Pravasimalayaly

ഇന്നത്തെ വാർത്തകൾ ഇതുവരെ


സായാഹ്‌ന വാർത്തകൾ
2021 | ഓഗസ്റ്റ് 18 | 1197 | ചിങ്ങം 2 | ബുധൻ | മൂലം |

🔳മൂന്ന് വനിതകള്‍ ഉള്‍പ്പടെ എട്ട് ജഡ്ജിമാരെയും ഒരു അഭിഭാഷകനെയും സുപ്രീംകോടതിയിലേക്ക് ശുപാര്‍ശ ചെയ്ത് കൊളീജിയം. ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ 2027ല്‍ ഇന്ത്യയില്‍ ആദ്യമായി ഒരു വനിത ചീഫ് ജസ്റ്റിസ് ആകും. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി സി ടി രവികുമാറിനെയും സുപ്രീംകോടതിയിലേക്ക് കൊണ്ടുവരാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു

🔳സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍. തരൂരിന് മേല്‍ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് ദില്ലി റോസ് അവന്യു കോടതി വിധിച്ചു. ജഡ്ജി ഗീതാഞ്ജലി ഗോയല്‍ ആണ് വിധി പറഞ്ഞത്. കേസന്വേഷിച്ച ദില്ലി പൊലീസിന്റെ പ്രത്യേക സംഘം നല്‍കിയ കുറ്റപത്രമാണ് കോടതി തള്ളിയത്. നീതി ഉറപ്പാക്കിയതിന് ശശി തരൂര്‍ കോടതിക്ക് നന്ദി അറിയിച്ചു. ഏഴ് വര്‍ഷമായി വിടാതെ തുടരുന്ന പേടിസ്വപ്നത്തിനാണ് അവസാനമായതെന്നും തരൂര്‍ പ്രതികരിച്ചു.

🔳ഉമ്മന്‍ചാണ്ടിക്കെതിരെ കോട്ടയത്ത് പോസ്റ്റര്‍ പതിപ്പിച്ചു. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ എന്നാണ് പോസ്റ്ററില്‍ ചോദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ കമ്മറ്റി ഓഫിസിനു മുന്നിലും നഗരത്തിലുമായാണ് പോസ്റ്റര്‍ പതിപ്പിച്ചിട്ടുള്ളത്. കോട്ടയം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവര്‍ക്കെതിരയേും പോസ്റ്ററുകള്‍ ഉണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തുകാരനെയെന്ന് പോസ്റ്ററില്‍ പറയുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. നാട്ടകം സുരേഷിനെയും യൂജിന്‍ തോമസിനെയാണ് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

🔳നിരവധി ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രതിസന്ധി. 33 ജീവനക്കാര്‍ക്കാണ് ഡിപ്പോയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മെക്കാനിക്കല്‍, ഓഫീസ്, ഡ്രൈവര്‍, കണ്ടക്ടര്‍ ജീവനക്കാര്‍ക്കാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രോഗം പിടിപ്പെട്ടത്. ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയേറെ ജീവനക്കാര്‍ക്ക് കൊവിഡ് വന്നതോടെ ഡിപ്പോയിലെ മറ്റു ജീവനക്കാരും ആശങ്കയിലാണ്.

🔳സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിന് പിന്നാലെ എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയെ മരവിപ്പിച്ചതില്‍ പ്രതികരണവുമായി എം.കെ മുനീര്‍ എം.എല്‍.എ. ഹരിത നേതാക്കള്‍ കൂറച്ച് കൂടെ ചര്‍ച്ചയ്ക്ക് തയ്യാറാവണമായിരുന്നുവെന്ന് എം.കെ മുനീര്‍ പറഞ്ഞു. ശത്രുക്കളുടെ മുന്നില്‍ എറിഞ്ഞിട്ട് കൊടുക്കുന്ന നിലപാട് ഉണ്ടാവാന്‍ പാടില്ലായിരുന്നു. എല്ലാവരുടേയും മുന്നില്‍ ഇരയായി നില്‍ക്കുന്നത് മുസ്ലീംലീഗാണ്. ഹരിത നേതാക്കള്‍ കേസിന് പോയതിലൊന്നും തെറ്റ് പറയുന്നില്ല. അവരോട് സംസാരിച്ചതാണ്. തൃപ്തികരമല്ലാത്ത തീരുമാനം ഉണ്ടാവാത്തത് കൊണ്ടാവും കേസിന് പോയതെന്നും എം.കെ മുനീര്‍ ചൂണ്ടിക്കാട്ടി.

