ഇന്നത്തെ പ്രധാന വാർത്തകൾ

0
24

സായാഹ്‌ന വാർത്തകൾ
2021 ജൂൺ 11 | 1196 എടവം 28 | വെള്ളിയാഴ്ച | മകീര്യം |


🔳പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങുന്നതായി സൂചന. ഇതിന്റെ ഭാഗമായി മോദി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചകള്‍ ഇന്നു മുതല്‍ ആരംഭിക്കുമെന്നും മന്ത്രിമാരുമായി മോദി നടത്തുന്ന കൂടിക്കാഴ്ച, ‘മൂല്യനിര്‍ണയം’ അല്ലെങ്കില്‍ ‘കൂടിയാലോചനാ’ സ്വഭാവത്തിലുള്ളതായിരിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2019-ല്‍ മോദി വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ മന്ത്രിസഭ പുനഃസംഘടിപ്പിക്കപ്പെട്ടിരുന്നില്ല.

🔳ആസൂത്രിതമല്ലാത്ത വാക്‌സിന്‍ വിതരണം ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വകഭേദങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമായേക്കാമെന്ന് വിദഗ്ധര്‍. എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരും കോവിഡ് 19 ദേശീയ കര്‍മസേനയിലെ അംഗങ്ങളും ഉള്‍പ്പെടുന്ന ആരോഗ്യവിദഗ്ധരാണ് ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

🔳ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിന് യുഎസില്‍ അടിയന്തര വിതരണാനുമതിക്കായി കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. കോവാക്‌സിന്റെ യുഎസിലെ വിതരണപങ്കാളിയായ ഓക്യുജെന്നിനോട് വാക്‌സിനെ സംബന്ധിച്ചുള്ള അധികവിവരങ്ങള്‍ കാട്ടി ബയോളജിക്‌സ് ലൈസന്‍സ് ആപ്ലിക്കേഷന്‍ നേടാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശം നല്‍കി. കോവാക്‌സിന് അടിയന്തരവിതരണാനുമതി തേടി ഓക്യുജെന്‍ നല്‍കിയ അപേക്ഷ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിരസിച്ച് കൊണ്ടാണ് നിര്‍ദേശം നല്‍കിയതെന്നാണ് സൂചന.

🔳അധികം താമസിയാതെ താന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് യോഗാഗുരു രാംദേവ്. കൂടാതെ, ഈശ്വരന്റെ ഭൂമിയിലെ പ്രതിനിധികളാണ് ഡോക്ടര്‍മാരെന്നും രാംദേവ് പ്രസ്താവിച്ചു. ഹരിദ്വാറില്‍ വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് യോഗയുടേയും ആയുര്‍വേദത്തിന്റേയും സംരക്ഷണം ഉള്ളതിനാല്‍ കോവിഡ് വാക്‌സിന്റെ ആവശ്യമില്ലെന്ന തന്റെ മുന്‍ വാദത്തില്‍ നിന്ന് പാടെ മലക്കം മറിഞ്ഞു കൊണ്ട് രാംദേവിന്റെ പുതിയ പ്രസ്താവന.

🔳കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വായ്പാ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. ഭരണ പരിഷ്‌ക്കാരം നടപ്പിലാക്കിയ ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ്, ഒഡീഷ, കേരളം, മധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുക്കാന്‍ അനുമതിയുണ്ട്.

🔳കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തില്‍ സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവ് ഇറക്കും. കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ തങ്ങളുടെ രാജ്യത്ത് നിയമപരമായ നടപടികള്‍ തുടരുമെന്ന് ഇറ്റലി സുപ്രീം കോടതിയെ അറിയിച്ചു. ഇറ്റലി കെട്ടിവച്ച തുക വിതരണം ചെയ്യാന്‍ ഹൈക്കോടതിയെ ചുമതലപ്പെടുത്തണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

🔳കേരളത്തിലെ ബി.ജെ.പിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന് മുന്‍ ഡിജിപിയും ബിജെപി സ്ഥാനാര്‍ഥിയുമായിരുന്ന ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സംഘടനാ തലത്തില്‍ സമൂലമായ മാറ്റമുണ്ടാവണം. താഴെ തട്ടുമുതലുള്ള സംഘടനാ പ്രശ്നങ്ങള്‍ കണ്ടുപിടിക്കണമെന്നും അവിടെ നിന്ന് മുതല്‍ മാറ്റമുണ്ടാവണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

