Saturday, November 23, 2024
HomeNewsKeralaNews Headlines

News Headlines


  • പ്രഭാത വാർത്തകൾ
    2021 | ഓഗസ്റ്റ് 8 | 1196 | കർക്കടകം 23 | ഞായർ | പൂയം |

🔳നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് പൊന്നണിയിച്ച് നീരജ് ചോപ്ര. ഒളിംപിക്സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. 87.58 മീറ്റര്‍ ദൂരം താണ്ടിയാണ് ചോപ്ര സ്വര്‍ണം നേടിയത്. അത്‌ലറ്റിക്‌സില്‍ ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ഹരിയാണക്കാരനായ സുബേദാര്‍ നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്നത്. ജാവലിന്‍ ത്രോ ഫൈനലിലെ ആദ്യ രണ്ട് റൗണ്ടിലും പുറത്തെടുത്ത മികവാണ് നീരജിന് ടോക്യോയില്‍ സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്.

🔳ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യക്കായി ചരിത്ര സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി രാജ്യം. നീരജിന്റേത് ചരിത്ര നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. രാജ്യത്തിനായി സ്വര്‍ണ മെഡല്‍ സമ്മാനിച്ച നീരജിന്റെ പ്രകടനം എക്കാലവും ഓര്‍ക്കപ്പെടുമെന്നും പ്രധാനമന്ത്രി അഭിനന്ദിച്ചു. നീരജിന്റെ മെഡല്‍ നേട്ടം രാജ്യത്തെ യുവാക്കള്‍ക്ക് വലിയ പ്രചോദനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. നീരജിന്റെ നേട്ടത്തോടെ ഇന്ത്യ കൂടുതല്‍ തിളങ്ങുന്നുവെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ നേട്ടമാണിതെന്നും മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ട്വീറ്റ് ചെയ്തു.

🔳ഒളിമ്പിക്‌സില്‍ ചരിത്രം കുറിച്ച് നേടിയ സ്വര്‍ണം നീരജ് ചോപ്ര സ്പ്രിന്റ് ഇതിഹാസം പറക്കും സിഖ് മില്‍ഖ സിങ്ങിന് സമര്‍പ്പിച്ചു. ‘അദ്ദേഹം ഇത് എവിടെയോ ഇരുന്ന് കാണുന്നുണ്ടെന്നാണ് എന്റെ പ്രതീക്ഷ. എവിടെയായാലും ഈ മെഡല്‍ ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുകയാണ്’-മെഡല്‍ സ്വീകരിച്ചശേഷം നീരജ് പറഞ്ഞു.

🔳ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് ഇന്ത്യയുടെ സ്പ്രിന്റ് റാണി പി.ടി.ഉഷ. ‘മുപ്പത്തിയേഴ് വര്‍ഷത്തിനുശേഷം എന്റെ സഫലമാവാത്ത സ്വപ്നമാണ് നീ യാഥാര്‍ഥ്യമാക്കിയത്. നന്ദി എന്റെ മോനെ’… വികാരനിര്‍ഭരമായി ഉഷ ട്വിറ്ററില്‍ കുറിച്ചു.

🔳കോവിഡ് പ്രതിസന്ധിയെ ചെറുക്കാനുള്ള ശ്രമത്തിനിടെ രാജ്യം പ്രഥമ പരിഗണന നല്‍കിയത് പാവപ്പെട്ടവര്‍ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയോ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗര്‍ യോജനയോ ആകട്ടെ, പാവപ്പെട്ടവരുടെ ഭക്ഷണത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചുമാണ് ആദ്യ ദിവസം മുതല്‍ ചിന്തിച്ചതെന്ന് പദ്ധതിയുടെ ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

🔳ഡല്‍ഹി പീഡനക്കേസുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍. ഡല്‍ഹിയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ ബന്ധുക്കളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇത് ട്വിറ്റര്‍ നിയമങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ് നീക്കം ചെയ്തത്. നിയമം അനുസരിച്ച് ഇരയുടേയും ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നതുമായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് കുറ്റകരമാണ്. ട്വീറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ ട്വിറ്ററിന് നോട്ടീസയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്വീറ്റ് നീക്കം ചെയ്തത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി മരവിപ്പിക്കപ്പെട്ടുവെന്നും അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും കോണ്‍ഗ്രസ് ട്വീറ്റു ചെയ്തു.

