ഇന്നത്തെ വാർത്തകൾ ഇതുവരെ

0
21

2021 | ഓഗസ്റ്റ് 20 | 1197 | ചിങ്ങം 4 | വെള്ളി | ഉത്രാടം |

🔳കാര്‍ഷികനിയമങ്ങള്‍ക്കെതിരെ മൂന്നാംഘട്ട സമരപരിപാടിക്കൊരുങ്ങി കര്‍ഷകസംഘടനകള്‍. തുടര്‍സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടനകള്‍ അഖിലേന്ത്യാ കണ്‍വന്‍ഷന്‍ വിളിച്ചു. യുപി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്ത മാസം അഞ്ചിന് കിസാന്‍ മഹാപഞ്ചായത്ത് നടത്തും. കര്‍ഷകസമരം ഒന്‍പത് മാസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച അഖിലേന്ത്യാ കണ്‍വന്‍ഷന്‍ വിളിച്ചത്.

🔳കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്. വെര്‍ച്വലായാണ് യോഗം. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരത്പവാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കും. ആം ആദ്മി പാര്‍ടിയെയും ബിഎസ്പിയെയും യോഗത്തിലേക്ക് വിളിച്ചിട്ടില്ല. പാര്‍ലമെന്റ് സമ്മേളനത്തിലെ പ്രതിപക്ഷ ഐക്യം പുറത്തും കൂടുതല്‍ ശക്തമാക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം.

🔳സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. യുഡിഎഫ് എംഎല്‍എമാരുടെ നിയമസഭാ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. മരണം കണക്കാക്കുന്നത് ചികിത്സിച്ച ഡോക്ടര്‍മാരാണെന്നും ആരോഗ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു. സര്‍ക്കാര്‍ കണക്കും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ കണക്കും തമ്മില്‍ 7000 മരണങ്ങളുടെ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെയാണ് ആരോഗ്യമന്ത്രിയുടെ മറുപടി. തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തിയ പഠനം പരിശോധിച്ചിട്ടില്ല എന്നും മറുപടിയില്‍ പറയുന്നു.

🔳കുണ്ടറ പീഡന പരാതി കേസില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് പൊലീസിന് നിയമോപദേശം. പരാതിക്കാരിയുടെ അച്ഛനോട് നല്ല നിലയില്‍ പ്രശ്നം തീര്‍ക്കണം എന്നാണ് മന്ത്രി പറഞ്ഞത് എന്നും നിയമോപദേശത്തില്‍ പറയുന്നു. ശബ്ദതാരാവലി ഉദ്ധരിച്ചാണ് നിയമോപദേശം. നിവൃത്തി വരുത്തുക, കുറവ് തീര്‍ക്കുക എന്ന അര്‍ഥത്തിലാണ് മന്ത്രി സംസാരിച്ചത് എന്നാണ് നിയമോപദേശം. ഇരയുടെ പേരോ പരാമര്‍ശമോ മന്ത്രി നടത്തിയിട്ടില്ല. കേസ് പിന്‍വലിക്കണമെന്ന ഭീഷണി ഫോണ്‍ സംഭാഷണത്തില്‍ ഇല്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.

🔳ഡിസിസി പട്ടികയെ ചൊല്ലി താഴെത്തട്ടില്‍ പ്രതിഷേധം കനക്കുന്നു. കോട്ടയത്തിന് പിന്നാലെ കൊല്ലത്തും വ്യാപക പോസ്റ്ററുകള്‍. കൊല്ലത്തെ പുതിയ ഡിസിസി പ്രസിഡന്റായി രാജേന്ദ്രപ്രസാദിനെ നിര്‍ദ്ദേശിച്ച കൊടിക്കുന്നില്‍ സുരേഷിനെതിരെ രൂക്ഷ വിമര്‍ശനമാണ് പോസ്റ്ററിലുള്ളത്. ഡിസിസി അധ്യക്ഷ നിര്‍ണയത്തില്‍ നടത്തിയ ഇടപെടലുകളുടെ പേരിലാണ് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കൊല്ലം നഗരത്തില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നത്. കൊടിക്കുന്നിലിന് പിരിവ് നടത്താനുളള തറവാട് സ്വത്തല്ല ഡിസിസി അധ്യക്ഷ പദമെന്നും രാജേന്ദ്രപ്രസാദിന്റെ പ്രായാധിക്യത്തെ കുറിച്ചുള്ള പരിഹാസവും പോസ്റ്ററിലുണ്ട്.