🔳’ഹരിത’ വിഷയത്തില്‍ വനിതാകമ്മീഷന് പരാതി നല്‍കിയത് പാര്‍ട്ടി നേതാക്കള്‍ നടപടിയെടുക്കാത്തത് കൊണ്ടാണെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ് ലിയ പറഞ്ഞു. പരാതി നല്‍കിയവരെയും തന്നെയും വ്യക്തിഹത്യ ചെയ്യുകയാണെന്നും ‘ഹരിത’ മുസ്ലീം ലീഗിന് തലവേദന എന്ന പരാമര്‍ശങ്ങള്‍ വേദന ഉണ്ടാക്കുന്നു എന്നും ഫാത്തിമ തഹ് ലിയ പറഞ്ഞു.

🔳സ്ത്രീത്വത്തെ അപമാനിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫിന്റെ 12 ജില്ലാക്കമ്മിറ്റികള്‍ രംഗത്ത്. ഹരിത നേതാക്കള്‍ക്ക് പിന്തുണയറിയിച്ച്, വിഷയത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിന് ജില്ലാ കമ്മിറ്റികള്‍ കത്ത് നല്‍കി. വനിതാ കമ്മീഷന് ഹരിത പരാതി നല്‍കിയതിന് തൊട്ടടുത്ത ദിവസമാണ് നടപടി ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങള്‍ കത്ത് അയച്ചത്.

🔳പാര്‍ട്ടിക്കും പാണക്കാട് തങ്ങള്‍മാര്‍ക്കും അപമാനമുണ്ടാക്കുന്ന ഒരു പ്രവര്‍ത്തിയും തന്നില്‍ നിന്നുണ്ടായിട്ടില്ലെന്ന് ഹരിത നേതാക്കള്‍ ലൈംഗികാധിക്ഷേപ ആരോപണം ഉന്നയിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പ്രതികരിച്ചു. ആരുടെയെങ്കിലും സഞ്ചി പിടിച്ചാലേ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നാണെങ്കില്‍ ആത്മാഭിമാനമാണ് വലുത് എന്നാണ് തന്റെ നിലപാടെന്നും പി കെ നവാസ് പറഞ്ഞു.

🔳പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലൂടെ കമ്പനി ഉടമകള്‍ വന്‍തോതില്‍ ഭൂമിയും സ്വത്തും വാങ്ങികൂട്ടിയെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍. പാവങ്ങളുടെ നിക്ഷേപ തുക തട്ടിയെടുത്ത് നാല് സംസ്ഥാനത്ത് ഭൂമിയും കെട്ടിടങ്ങളും വാങ്ങിയതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്നും ഇഡി കോടതിയെ അറിയിച്ചു. പോപ്പുലര്‍ ഫിനാന്‍സ് എം ഡി തോമസ് ഡാനിയേല്‍ ഓസ്ട്രേലിയന്‍ കമ്പനിയായ പോപ്പുലര്‍ ഗ്രൂപ്പിന്റെ ഡയറക്ടറാണെന്നും കമ്പനിയില്‍ എത്രകോടിയുടെ നിക്ഷേപമുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ലെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. കമ്പനി ഉടമയുടെ മക്കളുടെ വിദേശ പഠനത്തിനും, കമ്പനി മോടിപിടിപ്പിക്കുന്നതിനും നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ വകമാറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

🔳സിബിഐയെ കൂട്ടിലടച്ച തത്തയെന്ന് വിശേഷിപ്പിച്ച് മോചനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ എന്ന നിലയില്‍ ഉത്തരവിറക്കി മദ്രാസ് ഹൈക്കോടതിയുടെ മധുര ഡിവിഷന്‍ ബഞ്ച്. ഇലക്ഷന്‍ കമ്മീഷന്‍, സിഎജി എന്നിവയെപ്പോലെ സിബിഐയെ കൂടുതല്‍ സ്വതന്ത്രമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സിബിഐക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം വേണം. അതിന്റെ ഭരണനിര്‍വഹണം കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകരുത്. സിബിഐക്ക് സ്റ്റാറ്റിയൂട്ടറി പദവിയും കൂടുതല്‍ അധികാരങ്ങളും നല്‍കാനുള്ള നിയമം എത്രയും വേഗത്തില്‍ കൊണ്ടുവരണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.

