ഇന്നത്തെ വാർത്തകൾ ഇതുവരെ

0
25

🔳പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അമിത് ഷാ വിശദീകരണം നല്കണം എന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെ പ്രതിപക്ഷ പ്രതിഷേധവും പാര്‍ലമെന്റ് സ്തംഭനവും തുടരുമെന്ന് ഉറപ്പായി. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ഇതുവരെയുള്ള 9 ദിനവും പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ ചൊല്ലിയുള്ള ബഹളത്തില്‍ മുങ്ങിയിരുന്നു. പ്രധാനമന്ത്രി മറുപടി നല്കണം എന്ന നിലപാടിലായിരുന്നു ആദ്യം പ്രതിപക്ഷം. എന്നാല്‍ ഇത് മയപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണമാണ് ഇപ്പോള്‍ പ്രതിപക്ഷം തേടുന്നത്. എന്നാല്‍ ഈയാവശ്യവും അംഗീകരിക്കേണ്ടതില്ലെന്ന് ബിജെപി തീരുമാനിച്ചു.

🔳സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ചൊവ്വാഴ്ചയോടെ മാറ്റം വരും. രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുള്ള ബദല്‍ നടപടിയാണ് ആലോചനയില്‍. ഇതിനിടെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുറക്കണമെന്ന് സംസ്ഥാനം സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘം ആവശ്യപ്പെട്ടു.

🔳കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കുന്നതാണ്. ഇതിന്റെ പിന്നില്‍ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പ് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്.

🔳2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം ചരക്ക് സേവന നികുതിക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഒരു ശതമാനം സെസ് ഇന്നലെ അര്‍ദ്ധരാത്രിയോടെ അവസാനിച്ചു. 2021 ജൂലൈ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നടപടി. അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ചുമത്തിയത്. പ്രളയ സെസ് വഴി ഏകദേശം 1600 കോടി രൂപ പിരിച്ചെടുക്കാന്‍ കഴിഞ്ഞുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ഇനിമുതല്‍ ലഭിക്കുന്ന ബില്ലുകളില്‍ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ധനമന്ത്രി നിര്‍ദേശിച്ചു.

🔳കൊടകര കവര്‍ച്ചാക്കേസില്‍ കേരളാ പൊലീസ് കേന്ദ്ര ഏജന്‍സികള്‍ക്ക് നാളെ റിപ്പോര്‍ട്ട് നല്‍കും. ആദായ നികുതി വകുപ്പിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിനും ഒപ്പം തിരഞ്ഞെടുപ്പ് കമ്മീഷനേയും വിവരമറിയിക്കാനാണ് തീരുമാനം. ഇതിനായി മൂന്ന് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ കേരളാ പൊലീസ് തയാറാക്കി. ബിജെപി നേതാക്കള്‍ കൂടി ഉള്‍പ്പെട്ട കളളപ്പണ ഇടപാട് സംബന്ധിച്ച് ഇഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണമെന്നാണ് കേരളാ പൊലീസിന്റെ ശുപാര്‍ശ. കൊടകരയില്‍ കവര്‍ച്ച ചെയ്തത് ബിജെപിക്കായി എത്തിയ കളളപ്പണമെന്നും ഒന്‍പത് തവണയായി 40 കോടിയില്‍പ്പരം രൂപ കേരളത്തിലേക്ക് കൊണ്ടുവന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി ശിവന്‍കുട്ടി രാജിവെച്ചില്ലെങ്കില്‍ നാണംകെട്ട് പുറത്തുപോകേണ്ടി വരുമെന്ന് കോണ്‍ഗ്രസ് എം.പി. കെ. മുരളീധരന്‍. ഇപ്പോള്‍ രാജി വെച്ചാല്‍ ധാര്‍മികതയെങ്കിലും ഉയര്‍ത്തിക്കാട്ടാമെന്ന് മുരളീധരന്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

🔳തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ വഴിപാടുകളുടെ നിരക്ക് കൂട്ടാന്‍ നീക്കം. നിരക്ക് വര്‍ധന ശുപാര്‍ശ ഉടന്‍ ഹൈക്കോടതിക്ക് സമര്‍പ്പിക്കും. കൊവിഡിന് പിന്നാലെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തീരുമാനമെന്നാണ് വിശദീകരണം.

🔳പ്രളയാനന്തര പുനര്‍നിര്‍മിതിക്കായി തയാറാക്കിയ റീബില്‍ഡ് കേരള പദ്ധതി നടത്തിപ്പില്‍ വന്‍ധൂര്‍ത്തെന്ന് പരാതി. 7405.10 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയെങ്കിലും ഇതുവരെ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചത് 460.92 കോടി രൂപ മാത്രമാണ്. അതേസമയം, ഓഫീസ് ഉപകരണങ്ങള്‍ വാങ്ങാന്‍ 50.90 ലക്ഷവും വാടകയായി 48.85 ലക്ഷവും കോണ്‍ക്ലേവ്, കണ്‍സല്‍ട്ടന്‍സി ഫീസായി 4.34 കോടിരൂപയും വിനിയോഗിച്ചു.

🔳ഗ്രാമവണ്ടിയെന്ന പേരില്‍ കെ.എസ്.ആര്‍.ടി.സി. ഉള്‍പ്രദേശങ്ങളിലേക്ക് ബസുകള്‍ ഓടിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഡീസല്‍ ചെലവ് വഹിക്കും. ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണിചെലവ് തുടങ്ങിയവ കെ.എസ്.ആര്‍.ടി.സി. വഹിക്കും. ഉള്‍പ്രദേശങ്ങളിലേക്കുള്ള സര്‍വീസുകള്‍ നഷ്ടമുണ്ടാക്കുന്നതിനെ തുടര്‍ന്നാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

🔳കൊട്ടിയൂര്‍ പീഡനക്കേസില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഇന്നലെ പെണ്‍കുട്ടിയും സമാന ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

🔳പാലക്കാട് കാരപ്പാടത്ത് തീപ്പൊള്ളലേറ്റ് നിലയില്‍ കണ്ടെത്തിയ ശ്രുതിയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. ഭര്‍ത്താവ് ശ്രീജിത്ത് ശ്രുതിയെ തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മക്കളുടെ മുന്നില്‍ വെച്ചായിരുന്നു ക്രൂരകൃത്യം നടന്നത്. ശ്രീജിത്തിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ശ്രുതിയുടെ ബന്ധുക്കളുടെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്.

🔳കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി അയല്‍ സംസ്ഥാനങ്ങള്‍. തമിഴ്നാട്ടിലേക്കും കര്‍ണാടകത്തിലേക്കും പോകാന്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്. രണ്ട് ഡോസ് വാക്സിനുമെടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്ക് തമിഴ്നാട് ഇളവ് നല്‍കുമ്പോള്‍ കര്‍ണാടക ആ ഇളവ് പോലും നല്‍കുന്നില്ല.

🔳ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന് പങ്കില്ലെന്ന് സിബിഐ കോടതി. ദില്ലിയിലെ സിബിഐ കോടതിയുടേതാണ് തീരുമാനം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ 2017 ല്‍ ബലാത്സംഗം ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സെന്‍ഗാര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണുള്ളത്.

🔳മുന്‍ മണിപ്പുര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്‍ദാസ് കോന്ദുജം ബിജെപിയില്‍ ചേര്‍ന്നു. മണിപ്പുര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ ഗോവിന്‍ദാസിന് ഔദ്യോഗിക അംഗത്വം നല്‍കി. ഗോവിന്‍ദാസിന്റെ വരവ് പാര്‍ട്ടിക്ക് കരുത്തുപകരുമെന്ന് ബിജെപി അഭിപ്രായപ്പെട്ടു.

🔳ഇന്ത്യ ചൈന നിയന്ത്രണരേഖയില്‍ സൈനിക വിന്യാസം കൂട്ടില്ലെന്ന് കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ധാരണ. ഗോഗ്ര, ഹോട്ട്സ്പ്രിംഗ് മേഖലകളില്‍ നിന്ന് ചൈനീസ് സൈന്യം ഘട്ടം ഘട്ടമായി പിന്മാറിയേക്കും. ചൊവ്വാഴ്ച ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും ഭാഗത്ത് നിന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കുമെന്നാണ് വിവരം. പന്ത്രണ്ടാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഇന്ത്യയും ചൈനയും സമവായത്തിന്റെ പാതയിലേക്ക് കടക്കുന്നുവെന്നതിന്റെ സൂചനയാണ് പുറത്ത് വരുന്നത്. പ്രകോപനപരമായ പ്രസ്താവനകള്‍ ഇരു ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് ധാരണയായിട്ടുണ്ട്.

🔳ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. 1980ന് ശേഷം ആദ്യ മെഡല്‍ ലക്ഷ്യമിടുന്ന ഇന്ത്യയുടെ എതിരാളികള്‍ ബ്രിട്ടനാണ്. വൈകിട്ട് അഞ്ചരയ്ക്കാണ് കളി തുടങ്ങുക.

🔳ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യക്ക് തിരിച്ചടി. പുരുഷ വിഭാഗത്തിലെ 91 കിലോയില്‍ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പുറത്തായി. ലോക ചാമ്പ്യനായ ഉസ്ബക്ക് താരം ബാക്കോദിര്‍ ജലോലോവിനോടാണ് സതീഷ്‌കുമാര്‍ തോറ്റത്. പരിക്ക് അവഗണിച്ചാണ് സതീഷ് മത്സരിക്കാനിറങ്ങിയത്.

🔳ഒളിംപിക്‌സില്‍ വെങ്കല മെഡലിനായി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു ഇന്നിറങ്ങും. ചൈനീസ് താരമാണ് എതിരാളി. മത്സരം വൈകിട്ട് അഞ്ചിന് ആരംഭിക്കും. തുടര്‍ച്ചയായി രണ്ട് ഒളിംപിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന ചരിത്ര നേട്ടത്തിന് അരികെയാണ് സിന്ധു.

🔳ഒളിംപിക് ചരിത്രത്തില്‍ ഖത്തറിന്റെ ആദ്യ സ്വര്‍ണനേട്ടത്തിന് വേദിയായി ടോക്കിയോ. ഭാരോദ്വഹനത്തില്‍ ഫാരിസ് എല്‍ബാക്കാണ് ഖത്തറിനായി ഒളിംപിക് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.

🔳ലോകത്തെ ഏറ്റവും വേഗമേറിയ പുരുഷ താരത്തെ ഇന്നറിയാം. വൈകിട്ട് 6.20നാണ് 100 മീറ്റര്‍ ഫൈനല്‍. ഇതിന് മുന്‍പ് മൂന്ന് സെമിഫൈനലുകള്‍ നടക്കും. 24 താരങ്ങളാണ് സെമിയില്‍ മത്സരിക്കുന്നത്. ഓരോ സെമിയിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മൂന്ന് സെമിയിലേയും മികച്ച രണ്ട് രണ്ടാം സ്ഥാനക്കാരും ഫൈനലിലേക്ക് മുന്നേറും.

🔳അമേരിക്കയുടെ കെയ്‌ലബ് ഡ്രെസ്സല്‍ ടോക്കിയോ ഒളിംപിക്‌സിലെ വേഗമേറിയ പുരുഷ നീന്തല്‍ താരം. 50 മീറ്റര്‍ ഫ്രീസ്റ്റല്‍ നീന്തലില്‍ ഡ്രെസ്സല്‍ ഒന്നാം സ്ഥാനത്തെത്തി. ടോക്കിയോയില്‍ ഡ്രെസ്സലിന്റെ നാലാം സ്വര്‍ണമാണിത്. 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ, 4×100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ എന്നീ ഇനങ്ങളിലും സ്വര്‍ണം നേടിയിരുന്നു. അതേസമയം ഓസ്‌ട്രേലിയയുടെ എമ്മ മക്കോണ്‍ ടോക്കിയോ ഒളിംപിക്സിലെ വേഗമേറിയ വനിതാ നീന്തല്‍ താരമായി. 50 മീറ്റര്‍ ഫ്രീസ്റ്റല്‍ നീന്തലില്‍ ഒളിംപിക് റെക്കോര്‍ഡോടെ എമ്മ ഒന്നാം സ്ഥാനത്തെത്തി. ടോക്കിയോയിലെ മൂന്നാം സ്വര്‍ണവും ആറാമത്തെ മെഡലുമാണിത്.

🔳ഓണ്‍ലൈന്‍ ഓട്ടോ മൊബൈല്‍ ക്ലാസിഫൈഡ് പ്ലാറ്റ്ഫോമായ കാര്‍ട്രേഡ് ടെക് ലിമിറ്റഡിന്റെ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) ഓഗസ്റ്റ് 9 ന്. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ഐപിഒ ഓഗസ്റ്റ് 11 ന് അവസാനിക്കും. പുതിയതും ഉപയോഗിച്ചതുമായ കാറുകള്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്ന എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് കാര്‍ട്രേഡ്. അമേരിക്കന്‍ സ്വകാര്യ ഇക്വിറ്റി ഭീമനായ വാര്‍ബര്‍ഗ് പിന്‍കസ്, സിംഗപ്പൂരിന്റെ സംസ്ഥാന നിക്ഷേപകര്‍ ടെമാസെക്, ജെ പി മോര്‍ഗന്‍, മാര്‍ച്ച് ക്യാപിറ്റല്‍ പാര്‍ട്ണേഴ്സ് എന്നിവര്‍ പിന്തുണയ്ക്കുന്ന കമ്പനിയാണ് ഇത്.

🔳കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് വമ്പന്‍ ആദായം നല്‍കിയ കമ്പനികളില്‍ ഒന്നാണ് ഫസ്റ്റ്സോഴ്സ് സൊലൂഷന്‍സ് ലിമിറ്റഡ്. കഴിഞ്ഞ 12 മാസം കൊണ്ട് 300 ശതമാനത്തോളം നേട്ടമാണ് നിക്ഷേപകര്‍ക്ക് കമ്പനി തിരിച്ചുനല്‍കിയത്. 2020 ജൂലായ് 31 -ന് 48.85 രൂപയുണ്ടായിരുന്ന ഫസ്റ്റ്സോഴ്സ് ഓഹരി വില ഇപ്പോള്‍ 193.70 രൂപയിലാണ് എത്തിനില്‍ക്കുന്നത്. വളര്‍ച്ച 296.52 ശതമാനം. നടപ്പു വര്‍ഷം 93 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ ഫസ്റ്റ്സോഴ്സ് ഓഹരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജനുവരി ഒന്നിന് 100.20 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.

🔳ടോക്കിയോ ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടി അഭിമാനമായി മാറിയ മീരബായി ചാനുവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. മണിപ്പൂരി ഭാഷയിലാണ് ഈ ചിത്രം നിര്‍മിക്കുന്നത്. സ്യൂതി ഫിലിംസുമായി ഇതുസംബന്ധിച്ച ധാരണ പത്രം ചാനുവിന്റെ ടീം ഒപ്പുവെച്ചു. പ്രൊഡക്ഷന്‍ കമ്പനി ചെയര്‍പേഴ്‌സണും പ്രശസ്ത നാടകകൃത്തുമായ എം.എം. മനോബിയാണ് ഇക്കാര്യം അറിയിച്ചത്. ഈസ്റ്റ് ഇംഫാല്‍ ജില്ലയിലെ നോങ്‌പോക് ഗ്രാമത്തിലുള്ള ചാനുവിന്റെ വീട്ടില്‍ വെച്ചാണ് ധാരണാപത്രം ഒപുവെച്ചത്. ചാനുവിനോട് സാദൃശ്യമുള്ള അതേ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍.

🔳സൗഹൃദ ദിനത്തില്‍ എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആര്‍’ സിനിമയിലെ ‘ദോസ്തി’ ഗാനം എത്തി. നാല് ഭാഷകളിലായിട്ടാണ് ഗാനം പുറത്തിറങ്ങിയത്. എം എം കീരവാണിയാണ് ഗാനത്തിന് സംഗീത നല്‍കിയിരിക്കുന്നത്. ഹിന്ദിയില്‍ ഗാനം ആലപിച്ചിരിക്കുന്നത് അമിത് ത്രിവേദിയാണ്, മലയാളത്തില്‍ വിജയ് യേശുദാസും, തമിഴില്‍ അനിരുദ്ധും, തെലങ്കുല്‍ ഹേമചന്ദ്രയുമാണ്. വിവിധ ഭാഷകളില്‍ ഗാനം ഇറങ്ങി കഴിഞ്ഞു. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം പറയുന്നത്.

🔳ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനെലി 502 സിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. 10,000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാം. മാറ്റ് ബ്ലാക്ക്, മാറ്റ് കോഗ്നാക് റെഡ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ബൈക്ക് എത്തിയേക്കും. നേക്കഡ് ബൈക്കുകളുടെ സങ്കര ഡിസൈന്‍ ആണ് ബെനെല്ലി 502 സി അര്‍ബന്‍ ക്രൂയ്സറിന്.

Leave a Reply