പ്രധാന വാർത്തകൾ
സായാഹ്‌ന വാർത്തകൾ
2021 ഓഗസ്റ്റ് 16 | 1196 കർക്കടകം 31 | തിങ്കൾ | അനിഴം |
🔳അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ജനങ്ങളുടെ കൂട്ടപ്പലായനത്തിനിടെ കാബൂളില്‍ അഞ്ച് മരണം. വിമാനത്തില്‍ കയറിപ്പറ്റാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് അഞ്ചുപേര്‍ മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വിമാനത്താവളത്തില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടതായും ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വെടിവെപ്പിലാണോ മരണം സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല.
🔳കാബൂള്‍ വിമാനത്താവളത്തിലെ എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവച്ചു. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളെല്ലാം തന്നെ അഫ്ഗാനിസ്ഥാന്റെ വ്യോമമേഖല ഒഴിവാക്കുകയും ചെയ്തു. അഫ്ഗാന്റെ വ്യോമമേഖല പൂര്‍ണ്ണമായി അടച്ചതോടെ അറുപതോളം രാജ്യങ്ങളിലെ പൗരന്മാര്‍ കാബൂളില്‍ കുടുങ്ങിയിരിക്കുകയാണ്. താലിബാന്‍ പിടിച്ചെടുത്ത രാജ്യത്തുനിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാന്‍കാരാണ് വിമാനങ്ങളിലേക്ക് ഇരച്ചുകയറിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാഭടന്മാര്‍ നടത്തിയ വെടിവെപ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടതായാണ് സൂചന. ഒരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ദയനീയ ദൃശ്യങ്ങളാണ് കാബൂള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുവരുന്നത്.
🔳കാബൂള്‍ വിമാനത്താവളവും അഫ്ഗാന്‍ വ്യോമമേഖലയും അടച്ച ഗുരുതര സാഹചര്യം നേരിടാനുള്ള വഴികളാലോചിച്ച് ഇന്ത്യ. എംബസി ഉദ്യോഗസ്ഥരെയും അഫ്ഗാനിലെ സുഹൃത്തുക്കളെയും എത്തിക്കാന്‍ അടിയന്തര പദ്ധതി തയ്യാറാക്കാന്‍ കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ യോഗം നടന്നു. ഐക്യരാഷ്ട്ര രക്ഷാസമിതി യോഗം ഇന്നലെ അടിയന്തരമായി ചേരാന്‍ ഇന്ത്യ ശ്രമം നടത്തിയിരുന്നു എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.അഫ്ഗാനിസ്ഥാനിലെ നാലു കോണ്‍സുലേറ്റുകള്‍ അടച്ച് ഇന്ത്യ ഉദ്യോഗസ്ഥരെ നേരത്തെ ഒഴിപ്പിച്ചിരുന്നു. എംബസി ഉദ്യോഗസ്ഥരെ മടക്കിക്കൊണ്ടുവരാന്‍ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് എയര്‍ ഇന്ത്യ വിമാനം അയക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാല്‍ കാബൂള്‍ വിമാനത്താവളം അടച്ചതോടെ ഈ പദ്ധതി മുടങ്ങി.
