Pravasimalayaly

പ്രധാന വാർത്തകൾ




2021 | ഓഗസ്റ്റ് 19 | 1197 | ചിങ്ങം 3 | വ്യാഴം | പൂരാടം |

🔳അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ കൂടുതല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കി ഇന്ത്യ. ഒരു വ്യോമസേന വിമാനം ഇന്ത്യ കാബൂളില്‍ എത്തിച്ചു. എയര്‍ ഇന്ത്യ വിമാനങ്ങള്‍ തയ്യാറാക്കി നിറുത്താനും പ്രധാനമന്ത്രി ഇന്നലെ വിളിച്ച യോഗത്തില്‍ തീരുമാനിച്ചു. താലിബാനോടുള്ള നിലപാട് സുഹൃദ് രാജ്യങ്ങളുമായി ആലോചിച്ച് തീരുമാനിക്കും.

🔳അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും നിര്‍ത്തി താലിബാന്‍. ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായ് ആണ് ഇക്കാര്യം അറിയിച്ചത്.

🔳കോവിഡ് 19 മൂന്നാംതരംഗത്തിന്റെ ആശങ്ക നിലനില്‍ക്കേ കുട്ടികള്‍ക്ക് കരുതലൊരുക്കാന്‍ രാജ്യം. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്റ്റംബറോട് തയ്യാറായേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ പ്രിയ എബ്രഹാം പറഞ്ഞു. നിലവില്‍ 2 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവാക്‌സിന്റെ 3-ാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

🔳സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളില്‍ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതിനു മുന്‍പ് വാര്‍ത്തകള്‍ പുറത്തുവന്നതിനെതിരേയാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

🔳എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ അംഗങ്ങള്‍ ഉയര്‍ത്തിയ ലൈംഗികാധിക്ഷേപം അടക്കമുള്ള വിഷയങ്ങളില്‍ ലീഗ് നിലപാട് കേരളത്തിന് അപമാനമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ജനാധിപത്യം ആഗ്രഹിക്കുന്ന ഒരു സ്ത്രീക്കും ചെന്ന് നില്‍ക്കാന്‍ സാധിക്കാത്ത ഇടമായി മുസ്ലിം ലീഗ് മാറിയെന്ന് തെളിഞ്ഞിരിക്കുകയാണെന്നും റഹീം പറഞ്ഞു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ പോലും സംഘടനയെ കൈവിടുന്ന സ്ഥിതിയാണെന്നും ഇനിയെങ്കിലും മുസ്ലീം ലീഗ് മാറ്റത്തിന് തയ്യാറാകണമെന്നും റഹിം പ്രതികരിച്ചു.

🔳എംഎസ് എഫ്- ഹരിതാ വിവാദത്തില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പികെ അബ്ദുറബ്ബ്. ഹരിതയിലെയും,എംഎസ്എഫിലെയും ലീഗിലെയും പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ലീഗിനറിയാമെന്നും മാധ്യമ ശ്രദ്ധ മുസ്ലീം ലീഗിലേക്ക് തിരിച്ച് വിട്ട് സ്വര്‍ണക്കടത്തും, ഡോളര്‍ കടത്തും,കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും,മരം മുറിയും അടക്കമുള്ള പ്രധാന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമാണെന്ന് നടക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ടെന്നും പി.കെ.അബ്ദുറബ്ബ് കൂട്ടിച്ചേര്‍ത്തു.

🔳എംഎസ്എഫ് വിവാദത്തില്‍ പരാതിക്കാരായ ഹരിത പ്രവര്‍ത്തകരെ തള്ളി വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. ഹരിത മുസ്ലിം ലീഗിന്റെ പോഷക സംഘടനയല്ലെന്നും താത്കാലികമായി ഉണ്ടാക്കിയ സംഘടനയാണെന്നും നൂര്‍ബിന പറഞ്ഞു. പരാതി ഉണ്ടെങ്കില്‍ വനിതാ ലീഗിനെ അറിയിക്കേണ്ടതായിരുന്നുവെന്നും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പാര്‍ട്ടിയുടെ കമ്മിറ്റികളിലാണ് പറയേണ്ടതെന്നും നൂര്‍ബീന പറഞ്ഞു.

🔳പീച്ചി ഡാമിന്റെ പരിസരത്ത് നേരിയ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി. ഭൂമിക്കടിയില്‍ നിന്ന് വലിയ ശബ്ദം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. തൃശ്ശൂരിന് പുറമേ പാലക്കാടും ഏകദേശം ഇതേ സമയത്ത് തന്നെ ഭൂചലനം ഉണ്ടായി.

🔳വൈദ്യുതിനിരക്ക് നിര്‍ണയിക്കാനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ പുതിയ താരിഫ് നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. ഒരിക്കല്‍ വര്‍ധിപ്പിച്ച നിരക്ക് നാലുവര്‍ഷത്തിന് പകരം അഞ്ചുവര്‍ഷത്തേക്ക് ബാധകമാക്കി. കെ.എസ്.ഇ.ബി.ക്കും വിതരണ ലൈസന്‍സികള്‍ക്കും വ്യത്യസ്ത നിരക്കാവാം. മിച്ചമുള്ള വൈദ്യുതി കെ.എസ്.ഇ.ബി. കേരളത്തിന് പുറത്ത് വില്‍ക്കുന്നതും നിയന്ത്രിക്കും.

🔳ചലച്ചിത്ര താരങ്ങളായ മ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചു. ആദ്യമായാണ് മലയാള ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരാകുന്നത്. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് രണ്ടുപേര്‍ക്കും ലഭിക്കുക. അടുത്ത ദിവസങ്ങളില്‍ ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കുമെന്നാണ് വിവരം.

🔳സാഹിത്യകാരൻ കരൂര്‍ ശശി (82) തൃശ്ശൂര്‍ കോലഴിയില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു.

🔳രാജ്യത്ത് സ്ലിപ്പര്‍ ചെരുപ്പിടുന്ന സാധാരണക്കാരനും താങ്ങാനാവുന്ന വിമാനയാത്ര സാധ്യമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രാജ്യത്ത് ചെറിയ നഗരങ്ങളില്‍ പോലും പുതിയ വിമാനത്താവളങ്ങള്‍ തുറന്നതായും ചെറു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വ്യോമപാതകള്‍ പുതുതായി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും ഇന്ത്യയില്‍ ഇത് സാധ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ സാധാരണക്കാരിലേക്ക് എത്തിച്ചേരും വിധം വിമാനയാത്ര സൗകര്യം വികസിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

🔳ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ 63 കോളേജുകളില്‍ ക്ലാസെടുക്കാതെ സമരം ചെയ്ത് അധ്യാപകര്‍. സര്‍വകലാശാലയ്ക്കുകീഴിലെ 12 കോളേജുകളിലെ അധ്യാപകരുടെ ശമ്പളം മൂന്നുമാസമായി നല്‍കിയില്ലെന്നാരോപിച്ചാണ് അധ്യാപകര്‍ സമരത്തിനിറങ്ങിയത്. ഡല്‍ഹി സര്‍ക്കാര്‍ നേരിട്ട് ഫണ്ട് നല്‍കുന്ന കോളേജുകളാണിത്. അധ്യാപകരുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായാണ് പ്രതിഷേധസമരം നടന്നത്.

🔳അഫ്ഗാനിസ്ഥാന്‍ വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനിക്കും കുടുംബത്തിനും യുഎഇ അഭയം നല്‍കി. മാനുഷിക പരിഗണന മുന്‍നിര്‍ത്തി അഷ്‌റഫ് ഗനിയെയും കുടുംബത്തെയും സ്വാഗതം ചെയ്തതായി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം സ്ഥിരീകരിച്ചു. ഞായറാഴ്ച അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ പ്രവേശിച്ചതിന് പിന്നാലെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിടുകയായിരുന്നു.

🔳അഫ്ഗാനിസ്ഥാന്‍ പതാക വീശിയ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് താലിബാന്‍ സൈന്യം. അഫ്ഗാനിസ്ഥാനിലെ ജലാലബാദ് നഗരത്തില്‍ നടന്ന പ്രതിഷേധക്കാര്‍ക്ക് നേരെയാണ് താലിബാന്‍ സൈന്യം വെടിയുതിര്‍ത്തത്. വെടിവയ്പില്‍ മൂന്ന്് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. എട്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ .

🔳താലിബാനെ അവരുടെ വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് വിലയിരുത്തേണ്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇക്കഴിഞ്ഞ ദിവസങ്ങളിലായി 2000-ല്‍ അധികം അഫ്ഗാന്‍ പൗരന്മാരെ അഫ്ഗാന്‍ വിടുന്നതിന് ബ്രിട്ടന്‍ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.

🔳അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് സര്‍ക്കാര്‍ രൂപവത്കരണം നടക്കേണ്ടതുണ്ടെന്ന് ചൈന. തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പ്രാതിനിധ്യ സ്വഭാവമുള്ളതുമായ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് കാത്തിരിക്കുകയാണെന്നും ചൈന വ്യക്തമാക്കി.

🔳ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് റിലേയില്‍ മലയാളി താരം അബ്ദുള്‍ റസാഖ് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീമിന് വെങ്കലം. പ്രിയാ മോഹന്‍, സമ്മി, കപില്‍ എന്നിവരായിരുന്നു ടീമിലെ മറ്റ് അത്‌ലറ്റുകള്‍. നൈജീരിയ സ്വര്‍ണവും പോളണ്ട് വെള്ളിയും സ്വന്തമാക്കി.

🔳കേരളത്തില്‍ ഇന്നലെ 1,38,225 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5. രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 60 ശതമാനം രോഗികളും കേരളത്തില്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,049 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 971 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,731 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,77,683 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559.

🔳രാജ്യത്ത് ഇന്നലെ 35,786 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 37,812 പേര്‍ രോഗമുക്തി നേടി. മരണം 511. ഇതോടെ ആകെ മരണം 4,33,063 ആയി. ഇതുവരെ 3,23,20,898 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.58 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 5,132 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,797 പേര്‍ക്കും കര്‍ണാടകയില്‍ 1,365 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1433 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 6,78,642 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,50,620 പേര്‍ക്കും ബ്രസീലില്‍ 40,693 പേര്‍ക്കും റഷ്യയില്‍ 20,914 പേര്‍ക്കും ഫ്രാന്‍സില്‍ 28,405 പേര്‍ക്കും ഇംഗ്ലണ്ടില്‍ 33,904 പേര്‍ക്കും ഇറാനില്‍ 39,174 പേര്‍ക്കും മലേഷ്യയില്‍ 22,242 പേര്‍ക്കും തായലാന്‍ഡില്‍ 20,515 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 21 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.74 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,207 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1015 പേരും ബ്രസീലില്‍ 944 പേരും റഷ്യയില്‍ 799 പേരും ഇറാനില്‍ 583 പേരും ഇന്‍ഡോനേഷ്യയില്‍ 1,128 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44.03 ലക്ഷം.

🔳 പ്രമുഖ ഡേറ്റ അനലിറ്റിക്സ് സോഫ്റ്റ്വെയര്‍ കമ്പനിയായ പലാന്റിര്‍ സ്വര്‍ണത്തില്‍ നിക്ഷേപം വാരിക്കൂട്ടുന്നു. ഓഗസ്റ്റില്‍ മാത്രം 50 മില്യണ്‍ ഡോളറിന്റെ സ്വര്‍ണക്കട്ടികള്‍ കമ്പനി വാങ്ങി. പലാന്റിര്‍ പോലൊരു കമ്പനി സ്വര്‍ണത്തില്‍ പൈസയിറക്കുന്നത് കോവിഡാനന്തര സമ്പദ്ഘടനയിലെ അനിശ്ചിതാവസ്ഥയെ സൂചിപ്പിക്കുകയാണെന്ന വാദം സാമ്പത്തിക രംഗത്ത് ഇതോടെ ശക്തമാവുകയാണ്. ഓഗസ്റ്റില്‍ 50.7 മില്യണ്‍ ഡോളറിന്റെ 100-ഔണ്‍സ് സ്വര്‍ണക്കട്ടികളാണ് കമ്പനി വാങ്ങിക്കൂട്ടിയത്. നിലവില്‍ അമേരിക്കയിലെ തെക്കുകിഴക്കന്‍ മേഖലയിലെ സുരക്ഷിത താവളത്തിലാണ് പലാന്റിര്‍ ഈ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത്. സ്വര്‍ണത്തിന് സുരക്ഷ നല്‍കുന്നതിനായി മറ്റൊരു സുരക്ഷാ കമ്പനിയെയും പലാന്റിര്‍ നിയോഗിച്ചിട്ടുണ്ട്.

‘🔳ഈ-ഷീല്‍ഡ് നെക്സ്റ്റ്’ എന്ന പുതിയ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ച് എസ്ബിഐ ലൈഫ്. പങ്കാളിത്തമോ ഓഹരി വിപണിയുമായോ ബന്ധമില്ലാത്ത പുതുതലമുറ വ്യക്തിഗത ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. വിവാഹം, മാതാപിതാക്കളാകുക, പുതിയ വീടു വാങ്ങുക തുടങ്ങി ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലുകളില്‍ ‘സം അഷ്വേഡ്’ തുക ഉയര്‍ത്തുന്ന പോളിസിയാണ് എസ്ബിഐ ലൈഫ് ഇ-ഷീല്‍ഡ് നെക്സ്റ്റ്. ഹോള്‍ ലൈഫ് പോളിസിയില്‍ 100 വര്‍ഷം വരെയും അല്ലാത്തവയില്‍ 85 വര്‍ഷം വരെയും കവറേജ് ലഭിക്കും.

🔳ഒരു പപ്പടവട പ്രേമം 20 ന് ഒ ടി ടി യില്‍റിലീസ് ചെയ്യും. മലയാളത്തിലെ 10 ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെയാണ്ചിത്രം റിലീസ് ചെയ്യുന്നത്. അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത് വിട്ടു. സായിര്‍ പത്താനാണ് ഒരു പപ്പടവട പ്രേമത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. മൂന്ന് കാമുകന്‍മാരുടെ രസകരമായ പ്രണയജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനായ കുഞ്ഞപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയതാരം കൊച്ചുപ്രേമനാണ്.

🔳ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘മേപ്പടിയാനി’ലെ വീഡിയോഗാനം പുറത്തെത്തി. ‘മേലേ വാനില്‍’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. രാഹുല്‍ സുബ്രഹ്മണ്യത്തിന്റെ സംഗീതത്തില്‍ പാടിയിരിക്കുന്നത് വിജയ് യേശുദാസ്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയാണ് ഇത്.

🔳ഒല 2023ഓടെ ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒല സീരീസ് എസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിജയകരമായ തുടക്കം കമ്പനിയിലും ഉപഭോക്താക്കളിലും ആത്മവിശ്വാസം പകര്‍ന്നിരുന്നു. വരാനിരിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ഒരു നഗര പരിസ്ഥിക്ക് യോജിക്കുന്ന രീതിയില്‍ വികസിപ്പിച്ചെടുക്കുന്നതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിര്‍മാണ ഫാക്ടറികളും സ്ഥാപിക്കാന്‍ ഒല തയ്യാറെടുക്കുകയാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ടിക് കാറിന്റെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഒലയുടെ തീരുമാനം.

🔳പ്രശസ്ത എഴുത്തുകാരനായ ഉണ്ണി ആറിന്റെ കഥകളെക്കുറിച്ചുള്ള ഒരു പഠനമാണിത്. കേരളീയ പശ്ചാത്തലത്തില്‍ സദാചാരത്തിന്റേയും സാന്മാര്‍ഗ്ഗികബോധത്തിന്റെയും അടരുകളിലേക്കുള്ള ഒരന്വേഷണം. ഒപ്പം സിഗ്മണ്‍ ഫ്രോയിഡിന്റെ സദാചാരസങ്കല്പത്തെക്കുറിച്ചുള്ള വിശകലനവും ഉണ്ണി ആറുമായുള്ള അഭിമുഖവും. ‘കഥാപരിസരങ്ങള്‍’. ലിപിന്‍ പൗലോസ്. ഗ്രീന്‍ ബുക്സ്. വില 103 രൂപ.

🔳ഒറ്റ ഡോസ് വാക്സിന്‍ കൊറോണ വൈറസില്‍ നിന്ന് ചെറിയ സംരക്ഷണം മാത്രമേ നല്‍കൂവെന്ന് പഠനം. ദില്ലിയിലെ ഗംഗാ റാം ആശുപത്രി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ലോകമെങ്ങും ഡെല്‍റ്റ വകഭേദം പടര്‍ന്ന് പിടിക്കുന്ന ഈ സാഹചര്യത്തില്‍ ഒറ്റ ഡോസ് വാക്സിന്‍ കൊവിഡില്‍ നിന്ന് വളരെ ചെറിയ സംരക്ഷണം മാത്രമാകും നല്‍കുകയെന്ന് പഠനത്തില്‍ പറയുന്നു. കൊവിഡില്‍ നിന്ന് രക്ഷനേടാന്‍ രണ്ട് ഡോസ് വാക്സിന്‍ 97 ശതമാനം ഫലപ്രദമാണെന്നും യൂറോപ്യന്‍ ജേണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2021 ഏപ്രില്‍, മേയ് മാസങ്ങളില്‍ ദില്ലിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കേസുകള്‍ കൊവിഡ് ആരംഭിച്ചതിന് ശേഷമുള്ള 13 മാസ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലാണ്. കേസുകള്‍ കൂടിയ സമയത്ത് കൊവിഷീല്‍ഡിന്റെ ഫലപ്രാപ്തി ഞങ്ങള്‍ പരിശോധിച്ചിരുന്നുവെന്നും പഠനത്തില്‍ പറയുന്നു. ഗംഗാ റാം ഹോസ്പിറ്റലിലെ ആശുപത്രി ജീവനക്കാരിലാണ് പഠനം നടത്തിയത്. 2716 പേര്‍ക്ക് രണ്ട് ഡോസുകളും 623 പേര്‍ക്ക് ഒരു ഡോസ് കൊവിഷീല്‍ഡും ലഭിച്ചതായി ഗവേഷകര്‍ പറയുന്നു. രണ്ട് ഡോസ് വാക്സിന്‍ കൊവിഡില്‍ നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.

Exit mobile version