🔳24 മണിക്കൂര്‍ ഒരു ജയില്‍പുള്ളിയുടെ ജീവിതം ആസ്വദിക്കാം, അനുഭവിക്കാം. ഫീസിനത്തില്‍ നല്‍കേണ്ടത് വെറും അഞ്ഞൂറ് രൂപ. ജയിലിനുള്ളില്‍ കഴിയാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരമൊരുക്കുന്നത് കര്‍ണാടക ബെലാഗവിയിലെ ഹിന്‍ഡാല്‍ഗ സെന്‍ട്രന്‍ ജയില്‍ അധികൃതരാണ്. പറഞ്ഞുകേട്ടോ വായിച്ചറിഞ്ഞോ സിനിമയിലൂടെയോ മാത്രം പരിചയമുള്ള ജയില്‍ ജീവിതം പരിചയപ്പെടുത്തുന്ന ജയില്‍ ടൂറിസമാണ് ലക്ഷ്യമിടുന്നത്. ഈ നിര്‍ദേശത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് ജയിലധികൃതര്‍.

🔳അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് ബുര്‍ഖ നിയമപരമായി നിര്‍ബന്ധമാക്കില്ലെന്ന് സൂചന നല്‍കി താലിബാന്‍. അതേസമയം തലമറയുന്ന ഹിജാബ് നിര്‍ബന്ധമാക്കിയേക്കുമെന്നും കാര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ബ്രിട്ടനിലെ സ്‌കൈ ന്യൂസിനോട് പറഞ്ഞു. താലിബാന് സ്വീകാര്യമാകുന്ന ഹിജാബ് ഏതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

🔳താലിബാന്റെ ന്യൂനപക്ഷ സ്നേഹവും സ്ത്രീ സുരക്ഷാ വാഗ്ദാനവും തട്ടിപ്പെന്ന് അഫ്ഗാന്‍ സര്‍ക്കാരിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്ന മലയാളി ജോവിറ്റ തോമസ്. താലിബാന്‍ – ചൈന -പാക് കൂട്ടുകെട്ട് ഇന്ത്യക്ക് ആപത്തായിരിക്കുമെന്നും കൂട്ടുകക്ഷി സര്‍ക്കാരിനാണ് അഫ്ഗാനില്‍ സാധ്യതയെന്നും ജോവിറ്റ പറഞ്ഞു.

🔳വനിതകള്‍ക്ക് രാഷ്ട്രീയത്തില്‍ അവസരം നല്‍കുമോ എന്ന വനിതാ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തോട് പരിഹാസവുമായി പൊട്ടിച്ചിരിക്കുന്ന താലിബാന്‍ തീവ്രവാദികളുടെ വീഡിയോ പുറത്ത്. ഇത് കേട്ടിട്ട് എനിക്ക് പൊട്ടിച്ചിരിക്കാന്‍ തോന്നുന്നു.’ എന്നു പറഞ്ഞ് ക്യാമറ ഓഫ് ചെയ്യാനും ഇവര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിലെത്തുമ്പോള്‍ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ എന്താകുമെന്ന് അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ആശങ്ക വര്‍ദ്ധിച്ചുവരുന്നതിനിടെയാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

🔳ഇന്ത്യന്‍ ഹോക്കി ടീമിന്റെ അടുത്ത 10 വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് ഒഡീഷ സര്‍ക്കാര്‍. അടുത്ത 10 വര്‍ഷത്തേക്ക് പുരുഷ വനിതാ ഹോക്കി ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പറഞ്ഞു. ഹോക്കി താരങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഡീഷയുടെ തീരുമാനം അത്ഭൂതകരമാണെന്നും താരങ്ങളെ പിന്തുണയ്ക്കുന്നതിന് നന്ദി പറയുന്നതായും മലയാളി താരം പി ആര്‍ ശ്രീജേഷ് ട്വീറ്റ് ചെയ്തു.ശ്രീജേഷ് അടക്കമുള്ള താരങ്ങള്‍ക്ക് 10 ലക്ഷം വീതവും പരിശീലകര്‍ക്ക് 5 ലക്ഷവും ഒഡീഷ സര്‍ക്കാര്‍ പാരിതോഷികം നല്‍കിയിരുന്നു. 2018ലാണ് 150 കോടി രൂപ മുടക്കി മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തില്‍ ഒഡീഷ സര്‍ക്കാര്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത്.

🔳ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ബൗളിംഗ് നിരയെ അഭിനന്ദിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇന്ത്യയുടേതെന്നും പ്രതിഭയും അച്ചടക്കവും കഴിവും ശാരീരികക്ഷമതക്കുവേണ്ടി എന്ത് കഠിനാധ്വാനം ചെയ്യാനും തയാറായവരുമാണ് ഇന്ത്യന്‍ ബൗളര്‍മാരെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

🔳കേരളത്തിലെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 10 രൂപയാണ് ഇന്ന് കൂടിയത്. പവന് 80 രൂപയും ഉയര്‍ന്നു. ഗ്രാമിന് 4,430 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,440 രൂപയും. ഓഗസ്റ്റ് 17 ന്, ഗ്രാമിന് 4,420 രൂപയും പവന് 35,360 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ നിരക്കില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,789 ഡോളറാണ് നിരക്ക്.

🔳മ്യൂച്വല്‍ ഫണ്ടില്‍ പുതിയതായി എസ്‌ഐപി തുങ്ങിയവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. ജൂലായില്‍ എസ്‌ഐപി രജിസ്‌ട്രേഷന്റെ എണ്ണം എണ്ണം 23.8 ലക്ഷമായി. നിക്ഷേപം നിര്‍ത്തുന്നവരുടെ എണ്ണത്തിലും കുതിപ്പുണ്ടായി. ജൂലായില്‍മാത്രം 8,55,000 എസ്‌ഐപികളാണ് നിര്‍ത്തിയത്. കാലാവധി പൂര്‍ത്തിയാക്കിയവരില്‍ പലരും പുതുക്കുന്നില്ലെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍.

🔳ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു. ‘ഇരുമുഖം’ എന്ന് പേരിട്ട ചിത്രം ജോജുവിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്. നവാഗതനായ ഷറഫുദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവതേജ് ഫിലിംസിന്റെ ബാനറില്‍ സുജന്‍ കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു സൈക്കോളജിക്കല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്.

🔳പൃഥ്വിരാജിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കാപ്പ’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ അവതരിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവെല്ലയെ ആസ്പദമാക്കിയാണ് സിനിമ. പൃഥ്വിരാജിനൊപ്പം മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവരും ‘കാപ്പി’യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മറ്റ് അറുപതോളം അഭിനേതാക്കളും വിവിധ കഥാപാത്രങ്ങളായി എത്തും.

🔳ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഒരു എസ്യുവി മോഡലാണ് കിക്‌സ്. എന്നാല്‍ കിക്സിന് വിപണിയില്‍ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. കിക്‌സിന്റെ വില്‍പനയില്‍ വര്‍ധനയുണ്ടാകാന്‍ കമ്പനി എല്ലാ മാസവും വലിയ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. 90,000 രൂപ വരെ പരമാവധി വിലക്കിഴിവുകളാണ് കാറിന് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 31 വരെയാണ് ആനുകൂല്യങ്ങള്‍ നല്‍കുക.

🔳നിശ്ചിതം എന്നു കണക്കാക്കാവുന്ന സംഭവങ്ങളുടെ തീര്‍പ്പാക്കാന്‍ കഴിയാത്ത കോണുകളാണ് കഥയുടെ മേച്ചിലിടം. അവിടേക്ക് തിരശ്ശീല നീക്കി ക്ഷണിക്കുന്നവയാണ് ഈ കഥകള്‍. ‘ദൈവത്തിന്റെ പെന്‍ഡ്രൈവ്’. നകുല്‍ വി ജി. ലോഗോസ് ബുക്സ്. വില 123 രൂപ.

🔳പാന്‍ഡെമിക്കില്‍ ജനിച്ച കുട്ടികള്‍ക്ക് ബൗദ്ധികമായ വികസനത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഗണ്യമായ കുറവുണ്ടെന്ന് ചില പഠനങ്ങള്‍. 2019ല്‍ ഈ ബുദ്ധിക്കുറവ് പ്രകടമായി ബാധിച്ചിട്ടില്ലായെങ്കില്‍ 2020ല്‍ ക്രമേണ ഒരല്പം കൂടുന്നതും 2021ല്‍ ഗണ്യമായ വ്യത്യാസവും ധാരാളം കുട്ടികളില്‍ കണ്ടെത്തി. 2021ലെ കണക്കുകളിലെ പി വാല്യൂ 0.001 നെക്കാള്‍ കുറവ് എന്നുള്ളത് പ്രസക്തമാണ്. ഐ.ക്യു നിര്‍ണയത്തില്‍ 22ഓളം പോയിന്റുകളുടെ കുറവ് മിക്ക കുട്ടികളിലും കാണുകയുണ്ടായി. വൈറസ് ബാധയെക്കാളുപരി, കുട്ടികളുമായി ചിലവഴിക്കുന്ന സമയത്തിലെ കുറവ്, ഔട്ട്ഡോര്‍ ആക്ടിവിറ്റീസിലുണ്ടായ കുറവ്, ഗര്‍ഭകാലത്ത് അവസാനനാളുകളില്‍ കോവിഡ് പാന്‍ഡെമിക് മൂലം അമ്മമാര്‍ക്കുണ്ടായ സ്ട്രസ്സ് എന്നിവ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നു. പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികളിലാണ് ഈ ബുദ്ധിക്കുറവ് പ്രകടമായത്. ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതാണ് കുട്ടികളെ ശ്രദ്ധിക്കുന്നതില്‍ സമയക്കുറവ് ഉണ്ടാക്കിയ കാരണങ്ങളില്‍ ഒന്ന്. അമ്മയുടെ വിദ്യാഭ്യാസ നിലവാരം ഗണ്യമായി സ്വാധീനിച്ചുവെന്നാണ് കണ്ടെത്തല്‍. ഇങ്ങനെ തുടങ്ങി, മാറില്‍ കിടത്തി കുട്ടിയെ ഉറക്കുന്ന സമയദൈര്‍ഘ്യം പോലും സ്വാധീനിച്ചുവത്രേ. നമ്മുടെ കേരളത്തിലും ചെറിയതോതിലെങ്കിലും ഇത്തരമൊരു സാധ്യത തള്ളിക്കളയാനാകില്ല. കൂടുതല്‍ കൂടുതല്‍ പഠനങ്ങള്‍ ഈ കാര്യത്തില്‍ ഉണ്ടാകേണ്ടതായിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ക്ക് ഏറ്റവും നല്ല മാനസിക ഉല്ലാസം നല്‍കുകയും പ്രസവത്തിനുശേഷം കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കുകയും എത്രയും പെട്ടെന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്സീന്‍ നല്‍കി ലോകത്തെ പൂര്‍വസ്ഥിതിയിലേക്കെത്തിക്കുകയെന്നുള്ളതും തന്നെയാണ് പരിഹാരമാര്‍ഗം.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 74.29, പൗണ്ട് – 102.11, യൂറോ – 87.11, സ്വിസ് ഫ്രാങ്ക് – 81.34, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.90, ബഹറിന്‍ ദിനാര്‍ – 197.02, കുവൈത്ത് ദിനാര്‍ -246.85, ഒമാനി റിയാല്‍ – 192.19, സൗദി റിയാല്‍ – 19.81, യു.എ.ഇ ദിര്‍ഹം – 20.22, ഖത്തര്‍ റിയാല്‍ – 20.40, കനേഡിയന്‍ ഡോളര്‍ – 58.88.

Exit mobile version