സായാഹ്‌ന വാർത്തകൾ
2021 ഓഗസ്റ്റ് 12 | 1196 കർക്കടകം 27 | വ്യാഴം | ഉത്രം |
🔳രാജ്യത്ത് ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനെതിരേ രാജ്യ തലസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടത്തിയ കൂറ്റന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും എം.പിമാരും കൂട്ടമായി വിജയ് ചൗക്കിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
🔳പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ നേതാക്കളുടെ യോഗം വിളിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ പ്രകടിപ്പിച്ച ഐക്യം നിലനിര്‍ത്തുകയെന്നത് ലക്ഷ്യമിട്ടാണ് യോഗം.
🔳രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും താത്കാലികമായി മരവിപ്പിച്ച് ട്വിറ്റര്‍. കോണ്‍ഗ്രസ് മാധ്യമവക്താവ് രണ്‍ദീപ് സുര്‍ജേവാല ഉള്‍പ്പടെ അഞ്ച് മുതിര്‍ന്ന നേതാക്കളുടെ അക്കൗണ്ടും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ടിട്ടാല്‍ ഇന്ത്യക്ക് വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് തടയിടാന്‍ സാധ്യമാകുമെന്നാണ് മോദി കരുതുന്നതെന്ന് എഐസിസി സെക്രട്ടറി ഇന്‍ ചാര്‍ജ് പ്രണവ് ജാ ട്വീറ്റ് ചെയ്തു. കാലാപാനി ജയിലിന് മുന്നില്‍ പോരാട്ടം നടത്തിയ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നകാര്യം മോദി മനസ്സിലാക്കണമെന്നും തെറ്റുകള്‍ക്കെതിരായ പോരാട്ടം തുടുമെന്നും പ്രണവ് ജാ ട്വിറ്ററില്‍ കുറിച്ചു.
🔳കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും നേതാക്കളുടേയും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതില്‍ പ്രതികരണവുമായി ട്വിറ്റര്‍. ട്വിറ്ററിന്റെ സേവനത്തില്‍ എല്ലാവര്‍ക്കും ഒരേ നിയമങ്ങളാണുള്ളതെന്നും നിയമലംഘനം ആര് നടത്തിയാലും നടപടിയുണ്ടാകുമെന്നും കമ്പനി പറഞ്ഞു. നിയമ ലംഘനം തുടര്‍ന്നാല്‍ ഇനിയും സമാനമായ നടപടികളെടുക്കുമെന്ന് ട്വിറ്റര്‍ ഔദ്യോഗിക വക്താവ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
🔳രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം. ഇത്തരക്കാര്‍ക്ക് നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
🔳ഭാരത് ബയോടെകും ഐ.സി.എം.ആറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കോവിഡ് വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി അടുത്ത മാസം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കോവാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതിയുണ്ട്. മാത്രമല്ല വിവിധ രാജ്യങ്ങളിലേക്ക് വാക്സിന്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. എന്നാല്‍ ഡബ്ല്യു.എച്ച്.ഒ അംഗീകരിക്കാത്തത് കൊണ്ട് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും മറ്റും കോവാക്സിനെ നിലവില്‍ പരിഗണിക്കുന്നില്ല.
🔳ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന നിയമസഭയിലെ ആരോഗ്യമന്ത്രിയുടെ വിവാദ മറുപടി തിരുത്തും. ചോദ്യോത്തരത്തിനുള്ള മറുപടി തയ്യാറാക്കിയപ്പോള്‍ സംഭവിച്ച സാങ്കേതിക പിഴവാണ് മറുപടി മാറാന്‍ കാരണമെന്നാണ് വിശദീകരണം. തിരുത്തിയ മറുപടി പ്രസിദ്ധീകരിക്കാന്‍ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയതായും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഡോക്ടര്‍മാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി പരാമര്‍ശിച്ചത്.
🔳സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുതിയ ഐ.പി.ആര്‍ മാനദണ്ഡം നിലവില്‍ വന്നതോടെ 85 തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലുള്ള 566 വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഐ.പി.ആര്‍ എട്ടിനു മുകളിലുള്ള വാര്‍ഡുകളിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയില്‍ മാത്രം ലോക്ക്ഡൗണ്‍ വാര്‍ഡുകളില്ല. സംസ്ഥാനത്ത് നിയന്ത്രണങ്ങളുള്ള ഏറ്റവും കൂടുതല്‍ വാര്‍ഡുകള്‍ മലപ്പുറത്താണ്.
🔳ഡോളര്‍ കടത്തുകേസ് പ്രതികളായ സ്വപ്നയും സരിത്തും മുഖ്യമന്ത്രിക്കെതിരേ മൊഴിനല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ തന്റെ നിരപരാധിത്വം തെളിയിക്കണമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മറുപടി ഇല്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാതിരുന്നതെന്നും സതീശന്‍ പറഞ്ഞു. പ്രതികള്‍ മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴി തെളിവായി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
🔳പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതിനു പിന്നാലെ പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ചു. പ്രതിപക്ഷാംഗങ്ങള്‍ സഭാകവാടത്തില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു.
🔳നിയമസഭയ്ക്കു മുന്നില്‍ പ്രതിഷേധ നിയമസഭ ചേര്‍ന്ന് പ്രതിപക്ഷം. ഡോളര്‍ കടത്തുകേസില്‍ പ്രതിപക്ഷം പ്രതീകാത്മക അടിയന്തര പ്രമേയം അവതരിപ്പിച്ചു. ബെല്‍ മുഴക്കിയും സമയനിയന്ത്രണം ഓര്‍മിപ്പിച്ചുമായിരുന്നു പ്രതീകാത്മക അടിയന്തര പ്രമേയ അവതരണം. പി.കെ. ബഷീര്‍ എം.എല്‍.എ. ആയിരുന്നു പ്രതീകാത്മക മുഖ്യമന്ത്രി. എന്‍. ഷംസുദ്ദീനാണ് പ്രതീകാത്മക സ്പീക്കര്‍ ആയത്. തുടര്‍ന്ന് പി.ടി. തോമസ് അടയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുകയും ചെയ്തു. പി.ജെ. ജോസഫ്, അനൂപ് ജേക്കബ് തുടങ്ങിയവരും ഇതിനു പിന്നാലെ സംസാരിച്ചു. ഇതാദ്യമായാണ് പ്രതിപക്ഷം ഇത്തരത്തില്‍ സഭയ്ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
🔳സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടെന്ന് ആദായനികുതി വകുപ്പ്. ഇടപാടില്‍ വന്‍ നികുതി വെട്ടിപ്പ് നടന്നുവെന്നും ആദായ നികുതി വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നരക്കോടി രൂപ പിഴ ഇനത്തില്‍ അടയ്ക്കണമെന്നും ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ മുന്‍ പ്രൊക്യുറേറ്റര്‍ ജോഷി പുതുവ നിര്‍ണായക മൊഴിയും നല്‍കി. കേസില്‍ നേരത്തെ രണ്ടരക്കോടിയോളം രൂപ പിഴയൊടുക്കിയിരുന്നു. ഇതിനുശേഷം വീണ്ടും നടത്തിയ കണക്കെടുപ്പിലാണ് ഇപ്പോള്‍ മൂന്നരക്കോടി രൂപ കൂടി പിഴയടക്കാന്‍ നിര്‍ദേശിച്ചത്.
🔳സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. ആലഞ്ചേരി വിചാരണ നേരിടണമെന്ന ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കേസുമായി ബന്ധപ്പെട്ട് ആറ് ഹര്‍ജികളാണ് ആലഞ്ചേരി നല്‍കിയിരുന്നത്. ഈ ആറു ഹര്‍ജികളും ഹൈക്കോടതി തള്ളി.
🔳ഓണത്തിന്റെ വരവ് അറിയിച്ച് അത്താഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായി. തൃപ്പൂണിത്തുറ അത്തം നഗറില്‍ കെ.ബാബു എം.എല്‍.എ. അത്തപതാക ഉയര്‍ത്തി. ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായാണ് തൃപ്പൂണിത്തുറയിലെ അത്താഘോഷ ചടങ്ങുകള്‍ നടന്നത്. കോവിഡ് സാഹചര്യത്തില്‍ അത്തച്ചമയ ഘോഷയാത്ര ഇക്കുറിയും ഇല്ല. പ്രളയവും കോവിഡും കാരണം 2018ന് ശേഷം തൃപ്പൂണിത്തുറയില്‍ കാര്യമായ അത്താഘോഷ ചടങ്ങുകള്‍ നടന്നിട്ടില്ല.
🔳സംസ്ഥാനത്ത് സിനിമാ തീയേറ്ററുകള്‍ ഉടന്‍ തുറക്കാനാവില്ലെന്ന് സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധന ആശങ്കയോടെയാണ് കാണുന്നതെന്നും ടിപിആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ താഴെയെങ്കിലും വന്നാല്‍ മാത്രമേ തീയേറ്ററുകള്‍ തുറക്കുന്നത് പരിഗണിക്കുകയുള്ളൂ എന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
🔳ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-3 ന്റെ വിക്ഷേപണം പരാജയം. ആദ്യ രണ്ട് ഘട്ടം വിജയമായിരുന്നു. എന്നാല്‍ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തില്‍ തകരാര്‍ സംഭവിക്കുകയായിരുന്നു. മിഷന്‍ പൂര്‍ണ്ണ വിജയമായിരുന്നില്ല എന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
🔳അഫ്ഗാനിസ്താനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് സൈന്യത്തിനെതിരേ അക്രമണം ശക്തമാക്കി താലിബാന്‍ ഭീകരര്‍. അഫ്ഗാന്‍ സൈന്യത്തിന്റെ Mi-24 ഹെലികോപ്റ്ററിന്റെ നിയന്ത്രണം പിടിച്ചെടുത്തതായും താലിബാന്‍ ഭീകരര്‍ അവകാശപ്പെട്ടു. അഫ്ഗാന്‍ വ്യോമ സേനയ്ക്കായി നേരത്തെ ഇന്ത്യ സമ്മാനിച്ച ഹെലികോപ്റ്ററായിരുന്നു ഇത്.
🔳മമ്മൂട്ടി അപ്രതീക്ഷിതമായി വീട്ടിലെത്തിയപ്പോള്‍ ഞെട്ടിപ്പോയെന്ന് ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷ്. ഇന്ന് രാവിലെയാണ് മമ്മൂട്ടി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടില്‍ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചത്. അതേസമയം ഒളിമ്പിക്‌സ് മെഡല്‍ സ്വീകരിച്ചപ്പോള്‍ പോലും കൈ ഇങ്ങനെ വിറച്ചിട്ടില്ലെന്നായിരുന്നു മമ്മൂട്ടിയില്‍ നിന്ന് ബൊക്കെ ഏറ്റുവാങ്ങുമ്പോള്‍ ശ്രീജേഷിന്റെ പ്രതികരണം.
🔳ടോക്യോ ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ നേട്ടത്തിനു പിന്നാലെ ജാവലിന്‍ ത്രോ ലോക റാങ്കിങ്ങിലും നീരജ് ചോപ്രയ്ക്ക് നേട്ടം. ഒളിമ്പിക്‌സിനു മുമ്പ് ലോക അത്‌ലറ്റിക്‌സ് ജാവലിന്‍ ത്രോ പുരുഷ വിഭാഗത്തില്‍ 16-ാം റാങ്കിലായിരുന്ന താരം 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ടോക്യോയില്‍ വമ്പന്‍ പേരുകാരെ പിന്തള്ളി സ്വര്‍ണമണിഞ്ഞ 23-കാരന്റെ കരിയറിലെ മികച്ച റാങ്കിങ്ങാണിത്.
🔳മൂന്നുദിവസം കുറഞ്ഞ നിലവാരത്തില്‍ തുടര്‍ന്ന സ്വര്‍ണവിലയില്‍ വ്യാഴാഴ്ച നേരിയ വര്‍ധന. പവന്റെ വില 200 രൂപ കൂടി 34,880 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4360 രൂപയുമായി. 34,680 രൂപയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പവന്റെ വില.
🔳ഇനി നാഷണല്‍ സ്റ്റോക്ക്എക്സ്ചേഞ്ച് വഴി രാജ്യത്തെ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് യുഎസ് ഓഹരികളില്‍ നിക്ഷേപിക്കാം. ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ പ്ലാറ്റ്‌ഫോം വഴിയാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയുക. ആല്‍ഫബെറ്റ്, ഫേസ്ബുക്ക്, ടെസ്ല എന്നിവ ഉള്‍പ്പടെ ആഗോള പ്രശസ്തി നേടിയ വന്‍കിട കമ്പനികളുടെ ഓഹരികളിലാകും നിക്ഷേപിക്കാന്‍ അവസരമൊരുക്കുക.
🔳ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാക്കുന്നു. പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
🔳ആറ് ഹ്രസ്വ ചിത്രങ്ങളുടെ ആന്തോളജിയുമായി ചിമ്പു ദേവന്‍ എത്തുന്നു. കസഡ ടബാര എന്ന സിനിമയുമായാണ് ചിമ്പു ദേവന്‍ എത്തുന്നത്. സിനിമ സോണി ലൈവില്‍ 27ന് പ്രദര്‍ശനത്തിന് എത്തുമെന്ന് സംവിധായകന്‍ മുരുഗദോസ് അറിയിച്ചു. ആറ് ഹ്രസ്വ ചിത്രങ്ങളാണ് കസഡ ടബാരയിലുണ്ടാകുക. സുന്ദീപ് കിഷന്‍, ഹരീഷ് കല്യാണ്‍, ശന്തനു ഭാഗ്യരാജ്, പ്രേംജി അമരേന്‍, പ്രിയ ഭവാനി ശങ്കര്‍, റെജിന കാസ്സന്‍ഡ്ര തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തുന്നത്.
🔳ജാപ്പനീസ് പ്രീമിയം ഇരുചക്ര വാഹന നിര്‍മാതാക്കളായ കാവസാക്കിയുടെ നിന്‍ജ 650 ന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പുറത്തിറക്കി. പുത്തന്‍ നിന്‍ജ 650യ്ക്ക് പേള്‍ റോബോട്ടിക് വൈറ്റ്, ലൈം ഗ്രീന്‍ എന്നീ പേരുകളില്‍ അവതരിപ്പിച്ചിരിക്കുന്ന പുത്തന്‍ നിറങ്ങള്‍ ലഭിക്കുന്നു. 6.61 ലക്ഷം ആണ് 2022 കാവസാക്കി നിന്‍ജ 650യുടെ എക്‌സ്-ഷോറൂം വില. 7,000 രൂപ വില വര്‍ദ്ധിപ്പിച്ചു.