Saturday, November 23, 2024
HomeNewsNews headlines

News headlines

🙏🏻🙏🏻 പ്രധാന വാർത്തകൾ
🎊 നേരായ വാർത്തകൾ നേരിട്ട് വായിക്കാൻ
പ്രഭാത വാർത്തകൾ
2021 | ജൂലൈ 14 | 1196 | മിഥുനം 30 | ബുധനാഴ്ച | പൂരം |

🔳കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. കോവിഡ് രണ്ടാം തരംഗം തീര്‍ത്ത പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഓണ്‍ലൈനായി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. ജൂലൈ 16-നാണ് കൂടിക്കാഴ്ച. ദിനംപ്രതി കോവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളാണ് ഇവ.

🔳കോവിഷീല്‍ഡിന്റെ ഉത്പ്പാദനം വര്‍ധിപ്പിക്കാനും ജൂലായ് ലക്ഷ്യമിട്ടിരുന്ന 11 കോടി എന്ന സംഖ്യയിലേക്ക് എത്താനും കഴിഞ്ഞുവെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത വിലയിരുത്തപ്പെട്ട സാഹചര്യത്തിലാണ് വാക്സിന്‍ നിര്‍മ്മാണം വേഗത്തിലാക്കാനുള്ള തീരുമാനമുണ്ടായത്.

🔳തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയാണ് പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തു.

🔳കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യങ്ങളും സാമ്പത്തികമേഖലയിലെ വീഴ്ചകളുമാണ് പണപ്പെരുപ്പത്തിന് ഇടയാക്കുന്നതെന്ന് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. പെട്രോള്‍, ഡീസല്‍, പാചകവാതകവില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔳പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ച സൗഹൗര്‍ദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ നല്‍കി, ഒപ്പം പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനുള്ള പ്രോത്സാഹനവും അദ്ദേഹം നല്‍കിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതിന് പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്‍ ചലഞ്ചിനായി നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. നിയമപരമായ പിന്‍ബലം ഉണ്ടെങ്കില്‍ മാത്രമേ ദുരിതാശ്വാസ നിധിയിലേക്ക് അനുമതിയില്ലാതെ തുക പിടിക്കാന്‍ കഴിയൂ എന്നും കോടതി ചൂണ്ടിക്കാട്ടി. പിടിച്ചെടുത്ത തുക രണ്ടാഴ്ചയ്ക്കകം തിരിച്ചുനല്‍കണമെന്നാണ് കോടതി നിര്‍ദേശം.

🔳ഡല്‍ഹി അന്ദേരിയ മോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കാത്തോലിക്ക ദേവാലയം അധികൃതര്‍ പൊളിച്ചത് ഞെട്ടിക്കുന്ന സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് ചെയ്യാന്‍ കഴിയുകയെന്നത് പരിശോധിക്കുമെന്നും പള്ളിയുമായി ബന്ധപ്പെട്ടവര്‍ക്ക് ആ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഛത്തര്‍പുര്‍ ഗ്രാമസഭയുടെ കൈവശമുള്ള സ്ഥലത്ത് അനധികൃതമായി പള്ളി നിര്‍മിച്ചുവെന്നാണ് ആരോപണം. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് പള്ളി പൊളിച്ചത്.

🔳സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഇളവിന് കാത്തുനില്‍ക്കില്ലെന്നും വ്യാഴാഴ്ച ഉള്‍പ്പെടെ കടകള്‍ തുറക്കുമെന്നുമുള്ള വ്യാപാരികളുടെ നിലപാടിന് മറുപടിയുമായി
മുഖ്യമന്ത്രി പിണറായി വിജയന്‍. കടകള്‍ തുറക്കണം എന്നുതന്നെയാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ, സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്നതാണ് വസ്തുത. വ്യാപാരികളുടെ വികാരം മനസ്സിലാക്കുകയും അവരുടെ ഒപ്പം നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ മറ്റൊരു രീതിയിലേക്ക് പോകരുതെന്നും അങ്ങനെയൊരു നിലയുണ്ടായാല്‍ നേരിടേണ്ട രീതിയില്‍ നേരിടുമെന്നും മനസ്സിലാക്കി കളിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