🔳കര്‍ഷക താല്പര്യം മുന്‍നിര്‍ത്തിയായിരുന്നു മരംമുറിക്കാന്‍ അനുവാദം നല്‍കിയതെന്ന് മുന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഉത്തരവ് ദുരുപയോഗം
ചെയ്തിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഇഡി ഉള്‍പ്പടെ ഏത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

🔳വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനെ മരംമുറികേസിലെ പ്രതികള്‍ കണ്ടെന്നുളള ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി. പ്രതികളെ 2020 ല്‍ താന്‍ കണ്ടുവെന്ന് സമ്മതിച്ച മന്ത്രി മാംഗോ മൊബൈല്‍ ഫോണിന്റെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് പ്രതികള്‍ എത്തിയതെന്നും വ്യക്തമാക്കി.

🔳നാടിനെ നടുക്കിയ വനം കൊള്ളയാണ് വയനാട്ടില്‍ നടന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഉത്തരവ് ഇറങ്ങില്ല. മുഖ്യമന്ത്രിയ്ക്ക് വനംകൊള്ളക്കാരുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

🔳മുട്ടില്‍ മരംമുറിക്കേസ് അന്വേഷണസംഘത്തില്‍ അഴിച്ചുപണി. മരംമുറിക്കേസിലെ ഉദ്യോഗസ്ഥതല വീഴ്ച ചൂണ്ടിക്കാണിച്ച ഡി.എഫ്.ഒ. ബി. ധനേഷ് കുമാറിനെ സംഘത്തില്‍നിന്ന് മാറ്റി. ഡി.എഫ്.ഒ ഷാനവാസിനെ വയനാടിന്റെ ചുമതലയില്‍നിന്ന് നീക്കുകയും ചെയ്തു. ഇടുക്കിയിലേക്കാണ് ഷാനവാസിനെ മാറ്റിയിരിക്കുന്നത്. തൃശ്ശൂരിന്റെയും എറണാകുളത്തെയും പരിശോധനാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ധനേഷ് കുമാര്‍. ഭരണപരമായ കാരണം എന്ന് ചൂണ്ടിക്കാട്ടിയാണ് മാറ്റിയിരിക്കുന്നത്.

🔳കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടാന്‍ വൈകിയതില്‍ പോലീസിന് ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച് സിറ്റി പോലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു. മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും അതിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോഴുമാണ് ക്രൂരതയെക്കുറിച്ച് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. പ്രതി മാര്‍ട്ടിന്‍ ജോസഫിനെ പിടികൂടിയ ശേഷം കൊച്ചിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരേ മറ്റൊരു യുവതിയും സമാനമായ പരാതി കൊടുത്തിട്ടുണ്ട്. ആ കേസും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

🔳ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയിട്ടു ദിവസങ്ങളായെങ്കിലും പഠിക്കാന്‍ പുസ്തകം മാത്രമില്ല. പുസ്തകമില്ലാതെ ക്ലാസുകള്‍ കേള്‍ക്കേണ്ട സ്ഥിതിയാണ് കുട്ടികള്‍ക്ക്. സി.ബി.എസ്.ഇ സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് പാഠപുസ്തകം കിട്ടാത്തത്. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ എന്‍.സി.ഇ.ആര്‍.ടി.യുടെ അംഗീകൃത പാഠപുസ്തകങ്ങള്‍ തന്നെ ഉപയോഗിക്കണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശം.

🔳കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകള്‍ ബിരുദപരീക്ഷകള്‍ ഓണ്‍ലൈനില്‍ നടത്തി, ഉന്നതപഠനത്തിനുള്ള നടപടികളിലേക്ക് കടക്കുന്നു. അതേസമയം സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ പരീക്ഷകള്‍ വൈകുന്നത്, ഇവിടെനിന്നുള്ള കുട്ടികള്‍ക്ക് കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ ഉന്നതപഠനത്തിനുള്ള അവസരം ഇല്ലാതാക്കിയേക്കുമെന്നും ആശങ്ക.

🔳ഇന്ധനവില ഇന്നും കൂടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 29 പൈസ വീതമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് 97.85 രൂപയാണ് പെട്രോളിന് വില, ഡീസലിന് 91.43 രൂപയും.

🔳എടിഎം പരിപാലന ചെലവ് ഉയര്‍ന്നതോടെ ഉപഭോക്താക്കളില്‍നിന്ന് കൂടുതല്‍ തുക ഈടാക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് 15 രൂപയില്‍നിന്ന് 17 രൂപയായും സാമ്പത്തികേതര ഇടപാടുകള്‍ക്ക് അഞ്ച് രൂപയില്‍നിന്ന് ആറുരൂപയായും വര്‍ധിക്കും. ഓഗസ്റ്റ് ഒന്നുമുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.

🔳കുടിയേറ്റക്കാരായ മുസ്ലീങ്ങള്‍ കുടുംബാസൂത്രണ നിയമങ്ങള്‍ പാലിക്കുകയും അവരുടെ ജനസംഖ്യ നിയന്ത്രിക്കുകയും ചെയ്യുകയാണെങ്കില്‍ മാത്രമേ ഭൂമി കൈയേറ്റം പോലുളള സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂവെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. ജനസംഖ്യ വര്‍ധനവ് തുടരുകയാണെങ്കില്‍ ഒരുദിവസം കാമാഖ്യക്ഷേത്രഭൂമിയും തന്റെ വീടുപോലും നഷ്ടപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.

🔳അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കല്‍ക്കരി ഖനിക്കുളളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി മേഘാലയ സര്‍ക്കാര്‍ നാവികസേനയുടെ സഹായം തേടി. 12 ദിവസമായി കിഴക്കന്‍ ജെയ്ന്തിയ ഹില്‍സ് ജില്ലയിലെ ഖനിക്കുളളില്‍ കുടുങ്ങിക്കിടക്കുകയാണ് അഞ്ചുതൊഴിലാളികള്‍. ഇത്ര ദിവസമായിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നാവികസേനയുടെ സഹായം മേഘാലയ തേടിയിരിക്കുന്നത്.

🔳ചീറ്റപ്പുലി ആഫ്രിക്കയില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ മണ്ണിലേക്ക് വരുന്നു. ഇന്ത്യയില്‍ വംശനാശം നേരിട്ട ചീറ്റപ്പുലിയെ ആഫ്രിക്കന്‍ മണ്ണില്‍നിന്നു പറിച്ചു നടുന്ന പ്രക്രിയയാണിത്. എട്ട് ചീറ്റപ്പുലികളെ ദക്ഷിണാഫ്രിക്കയില്‍നിന്ന് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ഈ വര്‍ഷം നവംബറോടെ എത്തിക്കുമെന്നാണ് പ്രതീക്ഷ. അതിനുള്ള ഒരുക്കങ്ങള്‍ മധ്യപ്രദേശ് വനംവകുപ്പ് നടത്തിക്കഴിഞ്ഞു.

🔳കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ശീതീകരിച്ച സമുദ്രോത്പന്നങ്ങള്‍ക്ക് ചൈന താത്ക്കാലിക നിരോധനമേര്‍പ്പെടുത്തി. പാക്കേജിങ്ങില്‍ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ആറ് കയറ്റുമതി കമ്പനികളില്‍ നിന്നുള്ള ശീതികരിച്ച സമുദ്രോത്പന്നങ്ങള്‍ക്ക് ചൈന വ്യാഴാഴ്ച വിലക്കേര്‍പ്പെടുത്തിയത്.

🔳ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ഇന്ന് ആരാധകരെ ത്രസിപ്പിക്കുന്ന സൂപ്പര്‍ സെമി. കളിമണ്‍ കോര്‍ട്ടിലെ അജയ്യന്‍ റാഫേല്‍ നദാലിന് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചാണ് എതിരാളി. രാത്രി ഒന്‍പത് മണിക്കാണ് പോരാട്ടം തുടങ്ങുക.