🔳കൊച്ചി നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ എല്ലാ സ്റ്റേഷനുകള്‍ക്കും കൊച്ചി ഡിസിപിയുടെ കര്‍ശന നിര്‍ദ്ദേശം. ഡിസിപി ഐശ്വര്യ ദോഗ്രെയുടെ പേരില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് വയര്‍ലസിലൂടെ അയച്ച സന്ദേശത്തിന്റെ പകര്‍പ്പ് പുറത്ത്. കൊവിഡ് പരിശോധനയുടെ മറവില്‍ പൊലീസ് ജനങ്ങളെ പീഡിപ്പിക്കുന്നു എന്ന വിമര്‍ശനം വ്യാപകമാകുമ്പോഴാണ് കേസുകള്‍ വീണ്ടും കൂട്ടണമെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ താക്കീത്.

🔳തൃക്കാക്കരയില്‍ ഓണക്കോടിക്കൊപ്പം പണം നല്‍കിയ സംഭവത്തില്‍ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സനെതിരെ കൂടുതല്‍ തെളിവുകള്‍. പതിനായിരം രൂപ അടങ്ങിയ കവര്‍ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സന് നല്‍കുന്ന ദൃശ്യം പുറത്ത് വന്നു. പരാതിയുടെ കവറാണ് സ്വീകരിച്ചതെന്നായിരുന്നു നേരത്തെ ചെയര്‍പേഴ്സന്റെ വാദം. പണം തന്നെന്ന് സ്ഥിരീകരിച്ച് കൂടുതല്‍ ഭരണപക്ഷം കൗണ്‍സിലര്‍മാരും രംഗത്തെത്തി. പുടവയുടെ പണം മാത്രമാണെന്ന് കരുതിയാണ് കവര്‍ വാങ്ങിയതെന്നും കൗണ്‍സിലര്‍മാര്‍ പറയുന്നുണ്ട്.

🔳മിക്ക സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണങ്ങളില്‍ അയവു വന്നു തുടങ്ങിയതോടെ രാജ്യത്ത് ചില്ലറ വ്യാപാര മേഖലയിലെ വില്പന മെച്ചപ്പെട്ടു തുടങ്ങി. ഈ വര്‍ഷം ജൂലായില്‍ റീട്ടെയ്ല്‍ വിഭാഗത്തില്‍നിന്നുള്ള വില്പന കോവിഡിനു മുന്‍പുള്ളതിന്റെ 72 ശതമാനത്തിലേക്കെത്തിയതായി റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍വേ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജൂണില്‍ ഇത് 50 ശതമാനമായിരുന്നു. ഈ ഉത്സവ സീസണില്‍ വ്യാപാരികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടാണ് റായ് പങ്കുവെച്ചിട്ടുള്ളത്.

🔳വൈദ്യുതി വിതരണ മേഖലയിലെ സ്വകാര്യവത്കരണത്തെ, അനുകൂലിച്ച് സംസ്ഥാന റഗുലേറ്ററി കമ്മീഷന്‍ പുതിയ താരിഫ് നയത്തിന്റെ കരട് പുറത്തിറക്കി. കെഎസ്ഇബിക്കും സ്വകാര്യ വിതരണ കമ്പനികള്‍ക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന വ്യവസ്ഥ വൈദ്യുതി ബോര്‍ഡിന്റെ നിലനില്‍പ്പിന് തന്നെ വെല്ലുവിളിയാകും. കേന്ദ്ര വൈദ്യുതി നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണപ്രതിപക്ഷ കക്ഷികള്‍ ഒരുപോലെ പ്രതിഷേധിക്കുമ്പോഴാണ്, പുതിയ താരിഫ് നയം ഒരുങ്ങുന്നത്.

🔳ഭുവനേശ്വറില്‍ നിന്ന് റായ്ഗഡായിലേക്കുള്ള തീവണ്ടിയില്‍ യാത്രക്കാരെ അത്ഭുതപ്പെടുത്തി റെയില്‍വേമന്ത്രിയുടെ സന്ദര്‍ശനം. വ്യാഴാഴ്ചയാണ് സംഭവം. റെയില്‍വേ സേവനങ്ങളെയും ശുചിത്വത്തെയും കുറിച്ച് അവരുടെ അഭിപ്രായം തേടാനാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തീവണ്ടി സന്ദര്‍ശിച്ചത്. കഴിഞ്ഞ മാസം നടന്ന കേന്ദ്ര മന്ത്രിസഭാ വിപുലീകരണത്തിലാണ് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൂടിയായ അശ്വിനി വൈഷ്ണവ് റെയില്‍വേ മന്ത്രിയായി ക്യാബിനറ്റിലെത്തുന്നത്.