🔳സംസ്ഥാനത്ത് ഓഗസ്റ്റ് ഒമ്പത് മുതല്‍ 31 വരെ വാക്‌സിനേഷന്‍ യജ്ഞം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി പൊതുവില്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കും. അവസാന വര്‍ഷ ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു.പി സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുകയും യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. 60 കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 15നകം ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നും നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ബുധനാഴ്ച മുതല്‍ ഷോപ്പിംഗ് മാളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

🔳പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി ശിഹാബ് തങ്ങളുടെ നടപടി തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതായി മുസ്ലീംലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖ് അലി ശിഹാബ് തങ്ങള്‍. കോഴിക്കോട് പത്രസമ്മേളനത്തിനിടെ മുഈനലിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉന്നതലയോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്നും ഇക്കാര്യം ഹൈദരലി ശിഹാബ് തങ്ങളെ ധരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഹൈദരലി ശിഹാബ് തങ്ങളാണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

🔳കുഞ്ഞാലിക്കുട്ടി വായ തുറക്കാത്ത ലീഗിന്റെ ചരിത്രത്തിലെ ആദ്യ വാര്‍ത്താ സമ്മേളനമാണ് ഇന്നലെ കോഴിക്കോട് നടന്നതെന്നും കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം ലീഗില്‍ അവസാനിക്കുകയാണെന്നും കെ.ടി ജലീല്‍ എം.എല്‍.എ. ലീഗ് നേതൃയോഗത്തിനുശേഷം മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി ജലീല്‍ രംഗത്തെത്തിയത്.

🔳രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേരുമാറ്റി മേജര്‍ ധ്യാന്‍ ചന്ദ് പുരസ്‌കാരമാക്കിയ നടപടിയെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരേ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയതിന് പിന്നാലെ ഗുജറാത്തിലെ മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റാന്‍ തയ്യാറുണ്ടോയെന്ന് ചോദിച്ച കോണ്‍ഗ്രസുകാര്‍ക്ക് നെഹ്‌റു കുടുംബത്തിന്റെ പേരിലുള്ള വിവിധ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പട്ടിക നിരത്തിയാണ് ഗോപാലകൃഷ്ണന്റെ മറുപടി.

🔳സഹകരണ സംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ള സംഘങ്ങളുടെയും ബാങ്കുകളുടെയും പ്രവൃത്തിദിവസം തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളിലാക്കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞമാസം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതൊഴികെയുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയാക്കിയിരുന്നു.

🔳വാഹനാപകട നഷ്ടപരിഹാരം വൈകുന്നത് ഒഴിവാക്കാന്‍ പ്രാഥമിക, ഇടക്കാല, അന്തിമ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ക്ലെയിം ട്രിബ്യൂണലില്‍ സമര്‍പ്പിക്കാന്‍ സമയപരിധി നിശ്ചയിക്കുന്നു അപകടവിവരമറിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ പോലീസ് ആദ്യ അപകട റിപ്പോര്‍ട്ട് തയ്യാറാക്കണം. ഇന്‍ഷുറന്‍സ് കമ്പനിക്കും ക്ലെയിം ട്രിബ്യൂണലിനും വിവരം കൈമാറണം. പ്രഥമാന്വേഷണ റിപ്പോര്‍ട്ടിന് പുറമേയാണിത്. 50 ദിവസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും 90 ദിവസത്തിനുള്ളില്‍ വിശദറിപ്പോര്‍ട്ടും നിശ്ചിത ഫോമില്‍ മോട്ടോര്‍വാഹന നഷ്ടപരിഹാര ട്രിബ്യൂണലില്‍ സമര്‍പ്പിക്കണം. അപകടവുമായി ബന്ധപ്പെട്ട ക്രൈം കേസിലെ അന്വേഷണം 60 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് കുറ്റപത്രം നല്‍കണം. വീഴ്ചവരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണം. വാഹനാപകട അന്വേഷണരീതിയില്‍ കാതലായ മാറ്റമാണ് കേന്ദ്ര മോട്ടോര്‍വാഹന ചട്ടഭേദഗതിയിലൂടെ വരുന്നത്.

🔳അകാലിദള്‍ യുവനേതാവിനെ പഞ്ചാബില്‍ പട്ടാപ്പകല്‍ വെടിവെച്ച് കൊലപ്പെടുത്തി. അകാലിദളിന്റെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രഡിഡന്റായ വിക്കി എന്ന മിദ്ദുഖേരയെയാണ് നാലംഗ സംഘം വെടിവെച്ച് കൊന്നത്. ശനിയാഴ്ച രാവിലെ മൊഹാലി സെക്ടര്‍ 71-ലെ മട്ടൗര്‍ മാര്‍ക്കറ്റിലായിരുന്നു സംഭവം.

🔳സംസ്ഥാനങ്ങളുടെ എതിര്‍പ്പ് മറികടന്ന് പുതിയ വൈദ്യുതി ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പുതിയ ഭേദഗതികളെ ‘ജനവിരുദ്ധം’ എന്നാണ് മമതാ ബാനര്‍ജി വിശേഷിപ്പിച്ചത്.

