Pravasimalayaly

News Headlines

2021 | ഓഗസ്റ്റ് 9 | 1196 | കർക്കടകം 24 | തിങ്കൾ | ആയില്യം |

🔳ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയിലെ അധ്യക്ഷപദം ഏറ്റെടുക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. മോദി അധ്യക്ഷനായ യു.എന്‍ രക്ഷാ സമിതി യോഗം ഇന്ന് ചേരും. മുമ്പ് ഒമ്പതു തവണ ഇന്ത്യ ഈ പദവി അലങ്കരിച്ചിട്ടുണ്ടെങ്കിലും അധ്യക്ഷ പദവി അലങ്കരിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഓഗസ്റ്റ് മാസത്തിലെ അധ്യക്ഷ പദവിയായിരിക്കും ഇന്ത്യ നിര്‍വ്വഹിക്കുക. വൈകുന്നരേം 5.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.

🔳ഡോക്ടര്‍മാര്‍ക്കെതിരെ അടിക്കടിയുണ്ടാവുന്ന സംഘര്‍ഷങ്ങളില്‍ കടുത്ത പ്രതിഷേധവും വിമര്‍ശനവുമായി ഐഎംഎ കേരള ഘടകം. ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാക്കുന്നില്ലെന്ന് ഐഎംഎ ആരോപിച്ചു. വാക്‌സീനേഷന്‍ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യത്തിലേക്ക് ഡോക്ടര്‍മാരെ തള്ളിവിടരുതെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി.

🔳വാക്‌സിനേഷന്‍ യജ്ഞം ഇന്ന് തുടങ്ങാനിരിക്കെ സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം വെല്ലുവിളിയാകുന്നു. രണ്ടേകാല്‍ ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് സംസ്ഥാനത്ത് നിലവില്‍ അവശേഷിക്കുന്നത്. വാക്‌സിന്‍ ക്ഷാമം കാരണം തിരുവനന്തപുരം ജില്ലയില്‍ കുത്തിവെപ്പ് യജ്ഞം തുടങ്ങാനായില്ല. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ആകെ അവശേഷിക്കുന്നത് അഞ്ഞൂറില്‍ പരം ഡോസ് വാക്‌സിന്‍ മാത്രമാണ്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പോലും ഇന്ന് വാക്‌സിനേഷന്‍ ഇല്ല.

🔳അനധികൃതമായി പത്രസമ്മേളനത്തില്‍ കയറുകയും കുഞ്ഞാലിക്കുട്ടിക്കെതിരേ അടക്കം കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത മൂഈന്‍ അലിക്കെതിരേ കൂടുതല്‍ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. അദ്ദേഹത്തിന്റെ നടപടി തെറ്റായി പോയെന്ന് പാര്‍ട്ടി അന്ന് തന്നെ വിലയിരുത്തിയതാണ്. ചന്ദ്രികയുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മാത്രമാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. അത്തരത്തിലൊരാള്‍ മറ്റ് കാര്യങ്ങളില്‍ പാര്‍ട്ടിയോട് ചോദിക്കാതെ ഇടപെടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും പി.എം.എ സലാം പറഞ്ഞു.

🔳സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്നയാള്‍ മരിച്ചു. കണ്ണൂര്‍ തളാപ്പ് സ്വദേശി
അശ്വിന്‍ പി.വിയാണ് മരിച്ചത്. റമീസിന്റെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്നത് അശ്വിനായിരുന്നു. രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇന്നലെ അശ്വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

🔳കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. ഘട്ടംഘട്ടമായി തുറക്കാനാണ് തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെയും വിധഗ്ധ സമിതിയുടെയും നിര്‍ദ്ദേശമനുസരിച്ചായിരിക്കും നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തമാസത്തോടെ ഇതിനായി സ്‌കൂളുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കും. എന്നാല്‍, കോവിഡ് വിദഗ്ധ സമിതിയുടെ അനുമതി കൂടി ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാനാകൂ. വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിനനുസരിച്ചാകും നടപടിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

🔳നിയമസഭയില്‍ ഭരണപക്ഷ എം.എല്‍.എ എ.എന്‍.ഷംസീറിന് സ്പീക്കറുടെ വിമര്‍ശനം. സഭയ്ക്കകത്ത് മാസ്‌ക് ഉപയോഗിക്കാത്തതിനെയാണ് സ്പീക്കര്‍ എം.ബി.രാജേഷ് വിമര്‍ശിച്ചത്. പലരും മാസ്‌ക് താടിയിലാണ് വയ്ക്കുന്നതെന്ന വിമര്‍ശനവും സ്പീക്കര്‍ ഉന്നയിച്ചു. മാസ്‌ക് ശരിയായ രീതിയില്‍ വയ്ക്കാത്ത കുറുക്കോളി മൊയ്തീന്‍ അടക്കമുള്ള പ്രതിപക്ഷ എം.എല്‍.എമാരുടെ ജാഗ്രതക്കുറവും അദ്ദേഹം ചൂണ്ടിക്കാട്ടി.

🔳തലസ്ഥാനത്ത് വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റം. മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരായ വഫ ഫിറോസിന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ച സിറാജ് ദിനപത്രത്തിലെ ക്യാമറാമാന്‍ ശിവജിയെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.

🔳ശ്രീകാര്യത്ത് ബലിയിടാന്‍ പോയ വിദ്യാര്‍ഥിക്ക് 2000 രൂപ പിഴയിട്ട് 500 രൂപയുടെ രസീത് നല്‍കിയ പോലീസുകാരനെതിരേ നടപടി. പിഴയീടാക്കിയ ശ്രീകാര്യം പോലീസ് സ്റ്റേഷന്‍ സി.പി.ഒ അരുണ്‍ ശശിയെ അന്വേഷണ വിധേമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സ്റ്റേഷനിലെ സി.ഐക്കെതിരെ അന്വേഷണത്തിനും സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിട്ടു.

🔳നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഇശോ എന്ന ചിത്രത്തിന്റെ പേര് വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി തൃശ്ശൂര്‍ ഓര്‍ത്തഡോക്സ് മെത്രാപ്പൊാലീത്ത. സിനിമയ്ക്ക് ഈശോ എന്ന് പേരിട്ടാല്‍ എന്താണ് കുഴപ്പമെന്നും മധ്യതിരുവതാംകൂറില്‍ ഇതേ പേരില്‍ ധാരാളം ആളുകളുണ്ടെന്നും യുഹാനോന്‍ മാര്‍ മിലിത്തിയോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

🔳സൂര്യനെല്ലി കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ധര്‍മ്മരാജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മാസത്തിലെ ആദ്യ തിങ്കളാഴ്ചകളില്‍ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. ജാമ്യം അനുവദിച്ചാല്‍ ഒളിവില്‍ പോകാനും ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍. വാദിച്ചു.

🔳ദേശീയപാതയോരത്തു നിര്‍മാണം നടത്താനുള്ള കുറഞ്ഞ ദൂരപരിധി ഏഴരമീറ്ററാക്കി ഉയര്‍ത്തിക്കൊണ്ട് ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശം. നിലവില്‍ വീടുകള്‍ക്കു ദേശീയപാതയില്‍നിന്നു മൂന്നുമീറ്ററും വാണിജ്യ നിര്‍മിതികള്‍ക്ക് ആറു മീറ്ററുമായിരുന്നു അകലം വേണ്ടിയിരുന്നത്. ഇനി ഇത്തരം വേര്‍തിരിവുണ്ടാകില്ല. പൊതുമരാമത്തുവകുപ്പിന്റെ ദേശീയപാത വിഭാഗത്തിന് ഇതുസംബന്ധിച്ച് അതോറിറ്റിയുടെ നിര്‍ദേശം ലഭിച്ചു.

🔳രാജ്യത്തിന്റെ 75 ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി സി.പി.എം. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ എല്ലാ പാര്‍ട്ടി ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചതായി മുതിര്‍ന്ന നേതാവ് സുജന്‍ ചക്രബര്‍ത്തി പറഞ്ഞു. പശ്ചിമ ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന കേന്ദ്ര കമ്മിറ്റി അംഗമാണ് സുജന്‍ ചക്രബര്‍ത്തി. ആദ്യമായാണ് ഇത്തരത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത്.

🔳കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാരുടെ കോവിഡ് പരിശോധന കര്‍ശനമാക്കി തമിഴ്നാട് സര്‍ക്കാര്‍. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ യാത്രക്കാരുടെ പരിശോധന നടത്തി. ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യത്തിന്റെയും ദേവസ്വം മന്ത്രി ടി.കെ ശേഖര്‍ ബാബുവിന്റെയും നേതൃത്വത്തിലാണ് കേരളത്തില്‍ നിന്നെത്തിയവരുടെ പരിശോധന നടത്തിയത്.

🔳രാജ്യത്തെ കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട് വോഡാഫോണ്‍ ഐഡിയ. കനത്ത ബാധ്യത നേരിടുന്ന കമ്പനി ഏതു നിമിഷവും പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കാമെന്നാണ് വ്യവസായലോകത്തിന്റെ വിലയിരുത്തല്‍. വോഡാഫോണ്‍ ഐഡിയ തകര്‍ന്നാല്‍ കേന്ദ്ര സര്‍ക്കാരിനാകും കൂടുതല്‍ നഷ്ടം. സ്പെക്ട്രം ഫീസിനിത്തിലും എജിആര്‍ കുടിശ്ശികയിനത്തിലും കമ്പനി സര്‍ക്കാരിന് നല്‍കാനുള്ളത് 1.6 ലക്ഷം കോടി രൂപയാണ്. ബാങ്കുകള്‍ക്ക് നല്‍കാനുള്ളതാകട്ടെ 23,000 കോടി രൂപയുമാണ്. വായ്പയിലേറെയും പൊതുമേഖല ബാങ്കുകളില്‍നിന്നെടുത്തവയുമാണ്.

🔳ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷിന് സംസ്ഥാനം അര്‍ഹമായ അംഗീകാരം നല്‍കണമെന്ന് ഇന്ത്യന്‍ വോളിബോള്‍ ഇതിഹാസം ടോം ജോസഫ്. ‘ശ്രീജേഷ് കൈവരിച്ച നേട്ടം മനസിലാക്കാന്‍ ‘കാര്യം നടത്തുന്നവര്‍ക്ക് ‘ സാധിച്ചിട്ടുണ്ടാവില്ല. കൂടെ നില്‍ക്കുന്നവര്‍ക്കെങ്കിലും അതൊന്ന് പറഞ്ഞ് കൊടുത്തുകൂടെ’ എന്ന് അദേഹം ചോദിച്ചു. കേരളത്തില്‍ നിന്ന് ഒരു വനിതാ അത്ലറ്റ് പോലും ഒളിംപിക്സിന് യോഗ്യത നേടിയില്ല എന്നതിനുത്തരം ഈ തിരസ്‌കാരത്തിലുണ്ടെന്നും ടോം ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

🔳സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തകര്‍ച്ച തുടരുന്നു. തിങ്കളാഴ്ച പവന് 400 രൂപ കുറഞ്ഞ് 34,680 രൂപയായി. ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 4335 രൂപയുമായി. ഒരാഴ്ചക്കിടെ 1320 രൂപയാണ് പവന്റെ വിലയില്‍ കുറവുണ്ടായത്. ശനിയാഴ്ചമാത്രം പവന്റെ വില 600 രൂപയാണ് താഴെപ്പോയത്. ആഗോളതലത്തില്‍ വന്‍തോതില്‍ വിറ്റൊഴിയല്‍ തുടര്‍ന്നതാണ് സ്വര്‍ണവിലയെ ബാധിച്ചത്.

🔳ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി മൂന്നാഴ്ച മാത്രം. സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലായെങ്കില്‍ തൊഴിലുടമയുടെ വിഹിതം അടക്കം വിവിധ ആനുകൂല്യങ്ങള്‍ അക്കൗണ്ടിലേക്ക് വരവുവെയ്ക്കില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ സമയപരിധി സെപ്റ്റംബര്‍ ഒന്ന് വരെ നീട്ടിയത്.

🔳ജോയ് മാത്യൂ, കോട്ടയം നസീര്‍, വി.കെ.പ്രകാശ് എന്നിവര്‍ തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ലാ-ടൊമാറ്റിന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ ടോവിനോ തോമസ് പുറത്തുവിട്ടു. പ്രഭുവിന്റെ മക്കള്‍, ടോള്‍ ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നാല് പുരുഷകഥാപാത്രങ്ങള്‍ക്കൊപ്പം ഒരു സ്ത്രീകഥാപാത്രവും തുല്യപ്രാധാന്യത്തോടെ ചിത്രത്തിലുണ്ട്. മാധ്യമപ്രവര്‍ത്തകനും കഥാകൃത്തുമായ ടി. അരുണ്‍കുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

🔳ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനാകുന്ന അണ്ണാത്തെ. ഹിറ്റ് സംവിധായകന്‍ സിരുത്തൈ ശിവയുമായി രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നടന്‍ ബാല. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ ഭാഗമാകുന്നതായി അറിയിച്ചത്. സിനിമയുടെ ചിത്രീകരണം ലക്ക്‌നൗവില്‍ പുരോഗമിക്കുകയാണെന്നും ബാല പറഞ്ഞു. രജനികാന്തിന്റെ 168-ാമത്തെ ചിത്രമാണിത്. മീന, ഖുശ്ബു, നയന്‍താര, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി, സതീഷ് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്.

🔳ജനപ്രിയ മോഡലായ ഡൊമിനാര്‍ 250-ന് മൂന്ന് പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് ബജാജ്. റേസിംഗ് റെഡ്/മാറ്റ് സില്‍വര്‍, സിട്രസ് റഷ്/മാറ്റ് സില്‍വര്‍, സ്പാര്‍ക്ക്ലിംഗ് ബ്ലാക്ക്/മാറ്റ് സില്‍വര്‍ എന്നീ നിറങ്ങളാണ് പുതിയതായി മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിറങ്ങള്‍ നല്‍കിയെങ്കിലും ബജാജ് ഡോമിനാര്‍ 250-ന്റെ വില ഇപ്പോഴും 1,54,176 രൂപ തന്നെയാണ്.

🔳അച്ഛന്റെ കുട്ടിക്കാലം ലോകത്തെ എല്ലാമനുഷ്യരും ഒരിക്കലെങ്കിലും വായിച്ചിരിക്കണം എന്ന് എത്രയെത്ര വൈകിയാണ് ഞാനറിഞ്ഞത്. ഓരോ അച്ഛനും ഓരോ അമ്മയും ഓരോ അദ്ധ്യാപകനും ഓരോ കുട്ടിയും ഓരോ സ്‌കൂള്‍ നടത്തിപ്പുകാരനും ഓരോ ഭരണാധികാരിയും ഓരോ വിദ്യഭ്യാസചിന്തകനും വായിച്ചിരിക്കണം.
ടഅച്ഛന്റെ കുട്ടിക്കാലം’. അലക്‌സാണ്ടര്‍ റസ്‌കിന്‍. വിവര്‍ത്തനം. എന്‍.ബി സുരേഷ്. ലോഗോസ് ബുക്‌സ്. വില 135 രൂപ.

🔳അമിതവണ്ണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗങ്ങള്‍, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയിലേക്ക് നയിച്ചേക്കാം. ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമല്ല. കാര്‍ബോഹൈഡ്രേറ്റുകളുടെ ഉപയോഗം കുറയ്ക്കുക എന്നുള്ളതാണ് ഭാരം കുറയ്ക്കാന്‍ പ്രധാനമായി നാം ശ്രദ്ധിക്കേണ്ടത്. മധുരമുള്ള പാനീയങ്ങള്‍, മധുരപലഹാരങ്ങള്‍, പാസ്ത, റൊട്ടി, ബിസ്‌കറ്റ്, എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. തലേ ദിവസം രാത്രി ഉലുവ വെള്ളത്തില്‍ കുതിര്‍ക്കാനിടുക. ദിവസവും രാവിലെ വെറും വയറ്റില്‍ ഉലുവയിട്ട ഈ വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. നിരവധി രോഗങ്ങള്‍ക്ക് ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്ന ഒരു പ്രതിവിധിയാണ് ത്രിഫല. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ കുറയ്ക്കാന്‍ പ്രത്യേകിച്ചും വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ത്രിഫല ഫലപ്രദമാണ്. ത്രിഫല ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു മികച്ച ഡയറ്റ് പ്ലാന്‍ തയ്യാറാക്കിയാല്‍ വളരെ വേഗം തന്നെ ഭാരം കുറയുന്നത് കാണാം. ഉണങ്ങിയ ഇഞ്ചി ആയുര്‍വേദ മരുന്നാണ്. ഇത് ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിരവധി രോഗങ്ങള്‍ ഒഴിവാക്കാം. ഇത് കൊഴുപ്പ് കൊഴുപ്പ് കുറയ്ക്കുന്നതിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഉണങ്ങിയ ഇഞ്ചി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ചെറു ചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിനെ അലിയിക്കാന്‍ ഇത് വളരെ പ്രയോജനകരമാണ്. ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് രണ്ട് ഗ്‌ളാസ് ചൂടുവെള്ളം കുടിക്കുന്നത് അമിതഭക്ഷണം ഒഴിവാക്കാനും അതുവഴി കൂടുതല്‍ കലോറി എടുക്കുന്നത് കുറയ്ക്കാനും അങ്ങനെ ഭാരം നിയന്ത്രിക്കാനും സഹായിക്കും. ഭക്ഷണം ചവച്ചരച്ച് കഴിക്കുകയാണെങ്കില്‍ അമിതാഹാരം കുറയ്ക്കുവാന്‍ കഴിയും. ആവശ്യത്തിനുള്ള ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂ.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 74.28, പൗണ്ട് – 102.88, യൂറോ – 87.30, സ്വിസ് ഫ്രാങ്ക് – 81.05, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.50, ബഹറിന്‍ ദിനാര്‍ – 197.02, കുവൈത്ത് ദിനാര്‍ -246.92, ഒമാനി റിയാല്‍ – 193.18, സൗദി റിയാല്‍ – 19.81, യു.എ.ഇ ദിര്‍ഹം – 20.22, ഖത്തര്‍ റിയാല്‍ – 20.40, കനേഡിയന്‍ ഡോളര്‍ – 59.14.

Exit mobile version