🔳അഫ്ഗാനിസ്ഥാനിലെ അടച്ചിട്ട ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ താലിബാന്‍ സംഘം പരിശോധന നടത്തി. കോണ്‍സുലേറ്റുകളിലെത്തിയ താലിബാന്‍ സംഘം അവിടെ രേഖകള്‍ തിരയുകയും പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളുമായി സ്ഥലംവിട്ടതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ചയാണ് താലിബാന്‍ സംഘം കാണ്ഡഹാറിലെയും ഹെറാത്തിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ പരിശോധന നടത്തിയത്.

🔳അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ വിമാനം കാബൂളില്‍ എത്തി. മലയാളികളടക്കമുള്ളവരുമായി വിമാനം ഇന്ന് മടങ്ങിയെത്തിയേക്കും. നേരത്തെ അഫ്ഗാനിലേക്ക് പ്രത്യേക വിമാനങ്ങള്‍ക്ക് അനുമതി തേടി ഇന്ത്യ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് 400 പേരെക്കൂടി ഒഴിപ്പിക്കാനുണ്ടെന്ന് ഇന്ത്യ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

🔳കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കുന്നതില്‍ താലിബാന് താല്പര്യമില്ലെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് താലിബാന്റെ ഖത്തര്‍ ഓഫീസില്‍ നിന്നും കേന്ദ്രത്തിന് സന്ദേശം ലഭിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുരക്ഷിതത്വം സന്ദേശത്തില്‍ ഉറപ്പുനല്‍കിയതായാണ് വിവരം.

🔳അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ പ്രതികാര നടപടികള്‍ തുടങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈന്യത്തെയും നാറ്റോ സൈന്യത്തേയും സഹായിച്ചവരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്താനാണ് പദ്ധതി. ആയുധധാരികളായ താലിബാന്‍ അംഗങ്ങള്‍ അഫ്ഗാന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ വീടുകളിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.

🔳ലിയോണല്‍ മെസി ഇന്ന് പിഎസ്ജിയില്‍ അരങ്ങേറ്റം കുറിച്ചേക്കും. ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്കാണ് ബ്രെസ്റ്റിനെതിരായ മത്സരം. രണ്ട് പതിറ്റാണ്ടിലേറെക്കാലം ചെലവഴിച്ച ബാഴ്‌സലോണ വിട്ട് പിഎസ്ജിയില്‍ എത്തിയപ്പോള്‍ മുതല്‍ മെസിയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

🔳ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ലോകത്തില്‍ രണ്ടാം സ്ഥാനം നേടി ഇന്ത്യ. യുഎസ്, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളെക്കാള്‍ ഏറെമുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ബ്ലോക്ക്ചെയിന്‍ ഡാറ്റ പ്ലാറ്റ്ഫോമായ ചെയിനലാസിസിന്റെ 2021 ഗ്ലോബല്‍ ക്രിപ്രറ്റോ അഡോപ്ഷന്‍ ഇന്‍ഡക്സ് പ്രകാരം ഇന്ത്യക്ക് രണ്ടാംസ്ഥാനമാണുള്ളത്. വിയറ്റ്നാമാണ് ഒന്നാമത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ പ്ലാറ്റ്ഫോമായ ഫൈന്‍ഡറിന്റെ റിപ്പോര്‍ട്ട് പ്രകാരം ക്രിപ്റ്റോ കറന്‍സി ഇടപാടിന്റെകാര്യത്തില്‍ മുന്നിലുള്ള അഞ്ച് രാജ്യങ്ങളില്‍ എല്ലാം ഏഷ്യയില്‍നിന്നുള്ളതാണ്.

🔳ജോസഫ് ,മാമാങ്കം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം യു ജി എം എന്റര്‍ടൈന്‍മെന്റ് ബാനറില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ പത്താം വളവ് ”ന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടുമാണ്. അഭിലാഷ് പിള്ളയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ‘കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇത്. കേരളത്തിലെ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായികാക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

🔳രമേശ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിന്‍ ദേവീദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘നോ വേ ഔട്ട്’ എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. റിമൊ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ റിമോഷ് എം എസ് ആണ് നിര്‍മ്മാണം. ജോസഫ്, രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

🔳ഇലക്ട്രിക് വാഹനങ്ങളിലേക്ക് ടാറ്റ മോട്ടോഴ്‌സിന് വഴിതെളിച്ച വാഹനമായിരുന്നു ടിഗോര്‍ ഇ.വി. എന്നാല്‍, ആദ്യ വരവില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാതിരുന്ന ഈ വാഹനം മുഖം മിനുക്കിയും കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കിയും വീണ്ടുമെത്തുകയാണ്. എക്‌സ്-പ്രസ്-ടി എന്ന പേരില്‍ ഫ്‌ളീറ്റ് സെഗ്മെന്റില്‍ എത്തിയ വാഹനത്തിന്റെ വ്യക്തഗത പതിപ്പായാണ് ടിഗോര്‍ ഇ.വി. എത്തുന്നത്. ഓഗസ്റ്റ് 31-ന് ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.

🔳സമതലത്തിലൂടെ ഒരു പ്രാര്‍ഥനാഗീതംപോലെ പ്രശാന്തമായി ഒഴുകിയ തെളിനീര്‍ പ്രവാഹമായിരുന്നു പി.പി. ജാനകിക്കുട്ടിയുടെ വ്യക്തിജീവിതം. എന്നാല്‍ അതിനിടയില്‍ തീരങ്ങളോട് കലഹിച്ചും തടദ്രുമങ്ങളെ കടപുഴക്കിയും ഇരമ്പിക്കുതിച്ചൊഴുകുന്ന സര്‍ഗാത്മകതയുടെ ഒരു പ്രവാഹംകൂടി ഉണ്ടായിരുന്നു. അന്തര്‍വാഹിനിയായ ആ സാരസ്വതപ്രവാഹത്തിന്റെ തീരത്തടിഞ്ഞ വിലപിടിപ്പുള്ള മുത്തുകളും പവിഴങ്ങളുമാണ് ഈ കാവ്യസമാഹാരത്തിലുള്ളത്. ‘മഷിത്തണ്ട് ഒരു മായാലോകത്ത്’. മാതൃഭൂമി. വില 144 രൂപ.

🔳ആരോഗ്യത്തിന് ഭക്ഷണത്തോടൊപ്പംതന്നെ പ്രധാനമാണ് വ്യായാമവും. വ്യായാമം ഇല്ലാതിരിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും. രാവിലെയും വൈകുന്നേരവും വ്യായാമം ചെയ്യാന്‍ സമയം കിട്ടിയില്ലെന്നു കരുതി വിഷമിക്കേണ്ട. രാത്രി അത്താഴശേഷം അല്പമൊന്നു നടന്നാല്‍ മതി. ഇത് അത്താഴവും ഉറങ്ങുന്ന സമയവയും തമ്മിലുള്ള ദൈര്‍ഘ്യവും കൂട്ടും. അത്താഴശേഷം നടക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ദഹനം മെച്ചപ്പെടുത്താന്‍ ഈ നടത്തം സഹായിക്കും. അത്താഴം കഴിച്ച ശേഷം ഉടനെ കിടക്കുന്നതിനു പകരം കുറച്ചു നടക്കുന്നത് ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. കൂടുതല്‍ കാലറി ബേണ്‍ ചെയ്യാനും ഇത് സഹായിക്കും. അത്താഴ ശേഷം നടക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തില്‍ നിന്ന് ടോക്‌സിനുകളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും. രോഗപ്രതിരോധ ശക്തി വര്‍ധിക്കാന്‍ ഇതു സഹായിക്കും. ഭക്ഷണം കഴിച്ച് അരമണിക്കൂറിനു ശേഷമാണ് ബ്ലഡ് ഷുഗര്‍ ഉയരുന്നത്. അത്താഴശേഷം നടന്നാല്‍ ഗ്ലൂക്കോസ് ശരീരം ഉപയോഗിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിയന്ത്രിക്കപ്പെടുകയും ചെയ്യും. വയറു നിറയെ കഴിച്ചശേഷവും എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുന്ന ആളാണോ നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും അത്താഴ ശേഷം ഒരു നടത്തം ആവാം. അര്‍ധരാത്രി ഭക്ഷണം കഴിക്കുന്നത് അനാരോഗ്യകാര്യമാണെന്നു മാത്രമല്ല ശരീരഭാരം കൂടാനും കാരണമാകും. അത്താഴ ശേഷം നടക്കുന്നത് വിശപ്പു കുറയാനും രാത്രി ലഘു ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും നല്ലതാണ്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 74.42, പൗണ്ട് – 101.39, യൂറോ – 86.93, സ്വിസ് ഫ്രാങ്ക് – 81.17, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.96, ബഹറിന്‍ ദിനാര്‍ – 197.41, കുവൈത്ത് ദിനാര്‍ -247.13, ഒമാനി റിയാല്‍ – 193.31, സൗദി റിയാല്‍ – 19.84, യു.എ.ഇ ദിര്‍ഹം – 20.26, ഖത്തര്‍ റിയാല്‍ – 20.44, കനേഡിയന്‍ ഡോളര്‍ – 57.61.

Leave a Reply