🔳ഒരൊറ്റ രാത്രികൊണ്ട് കാബൂളിലെ സ്ത്രീകള്‍ക്ക് നഗരം തികച്ചും അപരിചിതമായി. തെരുവുകളിലുടെ നടക്കുമ്പോള്‍ പോലും ആ മാറ്റം പ്രകടമാണ്’- അഷ്‌റഫ് ഗനി രാജ്യംവിടുകയും പ്രസിഡന്റിന്റെ കൊട്ടാരം താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ അഫ്ഗാനിസ്താനില്‍ നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകയുടെ വാക്കുകളാണിത്. ആധുനിക, ജനാധിപത്യ രാഷ്ട്രം കെട്ടിപ്പെടുക്കാം എന്ന അഫ്ഗാന്‍ പുതുതലമുറയുടെ സ്വപ്നമാണ് താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതോടെ പൊലിഞ്ഞത്. നേരത്തെ, താലിബാന്‍ ഭരണത്തില്‍ സ്ത്രീകള്‍ക്ക് വീടിന് പുറത്ത് പോയി ജോലി ചെയ്യുന്നതിനും സ്‌കൂളുകളില്‍ പോകുന്നതിനും വിലക്കുണ്ടായിരുന്നു. സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നത് നിര്‍ബന്ധമായിരുന്നു. ബന്ധുവായ പുരുഷനൊപ്പമല്ലാതെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദവുമില്ലായിരുന്നു. കാല്‍പാദം വരെ മറയ്ക്കുന്ന ചെരുപ്പുകളോ വേഷങ്ങളോ നിര്‍ബന്ധമായിരുന്നു.
🔳ദൈവത്തിന് നന്ദി, അഫ്ഗാനിലെ യുദ്ധം അവസാനിച്ചു. ഞങ്ങള്‍ അന്വേഷിച്ചത് എന്താണോ അത് നേടിക്കഴിഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനങ്ങളുടെ സ്വാതന്ത്ര്യവുമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ഈ രാജ്യത്തെ മറ്റുള്ളവരുടെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങള്‍ ജനങ്ങളെ ഉപദ്രവിക്കില്ല. താലിബാന്‍ വക്താവ് മുഹമ്മദ് നയീം അല്‍ ജസീറയോട് പ്രതികരിച്ചു.
🔳അഫ്ഗാനിസ്താനില്‍ നടക്കുന്ന സംഭവവികാസങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രാജിവെക്കണമെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഫ്ഗാനിലെ താലിബാന്‍ അധിനിവേശത്തെ പ്രതിരോധിക്കാന്‍ യുഎസിന് സാധ്യമാകാത്ത സാഹചര്യത്തില്‍ ബൈഡന്‍ രാജി വെക്കുന്നതാണ് നല്ലതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
🔳അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തുന്നതോടെ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ആക്രമിക്കപ്പെടുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുന്നറിയിപ്പ്. ചൈന-പാകിസ്താന്‍-താലിബാന്‍ കൂട്ടുകെട്ട് ഇതിന് നേതൃത്വം നല്‍കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.
🔳മുഖംമൂടി അണിഞ്ഞ വര്‍ഗീയവാദികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണമെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഇത്തരക്കാരെ നേരത്തെ ഒറ്റെടുത്തിയാല്‍ ഒരു പരിധിവരെ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാമെന്നും ജൂഡ് കുറിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചടക്കിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
🔳പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. വിദഗ്ധ സമിതിക്ക് രൂപം നല്‍കുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ചില നിക്ഷിപ്ത താല്പര്യക്കാര്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നുണ്ട് എന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.
🔳പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടില്ലെന്ന് സുപ്രീംകോടതി. കോടതിക്ക് കൃത്യമായ വിവരങ്ങള്‍ വേണമെന്നും കേന്ദ്രം നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കാനാകില്ല എന്നാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടു പോകാനാകില്ല എന്നാണ് ഇതിനു മറുപടിയായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പെഗാസസ് വാങ്ങിയോ ഉപയോഗിക്കുന്നുണ്ടോ എന്ന് പറയുന്നതില്‍ എന്ത് സുരക്ഷാ ഭീഷണിയെന്നാണ് കോടതി ചോദിക്കുന്നത്.
🔳അഖിലേന്ത്യ മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. സുഷ്മിത ട്വിറ്ററിലെ പ്രൊഫൈലില്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക എന്നാക്കിയിട്ടുണ്ട്. നേതൃത്വവുമായി പിണങ്ങി നില്‍ക്കുകയായിരുന്നു സുഷ്മിത ദേവ്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് സുഷ്മിത രാജിക്കത്ത് നല്‍കി.
🔳സുഷ്മിത ദേവിന്റെ രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. യുവനേതാക്കള്‍ കോണ്‍ഗ്രസ് വിടുമ്പോള്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്ന പ്രായമായവരെ വിമര്‍ശിക്കുന്നു എന്നാണ് കപില്‍ സിബല്‍ പ്രതികരിച്ചത്. കണ്ണടച്ചാണ് പാര്‍ട്ടിയുടെ പോക്കെന്നും സിബല്‍ വിമര്‍ശിച്ചു.
🔳ദേശീയപാതാ ചേര്‍ത്തല – അരൂര്‍ റീച്ച് പുനര്‍നിര്‍മാണ അപാകതയുമായി ബന്ധപ്പെട്ട എഎം ആരിഫ് എംപിയുടെ പരാതി ഏറ്റെടുത്ത് കോണ്‍ഗ്രസ്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് വിജലന്‍സ് ഡയറക്ടര്‍ക്ക് നാളെ കത്ത് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.കേസില്‍ നടപടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പറഞ്ഞ ചെന്നിത്തല പരാതിയില്‍ എഎം ആരിഫ് എംപി ഉറച്ച് നില്‍ക്കുന്നുണ്ടോയെന്നും ചോദിച്ചു.
🔳ഏറ്റുമാനൂര്‍ തിരുവാഭരണ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ ദേവസ്വം വിജിലന്‍സ് സംഘം പരിശോധന നടത്തി. മാല വിളക്കിച്ചേര്‍ത്തതായി കണ്ടെത്താനായില്ലെന്ന് പരിശോധനയ്ക്ക് ശേഷം വിജിലന്‍സ് എസ്പി പി ബിജോയ് പറഞ്ഞു. 72 മുത്ത് കൊണ്ടുള്ള മാല ആണ് ഇപ്പോള്‍ ഇവിടെയുള്ളത്. പഴയ മേല്‍ശാന്തിമാരുടെ അടക്കം മൊഴി രേഖപ്പെടുത്താന്‍ ഉണ്ട്. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
🔳നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി. വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറുമാസം കൂടി നീട്ടി നല്‍കി.
🔳മൂന്ന് മാസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചവര്‍ ഒഴികെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കിയ വയനാട് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും ഒറ്റകെട്ടായി നിന്നതാണ് നേട്ടത്തിന് പിന്നിലെന്ന് ജില്ല കളക്ടര്‍ അദീല അബ്ദുള്ള.രാജ്യത്തെ തന്നെ ആദ്യ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ ജില്ലയായി വയനാട് മാറിയെന്നും ജില്ല കളക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു.
🔳കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് ഡി സി സി പ്രസിഡന്റ് പട്ടികയില്‍ ആര്‍ക്കും അതൃപ്തി ഉളളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാവരുമായും ചര്‍ച്ച നടത്തിയിട്ടാണ് പട്ടിക തയാറാക്കിയത്. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാതിപ്പെട്ടതായി അറിയില്ല. പരാതി ഉണ്ടെങ്കില്‍ അതിനെ ഗൗരവമായി പരിഗണിക്കണമെന്നും ഹൈക്കമാന്റാണ് ഇനി കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു.
🔳തിരഞ്ഞെടുപ്പുകമ്മിഷന്‍ നല്‍കുന്ന ഇലക്ഷന്‍ ഐ.ഡി. കാര്‍ഡിനും റവന്യൂ ഓഫീസ് മുഖേന ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഇനി ഓഫീസുകളിലും ജനസേവന കേന്ദ്രങ്ങളിലും കയറിയിറങ്ങേണ്ട. സ്വന്തം സ്മാര്‍ട്ട്ഫോണില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാനുള്ള സംവിധാനം വരുന്നു.