🔳ഓഹരി സൂചികകള്‍ എക്കാലത്തെയും പുതിയ ഉയരംകുറിച്ചതോടെ ബിഎസ്ഇയില്‍ ലിസ്റ്റ്‌ചെയ്ത കമ്പനികളുടെ മൊത്തംമൂല്യം 231.52 ലക്ഷംകോടിയായി ഉയര്‍ന്നു. രാവിലത്തെ വ്യാപാരത്തില്‍ മാത്രം നിക്ഷേപകരുടെ ആസ്തിയില്‍ 1.29 ലക്ഷംകോടി രൂപയുടെ വര്‍ധനവാണുണ്ടായത്. സെന്‍സെക്‌സ് 278 പോയന്റ് നേട്ടത്തില്‍ 52,578ലും നിഫ്റ്റി 98 പോയന്റ് ഉയര്‍ന്ന് 15,835ലുമെത്തിയപ്പോഴാണ് ഈനേട്ടം നിക്ഷേപകര്‍ക്ക് സ്വന്തമാക്കാനായത്.

🔳സംസ്ഥാനത്ത് സ്വര്‍ണവില കൂടുന്നു. പവന്റെ വില 240 രൂപകൂടി 36,880യായി. ഗ്രാമിന് 30 രൂപകൂടി 4610 രൂപയുമായി. 36640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 0.15ശതമാനം ഉയര്‍ന്ന് 49,275 രൂപ നിലവാരത്തിലെത്തി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് ഔണ്‍സിന് 1,900 ഡോളര്‍ നിലവാരത്തില്‍ തുടരുകയാണ്.

🔳അയല്‍ സംസ്ഥാനമായ തമിഴ്നാടിന് സഹായഹസ്തവുമായി ഗോകുലം മൂവീസ്. കേരളത്തിലെ പോലെ തന്നെ തമിഴ്നാട്ടിലും കോവിഡ് രോഗികളും, മരണങ്ങളും തുടരുന്ന സാഹചര്യത്തിലാണ് ഗോകുലം മൂവീസ് സഹായവുമായി മുന്നോട്ട് വന്നത്. ഒരുകോടി രൂപയാണ് ഗോകുലം മൂവീസ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്തത്. ഗോകുലം കമ്പനി ചെയര്‍മാന്‍ ഗോകുലം ഗോപാലനാണ് സംഭാന നേരിട്ട് കൈമാറിയത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരില്‍ കണ്ടാണ് പണം നല്‍കിയത്. ഒരു കോടി രൂപ കേരളത്തിലെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് നേരത്തെ തന്നെ ഗോകുലം ഗോപാലന്‍ കൈമാറിയിരുന്നു.

🔳ബോളിവുഡ് സുന്ദരി സണ്ണി ലിയോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടന്‍ ചെമ്പന്‍ വിനോദ്. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വളരെയേറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഉദയ് സിങ്ങ് മോഹിതാണ് ഛായാഗ്രഹണം.

🔳ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സേഡസ് ബെന്‍സിന്റെ ഏറ്റവും ചെറിയ എസ്യുവിയാണ് ജിഎല്‍എ. കഴിഞ്ഞ മാസം 25നാണ് പുതിയ ജിഎല്‍എ ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ജിഎല്‍എ 200 (42.10 ലക്ഷം), ജിഎല്‍എ 220 ഡി (43.7 ലക്ഷം), ജിഎല്‍എ 220ഡി 4മാറ്റിക് (46.7 ലക്ഷം) എന്നിങ്ങനെയാണ് എക്‌സ്-ഷോറൂം വില. 57.30 ലക്ഷം രൂപയായിരുന്നു പെര്‍ഫോമന്‍സ് മോഡലായ എഎംജി ജിഎല്‍എ 35ന്റെ വില. ഇപ്പോള്‍ ഉള്ളത് ഇന്‍ട്രൊഡക്ടറി വിലയാണെന്നും ജൂലൈ മുതല്‍ പുത്തന്‍ ജിഎല്‍എയുടെ വില കൂടും എന്നും മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യ മുമ്പ് പ്രഖ്യാപിച്ചിരുന്നു.

Leave a Reply