സായാഹ്‌ന വാർത്തകൾ
2021 | ഓഗസ്റ്റ് 8 | 1196 | കർക്കടകം 23 | ഞായർ | പൂയം |
🔳സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി, ഇന്ത്യയുടെ ജിയോ -ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ് -1 വിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയുടെ ഏറ്റവും നൂതനമായ ജിയോ-ഇമേജിംഗ് ഉപഗ്രഹമാണ് ജിസാറ്റ് -1. പാകിസ്താന്‍, ചൈന അതിര്‍ത്തികള്‍ ഉള്‍പ്പെടെ ഉപഭൂഖണ്ഡത്തിന്റെ നിരീക്ഷണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് ഉപഗ്രഹം.
🔳ദിവസേന നൂറ് തവണയെങ്കിലും ‘പാവപ്പെട്ടവര്‍’ എന്ന വാക്ക് ഉരുവിട്ടിരുന്ന മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാര്‍ അവരുടെ ക്ഷേമത്തിനായി യാതൊന്നും ചെയ്തിരുന്നില്ലെന്നും നന്മയുടെ വ്യാജമേലങ്കി ധരിച്ച് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വസ്തുതകളെ വളച്ചൊടിക്കുന്നത് കോണ്‍ഗ്രസ് ഭരണസംവിധാനത്തില്‍ സാധാരണമായിരുന്നുവെന്നും മോദി കുറ്റപ്പെടുത്തി. ഭരണത്തില്‍ മാറ്റമുണ്ടായതോടെ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണങ്ങള്‍ ആവശ്യക്കാരിലേക്ക് എത്തിച്ചേരുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
🔳9 വയസുകാരിയായ ദലിത് പെണ്‍കുട്ടിക്ക് നീതി നല്‍കുന്നതിന് പകരം മോദി സര്‍ക്കാരും ബി.ജെ.പിയും ട്വിറ്ററിനെ ഭീഷണിപ്പെടുത്തുന്ന തിരക്കിലാണെന്നും രാഹുല്‍ ഗാന്ധിയെ നിയമവിരുദ്ധമായി പിന്തുടരുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല. പീഡനത്തിനിരയായി 9 വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ രാഹുല്‍ ഗാന്ധി പങ്കുവെച്ച ചിത്രങ്ങള്‍ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ടും ബ്ലോക്ക് ചെയ്തിരുന്നു.
🔳കോവാക്‌സിന്‍- കോവിഷീല്‍ഡ് വാക്‌സിനുകളുടെ മിശ്രിത പരീക്ഷണം മികച്ച ഫലമാണ് കാഴ്ചവെച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഉത്തര്‍പ്രദേശില്‍ അബദ്ധത്തില്‍ രണ്ടുവാക്‌സിനുകള്‍ ലഭിച്ച 18 വ്യക്തികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
🔳മധ്യപ്രദേശില്‍ പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രിക്ക് നേരെ ജനങ്ങളുടെ പ്രതിഷേധം. ഷിയോപുര്‍ പ്രദേശം സന്ദര്‍ശിക്കാനെത്തിയ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ വഴിയില്‍ തടഞ്ഞ ജനങ്ങള്‍ അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ചെളി വാരി എറിഞ്ഞു. ഏറെ കഷ്ടപ്പെട്ടാണ് പോലീസ് ജനങ്ങളുടെ പ്രതിഷേധം തണുപ്പിച്ചത്. നരേന്ദ്ര സിങ് തോമറിന്റെ ലോക്‌സഭാ മണ്ഡലമായ മൊറീനയുടെ ഭാഗമാണ് ഈ പ്രദേശം. പ്രളയബാധിതരെ കാണാനായി നഗരത്തിലെ കരാട്ടിയ ബസാറില്‍ എത്തിയ മന്ത്രി, വൈകിമാത്രമാണ് പ്രദേശത്തേക്ക് എത്തിയതെന്ന് ജനങ്ങള്‍ ആരോപിച്ചു.
