെ വില. ഇനിമുതല്‍ ഡ്രം, ഡിസ്‌ക്, റേസ് എഡിഷന്‍, സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ എന്നിവ ഉള്‍പ്പെടെ ആകെ അഞ്ച് വകഭേദങ്ങളില്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125 വാങ്ങാം.

Leave a Reply