🔳വ്യാപാരികളെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രംഗത്ത്. മനസ്സിലാക്കി കളിച്ചാല്‍ മതി എന്ന പ്രസ്താവന വെല്ലുവിളിയാണെന്ന് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. വ്യാപാരികളോടും ജനങ്ങളോടും ഉള്ള വെല്ലുവിളിയാണ് മുഖ്യമന്ത്രിയുടേത്. ധിക്കാരം നിറഞ്ഞ ആ വെല്ലുവിളി കേരളത്തില്‍ വിലപ്പോകില്ല. മനുഷ്യര്‍ കടക്കെണിയില്‍ നില്‍ക്കുമ്പോള്‍ വിരട്ടാന്‍ നോക്കരുത്. ഇത് കേരളം ആണെന്ന മുന്നറിയിപ്പും പ്രതിപക്ഷ നേതാവ് നല്‍കി.

🔳വ്യാപാരികളുടെ ആവശ്യം ന്യായമെങ്കില്‍ അതിനെ അംഗീകരിക്കാന്‍ മടിയെന്തിനാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍. ജീവിക്കാനാണ് കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്നതെന്നും കമ്യൂണിസ്റ്റുകള്‍ക്ക് സമരത്തെ അംഗീകരിക്കാതിരിക്കാന്‍ കഴിയുമോയെന്നും നസറുദ്ദീന്‍ ചോദിച്ചു.

🔳സംസ്ഥാനത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളില്‍ ഒന്നായ കിഴക്കമ്പലം കിറ്റക്സ് ഭാവിയിലുള്ള നിക്ഷേപങ്ങള്‍ തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റകരമായ നിശ്ശബ്ദത പാലിക്കുന്നത് നിരാശാജനകമാണെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ. ബാബു എംഎല്‍എ.
മുഖ്യമന്ത്രി ഇടപെടാതെ മാറിനില്‍ക്കുന്നത് കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന സര്‍ക്കാരിന്റെ വാദത്തിനു തന്നെ കളങ്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

🔳കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം ആദ്യമായി ഗോത്രവര്‍ഗ പഞ്ചായത്തായ മൂന്നാര്‍ ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പുറത്തുനിന്നുള്ളവരെ കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ പഞ്ചായത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. രണ്ടാഴ്ച മുന്‍പ് ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസിനൊപ്പം ഒരു ബ്ലോഗറും ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ ഇടമലക്കുടിയില്‍ പ്രവേശിച്ചത് വിവാദമായിരുന്നു.

🔳അധികൃതരുടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തുന്നതും ഉത്സവകാലങ്ങളില്‍ പരസ്യപ്രചാരണത്തിനായി ലേസര്‍ ബീമുകള്‍ ഉപയോഗിക്കുന്നതും വ്യോമയാനത്തിന് ഭീഷണിയാണെന്ന് കാണിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ലിമിറ്റഡ് പോലീസിന് പരാതി നല്‍കി.

🔳മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ കബറടക്ക ശുശ്രൂഷ പൂര്‍ത്തിയായി. ഔദ്യോഗിക ബഹുമതികളോടെ കോട്ടയത്തെ ദേവലോകം അരമനയിലാണ് ചടങ്ങുകള്‍ നടന്നത്. അരമനയിലെ ചാപ്പലിനോടുചേര്‍ന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോടുചേര്‍ന്ന് ഭൗതികശരീരം സംസ്‌കരിച്ചു.

🔳ശബരിമലയിലെ കര്‍ക്കിടക മാസ പൂജയ്ക്ക് നടതുറക്കുമ്പോള്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ജൂലായ് 15ന് നട തുറന്ന് 21ന് അടക്കുന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നത്.

🔳ലോക്ഡൗണ്‍ കാലത്ത് കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം സൈബര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2020ല്‍ ആണ്. 550 കേസുകളാണ് വിവിധ ജില്ലകളിലായി സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്ത സൈബര്‍ കുറ്റങ്ങള്‍.

🔳എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി. ശിവന്‍കുട്ടി എസ്.എസ്.എല്‍.സി. പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിക്കും.
News Circle Chengannur
🔳ഗാര്‍ഹിക പീഡന പരാതിയില്‍ സീരിയല്‍ നടന്‍ ആദിത്യന്‍ ജയനെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ചവറ പോലീസാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം ആദിത്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആദിത്യന്റെ ഭാര്യയും നടിയുമായ അമ്പിളി ദേവിയുടെ പരാതിയിലാണ് പോലീസ് നടപടി.

🔳വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി വെട്ടിപ്പ് നടത്തിയ നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി. അഴിമതിക്കെതിരായ പോരാട്ടമൊക്കെ സിനിമയില്‍ മാത്രം മതിയോ എന്നും ശിക്ഷ വിധിച്ച ശേഷം ജസ്റ്റിസ് എം സുബ്രഹ്മണ്യം ചോദിച്ചു. വിജയ് ഈ അടുത്ത് സ്വന്തമാക്കിയ റോള്‍സ് റോയ്‌സ് ഗോസ്റ്റ് വിഭാഗത്തില്‍പ്പെടുന്ന കാറിനാണ് നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.

🔳കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തില്‍ രാത്രികാല കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ 31 ജില്ലകളില്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

🔳കോണ്‍ഗ്രസിനകത്തെ പാര്‍ട്ടി പോരിനൊടുവില്‍ ആം ആദ്മി പാര്‍ട്ടിയുമായി ഒന്നിക്കുന്നതിന്റെ സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ധു. താന്‍ സംസ്ഥാനത്തിന് വേണ്ടി ആരാണ് പോരാടുന്നതെന്ന് അവര്‍ക്കറിയാം. തന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലായ്‌പ്പോഴും അംഗീകരിച്ചിരുന്ന പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടിയെന്നും സിദ്ധു ട്വീറ്റ് ചെയ്തു.

🔳ഹിന്ദു, സിഖ്, ജൈനമതക്കാരും മാട്ടിറച്ചി കഴിക്കാത്ത മറ്റു സമുദായക്കാരും ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ബീഫും ബീഫ് ഉത്പന്നങ്ങളും വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിക്കുന്ന ബില്‍ അസം നിയമസഭയില്‍. ബില്‍ പ്രകാരം ക്ഷേത്രങ്ങള്‍ക്കും വൈഷ്ണവമഠങ്ങള്‍ക്ക് അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലും ബീഫിന് വിലക്കുണ്ട്. അസം കന്നുകാലി സംരക്ഷണ ബില്‍-2021 എന്ന പേരിലുള്ള ഇത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് തിങ്കളാഴ്ച സഭയില്‍വെച്ചത്.

🔳ഭീകരാക്രമണത്തിനും ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യതയുണ്ടെന്ന ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാജസ്ഥാന്റെ അതിര്‍ത്തി പ്രദേങ്ങളില്‍ അധികൃതര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് കര്‍ശന നിയന്ത്രണങ്ങളെന്ന് ശ്രീഗംഗാനഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

🔳ഈ വര്‍ഷത്തെ കന്‍വര്‍ യാത്രയ്ക്ക് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതാധികാര യോഗത്തിലാണ് തീരുമാനം. കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം അതിവേഗത്തില്‍ വ്യാപിക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. ഈ വര്‍ഷത്തെ കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കരുതെന്നു കാട്ടി ഐ.എം.എ. മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച കത്ത് നല്‍കിയിരുന്നു.

🔳താലിബാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇന്ത്യന്‍ സേനയുടെ സഹായം പ്രതീക്ഷിക്കുന്നുവെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ അംബാസിഡര്‍ ഫരീദ് മാമുണ്ട്‌സെ. സൈനിക സഹായമല്ല പ്രതീക്ഷിക്കുന്നതെന്നും പരിശീലനം, സാങ്കേതിക സഹായം തുടങ്ങിയവയാണ് ഇന്ത്യയില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും ഫരീദ് മാമുണ്ട്‌സെ പറഞ്ഞു.

🔳ജൂലായ് 23-ന് തുടങ്ങുന്ന ടോക്യോ ഒളിംപിക്സില്‍ വിജയിക്കുന്നവര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് ആറു കോടി രൂപയും വെള്ളിമെഡല്‍ ജേതാക്കള്‍ക്കു നാലു കോടി രൂപയും വെങ്കലമെഡല്‍ ജേതാക്കള്‍ക്കു രണ്ടു കോടി രൂപ വീതവും പാരിതോഷികമായി നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഒളിംപിക്സില്‍ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങള്‍ക്കും പത്തു ലക്ഷം രൂപ വീതവും സര്‍ക്കാര്‍ നല്‍കും. സംസ്ഥാനത്തുനിന്ന് പത്തു പേരാണ് ഒളിംപിക്സില്‍ പങ്കെടുക്കുന്നത്.

🔳കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ മധ്യനിരയില്‍ കളി മെനഞ്ഞ റോഡ്രിഗോ ഡി പോള്‍ ഇനി സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡില്‍. 35 ദശലക്ഷം യൂറോയ്ക്ക് അഥവാ 309 കോടി രൂപക്ക് അഞ്ചു വര്‍ഷത്തെ കരാറാണ് റോഡ്രിഗോ ഡി പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡുമായി ഒപ്പുവെച്ചത്.

🔳കേരളത്തില്‍ ഇന്നലെ 1,39,049 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,810 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,582 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 828 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,331 പേര്‍ രോഗമുക്തി നേടി.ഇതോടെ 1,15,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂര്‍ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂര്‍ 926, ആലപ്പുഴ 871, കോട്ടയം 826, കാസര്‍ഗോഡ് 657, പത്തനംതിട്ട 550, വയനാട് 436, ഇടുക്കി 239 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

🔳രാജ്യത്ത് ഇന്നലെ 40,215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 42,338 പേര്‍ രോഗമുക്തി നേടി. മരണം 623. ഇതോടെ ആകെ മരണം 4,11,439 ആയി. ഇതുവരെ 3,09,44,949 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.24 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 7,243 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 2,508 പേര്‍ക്കും കര്‍ണാടകയില്‍ 1,913 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,567 പേര്‍ക്കും ഒഡീഷയില്‍ 1930 പേര്‍ക്കും മദ്ധ്യപ്രദേശില്‍ 1390 പേര്‍ക്കും ആസാമില്‍ 2,169 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,71,219 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 22,667 പേര്‍ക്കും ബ്രസീലില്‍ 45,022 പേര്‍ക്കും റഷ്യയില്‍ 24,702 പേര്‍ക്കും ഇംഗ്ലണ്ടില്‍ 36,660 പേര്‍ക്കും അര്‍ജന്റീനയില്‍ 20,023 പേര്‍ക്കും കൊളംബിയയില്‍ 17,532 പേര്‍ക്കും ഇറാനില്‍ 22,750 പേര്‍ക്കും സ്പെയിനില്‍ 43,960 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 47,899 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 18.85 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.21 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,003 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 251 പേരും ബ്രസീലില്‍ 1,527 പേരും റഷ്യയില്‍ 780 പേരും അര്‍ജന്റീനയില്‍ 385 പേരും കൊളംബിയയില്‍ 504 പേരും ഇന്‍ഡോനേഷ്യയില്‍ 864 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40.64 ലക്ഷം.

🔳 ടെലികോം രംഗത്ത് മത്സരം തുടരുന്നതിനിടെ ഉപയോക്താക്തളുടെ കൊഴിഞ്ഞുപോക്ക് നേരിട്ട് വോഡഫോണ്‍- ഐഡിയ. സെക്ടര്‍ റെഗുലേറ്റര്‍ നല്‍കുന്ന കണക്ക് അനുസരിച്ച് 2021 ഏപ്രില്‍ മാസത്തില്‍ 1.8 ലക്ഷം ഉപയോക്താക്കളുടെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തിങ്കളാഴ്ച ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റിലയന്‍സ് ജിയോയില്‍ 4.8 ദശലക്ഷം വയര്‍ലെസ് ഉപയോക്താക്കളുമായി മുന്നിലെത്തിയിട്ടുണ്ട്. 352.91 ദശലക്ഷം ഉപയോക്താക്കളുള്ള എയര്‍ടെല്ലും ഏപ്രില്‍ അവസാനത്തോടെ 281.90 ദശലക്ഷവുമായി വിഐയും തൊട്ടുപിന്നിലായുണ്ട്. നിഷ്‌ക്രിയ വരിക്കാര്‍ ഏറ്റവുമധികമുള്ളത് ജിയോയിലാണ്. 92.5 ദശലക്ഷമാണിത്.

🔳നിക്ഷേപത്തിലെ അതിസമര്‍ത്ഥന്‍ രാകേഷ് ജുന്‍ജുന്‍വാല എയര്‍ലൈന്‍ മേഖലയില്‍ പുതിയ നിക്ഷേപത്തിന് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പുതുതായി ആരംഭിക്കാനൊരുങ്ങുന്ന ലോ ഫെയര്‍ എയര്‍ലൈന്‍ സംരഭത്തില്‍ 260.7 കോടി രൂപ ജുന്‍ജുന്‍വാല നിക്ഷേപിച്ചേക്കും. ജെറ്റ് എയര്‍വെയ്സ് സിഇഒ വിനയ് ഡുബെയുടെ നേതൃത്തിലുള്ളതായിരിക്കും പുതിയ സംരഭം. ഇതില്‍ ഏകദേശം 40 ശതമാനം ഓഹരികളായിരിക്കും ജുന്‍ജുന്‍വാലെ സ്വന്തമാക്കുക.

🔳മഹേഷ് നാരായണന്റെ ഫഹദ് ഫാസില്‍ ചിത്രം ‘മാലിക്കി’ലെ ആദ്യഗാനം എത്തി. ‘തീരമേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. സംഗീത സംവിധാനം സുഷിന്‍ ശ്യാം. കെ എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ എത്തുകയാണ്. ഈ മാസം 15നാണ് റിലീസ്. നിമിഷ സജയനാണ് നായിക.

🔳തമിഴ്ചിത്രം രാക്ഷസന്റെ തെലുങ്കു റീമേക്കായി പ്രദര്‍ശനത്തിനെത്തിയ രാക്ഷസുഡുവിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ആദ്യഭാഗം സംവിധാനം രമേഷ് വര്‍മ്മയാണ്
ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രാക്ഷസുഡുവിന്റെ ആദ്യഭാഗത്തില്‍ അനുപമ പരമേശ്വരനും ബെല്ലാംകൊണ്ട സായ് ശ്രീനിവാസുമായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍. രണ്ടാം ഭാഗത്തിലെ അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സത്യനാരായണ കൊനേരുവാണ് ചിത്രം നിര്‍മിക്കുന്നത്. ജിബ്രാനാണ് സംഗീതമൊരുക്കുന്നത്.

🔳ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കമ്പനിയുടെ മുന്‍നിര മോഡലായ 2021 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യയില്‍ വിതരണം തുടങ്ങി.
പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ചാണ് 2021 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. പേള്‍ ഗ്ലെയര്‍ വൈറ്റ് നിറത്തിലുള്ള മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലിന് 37,20,342 രൂപയും, ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക്-മാറ്റ് മോറിയന്‍ ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമായ ഡിസിടി പ്ലസ് എയര്‍ബാഗ് മോഡലിന് 39,16,055 രൂപ രൂപയുമായാണ് എക്സ് ഷോറൂം വില.

🔳ഇന്ത്യന്‍ വിപ്ലവത്തിന്റെ ഇന്ത്യന്‍ ധാര്‍മികതയുടെ ഇന്ത്യന്‍ കര്‍മ്മ ജീവിതത്തിന്റെ ഇജ്ജ്വല തേജസായ വിനോബഭാവെയുടെ ജീവചരിത്രത്തിലൂടെ. ‘വിനോബഭാവെ’.
പ്രതാപന്‍ തായാട്ട്. ഹരിതം ബുക്സ്. വില 166 രൂപ.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments