Sunday, October 6, 2024
HomeNewsKeralaപ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ

പ്രഭാത വാർത്തകൾ
2021 | ജൂൺ 11 | 1196 എടവം 28 | വെള്ളിയാഴ്ച | മകീര്യം |

🔳വാക്സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ ഫൈസര്‍ ഉള്‍പ്പെടെയുള്ള വിദേശ വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് നിയമപരമായ ബാധ്യതകളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വാക്സിന്‍ ഉപയോഗത്തെ തുടര്‍ന്ന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ നേരിടേണ്ടിവരുന്ന നിയമനടപടികളില്‍ നിന്ന് സംരക്ഷണം നല്‍കാമെന്നുള്ള വ്യവസ്ഥ അംഗീകരിക്കാത്ത ഒരു രാജ്യത്തിനും ഫൈസര്‍ ഇതുവരെ വാക്സിന്‍ നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മനം മാറ്റത്തിന് തയ്യാറാകുന്നതോടെ കൂടുതല്‍ വിദേശ വാക്സിനുകള്‍ രാജ്യത്ത് ലഭ്യമാകും.

🔳കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ വാക്‌സിന്‍ നയം മൂലം ഇന്ത്യയില്‍ ഒഴിവാക്കാനാകുമായിരുന്ന മരണങ്ങള്‍ സംഭവിച്ചതായി പഠനം. വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന നിശ്ചയിക്കുന്നതിലുണ്ടായ അപാകം മൂലം വലിയ തോതിലുള്ള മരണമാണ് ഇന്ത്യയിലുണ്ടായതെന്ന് യുകെയിലെയും ഇന്ത്യയിലെയും വിദഗ്ധരടങ്ങുന്ന സംഘത്തിന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

🔳ആരോഗ്യ പ്രവര്‍ത്തകരിലും കോവിഡ് മുന്നണി പോരാളികളിലും വാക്‌സിന്‍ എടുത്തവര്‍ കുറവാണെന്ന കാര്യം കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍. കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് അദ്ദേഹം ആശങ്ക അറിയിച്ചത്.

🔳ലോക്ഡൗണില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍. കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ പാഴ്‌സല്‍, ടേക്ക് എവേ സര്‍വീസുകള്‍ അനുവദിക്കില്ല. ഹോം ഡലിവറി മാത്രമാണ് അനുവദിക്കുക.. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ അനുവദിക്കും. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.

🔳കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടയില്‍ സംസ്ഥാനത്ത് ഇന്ന് നിയന്ത്രണങ്ങളില്‍ ഇളവ്. അവശ്യസേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കൊപ്പം വസ്ത്രങ്ങള്‍, സ്റ്റേഷനറി, ആഭരണം, കണ്ണടകള്‍, ശ്രവണ സഹായികള്‍, പാദരക്ഷകള്‍, പുസ്തകങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വിപണനംചെയ്യുന്ന കടകള്‍ വളരെ കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് ഇന്ന് രാത്രി ഏഴ് വരെ തുറന്ന് പ്രവര്‍ത്തിക്കാം. മൊബൈല്‍ ഫോണ്‍ റിപ്പയര്‍ചെയ്യുന്ന കടകള്‍ക്കും ഇന്ന് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. വാഹന ഷോറൂമുകളില്‍ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ അത്യാവശ്യ പരിപാലനത്തിനായി ഇന്ന് രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്.

🔳സംസ്ഥാനത്തിന്റെ പൊതുകടം യാന്ത്രികമായി നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ പൊതുജനങ്ങള്‍ക്ക് വിവിധ മേഖലയില്‍ കിട്ടിക്കൊണ്ടിരിക്കുന്ന പല സൗകര്യങ്ങളും ഇല്ലാതാകുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കോവിഡിന്റെ സമയത്ത് കടം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് പ്രായോഗികമായി ഗുണം ചെയ്യില്ല. മരുന്ന്, ജോലിയില്ലാത്തവര്‍ക്കുള്ള സഹായം, ഭക്ഷണത്തിനുള്ള സഹായം പോലുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

🔳നിയമസഭയിലെ ചോദ്യോത്തര വേളയിലെ മറുപടിക്ക് മുമ്പ് മുഖ്യമന്ത്രിയുടെ ഉത്തരം ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിന് സ്പീക്കറുടെ റൂളിങ്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനുചിത ഇടപെടല്‍ ഉണ്ടായെന്നും സ്പീക്കര്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ഗുരുതമായ വീഴ്ചയാണ് ഉണ്ടായതെന്നും കുറ്റം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്നും സ്പീക്കര്‍ റൂളിങ് നല്‍കി.

🔳സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റി നാല് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കണമെന്ന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

🔳നിയമന ഉത്തരവുകള്‍ ലഭിച്ച അധ്യാപകര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സ്‌കൂള്‍ തുറക്കുമ്പോള്‍ മാത്രമേ ഇവരെ സേവനത്തില്‍ പ്രവേശിപ്പിക്കാനാകൂ എന്ന തീരുമാനം പുനപ്പരിശോധിക്കേണ്ടി വരുമെന്നും പി.സി. വിഷ്ണുനാഥിന്റെ ശ്രദ്ധക്ഷണിക്കലിന്
മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

🔳സ്വകാര്യ വാഹനങ്ങള്‍ നികുതി വെട്ടിച്ച് ടാക്സിയായി ഓടുന്നത് തടയാന്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കി. ചില പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, ബാങ്കുകള്‍ എന്നിവ വ്യാപകമായി, കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ വാഹനങ്ങളെ ടാക്സിയാക്കി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നിയമവിരുദ്ധമായി നടത്തുന്ന ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. കള്ള ടാക്സികള്‍ മൂലം നികുതി ഇനത്തില്‍, കനത്ത നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാകുന്നത് എന്ന് കണ്ടെത്തിയതിനേ തുടര്‍ന്നാണ് നടപടി സ്വീകരിക്കാനുള്ള മന്ത്രിയുടെ നിര്‍ദ്ദേശം.

🔳സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. ആഭ്യന്തര വിനോദ സഞ്ചാരത്തിന് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായാണിത്. വിദേശസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധ രാജ്യങ്ങളില്‍ പ്രചാരണം നടത്തും. 2025-ഓടെ 20 ലക്ഷം വിനോദസഞ്ചാരികളെ സംസ്ഥാനത്തെത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

🔳മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ മാംഗോ മൊബൈല്‍ ഉദ്ഘാടന ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.ടി. തോമസ് എം.എല്‍എ. കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്തുനില്‍ക്കുന്ന ചിത്രം കണ്ടിട്ട്, താനാണോ മാപ്പ് പറയേണ്ടതെന്ന് പി.ടി. തോമസ് ചോദിച്ചു. പ്രതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവിട്ടുകൊണ്ടായിരുന്നു പി.ടി തോമസ് ഇക്കാര്യം പറഞ്ഞത്.

🔳മുട്ടില്‍ മരംമുറിക്കേസില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന് കത്ത് നല്‍കി. കോടികളുടെ അനധികൃത മരംമുറിക്കു പിന്നില്‍ ഉന്നതല ഗൂഢാലോചനയുണ്ടെന്നും പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നതായി സംശയിക്കുന്നുവെന്നും മുരളീധരന്‍ കത്തില്‍ ആരോപിച്ചു.

🔳കുഴല്‍പ്പണ കേസില്‍ ബി.ജെ.പി. സംസ്ഥാന ഘടകത്തെ പിന്തുണച്ച് കേന്ദ്ര നേതൃത്വം. സംസ്ഥാന സര്‍ക്കാരിനെതിരായ പോരാട്ടം ശക്തമാക്കാന്‍ ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ നിര്‍ദേശം നല്‍കിയതായി കെ. സുരേന്ദ്രന്‍ പറഞ്ഞു. നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

🔳കേരളത്തില്‍ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 14ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

🔳കേരളത്തില്‍ ഇന്നലെ 1,07,250 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,631 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 109 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 718 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,994 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,35,298 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673, കോട്ടയം 580, കാസര്‍ഗോഡ് 443, പത്തനംതിട്ട 429, വയനാട് 194.

🔳സംസ്ഥാനത്ത് ഇന്നലെ 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 891 ഹോട്ട് സ്‌പോട്ടുകള്‍.

🔳ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടില്‍ പൊലീസിന്റെ പിടിയിലായി. തൃശ്ശൂര്‍ മുണ്ടൂരില്‍ അയ്യന്‍കുന്നു എന്ന സ്ഥലത്ത് ഒളിച്ചിരിക്കുകയായിരുന്നു പ്രതി. നാട്ടുകാരുടെ കൂടി സഹായത്തോടെ പൊലീസ് വനത്തില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ കെട്ടിടത്തില്‍ നിന്ന് മാര്‍ട്ടിനെ കണ്ടെത്താനായത്. നൂറിലേറെ നാട്ടുകാരാണ് തെരച്ചിലില്‍ പങ്കെടുത്തത്.

🔳സംസ്ഥാനത്ത് ചെന്നൈ സൂപ്പര്‍ഫാസ്റ്റ് അടക്കം ഒമ്പതു തീവണ്ടികള്‍ 16-ന് പുനരാരംഭിക്കുന്നു. മൈസൂരു-കൊച്ചുവേളി എക്സ്പ്രസ്, ബെംഗളൂരു – എറണാകുളം സൂപ്പര്‍ ഫാസ്റ്റ്, എറണാകുളം-കാരക്കല്‍ എക്സ്പ്രസ്, മംഗളൂരു-കോയമ്പത്തൂര്‍ എക്സ്പ്രസ്, മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ്, മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം പ്രതിവാര സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എന്നീ വണ്ടികളാണ് പുനരാരംഭിക്കുന്നത്.

🔳കോവിഡ് മൂലം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായ പ്രവാസികള്‍ ഉള്‍പ്പടെയുള്ള മലയാളികള്‍ക്ക് സഹായ ഹസ്തവുമായി ആര്‍ പി ഫൗണ്ടേഷന്‍. കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന അര്‍ഹരായ എല്ലാവര്‍ക്കും എത്രയും പെട്ടന്ന് ആര്‍ പി ഫൗണ്ടേഷന്‍ 15 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുമെന്ന് അറിയിച്ചു. ഇതില്‍ അഞ്ചു കോടി രൂപ നോര്‍ക്ക റൂട്‌സിലൂടെ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളെ സഹായിക്കുന്നതിന് വേണ്ടി കേരള മുഖ്യമന്ത്രിക്ക് കൈമാറും.

🔳ഇന്ധനവില വര്‍ധനയ്ക്കെതിരേ കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. എം.പി.മാര്‍ എം.എല്‍.എ.മാര്‍, ഉന്നത നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

🔳എല്‍പിജി സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം പകരുന്ന പദ്ധതിയുമായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. ഉപയോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് റീഫില്‍ ചെയ്യാനുള്ള സൗകര്യമാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഒരുക്കുന്നത്. പദ്ധതി പ്രകാരം ഉപയോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള വിതരണക്കാരില്‍നിന്ന് സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാന്‍ സാധിക്കും.

🔳ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്തു. കവരത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തിനെതിരേ നല്‍കിയ പരാതിയിലാണ് കേസ്. ലക്ഷദ്വീപ് ബിജെപി അധ്യക്ഷനാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

🔳കര്‍ണാടകയിലെ നേതൃമാറ്റം സംബന്ധിച്ച തീരുമാനം ബിജെപി നേതൃത്വം കൈക്കൊണ്ടതായി സൂചന. ഡല്‍ഹിയിലുള്ള ഉന്നത ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം. എന്നാല്‍ നേതൃമാറ്റം ഉണ്ടാകില്ലെന്നാണ് കര്‍ണാടക ഘടകത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് അരുണ്‍ സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്. യെദ്യൂരപ്പ മികവ് തെളിയിച്ചയാളാണെന്നും അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേല്‍ അപ്രതീക്ഷിതമായി പ്രശംസ ചൊരിഞ്ഞ് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് രംഗത്ത്. പ്രധാനമന്ത്രി മോദി രാജ്യത്തെ ഏറ്റവും പ്രമുഖ നേതാവാണെന്നും ബിജെപിയുടെ വിജയത്തിന് പിന്നില്‍ അദ്ദേഹമാണെന്നും റാവത്ത് പറഞ്ഞു. മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേനാ തലവനുമായ ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണിത്.

🔳രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ യഥാര്‍ഥ കോവിഡ് മരണക്കണക്ക് മറച്ചുവെക്കുന്ന ആരോപണത്തിനെതിരെ മേയര്‍ കിശോരി പഡ്‌നേക്കര്‍. കോവിഡ് മരണക്കണക്ക് മറച്ചുവെച്ചിട്ടില്ലെന്നും കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച ആരുടെയും മൃതദേഹങ്ങള്‍ മുംബൈയിലെ നദികളില്‍ ഒരിടത്തും ഉപേക്ഷിച്ചിട്ടില്ലെന്നും മേയര്‍ പരിഹസിച്ചു.

🔳ഉത്തര്‍പ്രദേശ് ബിജെപിക്കുള്ളില്‍ ഭിന്നത രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കേന്ദ്ര നേതൃത്വത്തെ കാണാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ എന്നീ നേതാക്കളുമായി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തും.

🔳രാജ്യത്ത് ഇന്നലെ 91,211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,35,598 പേര്‍ രോഗമുക്തി നേടി. മരണം 3,401. ഇതോടെ ആകെ മരണം 3,63,097 ആയി. ഇതുവരെ 2,92,73,338 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 11.19 ലക്ഷം കോവിഡ് രോഗികള്‍.

🔳തമിഴ്നാട്ടില്‍ ഇന്നലെ 16,813 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 12,207 പേര്‍ക്കും കര്‍ണാടകയില്‍ 11,042 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 8,110 പേര്‍ക്കും പശ്ചിമബംഗാളില്‍ 5,274 പേര്‍ക്കും ഒഡീഷയില്‍ 6,097 പേര്‍ക്കും ആസാമില്‍ 3,756 പേര്‍ക്കും തെലുങ്കാനയില്‍ 1,798 പേര്‍ക്കും പഞ്ചാബില്‍ 1,311 പേര്‍ക്കും ജമ്മുകാശ്മീരില്‍ 1,117 പേര്‍ക്കും ഡല്‍ഹിയില്‍ 305 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ മാത്രമാണ്.

🔳ആഗോളതലത്തില്‍ ഇന്നലെ 4,02,515 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 10,818 പേര്‍ക്കും ബ്രസീലില്‍ 91,266 പേര്‍ക്കും അര്‍ജന്റീനയില്‍ 27,628 പേര്‍ക്കും കൊളംബിയയില്‍ 29,302 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.55 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.23 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,390 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 339 പേരും ബ്രസീലില്‍ 2,228 പേരും കൊളംബിയയില്‍ 573 പേരും അര്‍ജന്റീനയില്‍ 669 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 37.87 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശിഖര്‍ ധവാനാണ് ക്യാപ്റ്റന്‍. മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ഇന്ത്യയുടെ യുവടീമാകും ശ്രീലങ്കയെ നേരിടുക.

🔳കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍. 24 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിഫന്‍ഡര്‍ തിയാഗോ സില്‍വ മടങ്ങിയെത്തിയതാണ് എടുത്തുപറയത്തക്ക മാറ്റം. ദക്ഷിണ അമേരിക്കന്‍ യോഗ്യതാ പോരാട്ടങ്ങള്‍ക്കിറങ്ങിയ ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് കോച്ച് ടിറ്റെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

🔳ഇംഗ്ലീഷ് താരങ്ങളുടെ പഴയകാല ട്വീറ്റുകള്‍ കുത്തിപ്പൊക്കി വിവാദം സൃഷ്ടിക്കാനുള്ള ശ്രമത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍. മോര്‍ഗനോ ബട്ലറോ ആന്‍ഡേഴ്സണോ ട്വീറ്റ് ചെയ്ത സമയത്ത് ആര്‍ക്കും ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും പക്ഷേ വര്‍ഷങ്ങള്‍ക്കിപ്പുറം ആ ട്വീറ്റുകള്‍ വിദ്വേഷം ജനിപ്പിക്കുന്നതായി മാറിയത് അദ്ഭുതകരമാണെന്നും ഈ വേട്ടയാടല്‍ അവസാനിപ്പിച്ചേ തീരൂവെന്നും മൈക്കല്‍ വോണ്‍ വ്യക്തമാക്കി.

🔳റഷ്യന്‍ താരവും 31-ാം സീഡുമായ അനസ്താസിയ പവ്ലുചെങ്കോവ ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍. റഷ്യന്‍ താരത്തിന്റെ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം ഫൈനലാണിത്. സ്ലൊവേനിയന്‍ താരം തമാര സിദാന്‍സെകിനെ രണ്ടു സെറ്റിനുള്ളില്‍ കീഴടക്കിയാണ് പവ്ലുചെങ്കോവയുടെ മുന്നേറ്റം.

🔳ടെലികോം, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ കമ്പനിയായ റിലയന്‍സ് ജിയോയാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡ് എന്ന് ബ്രാന്‍ഡ് ഫിനാന്‍സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും ശക്തമായ ടെലികോം ബ്രാന്‍ഡ് കൂടിയാണ് ജിയോ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2016 ല്‍ മാത്രമാണ് സ്ഥാപിതമായതെങ്കിലും, ജിയോ അതിവേഗം ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്ററായും ലോകത്തെ മൂന്നാമത്തെ വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്ററായും മാറി. 400 ദശലക്ഷം വരിക്കാര്‍ നിലവില്‍ ജിയോക്കുണ്ട്.

🔳ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പുതിയ പ്രീമിയം വരുമാനം മേയ് മാസത്തില്‍ ഇടിവ് പ്രകടമാക്കിയെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ബുധനാഴ്ച അറിയിച്ചു. പുതിയ പ്രീമിയം വരുമാനം 5.6 ശതമാനം കുറഞ്ഞ് 12,976.99 കോടി രൂപയായി. രജിസ്റ്റര്‍ ചെയ്ത 24 ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം മേയില്‍ 13,739 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം ഉണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി പുതിയ പ്രീമിയത്തില്‍ 12.4 ശതമാനം ഇടിവ് രേഖപ്പെടുത്തി.

🔳മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ദ പ്രീസ്റ്റ്. ജോഫിന്‍ ആയിരുന്നു ചിത്രം സംവിധാാനം ചെയ്തിരുന്നത്. സിനിമ വന്‍ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ടെലിവിഷനിലും സിനിമ മികച്ച പ്രതികരണം ലഭിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റിലായിരുന്നു ദ പ്രീസ്റ്റിന്റെ ടെലിവിഷന്‍ പ്രീമിയര്‍. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ടെലിവിഷന്‍ റേറ്റിംഗ് ആണ് ദ പ്രീസ്റ്റിന് ലഭിച്ചിരിക്കുന്നത്. 21.95 ആണ് ദ പ്രീസ്റ്റിന് ലഭിച്ച റേറ്റിംഗ്. ഇത് 2021ല്‍ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റേറ്റിംഗ് ആണ് എന്നാണ് നിര്‍മാതാവ് ആന്റോ ജോസഫ് പങ്കെവെച്ച കാര്‍ഡില്‍ പറയുന്നത്.

🔳പതിനഞ്ചുവയസ്സുകാരനായ ശ്രീഹരി രാജേഷ് സംവിധാനം ചെയ്ത സ്ഥായി യൂട്യൂബില്‍ റിലീസ് ചെയ്യുന്നു. ജൂണ്‍ 4 ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരുന്നു. ഇതില്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് യൂട്യൂബില്‍ റിലീസ് ചെയ്യുന്നത്. ജൂണ്‍ 11 ന് ചിത്രം പുറത്തിറങ്ങും. കേരളത്തില്‍ ഉള്ള ജാതി വിവേചനങ്ങള്‍ പ്രമേയമാക്കി ചിത്രീകരിച്ച ഫീച്ചര്‍ സിനിമയാണ് സ്ഥായി. 46-മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം കടന്നു പോകുന്നത് അക്ഷയ് എന്ന ഒരു 23-വയസ്സുകാരന്റെ ജീവിതത്തിലൂടെയാണ്.

🔳ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലയായ സൊമാട്ടോ ഡെലിവറി ഫ്ലീറ്റിലേക്ക് 100 ശതമാനം ഇലക്ട്രിക് (ഇവി) വാഹനങ്ങളെത്തിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. 2030 ഓടെ ഇത് പ്രാവര്‍ത്തികമാക്കാനാണ് നീക്കം. നിലവില്‍ കുറച്ച് ഇ-വി കമ്പനികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡെലിവറികള്‍ക്കായി സാധ്യമായ മൊബിലിറ്റി സൊല്യൂഷനിലേക്ക് വേഗത്തില്‍ മാറാന്‍ കഴിയുന്ന ബിസിനസ് മോഡലുകള്‍ സൃഷ്ടിക്കുന്നതിന് ഇത് സഹായകമാകുമെന്നും കമ്പനി അറിയിച്ചു.

🔳പ്രകൃതി ഉപാസകേന്ദ്രം പക്ഷിനിരീക്ഷകനുമായിരുന്ന ഡബ്ലു എച്ച് ഹഡ്സന്റെ വിഖ്യാത രചനയാണ് ഒരു ആട്ടിടയന്റെ ജീവിതം. ‘ഒരു ആട്ടിടയന്റെ ജീവിതം’. പരിഭാഷ – കെ.പി ബാലചന്ദ്രന്‍. ചിന്ത പബ്ളിക്കേഷന്‍. വില 304 രൂപ.

🔳ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അക്കൂട്ടത്തിലൊന്നാണ് ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുന്ന കാര്യം. ഏത് തരം വാക്‌സിനാണെങ്കിലും അത് ഡോക്ടടറുടെ നിര്‍ദേശപ്രകാരം മാത്രമാണ് ഗര്‍ഭിണികള്‍ സ്വീകരിക്കേണ്ടത്. ഗര്‍ഭാവസ്ഥയില്‍ അസുഖസാധ്യതകള്‍ സാധാരണഗതിയില്‍ നിന്ന് വര്‍ധിക്കുന്നില്ല. എന്നാല്‍ അസുഖം പിടിപെട്ടാല്‍ അതിന്റെ തീവ്രതയും പരിണിതഫലങ്ങളും കൂടാനുള്ള സാധ്യത കൂടുതലാണ്. സീസണലായി വരുന്ന പകര്‍ച്ചപ്പനികളുടെ കാര്യവും ഇങ്ങനെ തന്നെ. പലയിടങ്ങളിലും പകര്‍ച്ചപ്പനിക്കെതിരായ വാക്‌സിന്‍ എടുക്കുന്നത് സാധാരണമാണ്. ഗര്‍ഭിണികളും ഈ വാക്‌സിന്‍ എടുക്കുന്നതാണ് ഉത്തമമെന്നാണ് പുതിയൊരു പഠനവും അവകാശപ്പെടുന്നത്. അതായത്, പകര്‍ച്ചപ്പനി ഗര്‍ഭിണികളില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കാം. ഇത് അമ്മയെ മാത്രമല്ല, കുഞ്ഞിനെയും ഒരുപോലെ ബാധിക്കുന്നു. അതിനാല്‍ തന്നെ ഗര്‍ഭിണികള്‍ പകര്‍ച്ചപ്പനിക്കെതിരായ വാക്‌സിന്‍ സ്വീകരിക്കുന്നതാണ് നല്ലതെന്ന് പഠനം നിര്‍ദേശിക്കുന്നു. ‘ജേണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍’ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. ഗര്‍ഭിണികള്‍ പനിക്കെതിരായ വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ അത് അമ്മയ്ക്കും കുഞ്ഞിനും പല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആസ്ത്മ പോലുള്ള പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, ചെവിയിലെ അണുബാധ, മറ്റ് അണുബാധകള്‍, അന്ധത, കേള്‍വിയില്ലായ്മ, സംസാരിക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥ തുടങ്ങി പല പ്രശ്‌നങ്ങളും ഗര്‍ഭകാല വാക്‌സിനിലൂടെ കുഞ്ഞിനെ ബാധിക്കുമെന്ന് പ്രചരണങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും പനിക്കുള്ള വാക്‌സിന്‍ ഗര്‍ഭകാലത്ത് സ്വീകരിക്കുന്നതിനാല്‍ കുഞ്ഞിനെ ബാധിക്കില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ അടിവരയിട്ട് പറയുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments