🔳രാജ്യം ഇന്ന് എഴുപത്തിയഞ്ചാം സ്വതന്ത്ര്യദിനം ആഘോഷിക്കുന്നു. ഏവർക്കും ന്യൂസ് സർക്കിൾ ചെങ്ങന്നൂരിൻ്റെ സ്വാതന്ത്ര്യദിനാശംസകള്‍.
🔳എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി. ഇന്ന് രാവിലെ ഏഴരയോടെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തും. കേന്ദ്ര മന്ത്രിമാരും വിവിധ സേനാവിഭാഗം മേധാവികളും പങ്കെടുക്കും. ഭീഷണികളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരം. ചെങ്കോട്ട പുറത്തുനിന്നു കാണാന്‍ കഴിയാത്ത വിധം ഒരാഴ്ചമുമ്പു തന്നെ കണ്‍ടെയ്‌നറുകളും ലോഹപ്പലകയും നിരത്തി മറച്ചിരുന്നു. പുരാതന ഡല്‍ഹിയിലെ കച്ചവടസ്ഥാപനങ്ങളെല്ലാം ഇന്നലെ ഡല്‍ഹി പോലീസ് മുദ്രവെച്ചു.
🔳സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. ഒരു അശോക ചക്രയും ഒരു കീര്‍ത്തിചക്രയും ഉള്‍പ്പടെ 144 മെഡലുകളാണ് പ്രഖ്യാപിച്ചത്. ജമ്മുകശ്മീര്‍ പൊലീസില്‍ എഎസ്ഐയായിരുന്ന ബാബുറാമിന് മരണാനന്തര ബഹുമതിയായി അശോക ചക്ര നല്‍കും. ജമ്മുകശ്മീര്‍ പൊലീസിലെ കോണ്‍സ്റ്റബിളായിരുന്ന അല്‍ത്താഫ് ഹുസൈന്‍ ഭട്ടിന് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്രയും പ്രഖ്യാപിച്ചു.
🔳കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി താത്കാലികമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ രാജ്യത്തിന് വേണ്ടി പോരാടിയവരെ മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാകണം സ്വാതന്ത്ര്യ ദിനാഘോഷങ്ങളെന്ന് അദ്ദേഹം രാജ്യത്തെ ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.
🔳നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രശംസിച്ച് സിറം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഡോ.സൈറസ് പൂനാവാലാ. ലോകമാന്യ തിലക് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നല്‍കുന്ന ലോകമാന്യ തിലക് നാഷണല്‍ അവാര്‍ഡ് സ്വീകരിച്ച വേദിയിലാണ് അദ്ദേഹം നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രശംസിച്ചത്. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമ്പനി ആരംഭിച്ചപ്പോള്‍ നിരവധി കഷ്ടപാടുകള്‍ നേരിടേണ്ടി വന്നുവെങ്കിലും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ റെഡ് ടേപിസവും ലൈസന്‍സ് രാജും ഇല്ലാതായത് ശുഭസൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
🔳സ്വാതന്ത്ര്യമെന്ന വാക്കിനെ അര്‍ത്ഥ പൂര്‍ണ്ണമാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയ ബോധത്തെ നിഷ്‌കാസനം ചെയ്യേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.
🔳രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് 11 പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എ.ഡി.ജി.പി യോഗേഷ് ഗുപ്ത വിശിഷ്ടസേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി.