🔳കടകളില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വ്യാപാരികള്‍ നിരസിക്കുന്നു. കാര്‍ഡ് ഇടപാടുകള്‍ക്കുള്ള സേവന നിരക്ക് കമ്പനികള്‍ കൂട്ടിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണിത്. ഒരുലക്ഷം രൂപവരെയുള്ള ഇടപാടുകള്‍ കാര്‍ഡുവഴി നടത്തുമ്പോള്‍ ആയിരം രൂപ മുതല്‍ രണ്ടായിരം രൂപവരെയാണു സേവന നിരക്കായി വ്യാപാരികള്‍ നല്‍കേണ്ടി വരുന്നത്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം തുടക്കത്തില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ വ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, കാര്‍ഡ് ഇടപാടുകള്‍ വ്യാപകമായതോടെ ആനുകൂല്യങ്ങള്‍ നിര്‍ത്തുകയും സേവന നിരക്കുകള്‍ ഉയര്‍ത്തുകയും ചെയ്തു.
🔳കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1200 കടന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 1297 പേര്‍ കൊല്ലപ്പെട്ടതായി രാജ്യത്തിന്റെ സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അറിയിച്ചു. 5700ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഭൂകമ്പത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.
🔳ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പിഎം ഹൗസില്‍ പ്രഭാത ഭക്ഷണത്തിനിടെയായിരുന്നു കൂടിക്കാഴ്ച്ച. മെഡല്‍ നേടിയാല്‍ ഒരുമിച്ച് ഐസ്‌ക്രീം കഴിക്കാമെന്ന് ടോക്കിയോയിലേക്ക് പോകും മുന്‍പ് ബാഡ്മിന്റന്‍ താരം പി വി സിന്ധുവിനോട് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രഭാത ഭക്ഷണത്തില്‍ പ്രധാനമന്ത്രി ഈ വാക്കുപാലിക്കുകയും ചെയ്തു.
🔳കായിക മത്സരങ്ങളില്‍ ജയിച്ചവരെ പോലെ തന്നെ പരാജയപ്പെട്ടവരെയും പ്രോത്സാഹിപ്പിക്കണമെന്ന് ഒളിംപ്യനും മലയാളി ഹോക്കി താരവുമായ പി ആര്‍ ശ്രീജേഷ്. ‘കഠിനമായ പരിശീലനത്തിന് ശേഷമാണ് ഒരാള്‍ക്ക് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതെന്നും പ്രോത്സാഹനം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ പേര്‍ കായിക രംഗത്തേക്ക് കടന്നുവരികയുള്ളൂവെന്നും ശ്രീജേഷ് ഓര്‍മ്മിപ്പിച്ചു.
🔳മെസിയില്ലാ യുഗം ജയത്തോടെ തുടങ്ങി സ്പാനിഷ് സൂപ്പര്‍ ക്ലബ് ബാഴ്‌സലോണ. ലാ ലീഗയില്‍ സീസണിലെ ആദ്യ മത്സരത്തില്‍ റയല്‍ സോസിഡാഡിനെ ബാഴ്‌സ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചു. സീസണില്‍ ബാഴ്‌സലോണയ്ക്കും അത്‌ലറ്റികോ മാഡ്രിഡിനും പുറമെ റയല്‍ മാഡ്രിഡ്, സെവിയ്യ, വലന്‍സിയ ക്ലബുകളും ആദ്യ മത്സരത്തില്‍ വിജയം നേടിയിട്ടുണ്ട്.
🔳കൊറോണ വൈറസ് വ്യാപനം ഇന്ത്യയിലെ യുവസംരംഭകരെ ബാധിച്ചെന്ന് സര്‍വേ. 2019നെ അപേക്ഷിച്ച് 2020ല്‍ യുവസംരംഭകരില്‍ 85 ശതമാനം പേരുടേയും ബിസിനസിനെ പ്രതികൂലമായി ബാധിച്ചെന്നാണ് സര്‍വേ പറയുന്നത്. നീതി ആയോഗുമായി ചേര്‍ന്നാണ് ഇന്ത്യയിലെ യുണൈറ്റഡ് നേഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാം യുവസംരംഭകരില്‍ കൊവിഡിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൊറോണ വൈറസിന്റെ തുടക്കത്തില്‍ മാത്രമാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞതെന്നാണ് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
🔳ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ക്കായി വിദൂര പൈലറ്റഡ് എയര്‍ക്രാഫ്റ്റ് ഇന്‍ഷുറന്‍സ് ആരംഭിച്ചു. മോഷണമോ കേടുപാടുകളോ സംഭവിച്ചാല്‍ ഡ്രോണിന് സമഗ്രമായ പരിരക്ഷ നല്‍കുന്നതാണ് പോളിസി. ഡ്രോണില്‍ ഘടിപ്പിച്ചിട്ടുള്ള കാമറ, ഉപകരണങ്ങള്‍ എന്നിവക്കും പരിരക്ഷ ലഭിക്കും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെയും (ഡിജിസിഎ) സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെയും (എംഒസിഎ) അനുമതിയോടെ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നവര്‍ക്കാണ് പോളിസിയെടുക്കാന്‍ കഴിയുക.
🔳നവാഗതനായ നിവിന്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന ‘കുറാത്ത്’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. നാല്‍പ്പതിലധികം താരങ്ങളുടെയും മറ്റ് പ്രമുഖരുടെയും പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തെത്തിയത്. ‘ഐ ആം ദി പോപ്പ്’ എന്ന ടാഗ് ലൈനില്‍ എത്തിയ പോസ്റ്ററില്‍ മലയാള സിനിമയില്‍ കണ്ടു പരിചയമില്ലാത്ത ആന്റിക്രൈസ്റ്റ് കഥാപശ്ചാത്തലത്തില്‍ വരുന്ന ചിത്രം കൂടിയാണ് കുറാത്ത് എന്നാണ് സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് അജേഷ് സെബാസ്റ്റ്യന്‍ ആണ്.
🔳ആസിഫ് അലി നായകനാവുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രത്തിലേക്ക് മറ്റ് അഭിനേതാക്കളെത്തേടി അണിയറക്കാര്‍. ‘എ രഞ്ജിത്ത് സിനിമ’ എന്ന പേരില്‍ എത്തുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രത്തിലേക്കാണ് കാസ്റ്റിംഗ് കോള്‍ വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രഖ്യാപിച്ച ചിത്രമാണിത്. നവാഗതനായ നിഷാന്ത് സാറ്റുവാണ് രചനയും സംവിധാനവും. ഷാഫി, സന്തോഷ് ശിവന്‍, അമല്‍ നീരദ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവ പരിചയവുമായാണ് നിഷാന്ത് ആദ്യ സിനിമയുമായി എത്തുന്നത്. നായിക, ഉപനായിക, നായികയുടെ അച്ഛന്‍, നായകന്റെ അമ്മ, നായകന്റെ സുഹൃത്തുക്കള്‍ എന്നിവരെയാണ് ആവശ്യം.
🔳മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എസ്യുവി യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് എക്സ്യുവി 700 (എക്സ്യുവി, സെവന്‍ ഡബിള്‍ ‘ഒ’ എന്ന് വിളിക്കും) അവതരിപ്പിച്ചു. അഞ്ചു സീറ്റിന്റെ നാലു മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റുകളുടെ വില പ്രഖ്യാപിച്ചു. എംഎക്സ് ഗാസോലിന് 11.99 ലക്ഷം രൂപ, എംഎക്സ് ഡീസലിന് 12.49 ലക്ഷം, അഡ്രെനോഎക്സ് എഎക്സ്3 ഗാസോലിന് 13.99 ലക്ഷം, അഡ്രെനോഎക്സ് എഎക്സ്5 ഗാസോലിന് 14.99 ലക്ഷം എന്നിങ്ങനെയാണ് എക്സ് ഷോറൂം വില. മറ്റു വേരിയന്റുകളുടെ വില ഉടന്‍ പ്രഖ്യാപിക്കും.