🔳പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്ത ഘട്ട ധനസഹായ വിതരണം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാകും ഉദ്ഘാടനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പദ്ധതി മുഖാന്തരം രാജ്യത്തെ 9.75 കാര്‍ഷിക കുടുംങ്ങള്‍ക്ക് 19,500 കോടിരൂപ കൈമാറും. അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ധനസഹായം നല്‍കുന്നതാണ് പദ്ധതി. 2000 രൂപ വീതം മൂന്നുമാസമായാണ് തുക ഗുണഭോക്താക്കള്‍ക്ക് നല്‍കുക.
🔳ജൂലായ് – ഓഗസ്റ്റ്മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യുന്നത് ആരംഭിച്ചു. ഓണത്തിന് മുമ്പായി ഗുണഭോക്താക്കള്‍ക്ക് 3200 രൂപ വീതം ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
🔳ഇ.പി.എഫ്. പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഒരു ക്ഷേമപെന്‍ഷനുകൂടിയേ അര്‍ഹതയുള്ളൂവെന്ന് വ്യക്തമാക്കി ധനവകുപ്പിന്റെ മാര്‍ഗനിര്‍ദേശം. ഇ.പി.എഫ്. പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഒന്നുകില്‍ സര്‍ക്കാരിന്റെ ഒരു ക്ഷേമപെന്‍ഷന്‍, അല്ലെങ്കില്‍ ക്ഷേമനിധി ബോര്‍ഡിന്റെ ഒരു പെന്‍ഷന്‍മാത്രമേ ലഭിക്കൂ. ഇതില്‍ ഏതുവേണമെന്ന് സ്വയം തീരുമാനിക്കാം. ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നതിന്റെ പേരില്‍ ഒട്ടേറെപ്പേരുടെ പെന്‍ഷന്‍ തടഞ്ഞുവെച്ചിട്ടുണ്ട്. അവരുടെ പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ സ്വീകരിക്കേണ്ട നടപടികളും ധനവകുപ്പ് നിര്‍ദേശിച്ചു.
🔳ചന്ദ്രിക ദിനപ്പത്രം കേന്ദ്രീകരിച്ച് കോടികളുടെ സാമ്പത്തിക തിരിമറി നടന്നുവെന്ന് ചൂണ്ടിക്കാട്ടി ചന്ദ്രിക ജീവനക്കാര്‍ മുസ്ലീം ലീഗ് നേതാക്കള്‍ക്ക് കത്തുനല്‍കി. വരിസംഖ്യയായി പിരിച്ച പണം അടക്കം വലിയ തുക കാണാതായി എന്നു തുടങ്ങി ഗുരുതര ആരോപണങ്ങള്‍ കത്തിലുണ്ട്. ചന്ദ്രിക വിവാദത്തിന്റെ ആദ്യഘട്ടത്തില്‍ കെ.ടി ജലീല്‍ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
🔳മുസ്ലീം ലീഗിനുള്ളിലെ തര്‍ക്കത്തില്‍ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി ലീഗ് നേതാവ് കെഎം ഷാജി. എതിരഭിപ്രായം പറയുന്നവരോട് പാര്‍ട്ടിക്ക് പകയില്ലെന്നും വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഷാജി വ്യക്തമാക്കി.
🔳മുസ്ലിം ലീഗ് പാര്‍ട്ടിയില്‍ ഗുണപരമല്ലാത്തത് ഒന്നും നടക്കുന്നില്ലെന്ന് എം.കെ. മുനീര്‍ എം.എല്‍.എ. ഈ ചര്‍ച്ചകള്‍ പാര്‍ട്ടിയെ കൂടുതല്‍ ഗുണകരമാക്കും. ചര്‍ച്ചകള്‍ ഓരോ പാര്‍ട്ടിയെയും കൂടുതല്‍ സമ്പന്നമാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും മുനീര്‍ പറഞ്ഞു.
🔳രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസ് അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന. ലോറിയിടിച്ച് കൊലപ്പെടുത്താനായിരുന്നു നീക്കം. കേസില്‍ അറസ്റ്റിലായ കൊടുവള്ളി സ്വദേശി റിയാസിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന വിവരം പോലീസിന് ലഭിച്ചത്. രേഖകളില്ലാത്ത ലോറി കൊണ്ട് ഇടിച്ചു കൊലപ്പെടുത്താനായിരുന്നു നീക്കം.
🔳സൂര്യനെല്ലി കേസിലെ മുഖ്യ പ്രതി ധര്‍മരാജന് പരോളോ ജാമ്യമോ അനുവദിക്കരുതെന്ന് ക്രൈം ബ്രാഞ്ച്. കൂട്ട ബലാത്സംഗ കേസിലെ പ്രതിയായ ധര്‍മരാജന് പരോളിന് അര്‍ഹതയില്ല. ജാമ്യം അനുവദിച്ചാല്‍ ഒളിവില്‍ പോകാനും ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുപ്രീം കോടതിയെ അറിയിച്ചു.
🔳കോവിഡിന്റെ സാഹചര്യത്തില്‍ ടൂറിസം വകുപ്പ് ഓണാഘോഷ പരിപാടികള്‍ വെര്‍ച്വലായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ്. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം 14-ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ‘വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം’ എന്നതാണ് ഓണാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് ഇത്തവണ മുന്നോട്ടു വയ്ക്കുന്ന ആശയം. ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് തങ്ങളുടെ ഓണപ്പൂക്കളം ടൂറിസം വകുപ്പിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ അപ്ലോഡ് ചെയ്യാനാവും. കേരളത്തിലെയും വിദേശങ്ങളിലെയും എന്‍ട്രികള്‍ക്ക് പ്രത്യേക സമ്മാനങ്ങളുണ്ടാവും. ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ സൗകര്യം ആഗസ്റ്റ് പത്തിന് ആരംഭിക്കും.
🔳മാനസ കൊലക്കേസുമായി ബന്ധപ്പെട്ട നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്. മാനസയെ കൊലപ്പെടുത്തിയ രഖില്‍ തോക്ക് വാങ്ങാന്‍ പോകുന്ന ദൃശ്യങ്ങളും അറസ്റ്റിലായ പ്രതി മനേഷ് കുമാര്‍ വര്‍മ തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. ഇതോടെ മനേഷ്‌കുമാര്‍ വര്‍മയാണ് രഖിലിന് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയതെന്ന നിഗമനത്തിലാണ് പോലീസ്.
🔳’ഈശോ’ എന്നപേരില്‍ വരുന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകന്‍ നാദിര്‍ഷായ്ക്കു പിന്തുണയുമായി മലയാള സിനിമാലോകം. സിനിമയുടെ പേര് ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച സാമുദായിക സംഘടനകള്‍ക്ക് പിന്നാലെ, സിനിമ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി കേരള ജനപക്ഷം നേതാവ് പി.സി. ജോര്‍ജും രംഗത്തെത്തിയിരുന്നു. സിനിമ കാണുകപോലും ചെയ്യാതെ പ്രത്യേക അജന്‍ഡവെച്ച് മനുഷ്യരെ വിഭജിക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ള വിവാദങ്ങളെന്ന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നു സംവിധായകന്‍ സിബി മലയിലും പറയുന്നു.
🔳നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ആന്തോളജി ചിത്രമായ നവരസയ്ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം. സിനിമയുടെ പത്ര പരസ്യത്തില്‍ ഖുറാനില്‍ നിന്നുള്ള വാചകങ്ങള്‍ ഉപയോഗിച്ചതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. തമിഴ് ദിനപത്രമായ ഡെയിലി തന്തിയിലാണ് ഖുറാന്‍ വാചകങ്ങള്‍ ഉള്‍പ്പെടുത്തിയ പരസ്യം പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ ട്വിറ്ററില്‍ ബാന്‍നെറ്റ്ഫ്ലിക്സ്, റിമൂവ്‌നവരസപോസ്റ്റര്‍ എന്നീ ക്യാമ്പയിനുകള്‍ ശക്തമായി.
🔳മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് ക്യാബിനറ്റ് പദവി അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍. ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതുവരെ യെദ്യൂരപ്പയ്ക്ക് ക്യാബിനറ്റ് റാങ്ക് സൗകര്യങ്ങള്‍ തുടരുമെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
🔳ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷ വര്‍ധിപ്പിച്ചു. ഭീകര സംഘടനയായ അല്‍ ഖ്വയ്ദ വിമാനത്താവളത്തില്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി പോലീസിന് ഇ മെയില്‍ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ഇ മെയില്‍ സന്ദേശം ലഭിച്ചതിന് പിന്നാലെ ബോംബ് ഭീഷണി വിലയിരുത്തല്‍ സമിതി അന്വേഷണം നടത്തുകയും എന്നാല്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.
🔳തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. അനന്ത്‌നാഗ് ജില്ല ഉള്‍പ്പെടെ 45 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസും സി.ആര്‍.പി.എഫും എന്‍.ഐ.എയ്ക്ക് റെയ്ഡിന് ആവശ്യമായ സഹായങ്ങള്‍ നല്ഡകുന്നുണ്ട്.
🔳അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ക്ഷണമില്ലാത്തതില്‍ ഖേദം പ്രകടിപ്പിച്ച് പാകിസ്താന്‍. അഫ്ഗാനിസ്ഥാന്റെ അയല്‍രാജ്യമായിട്ടും വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം അറിയ്ക്കാനുള്ള അവസരമാണ് നഷ്ടമാക്കിയതെന്നും പാകിസ്താനെതിരെ തെറ്റായ പ്രചാരണങ്ങള്‍
നടത്താനുള്ള സ്ഥലമാണ് യു.എന്‍ സുരക്ഷാ കൗണ്‍സിലെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
🔳അഫ്ഗാനിസ്താനില്‍ യുഎസ് വ്യോമസേന നടത്തിയ ആക്രമണത്തില്‍ താലിബാന് തിരിച്ചടി. ഷെബര്‍ഗാന്‍ നഗരത്തിലെ താലിബാന്റെ ഒളിത്താവളങ്ങളും സമ്മേളന സ്ഥലങ്ങളും ലക്ഷ്യമിട്ട് വ്യോമസേന നടത്തിയ ആക്രമണത്തില്‍ 200-ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ഫവദ് അമന്‍ ട്വീറ്റ് ചെയ്തു.
🔳ഗ്രീസില്‍ കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് നൂറുകണക്കിന് വീടുകള്‍ കത്തിനശിച്ചു. ആയിരക്കണക്കിന് ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. ഗ്രീക്ക് തലസ്ഥാനമായ ആതന്‍സിന് വടക്കുള്ള പട്ടണങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളെയും താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. ശക്തമായ കാറ്റും ഉയര്‍ന്ന താപനിലയും മൂലം തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല. ആയിരക്കണക്കിന് അഗ്‌നിശമന സേനാംഗങ്ങള്‍ 20 ഓളം വാട്ടര്‍ ബോംബിങ് വിമാനങ്ങള്‍ ഉപയോഗിച്ച് തീ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്.
🔳സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച്, കുറഞ്ഞ പലിശനിരക്കില്‍ ഇപ്പോള്‍ എസ്ബിഐ ഗോള്‍ഡ് ലോണ്‍ ലഭിക്കും. യോനോ എസ്ബിഐ വഴി വായ്പക്കായി അപേക്ഷിക്കുമ്പോള്‍ ഒന്നിലധികം ആനുകൂല്യങ്ങളും നേടാനാവും. വീട്ടിലിരുന്ന് തന്നെ വായ്പയ്ക്ക് അപേക്ഷിക്കാനാവുമെന്നതാണ് പ്രധാന ഗുണം. 8.25 ശതമാനത്തിലാണ് പലിശ നിരക്ക്. 2021 സെപ്തംബര്‍ 30 വരെയാണ് (0.75% ഇളവ് ലഭ്യമാണ്) ആനുകൂല്യം, കുറഞ്ഞ പേപ്പര്‍ വര്‍ക്കുകള്‍, കുറഞ്ഞ നടപടിക്രമങ്ങള്‍, കുറഞ്ഞ കാത്തിരിപ്പ് തുടങ്ങിയവയാണ് മറ്റു പ്രധാന പ്രത്യേകതകള്‍.
🔳റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, കുറഞ്ഞ വരുമാനവും ഉയര്‍ന്ന ജീവിതച്ചെലവും കാരണം ഇന്ത്യയിലെ ഉപഭോക്തൃ വികാരം ജൂലൈയില്‍ റെക്കോര്‍ഡ് താഴ്ച്ചയില്‍. നിലവിലെ സ്ഥിതി സൂചിക മേയില്‍ 48.5 ല്‍ നിന്ന് ജൂലൈയില്‍ 48.6 ആയി. 13 നഗരങ്ങളിലായി 5,384 കുടുംബങ്ങളെ ഉള്‍ക്കൊള്ളുന്നതായിരുന്നു ഉപഭോക്തൃ ആത്മവിശ്വാസ സര്‍വേ. 100ല്‍ താഴെയുള്ള ഒരു സംഖ്യ സാമ്പത്തിക സാഹചര്യങ്ങളുടെ കാര്യത്തില്‍ അശുഭാപ്തി വീക്ഷണം നല്‍കുമ്പോള്‍ അതിനുമുകളില്‍ വിപരീതമായി സൂചിപ്പിക്കുന്നു.
🔳മലയാള സിനിമാ ചരിത്രത്തിലാദ്യമായി പോര്‍ച്ചുഗീസ് ബ്ലാക്ക് മാജിക്കിനെ അടിസ്ഥാനമാക്കി സൈക്കോ ത്രില്ലര്‍ വരുന്നു. നവാഗതനായ ശ്രീജിത്ത് പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ഓഹ’ എന്നാണ്. ചിത്രം ഓഗസ്റ്റ് 15ന് സിനിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. മനുഷ്യ മാംസം കൊടുത്തു വളര്‍ത്തിയ പന്നിയുടെ രക്തം ഉപയോഗിച്ച് ചെയ്യുന്ന അതിക്രൂരമായ ഒരു പോര്‍ച്ചുഗീസ് ദുര്‍മന്ത്രവാദമാണ് ‘ഓഹ’. ചിത്രത്തില്‍ ലില്ലിയായി സൂര്യ ലക്ഷ്മിയും ആല്‍ബിയായി ശ്രീജിത്ത് പണിക്കരും വേഷമിടുന്നു. സ്മിത ശശി, സന്തു ഭായി, ചെറി, മാസ്റ്റര്‍ ദേവനാരായണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വശ്യ മനോഹരമായ രണ്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
🔳പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ‘കുരുതി’യിലെ ആദ്യഗാനം പുറത്തെത്തി. ‘ഞാനോ വേട്ടമൃഗം’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം ജേക്സ് ബിജോയ്. സിയ ഉള്‍ ഹഖും രശ്മി സതീഷും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ‘കോഫി ബ്ലൂം’ എന്ന ബോളിവുഡ് ചിത്രം ഒരുക്കിയ മനു വാര്യര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുരുതി’. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.
🔳പാസഞ്ചര്‍ വാഹനം സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് 100 ശതമാനം ഫിനാന്‍സ് പിന്തുണ നല്‍കുന്ന പദ്ധതിയുമായി ടാറ്റ മോട്ടോഴ്സ്. സുന്ദരം ഫിനാന്‍സുമായി ചേര്‍ന്നാണ് ടാറ്റ മോട്ടോഴ്സിന്റെ വാഹന ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായും സാമ്പത്തിക പിന്തുണ ലഭ്യമാക്കുക. ടാറ്റയുടെ ഇന്ത്യയിലെ പാസഞ്ചര്‍ വാഹന സെഗ്മെന്റിലുടനീളം ഈ ഫിനാന്‍സിംഗ് ഓപ്ഷന്‍ ലഭ്യമാണ്. എന്നാല്‍ ടാറ്റയുടെ ജനപ്രിയ ഇലക്ട്രിക് വാഹനമായ നെക്സണ്‍ ഇവിക്ക് ബാധകമാവില്ല.
🔳അദ്ഭുതകരമായ വൈവിധ്യമുള്ള യാത്രാപുസ്തകം. ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം തീര്‍ത്ത നക്സല്‍ ബാരിയും പ്രവാസികളായ തിബത്തുകാരുടെ ജീവിതവും ഈ ഗ്രന്ഥത്തിലുണ്ട്. ‘പ്രവാസബുദ്ധന്റെ പോരാട്ടങ്ങള്‍’. പി സുരേന്ദ്രന്‍. ലോഗോസ് ബുക്സ്. വില 162 രൂപ.