🔳സംസ്ഥാനത്ത് 144 കോടി രൂപയുടെ വനംകൊള്ള നടന്നതായി അന്വേഷണ റിപ്പോര്‍ട്ട്. മരം വെട്ടിക്കടത്തിയ കേസില്‍ പ്രാഥമിക അന്വേഷണം നടത്തി വനം വിജിലന്‍സ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിവാദ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് 2419 മരങ്ങളാണ് മുറിച്ചത്. 2248 തേക്കും 121 ഈട്ടിയും വെട്ടി. എറണാകുളം ഇടുക്കി ജില്ലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരങ്ങള്‍ വെട്ടിയത്. നേര്യമംഗലം റേഞ്ചില്‍ 643 മരങ്ങള്‍ വെട്ടിയെന്ന് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
🔳മലയാളിയുടെ മാനം കളയുന്ന പെരുമാറ്റമാണ് ഇടത് എം.പി.മാരുടെ ഭാഗത്തുനിന്ന് രാജ്യസഭയില്‍ ഉണ്ടായതെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍. ബിനോയ് വിശ്വവും ശിവദാസനും മേശയുടെ പുറത്തുനില്‍ക്കുന്ന ചിത്രവും കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. തൊഴിലാളി വര്‍ഗത്തിന്റെ നേതാവ് ചമയുന്ന എളമരം കരീം, ജീവിക്കാന്‍ ജോലിയെടുക്കുന്ന മാര്‍ഷലിന്റെ കഴുത്തിന് പിടിച്ച് തള്ളിയെന്നും ‘ശിവന്‍കുട്ടി സ്‌കൂള്‍’ പുനരാവിഷ്‌കരിക്കാനാണ് ശ്രമിച്ചതെന്നും മുരളീധരന്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
🔳ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ് അഡ്വെഞ്ചര്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുമെന്ന പ്രഖ്യാപനവുമായി മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ അണ്‍ എക്സ്പ്ലോര്‍ഡ് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്നും ടൂറിസം മേഖലകളുമായി ബന്ധപ്പെട്ട് പ്രത്യേകതകള്‍ വ്യക്തമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഈ വര്‍ഷം തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
🔳പഴയ വാഹനങ്ങളുടെ പൊളിക്കല്‍നയത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് സംസ്ഥാനസര്‍ക്കാര്‍. വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധനസംവിധാനവും പൊളിക്കല്‍ കേന്ദ്രങ്ങളും സജ്ജീകരിച്ചാല്‍മാത്രമേ കേന്ദ്രം നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ പൊളിക്കല്‍നയം നടപ്പാകുകയുള്ളൂ. പൊളിക്കല്‍കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനക്ഷമത പരിശോധന കേന്ദ്രങ്ങള്‍ക്കും വേണ്ട മാനദണ്ഡങ്ങള്‍ കേന്ദ്ര ഉപരിതലമന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കണം. സ്വകാര്യപങ്കാളിത്തത്തോടെയോ നേരിട്ടോ ഇവ തുടങ്ങാം. 2024 ജൂണ്‍വരെയാണ് അനുവദിച്ച സമയം.
🔳കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച വാഹന പൊളിക്കല്‍ നയം അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷത്തിലധികം സര്‍വീസ് നടത്താന്‍ പാടില്ല എന്ന നയം കേരളത്തില്‍ അപ്രായോഗികമാണെന്ന് അദ്ദേഹം പറഞ്ഞു.
🔳ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. ഡിസിസി അധ്യക്ഷന്‍മാരുടെ സാധ്യതാ പട്ടികയുണ്ടാക്കിയതില്‍ കൂടിയാലോചനകള്‍ നടത്തിയില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നേതൃത്വത്തിനോട് പരാതിപ്പെട്ടു. ചര്‍ച്ചകളില്‍നിന്ന് മാറ്റിനിര്‍ത്തി അപമാനിച്ചെന്ന് ആരോപിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
🔳ഡിസിസി അധ്യക്ഷ നിയമന ചര്‍ച്ചയില്‍ പ്രതിഷേധം ഉയര്‍ത്തിയ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ തള്ളി ഹൈക്കമാന്റ്. പുനഃസംഘടനയില്‍ ആരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ല. തര്‍ക്കങ്ങളുടെ പേരില്‍ പുനഃസംഘടന നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ഹൈക്കമാന്റ് വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തിയ കലാപം അനുവദിക്കില്ലെന്ന സൂചനയാണ് ഹൈക്കമാന്റ് നല്‍കുന്നത്.
News Circle Chengannur
🔳ദേവികുളം എം.എല്‍.എ. എ.രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പാര്‍ട്ടി അന്വേഷണകമ്മിഷന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടയില്‍, ആരോപണവിധേയനായ മുന്‍ എം.എല്‍.എ. എസ്.രാജേന്ദ്രന്‍ സി.പി.ഐ.യിലേക്കെന്ന് സൂചന. പാര്‍ട്ടി നിയോഗിച്ച അന്വേഷണത്തിനൊടുവില്‍ തനിക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് രാജേന്ദ്രന്‍ സി.പി.ഐ.യില്‍ ചേരാനുള്ള നീക്കം ഊര്‍ജ്ജിതമാക്കിയത്.
🔳വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ ലൈംഗിക തൊഴിലാളിയുടേതെന്ന പേരില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തയ്യല്‍ ജോലി ചെയ്യുന്ന വാകാനം സ്വദേശിനിയുടെ നമ്പറാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചത്. പോലീസില്‍ പലവട്ടം പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച് വാര്‍ത്ത വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
🔳ഭാര്യയെയും വീട്ടിലുള്ളവരെയും ഭീഷണിപ്പെടുത്തുന്നതിന് സ്ഫോടകവസ്തുവുമായി വീട്ടിലെത്തിയ ആള്‍ അബദ്ധത്തില്‍ സംഭവിച്ച സ്ഫോടനത്തില്‍ മരിച്ചു. വെഞ്ഞാറമൂട് പുല്ലമ്പാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര പുത്തന്‍ വീട്ടില്‍ മുരളീധരന്‍ (45) ആണ് മരിച്ചത്. വീടിനുള്ളിലേക്ക് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് മരിച്ചത്.
🔳സി.പി.എം. സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും. അടുത്ത വര്‍ഷം ഫെബ്രുവരിയിലായിരിക്കും സംസ്ഥാന സമ്മേളനം നടക്കുക എന്നാണ് വിവരം. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സംസ്ഥാന സമ്മേളനം സംബന്ധിച്ച് തീരുമാനമുണ്ടായത്. ജനുവരിയോടെ ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമാകും. അതിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ അടുത്ത മാസം പകുതി മുതല്‍ ആരംഭിക്കും. കോവിഡ് കാലത്തിന്റെ പരിമിതികളും പ്രതിസന്ധികളും പരിഗണിച്ചുകൊണ്ട് തന്നെയാകും സമ്മേളനങ്ങള്‍ നടത്തുക. ആളുകൂടുന്ന സമ്മേളനങ്ങളും പൊതുയോഗങ്ങളും ഒഴിവാക്കും.
🔳എന്‍.എസ്.എസിനോട് സ്വീകരിക്കേണ്ട സമീപനം വ്യക്തമാക്കി സി.പി.എം. കത്ത്. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയുടെ തീവ്ര ഇടതുപക്ഷവിരുദ്ധ നിലപാടിനൊപ്പം സമുദായത്തെ അണിനിരത്താന്‍ കഴിയാത്തവിധത്തില്‍ ഇടപെടണമെന്നാണ് നിര്‍ദേശം. തിരഞ്ഞെടുപ്പ് അവലോകനത്തിന് പാര്‍ട്ടിയുടെ ഓരോ ഘടകങ്ങളും സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദേശിച്ച് സംസ്ഥാനകമ്മിറ്റി നല്‍കിയ കത്തിലാണ് വിശദീകരണം.
🔳തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് 500 കിലോഗ്രാം സ്വര്‍ണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഹൈക്കോടതിയുടെ അനുമതി ലഭിച്ചാലുടന്‍ ഉരുപ്പടികള്‍ കട്ടിയാക്കി നിക്ഷേപിക്കും. സ്വര്‍ണം നിക്ഷേപിക്കുന്നതിലൂടെ ബോര്‍ഡിനു പ്രതിവര്‍ഷം അഞ്ചുകോടിയോളം രൂപ ലഭ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബോര്‍ഡിന് ഇതു ചെറിയ ആശ്വാസമാകും.
🔳കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി നവീകരിച്ച വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടികള്‍ 2022ല്‍ സര്‍വീസ് തുടങ്ങും. സുഖകരവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം സമ്മാനിക്കുന്നതാവും പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍. വന്ദേഭാരത് ട്രെയിനുകളുടെ നിലവിലുള്ള രൂപകല്‍പ്പനയില്‍ മാറ്റം വരുത്തിയാണ് പുതിയ ട്രെയിനുകള്‍ നിര്‍മിക്കുന്നത്. 2022 മാര്‍ച്ച് മാസത്തില്‍ പുതിയ ട്രെയിനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ജൂണില്‍ ട്രെയിനുകളുടെ സര്‍വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
🔳കോവിഡ് രോഗവ്യാപനം കുറവുള്ള ജില്ലകളില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി കര്‍ണാടക. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം രണ്ട് ശതമാനത്തില്‍ താഴെ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളിലാണ് സ്‌കൂളുകള്‍ തുറക്കുക. ഓഗസ്റ്റ് 23 മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അറിയിച്ചു. ആദ്യ ഘട്ടമെന്നോണം ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുക.
🔳സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കി പഞ്ചാബ് സര്‍ക്കാര്‍. തിങ്കളാഴ്ച മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നു വരുന്നവരെ കര്‍ശനമായി നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.
🔳വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഹെഡ് ക്വാട്ടേഴ്‌സായി പ്രവര്‍ത്തിച്ചിരുന്ന മുംബൈയിലെ കിങ്ഫിഷര്‍ ഹൗസ് വിറ്റു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാറ്റണ്‍ റിയാല്‍ട്ടേഴ്‌സാണ് 52.25 കോടിരൂപയ്ക്ക് കെട്ടിടം വാങ്ങിയത്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ ആണ് വില്‍പന നടത്തിയത്.
🔳രാജ്യത്ത് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്നും ജനങ്ങളെ നാടുകടത്താന്‍ അനുവദിക്കില്ലെന്നും അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് ഉറപ്പ് നല്‍കി പ്രസിഡന്റ് അഷ്റഫ് ഗനി. പൗരന്‍മാര്‍ക്ക് അവരുടെ ഭാവിയെ കുറിച്ച് ആശങ്കയുണ്ടെന്നും പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും ഗനി വ്യക്തമാക്കി. സേനയെ വീണ്ടും താലിബാനെതിരേ സംഘടിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി പറഞ്ഞു. അതേസമയം അഫ്ഗാനിസ്ഥാന്റെ സുപ്രധാന നഗരങ്ങളടക്കം രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശവും താലിബാന്‍ പിടിച്ചടക്കിക്കഴിഞ്ഞു.
🔳അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ ഉടന്‍ പിടിച്ചടക്കിയേക്കുമെന്ന ആശങ്കയ്ക്കിടെ പ്രദേശത്ത് നിന്ന് പ്രതിനിധികളെ ഒഴിപ്പിക്കാനൊരുങ്ങി എംബസികള്‍. കാബൂളില്‍ നിന്ന് 50 കി.മീ മാത്രം ദൂരെയാണ് ഇപ്പോള്‍ താലിബാന്‍ സൈന്യം തമ്പടിച്ചിരിക്കുന്നത്. ഉടന്‍ കാബൂളും താലിബാന്‍ പിടിച്ചടക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. പ്രധാന പട്ടണമായ മസാരെ ഷരീഫില്‍ താലിബാന്‍ ആക്രമണം ആരംഭിച്ചു. നേരത്തെ താലിബാന്‍ വിരുദ്ധരുടെ ശക്തികേന്ദ്രമായ മസാരെ ഷെരീഫിനെ വളഞ്ഞിരിക്കുകയാണിപ്പോള്‍.
🔳ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി അഫ്ഗാനില്‍ താലിബാന്റെ മുന്നേറ്റം. രാജ്യതലസ്ഥാനമായ കാബൂള്‍ ഏതുസമയവും താലിബാന്‍ നിയന്ത്രണത്തിലാക്കുമെന്ന അവസ്ഥയാണ്. സമീപ പ്രവിശ്യയായ ലോഗര്‍ പിടിച്ച സംഘം തലസ്ഥാനത്തിന് 11 കിലോമീറ്റര്‍മാത്രം അകലെയുള്ള ചാര്‍ അസിയാബ് ജില്ലയിലെത്തിയതായി സര്‍ക്കാര്‍വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
🔳തെക്കന്‍ തുര്‍ക്കിയില്‍ റഷ്യന്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ ബെറീവ് ബി.ഇ.-200 വിമാനം ശനിയാഴ്ച തുര്‍ക്കിയിലെ അദാന പ്രവിശ്യയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അഞ്ചു റഷ്യന്‍സൈനികരും മൂന്നു തുര്‍ക്കി സ്വദേശികളുമാണ് മരിച്ചത്.
🔳ഹെയ്തിയില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വ്വെ. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തി. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 160 കിലോമീറ്റര്‍ ദൂരെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സമീപത്തെ രാജ്യങ്ങളിലേക്കും ഭൂചലനത്തിന്റെ ആഘാതം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഹെയ്തിയിലെ സ്‌കൂളുകളും വീടുകളും ഭൂചലനത്തില്‍ തകര്‍ന്നതായി സാക്ഷികള്‍ പറഞ്ഞു.
🔳ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് 27 റണ്‍സ് ലീഡ്. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ മികവില്‍ ഇംഗ്ലണ്ട് 391 റണ്‍സ് അടിച്ചെടുത്തു. നേരത്തെ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 364 റണ്‍സിന് പുറത്തായിരുന്നു. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും മറ്റേ അറ്റത്ത് വന്‍മതില്‍ പണിത റൂട്ട് 321 പന്തില്‍ 18 ഫോറിന്റെ അകമ്പടിയോടെ പുറത്താകാതെ 180 റണ്‍സ് നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് താരം എന്ന റെക്കോഡും റൂട്ട് സ്വന്തമാക്കി.
🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ലെസ്റ്റര്‍ സിറ്റി ക്ലബ്ബുകള്‍ക്ക് വിജയത്തുടക്കം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ്‌സ് യുണൈറ്റഡിനെ ഒന്നിനെതിരേ അഞ്ചു ഗോളിന് തോല്‍പ്പിച്ചു. ക്രിസ്റ്റല്‍ പാലസിനെതിരേ 3-0ത്തിന് ആയിരുന്നു ചെല്‍സിയുടെ വിജയം. ലെസ്റ്റര്‍ സിറ്റി വോള്‍വ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. എവര്‍ട്ടണ്‍ സതാംപ്റ്റണേയും വാറ്റ്‌ഫോര്‍ഡ് ആസ്റ്റണ്‍ വില്ലയേയും തോല്‍പ്പിച്ചു. ബേണ്‍ലിക്കെതിരേ ബ്രൈറ്റണും വിജയം കണ്ടു.
🔳കേരളത്തില്‍ ഇന്നലെ 1,39,223 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,499 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 853 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,104 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,80,240 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസര്‍ഗോഡ് 520, ഇടുക്കി 474.
🔳രാജ്യത്ത് ഇന്നലെ 36,126 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 37,934 പേര്‍ രോഗമുക്തി നേടി. മരണം 491. ഇതോടെ ആകെ മരണം 4,31,253 ആയി. ഇതുവരെ 3,21,91,954 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.79 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 5,787 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,916 പേര്‍ക്കും കര്‍ണാടകയില്‍ 1,632 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,535 പേര്‍ക്കും ഒറീസയില്‍ 1,132 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 5,63,456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 70,722 പേര്‍ക്കും ബ്രസീലില്‍ 31,142 പേര്‍ക്കും റഷ്യയില്‍ 22,144 പേര്‍ക്കും ഫ്രാന്‍സില്‍ 24,427 പേര്‍ക്കും ഇംഗ്ലണ്ടില്‍ 29,520 പേര്‍ക്കും ഇറാനില്‍ 29,700 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 28,598 പേര്‍ക്കും മെക്സിക്കോയില്‍ 22,758 പേര്‍ക്കും മലേഷ്യയില്‍ 20,3670 പേര്‍ക്കും ജപ്പാനില്‍ 20,366 പേര്‍ക്കും തായലാന്‍ഡില്‍ 22,086 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 20.75 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.71 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 8,598 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 257 പേരും ബ്രസീലില്‍ 919 പേരും റഷ്യയില്‍ 819 പേരും ഇറാനില്‍ 466 പേരും ഇന്‍ഡോനേഷ്യയില്‍ 1,270 പേരും മെക്സിക്കോയില്‍ 603 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43.65 ലക്ഷം.
🔳 വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര്‍ ഹൗസ് വിറ്റഴിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ക്കാണ് 52 കോടി രൂപക്ക് കിംഗ് ഫിഷര്‍ ഹൗസ് വിറ്റഴിച്ചത്. ഒരു കാലത്ത് കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ ആസ്ഥാനമായിരുന്നു ഇത്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ ആണ് വല്‍പ്പന നടത്തിയതെങ്കിലും ബാങ്കുകള്‍ക്ക് നല്‍കാനുള്ള വായ്പാ തുക ഇനത്തിലാണ് ഇത് വക ഇരുത്തുക. മല്യയുടെ കിങ് ഫിഷര്‍ ഓഹരികള്‍ വിറ്റ് 7000 കോടി രൂപയില്‍ അധികം ബാങ്കുകള്‍ ഇതോടകം തിരിച്ചു പിടിച്ചിരുന്നു.
🔳ജൂലൈയില്‍ രാജ്യത്തിന്റെ കയറ്റുമതി വരുമാനം 3543 കോടി ഡോളര്‍. മുന്‍കൊല്ലം ജൂലൈയിലേതിനെക്കാള്‍ 50% കൂടുതലാണിത്. ഇറക്കുമതിച്ചെലവ് 63% കൂടി 4640 കോടി ഡോളറായി. ഇവ തമ്മിലുള്ള വ്യത്യാസമായ വ്യാപാരക്കമ്മി 1097 കോടി ഡോളറാണ്.എണ്ണഇറക്കുമതി 97.45% കുതിച്ച് 1289 കോടി ഡോളറിന്റേതായി. ഏപ്രില്‍ ജൂലൈ കാലയളവിലെ കയറ്റുമതി വരുമാനം മുന്‍ വര്‍ഷം ഇതേ കാലത്തെക്കാള്‍ 74.5% ഉയര്‍ന്ന് 13082 കോടി ഡോളറായി. ഇറക്കുമതി 94% ഉയര്‍ന്ന് 17250 കോടി ഡോളറിന്റേതായി.
🔳പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന വെബ് സിരീസിലൂടെ ലാല്‍ ഹിന്ദിയിലേക്ക്. ‘ഉഡ്താ പഞ്ചാബ്’ അടക്കമുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ അഭിഷേക് ചൗബേ ആണ് സിരീസ് ഒരുക്കുന്നത്. തിരക്കഥാ ചര്‍ച്ചകള്‍ക്കായി മുംബൈയില്‍ എത്തിയപ്പോള്‍ അഭിഷേക് ചൗബേയ്ക്കൊപ്പമുള്ള ഒരു ചിത്രം ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. സിരീസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മനോജ് ബാജ്പെയിയും കൊങ്കണ സെന്‍ ശര്‍മ്മയുമാണ്.
🔳ലൈംഗികത്തൊഴിലാളി നളിനി ജമീലയുടെ എന്റെ ആണുങ്ങള്‍ എന്ന പുസ്തകം വെബ് സീരീസാകുന്നു. നളിനി ജമീല തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. കേരളത്തിലെ ഒരു ലൈംഗിക തൊഴിലാളിയും ആക്ടിവിസ്റ്റും സാഹിത്യകാരിയുമാണ് നളിനി ജമീല. 2000-ല്‍ കേരളത്തിലെ ലൈംഗിക തൊഴിലാളികളുടെ സംഘടനയായ ”കേരള സെക്സ് വര്‍ക്കേഴ്സ് ഫോറ”ത്തില്‍ ഇവര്‍ പ്രവര്‍ത്തിച്ചുതുടങ്ങി.
🔳ഒളിംപിക്സില്‍ കൈയെത്തും ദൂരെ വെങ്കലം നഷ്ടപ്പെട്ട കായികതാരങ്ങള്‍ക്ക് ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് വാഹനമായ അല്‍ട്രോസ് സമ്മാനമായി നല്‍കി ആദരിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്. ഈ വാഹനത്തിന്റെ സ്ട്രീറ്റ് ഗോള്‍ഡ് നിറത്തിലുള്ള വാഹനങ്ങളായിരിക്കും സമ്മാനിക്കുക. വൈകാതെ തന്നെ ഈ സമ്മാനം താരങ്ങള്‍ക്ക് കൈമാറുമെന്നും ടാറ്റ മോട്ടോഴ്‌സ് ഉറപ്പുനല്‍കി. ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മികച്ച സ്വീകാര്യത നേടിയിട്ടുള്ള വാഹനമാണ് അല്‍ട്രോസ്.
🔳തോറ്റുപോയ ജന്മങ്ങളുടെ സങ്കടകഥകള്‍. വിധിയുടെ കൈകളില്‍ പിടഞ്ഞമരുന്ന ജീവിതങ്ങള്‍. പ്രണയത്തിന്റെയും ജീവിതപ്രാരാബ്ധത്തിന്റെയും പ്രവാസിയുടെയും സെക്സ് ട്രേഡിംഗിന്റെയും ലൈംഗികത്തൊഴിലാളിയുടെയും പ്രേമനൈരാശ്യത്തിന്റെയും ഉല്‍ക്കടദുഃഖം പേറുന്ന പ്രമേയങ്ങള്‍. വിങ്ങലോടെയല്ലാതെ ഇക്കഥകള്‍ വായിച്ചവസാനിപ്പിക്കാനാവില്ല. ‘ജനുവരിയിലെ പൂക്കള്‍’. സജി ജോസഫ്. ഗ്രീന്‍ ബുക്സ്. വില 214 രൂപ.