🔳അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം അഫ്ഗാന്‍ വിടാന്‍ നിര്‍ദേശിച്ച് അമേരിക്ക. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്താനിലെ യുഎസ് പൗരന്മാരെ സഹായിക്കാനുളള കഴിവ് വളരെ പരിമിതമാണെന്ന് കാബൂളിലെ യു.എസ് സ്ഥാനപതി കാര്യാലയം അറിയിച്ചു.

🔳രാജ്യത്ത് താലിബാന്‍ ആക്രമണങ്ങള്‍ക്ക് പാകിസ്താന്‍ നല്‍കുന്ന പിന്തുണ ഐക്യരാഷ്ട്ര സഭയില്‍ തുറന്നു കാട്ടി അഫ്ഗാനിസ്താന്‍. ഐക്യരാഷ്ട്ര സഭയില്‍ അഫ്ഗാനിസ്താന്‍ പ്രതിനിധി ഗുലാം എം. ഇസാക്സൈ ആണ് പാകിസ്താനെതിരെ രംഗത്തെത്തിയത്. താലിബാന്റെ സുരക്ഷിത താവളമായി പാകിസ്താന്‍ തുടരുകയാണെന്നും ആവശ്യമായ യുദ്ധ സാമഗ്രികള്‍
പാകിസ്താനില്‍ നിന്ന് താലിബാന് ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു ഗുലാം എം. ഇസാക്സൈ.

🔳ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 209 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 303 റണ്‍സിന് എല്ലാവരും പുറത്തായി. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിനെ കര കയറ്റിയത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്തു. ഇതോടെ രണ്ടിന്നിങ്‌സിലുമായി ബുംറയുടെ പേരില്‍ ഒമ്പത് വിക്കറ്റായി.

🔳ഒളിമ്പിക് ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ഇന്ത്യയുടെ ബജ്‌റംഗ് പുനിയ വെങ്കലം നേടി. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ കസാഖ്‌സ്താന്റെ ദൗലത് നിയാസ്‌ബെക്കോവിനെയാണ് ബജ്‌റംഗ് തോല്‍പ്പിച്ചത്.

🔳ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ട്രാന്‍സ്ജെന്ററായി കാനഡയുടെ ഫുട്‌ബോള്‍ താരം ക്യുന്‍. ടോക്യോയില്‍ വനിതാ ഫുട്‌ബോളില്‍ കനേഡിയന്‍ ടീമിനൊപ്പം സ്വര്‍ണം നേടിയാണ് ക്യുന്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്വീഡനെ കീഴടക്കിയായിരുന്നു കാനഡയുടെ സ്വര്‍ണനേട്ടം.

🔳ടോക്യോ ഒളിമ്പിക്‌സിലെ പുരുഷ വിഭാഗം ഫുട്‌ബോളില്‍ സ്വര്‍ണം സ്വന്തമാക്കി ബ്രസീല്‍. ആവേശകരമായ മത്സരത്തില്‍ സ്‌പെയിനിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ കീഴടക്കിയത്. എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ മാല്‍ക്കോമാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്.
News Circle Chengannur
🔳കേരളത്തില്‍ ഇന്നലെ 1,52,521 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 139 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,654 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,221 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 977 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 83 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,265 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,78,166 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426.

🔳രാജ്യത്ത് ഇന്നലെ 39,061 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 43,928 പേര്‍ രോഗമുക്തി നേടി. മരണം 491. ഇതോടെ ആകെ മരണം 4,27,892ആയി. ഇതുവരെ 3,19,33,553 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 6,061 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,969 പേര്‍ക്കും കര്‍ണാടകയില്‍ 1,610 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,908 പേര്‍ക്കും ഒറീസയില്‍ 1,096 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 5,62,041 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 66,987 പേര്‍ക്കും ബ്രസീലില്‍ 43,033 പേര്‍ക്കും റഷ്യയില്‍ 22,320 പേര്‍ക്കും ഫ്രാന്‍സില്‍ 25,755 പേര്‍ക്കും ഇംഗ്ലണ്ടില്‍ 28,612 പേര്‍ക്കും തുര്‍ക്കിയില്‍ 25,100 പേര്‍ക്കും ഇറാനില്‍ 26,439 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 31,753 പേര്‍ക്കും മെക്സിക്കോയില്‍ 21,563 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 20.29 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.63 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,551 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 319 പേരും ബ്രസീലില്‍ 945 പേരും റഷ്യയില്‍ 793 പേരും ഇറാനില്‍ 387 പേരും ഇന്‍ഡോനേഷ്യയില്‍ 1,588 പേരും മെക്സിക്കോയില്‍ 568 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42.98 ലക്ഷം.

🔳കണ്ടന്റ് നിര്‍മാതാക്കള്‍ക്കും ബ്ലോഗര്‍മാര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും കലാകാരന്മാര്‍ക്കുമായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ യൂട്യൂബ് നല്‍കിയത് 30 ബില്യണ്‍ ഡോളര്‍. 100 ദശലക്ഷം ഡോളറിന്റെ പുതിയ ആനുകൂല്യങ്ങള്‍ ക്രിയേറ്റര്‍മാര്‍ക്കായി പ്രഖ്യാപിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദവാര്‍ഷികത്തില്‍ മാത്രം ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തത്രയും തുക ക്രിയേറ്റര്‍മാര്‍ക്ക് നല്‍കി. യൂട്യൂബില്‍ നിന്നും ക്രിയേറ്റര്‍ മാര്‍ക്ക് വരുമാനം ഉണ്ടാക്കാന്‍ കൂടുതല്‍ സാധ്യതകള്‍ കമ്പനി പരീക്ഷിക്കുന്നുണ്ട്. യൂട്യൂബ് പ്രീമിയം, ചാനല്‍ മെമ്പര്‍ഷിപ്പ്, സൂപ്പര്‍ ചാറ്റ്, സൂപ്പര്‍ താങ്ക്സ്, സൂപ്പര്‍ സ്റ്റിക്കറുകള്‍, ടിക്കറ്റ്, യൂട്യൂബ് ബ്രാന്‍ഡ് കണക്ട് എന്നീ സാധ്യതകളില്‍ നിന്ന് എല്ലാം പരസ്യത്തിന് പുറമേ വരുമാനമുണ്ടാക്കാന്‍ ക്രിയേറ്റര്‍മാര്‍ക്ക് സാധിക്കുമെന്നും യൂട്യൂബ് പറയുന്നു.

🔳മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനവോടെ 58,135 കോടി രൂപയിലെത്തി. സംയോജിത അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 14 ശതമാനം വര്‍ധിച്ച് 979 കോടി രൂപയിലും എത്തിയിട്ടുണ്ട്. കൈകാര്യം ചെയ്യുന്ന ആസ്തികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ 58,280 കോടി രൂപയില്‍ നിന്ന് 145 കോടി രൂപ കുറഞ്ഞ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 58,135 കോടി രൂപയിലെത്തി.

🔳സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഷീറോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. മുഖത്ത് പരിക്കുകളും മുറിപ്പാടുകളുമായി നില്‍ക്കുന്ന താരമാണ് പോസ്റ്ററില്‍ ഉള്ളത്. ‘അതിജീവനമാണ് എന്റെ പ്രതികാരം’ എന്ന അടിക്കുറിപ്പോടെയാണ് സണ്ണി ലിയോണ്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും ശ്രീജിത്ത് വിജയന്‍ നിര്‍വഹിക്കും.

🔳ജയാ ജോസ് രാജ് സംവിധാനം ചെയ്യുന്ന ‘ഇടം’ ചിത്രത്തിലൂടെ നടി സീമാ ബിശ്വാസ് വീണ്ടും മലയാള സിനിമയിലേക്ക്. ശാന്തം, ബാല്യകാല സഖി എന്നീ ചിത്രങ്ങള്‍ക്കു ശേഷം സീമാ ബിശ്വാസ് അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇടം. ചിത്രം ഏകം ഒ.ടി.ടി ഡോട്ട് കോമില്‍ റിലീസ് ചെയ്തു. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെടുന്നവരുടെ വേദനകളിലേക്ക്, അവരുടെ ജീവിതത്തിലേക്കാണ് ഇടം ക്യാമറ തിരിക്കുന്നത്. ഹരീഷ് പേരടി, അനില്‍ നെടുമങ്ങാട് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

🔳രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ബുക്കിംഗില്‍ ഒരു ദിവസം കൊണ്ട് വിപ്ലവം സൃഷ്ടിച്ച ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടന്‍ അവതരിപ്പിക്കും. ഓഗസ്റ്റ് 15ന് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിലാണ് കമ്പനി ഇലക്ട്രിക് സ്‌കൂട്ടര്‍ അരങ്ങിലെത്തിക്കുന്നത്. 499 രൂപയ്ക്ക് ബുക്ക് ചെയ്യാമെന്നതിനാല്‍ ആദ്യത്തെ 24 മണിക്കൂറില്‍ തന്നെ ഒരു ലക്ഷത്തോളം പേരായിരുന്നു ഓണ്‍ലൈനായി ഇലക്ട്രിക് സ്‌കൂട്ടറിന് വേണ്ടി ബുക്ക് ചെയ്തത്. തുക റീഫണ്ട് ചെയ്യാനാവുന്നതാണെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments