2021 ഓഗസ്റ്റ് 05 | 1196 കർക്കടകം 20 | വ്യാഴം | തിരുവാതിര |
🔳ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ജര്‍മനിയെ തകര്‍ത്ത് ഇന്ത്യക്ക് ചരിത്ര വെങ്കലം. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്. ഒരുവേള 1-3ന് പിന്നിട്ടുനിന്ന ശേഷം അതിശക്തമായ തിരിച്ചടിച്ച് ജയിച്ചുകയറുകയായിരുന്നു നീലപ്പട. മലയാളി ഗോളി പി ആര്‍ ശ്രീജേഷിന്റെ മിന്നും സേവുകള്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി.
🔳ഒളിംപിക് മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദന പ്രവാഹം. ഇന്ത്യയുടെ വിജയത്തെ ചരിത്രമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി എല്ലാ ഇന്ത്യക്കാരുടെ മനസിലും ഈ ദിവസം കൊത്തിവയ്ക്കപ്പെട്ടതുപോലെ ഓര്‍മ്മയിലുണ്ടാവുമെന്ന് ട്വീറ്റ് ചെയ്തു. സമാനതകളില്ലാത്ത പോരാട്ടവും വൈദഗ്ദ്ധ്യവുമാണ് ടീം ഇന്ത്യ കാഴ്ച വെച്ചതെന്നും ഹോക്കിക്ക് പുതിയ തുടക്കമാണ് ഈ നേട്ടമെന്നും രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് പറഞ്ഞു. ചരിത്ര വിജയത്തില്‍ ടീമിനാകെ ആശംസ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ പോരാട്ട വീര്യത്തെ പ്രത്യേകം അഭിനന്ദിച്ചു. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഗൗതം ഗംഭീര്‍, വിരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി എന്നിവരും ഹോക്കി ടീമിനെ അഭിനന്ദിച്ചു. ഇതില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗംഭീറിന്റെ ട്വീറ്റ് ട്വിറ്ററില്‍ ചര്‍ച്ചയാവുകയാണ്. 1983, 2007 അല്ലെങ്കില്‍ 2011 വര്‍ഷങ്ങള്‍ മറന്നേക്കുക. ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ വെങ്കലനേട്ടം ഏത് ലോകകപ്പിനേക്കാളും വലുതാണെന്നാണ് ഗംഭീറിന്റെ ട്വീറ്റ്.
🔳മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയെങ്കില്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഗുരുതരവിഷയമെന്ന് സുപ്രീം കോടതി. കേസില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള അഞ്ച് ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. 2019ല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ എന്തുകൊണ്ട് ഔദ്യോഗികമായി പരാതി നല്‍കിയില്ലെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. അതേസമയം വാര്‍ത്താധിഷ്ടിതമായാണ് ഹര്‍ജികള്‍ വന്നതെന്നും കേസ് മുന്നോട്ട് കൊണ്ട് പോകാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും കോടതി പറഞ്ഞു.
🔳നിയമ മേഖലയില്‍ ഇപ്പോഴും അസമത്വം നിലനില്‍ക്കുന്നുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. നിയമസ്ഥാപനങ്ങള്‍ സമൂഹത്തോട് ബന്ധപ്പെട്ടതല്ലെന്ന മിഥ്യാധാരണ പൊതുജനത്തിനും ചില അഭിഭാഷകര്‍ക്കും ഉണ്ടെന്നും അത്തരം മിഥ്യാധാരണകള്‍ പൊളിച്ചെഴുതേണ്ട സമയമാണിതെന്നും എന്‍.വി.രമണ പറഞ്ഞു. സമൂഹത്തില്‍ പണക്കാര്‍, പാവപ്പെട്ടവര്‍ എന്ന വ്യത്യാസം കൂടാതെ എല്ലാവരിലേക്കും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിയമ സ്ഥാപനങ്ങള്‍ ബാദ്ധ്യസ്ഥരാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
🔳കേരളത്തില്‍ നിന്നും കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യാത്രക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സംസ്ഥാന പോലീസ് മേധാവി കര്‍ണാടക ഡിജിപിയെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
🔳സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങള്‍ തിരുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രായോഗികമായ നിര്‍ദേശങ്ങളാണ് പുറത്തിറക്കിയതെന്നും മാറ്റം വരുത്തേണ്ടതില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. കടകള്‍ തുറക്കുമ്പോള്‍ പ്രദര്‍ശിപ്പിക്കേണ്ട നോട്ടീസ് സംബന്ധിച്ച് അവ്യക്തതയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കടകളിലെത്തുന്നവര്‍ കോവിഡ് ടെസ്റ്റ് റിസല്‍റ്റ് അല്ലെങ്കില്‍ വാക്‌സിനെടുത്തതിന്റെ രേഖ കയ്യില്‍ കരുതണമെന്നാണ് ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നതെന്നും 42 ശതമാനം പേര്‍ മാത്രം വാക്‌സിനെടുത്ത കേരളത്തില്‍ എങ്ങനെയാണ് ഇത്തരമൊരു ഉത്തരവ് നടപ്പിലാക്കുകയെന്നും പ്രതിപക്ഷം ചോദിച്ചു.
🔳മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നാല് വെള്ളിക്കാശിന് വേണ്ടി പാണക്കാട് ഹൈദരലി തങ്ങളെ വഞ്ചിച്ചുവെന്ന് കെ.ടി. ജലീല്‍. ഈ അവസ്ഥയില്‍ തങ്ങളെ ഇ.ഡി ചോദ്യം ചെയ്യുന്നതിന് വഴിയൊരുക്കിയ കുഞ്ഞാലിക്കുട്ടിയാണ് യഥാര്‍ത്ഥ കുറ്റവാളിയെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്കെതിരായ നോട്ടീസ് പിന്‍വലിച്ച് കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ് നല്‍കുകയാണ് ഇ.ഡി. ചെയ്യേണ്ടതെന്നും ജലീല്‍ ആവശ്യപ്പെട്ടു.
🔳നടന്‍ മണിയന്‍പിള്ള രാജുവിന് ഭക്ഷ്യമന്ത്രി ഓണക്കിറ്റ് വീട്ടിലെത്തി നല്‍കിയത് റേഷന്‍കടയിലെ ഇ പോസ് മെഷിനില്‍ രേഖപ്പെടുത്തിയ ശേഷമെന്ന് റേഷന്‍ വ്യാപാരി. കിറ്റ് സ്വീകരിക്കും മുന്‍പ് മണിയന്‍പിള്ള രാജുവിന്റെ ഭാര്യ റേഷന്‍കടയിലെത്തി ഇ പോസില്‍ വിരലടയാളം രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. റേഷന്‍ കടയിലെ ഇ പോസ് മെഷീനില്‍ രേഖപ്പെടുത്താതെയാണ് ഭക്ഷ്യമന്ത്രി നേരിട്ടെത്തി മണിയന്‍ പിള്ള രാജുവിന് ഓണക്കിറ്റ് നല്‍കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.
🔳വ്യായാമം ചെയ്യുന്നതിനിടെ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് താഴേക്ക് വീണ് പെണ്‍കുട്ടി മരിച്ചു. എറണാകുളം ചിറ്റൂര്‍ റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന പ്ലസ് ടൂ വിദ്യാര്‍ഥിനി ഐറിന്‍ ജോയ് (18) ആണ് മരിച്ചത്. സഹോദരന് ഒപ്പം ഫ്‌ളാറ്റിന് മുകളില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
🔳വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഇളവു തേടിയ നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പാവപ്പെട്ടവര്‍ പോലും പരാതിയില്ലാതെ നികുതി അടയ്ക്കുമ്പോള്‍ താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യന്‍ പ്രതികരിച്ചു.
🔳ഉദ്യോഗസ്ഥരുമായി നേരിട്ട് കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിനെതിരേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരും മന്ത്രിമാരുമുള്ളപ്പോള്‍ അവരെ ഒഴിവാക്കി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നത് ഭരണഘടനയ്ക്കും സുപ്രീം കോടതി വിധിക്കും എതിരാണെന്നും ജനാധിപത്യത്തെ ബഹുമാനിക്കാന്‍ തയ്യാറാകണമെന്നുമാണ് ഗവര്‍ണറോട് കെജ്രിവാള്‍ ആവശ്യപ്പെട്ടത്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
🔳പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവെച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പൊതുജീവിതത്തില്‍ ഒരു ചെറിയ ഇടവേള അനിവാര്യമാണെന്ന് തോന്നിയതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്ന് അമരീന്ദറിന് അയച്ച കത്തില്‍ പ്രശാന്ത് വ്യക്തമാക്കുന്നു. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് ഇത്തരമൊരു തീരുമാനമെന്നത് ശ്രദ്ധേയമാണ്.
🔳മധ്യപ്രദേശില്‍ പ്രളയം നാശം വിതച്ച ദാട്യ ജില്ലയിലെ സന്ദര്‍ശനത്തിനിടെ ആഭ്യന്തര മന്ത്രി നരോട്ടാം മിശ്ര വെള്ളക്കെട്ടില്‍ കുടുങ്ങി. പ്രളയക്കെടുതി വിലയിരുത്താനാണ് മന്ത്രി ദാട്യയില്‍ എത്തിയത്. ഇതിനിടെ വെള്ളപ്പൊക്കത്തില്‍ വീടിന്റെ ടെറസില്‍ കുടുങ്ങിപ്പോയ 9 അംഗസംഘത്തെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവരെ മന്ത്രി സഞ്ചരിച്ചിരുന്ന ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ശക്തമായ കാറ്റില്‍ മരം വീണ് ബോട്ടിന്റെ എഞ്ചിന്‍ തകരുകയായിരുന്നു. തുടര്‍ന്ന് മന്ത്രി വിവരം അറിയിച്ചതിനെ തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്ടര്‍ സ്ഥലത്തെത്തി മന്ത്രിയേയും വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ ഒന്‍പത് പേരേയും രക്ഷപ്പെടുത്തി.
🔳പെപ്‌സി ഉള്‍പ്പെടെയുള്ള പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് നിര്‍മാതാക്കള്‍ ബിസിനസ് മോഡല്‍ മാറ്റുന്നു. കുപ്പിവെള്ളം, ജ്യൂസ് തുടങ്ങിയവയുടെ നിര്‍മാണത്തില്‍നിന്നാണ് ലാഭസാധ്യതതേടി കൂടുമാറുന്നത്. ലാഭകരമല്ലാത്ത ബ്രാന്‍ഡുകള്‍ ഒഴിവാക്കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഉത്പന്നങ്ങളിലേക്ക് മാറുകയാണ് ലക്ഷ്യം.
🔳വിദേശ വിനിമയ ചട്ടം ലംഘച്ചെന്നാരോപിച്ച് പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 10,600 കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 2009നും 2015നും ഇടയില്‍ ഫ്‌ളിപ്കാര്‍ട്ടും സിംഗപൂരിലെ സ്ഥാപനവും ഉള്‍പ്പടെയുള്ളവ നടത്തിയ നിക്ഷേപം സംബന്ധിച്ചാണ് നിയമലംഘനംനടന്നിട്ടുള്ളതെന്നാണ് ആരോപണം.
🔳ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമില്ല. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഈ ഇളവ്.
🔳സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 35,840 ആയി. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4480ല്‍ എത്തി. സ്വര്‍ണ വില കുറച്ചു ദിവസങ്ങളായി താഴേക്കു വരുന്ന പ്രവണതയാണ് കാണുന്നത്. ആഗോളവിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഈ മാസം രണ്ടു തവണയായി 160 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്.
🔳ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. കോരി ചൊരിയുന്ന മഴയുള്ള രാത്രിയില്‍ ഹൂഡ് അണിഞ്ഞ് നില്‍ക്കുന്ന ജയസൂര്യയും തൊട്ടു പിന്നിലായി ജാഫര്‍ ഇടുക്കിയുമാണ് പോസ്റ്ററില്‍ ഉള്ളത്. ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ് ലൈന്‍ ഒഴിവാക്കിയിട്ടുണ്ട്. നമിത പ്രമോദ് ആണ് ചിത്രത്തിലെ നായിക. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് ഈശോ.
🔳ഒരു ഹിറ്റ് ചിത്രത്തിലെ ഹിറ്റ് ഗാനം. അതിന്റെ ഒറിജിനല്‍ തമിഴ് പതിപ്പിനെ കാണികളുടെ എണ്ണത്തില്‍ ബഹുദൂരം മറികടന്ന് തെലുങ്ക് പതിപ്പിലെ അതേ ഗാനം. ഇത്തരമൊരു കൗതുകകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് സൂര്യ ചിത്രം ‘സൂരറൈ പോട്രി’ലെ ഒരു ഗാനം. ഇതില്‍ ‘കാട്ടുക്ക കനുലേ’ എന്ന ഗാനമാണ് യുട്യൂബില്‍ 100 മില്യണ്‍ (10 കോടി) കാഴ്ചകള്‍ പിന്നിട്ടിരിക്കുന്നത്. തമിഴ് പതിപ്പിലെ ‘കാട്ടു പയലേ’ എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പാണ് ഇത്. തെലുങ്ക് 100 മില്യണ്‍ പിന്നിട്ടെങ്കില്‍ തമിഴ് ഗാനത്തിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 60 മില്യണ്‍ (6.3 കോടി) കാഴ്ചകളാണ്.
🔳മലയാള സിനിമയിലെ മിനി കൂപ്പര്‍ ഉടമകളുടെ പട്ടികയിലേക്ക് യുവനടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസനും. ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമായ മിനിയുടെ ഏറ്റവും മികച്ച മോഡലുകളിലൊന്നായ കൂപ്പര്‍ എസ് ആണ് ഈ യുവതാരത്തിന്റെ ഗ്യാരേജില്‍ എത്തിയിട്ടുള്ള വാഹനം. ഏകദേശം 38 ലക്ഷം രൂപയോളമാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.
🔳നൈതിക മൂല്യങ്ങളെ പിടിച്ചു കുലുക്കുകയും ലൈംഗികതയുടെ നിര്‍വ്വവചനങ്ങളെ റദ്ദുചെയ്യുകയും ചെയ്യുന്ന വന്യതയുടെ അനുഭവം പങ്കിടുന്ന മൂന്നു നോവലെറ്റുകള്‍. ‘അന്ത്രയോസ് എന്ന പാപി’. കാക്കനാടന്‍. എന്‍ബിഎസ്. വില 108 രൂപ.