ഇന്നത്തെ വാർത്തകൾ ഇതുവരെ

0
20

🔳കൊവിഡ് സൃഷ്ടിച്ച തിരിച്ചടികളില്‍ നിന്ന് രാജ്യത്തെ സാമ്പത്തിക മേഖല കരകയറുന്നതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഈ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സാമ്പത്തിക മേഖല പ്രതീക്ഷിച്ചതിനേക്കാള്‍ 20 ശതമാനം വേഗത്തിലാണ് തിരിച്ചുവരുന്നതെന്നും കേന്ദ്രമന്ത്രി ട്വീറ്റില്‍ വിശദമാക്കി. കൊവിഡ് 19 ന്റെ രണ്ട് തരംഗങ്ങള്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിച്ചിരുന്നു.

🔳സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതൃത്വം ഇത്തരമൊരു കൂടിക്കാഴ്ചയെക്കുറിച്ചുള്ള വാര്‍ത്ത നിഷേധിച്ചെങ്കിലും സംഭവം സ്ഥിരീകരിച്ചുകൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

🔳കേരള പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ നേതാവ് ആനി രാജ. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസ് സേനയില്‍ നിന്ന് ഉണ്ടാകുന്നുവെന്ന് ആനി രാജ പറഞ്ഞു. പൊലീസുകാരുടെ അനാസ്ഥ കൊണ്ട് പല മരണം സംഭവിക്കുന്നുവെന്നും ദേശീയ തലത്തില്‍ പോലും നാണക്കേടാണിതെന്നും ഇതിനായി ആര്‍ എസ് എസ് ഗ്യാങ് പൊലീസില്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുവെന്നും ആനി രാജ പറഞ്ഞു. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

🔳മക്കളെ കുറിച്ചുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ പരാതി നല്‍കുമെന്ന് സ്പീക്കര്‍ എം ബി രാജേഷ്. വര്‍ഗീയ ചുവയോടെയാണ് സൈബര്‍ പ്രചാരണം നടത്തുന്നതെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി. സൈബര്‍ ആക്രമണം പുതിയതല്ല, അതിന് പുല്ലുവിലയാണ് കല്‍പ്പിക്കാറുള്ളത്, പക്ഷേ ഇപ്പോള്‍ മക്കളെ മുന്‍നിര്‍ത്തിയാണ് വര്‍ഗീയ ചുവയോടെ സൈബര്‍ ആക്രമണം നടത്തുന്നത്. ഇതിനെതിരെ കുടുംബം പരാതി നല്‍കുമെന്ന് എം ബി രാജേഷ് അറിയിച്ചു.

🔳ഓണത്തിനുശേഷം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പത്ത് ദിവസത്തിനിടെ ഉണ്ടായത് 24 ശതമാനം വര്‍ധന. ഒരാളില്‍ നിന്ന് എത്രപേരിലേക്ക് രോഗം പകര്‍ന്നുവെന്ന് കണക്കാക്കുന്ന ആര്‍ നോട്ട് 0.96ല്‍ നിന്ന് 1.5ആയി ഉയര്‍ന്നിട്ടുണ്ട്. ആര്‍ നോട്ട് വീണ്ടും ഉയര്‍ന്നില്ലെങ്കില്‍ രോഗികളുടെ എണ്ണത്തില്‍ ഇനി വലിയ വര്‍ധന ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. പത്ത് ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം കുറയാമെന്നും സര്‍ക്കാരിന്റെ കൊവിഡ് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ ഈ ആഴ്ച പ്രതിദിന രോഗികളുടെ എണ്ണം 40000ന് മുകളിലെത്താമെന്നും സര്‍ക്കാരിന്റെ കൊവിഡ് സാധ്യത റിപ്പോര്‍ട്ട് പറയുന്നു.

🔳സ്പ്രിംഗ്ലര്‍ വിവാദത്തില്‍ മുന്‍ ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കി റിപ്പോര്‍ട്ട്. സ്പ്രിംഗ്ലര്‍ കരാര്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മാധവന്‍ നമ്പ്യാര്‍ സമിതി റിപ്പോര്‍ട്ട് പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. കരാറില്‍ വീഴ്ചകളുണ്ടായിരുന്നുവെങ്കിലും ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳സ്പ്രിംഗ്ലര്‍ കരാറില്‍ ശിവശങ്കറിനെ വെള്ളപ്പൂശുന്ന രണ്ടാം റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇല്ലെന്ന് എം മാധവന്‍ നമ്പ്യാര്‍. ശിവശങ്കറിനെ കടുത്ത രീതിയില്‍ വിമര്‍ശിച്ച ആദ്യ റിപ്പോര്‍ട്ട് നല്‍കിയത് മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി ആയിരുന്നു. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ, മുഖ്യമന്ത്രിയോട് ചോദിക്കാതെ ശിവശങ്കര്‍ സ്വന്തം നിലയില്‍ തീരുമാനമെടുത്തത് ഗുരുതര വീഴ്ചയാണെന്ന് ഇരു കമ്മിറ്റികളും അടിവരയിട്ട് പറയുന്നു. പക്ഷേ, ശിവശങ്കര്‍ ചെയ്തത് തെറ്റാണെങ്കിലും ഉദ്ദേശ്യശുദ്ധിയില്‍ സംശയിക്കേണ്ട എന്ന നിലപാടാണ് രണ്ടാം കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത്.

🔳സ്പ്രിംഗ്ളര്‍ വിഷയത്തില്‍ പുതിയ സമിതി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ പ്രതികരണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശശിധരന്‍ നായര്‍ റിപ്പോര്‍ട്ടില്‍ എം. ശിവശങ്കര്‍ കുറ്റക്കാരനല്ലെന്നത് വിചിത്രമാണെന്നും ഇത് മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ വേണ്ടിയിട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

🔳സ്പ്രിംഗ്ളര്‍ കരാറില്‍ എം ശിവശങ്കറിനെ ക്ലീന്‍ചിറ്റ് നല്‍കികൊണ്ടുള്ള കെ ശശിധരന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. വേണ്ടപ്പെട്ട ആളുകളെ രക്ഷിക്കാന്‍ ഉള്ള കമ്മറ്റി റിപ്പോര്‍ട്ടാണ് വന്നതെന്ന് സതീശന്‍ ആരോപിച്ചു. സര്‍ക്കാര്‍ സൗകര്യത്തിനു അനുസരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

🔳മുട്ടില്‍ മരംമുറിക്കേസില്‍ സര്‍ക്കാരിന് താത്കാലിക ആശ്വാസം. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ അന്വേഷണം മതിയെന്ന ഉത്തരവാണ് കോടതിയില്‍നിന്ന് വന്നിരിക്കുന്നത്. പക്ഷെ കേസിലെ നിലവിലെ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിനും വംനംവകുപ്പിന്റെ അന്വേഷണത്തിനും ഹൈക്കോടതി ചില മാര്‍ഗരേഖകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

🔳കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍. ജനറല്‍ സെക്രട്ടറി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ആരോപണം. കേരളത്തിലെ വിഷയങ്ങള്‍ മോശമായാണ് കൈകാര്യം ചെയ്തതെന്നും പരാതിയുണ്ട്. അതൃപ്തി നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കും.

🔳ഡിസിസി പട്ടികക്കെതിരായ നേതാക്കളുടെ പരസ്യ പ്രതികരണത്തില്‍ അച്ചടക്ക നടപടി അനിവാര്യമായിരുന്നുവെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. നടപടിയെടുത്തില്ലായിരുന്നെങ്കില്‍ പ്രതിഷേധം പരിധി കടക്കുമായിരുന്നു. തനിക്കെതിരായി ഗ്രൂപ്പുകള്‍ പരാതിപ്പെട്ടതില്‍ കുഴപ്പമില്ലെന്നും അക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

🔳എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന മുസ്ലിം ലീഗ് നിര്‍ദ്ദേശം തളളി ഹരിത. പരാതി പിന്‍വലിക്കുമെന്ന് വ്യക്തമാക്കി ലീഗ് നേതൃത്വം വാര്‍ത്താക്കുറിപ്പിറക്കി ഒരാഴ്ച കഴിഞ്ഞിട്ടും ഹരിത ഇത് പാലിക്കാത്ത സാഹചര്യത്തില്‍ തുടര്‍ നടപടികളെന്ത് വേണമെന്ന കാര്യത്തില്‍ ഉന്നതാധികാര സമിതി തീരുമാനമെടുക്കുമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ലൈംഗീക അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടിയില്ലാതെ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന നിലപാടിലാണ് ഹരിത.

🔳അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിലുയര്‍ന്ന പരാതികളിന്മേല്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ മധുവിനെ സിപിഎം തരംതാഴ്ത്തി. ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ച അന്വേഷിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.

🔳കെഎസ്ആര്‍ടിസി പെന്‍ഷന്‍ സ്‌കീം തയ്യാറാക്കുന്നതില്‍ ഗതാഗത സെക്രട്ടറിക്ക് മുന്നറിയിപ്പ് നല്‍കി സുപ്രീം കോടതി. എട്ട് ആഴ്ച്ചയ്ക്ക് ഉള്ളില്‍ സ്‌കീം തയ്യാറാക്കിയില്ലെങ്കില്‍ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സ്‌കീം തയ്യാറാക്കാന്‍ നേരത്തെ സുപ്രീം കോടതി കെഎസ്ആര്‍ടിസിക്ക് സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഇത് വരെയും സ്‌കീം തയ്യാറാക്കാത്തതിനാല്‍ ആണ് ഗതാഗത സെക്രട്ടറിക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയത്.

🔳കണ്ണാടി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ വകമാറ്റിയതിന് പുതുശ്ശേരി സി പി എമ്മില്‍ കൂട്ട നടപടി. ബാങ്ക് സെക്രട്ടറി വി സുരേഷിനെ പുറത്താക്കാനും ബാങ്ക് മുന്‍ ഭരണ സമിതി അംഗങ്ങളായ 4 പേരെ സസ്പെന്‍ഡ് ചെയ്യാനും രണ്ടു പേരെ തരംതാഴ്ത്താനും തീരുമാനമായി. 13 പേര്‍ക്ക് താക്കീത് നല്‍കാനും തീരുമാനിച്ചു. പുതുശ്ശേരി ഏരിയാ കമ്മിറ്റിയുടേതാണ് തീരുമാനം

🔳പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിനു 74 രൂപ 50 പൈസയും കൂടിയിട്ടുണ്ട്. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം ഇന്ധനവിലയില്‍ നേരിയ കുറവുണ്ടായി. പെട്രോള്‍ വില ലിറ്ററിന് 14 പൈസയും ഡീസല്‍ വില 15 പൈസയുമാണ് കുറച്ചത്.

🔳ബോളിവുഡ് നടി ശില്‍പ്പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നീലച്ചിത്ര നിര്‍മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിനെ തുടര്‍ന്നാണ് വിവാഹമോചനത്തിലേക്ക് നീങ്ങുന്നത്.

🔳ദില്ലി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ കനത്ത മഴ. രാജ്യ തലസ്ഥാനത്തെ പ്രധാനപ്പെട്ട പാതകള്‍ വെള്ളത്തിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 112.1 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ എറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലായി. റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. നഗരത്തില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
News Circle Chengannur
🔳അഫ്ഗാനിസ്താനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയുടെ ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയായിരുന്നു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ശരിയായ തീരുമാനമാണ്. വിവേകപൂര്‍ണമായ തീരുമാനം. അമേരിക്കയ്ക്ക് ചേര്‍ന്ന ഏറ്റവും മികച്ച തീരുമാനം- ബൈഡന്‍ പറഞ്ഞു.

🔳ബാഴ്‌സലോണ താരം അന്റോയിന്‍ ഗ്രീസ്മാന്‍ മുന്‍ ക്ലബ് അത്ലറ്റിക്കോ മാഡ്രിഡില്‍ തിരിച്ചെത്തി. ലാ ലിഗയിലെ താരക്കൈമാറ്റത്തിന്റെ അവസാന മണിക്കൂറിലാണ് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച കൂടുമാറ്റം. 10 ദശദക്ഷം യൂറോ ട്രാന്‍സ്ഫര്‍ ഫീസായി നല്‍കി ലോണ്‍ അടിസ്ഥാനത്തിലാണ് ഗ്രീസ്മാനെ അത്ലറ്റിക്കോ സ്വന്തമാക്കിയത്. 2022 ജൂണ്‍ വരെയാണ് ലോണ്‍ കാലാവധി. സീസണിന് ശേഷം രണ്ട് വര്‍ഷത്തെ കരാറിലെത്താനും താരവും അത്ലറ്റിക്കോ മാഡ്രിഡും തമ്മില്‍ ധാരണയായി. അതേസമയം കിലിയന്‍ എംബാപ്പെ ഈ സീസണില്‍ റയല്‍ മാഡ്രിഡിലേക്ക് പോകില്ലെന്ന് ഉറപ്പായി. താരക്കൈമാറ്റത്തിന്റെ അവസാന ദിനമായ ഇന്നലെ റയല്‍ മുന്നോട്ടുവച്ച 200 ദശദക്ഷം യൂറോയുടെ ഓഫറും പിഎസ്ജി സ്വീകരിച്ചില്ല. യൂറോപ്പിലെ പ്രധാന ലീഗുകളിലെ താരക്കൈമാറ്റത്തിനുള്ള സമയം ഇതോടെ അവസാനിച്ചു.

🔳ഇന്ത്യന്‍ പേമെന്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ ബില്‍ ഡെസ്‌കിനെ ഡച്ച് ടെക് ഭീമനായ പ്രൊസസ് ഏറ്റെടുത്തു. ഏകദേശം 35,000 കോടി രൂപയുടേതാണ് ഇടപാട്. പേയുവിനോട് ബില്‍ഡെസ്‌കിനെ കൂട്ടിച്ചേര്‍ക്കാനാണ് പ്രൊസസിന്റെ തീരുമാനം. പേയു ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ബില്‍ഡെസ്‌കിനെ ഏറ്റെടുത്തത്. ഇന്ത്യയില്‍ പേയു സേവനങ്ങള്‍ലഭ്യമാണെങ്കിലും ബില്‍ഡെസ്‌കാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്.

🔳ജൂലൈയിലെയും ഓഗസ്റ്റിലെയും ഐപിഒ പെരുമഴയ്ക്ക് ശേഷം സെപ്റ്റംബറിലും ഐപിഒകളുടെ തരംഗമാണ് വരാനിരിക്കുന്നത്. നിലവിലുള്ള ഔദ്യോഗിക അറിയിപ്പ് പ്രകാരം ഒമ്പത് കമ്പനികള്‍ 12500 കോടി രൂപ സമാഹരിക്കാനാണ് തയ്യാറെടുക്കുന്നത്. ഓഗസ്റ്റില്‍ എട്ട് കമ്പനികളുടെ ഐപിഒകളാണ് നടന്നത്. ആദിത്യ ബിര്‍ള സണ്‍ലൈഫ്, രുചി സോയ, വിജയ ഡയഗ്നോസ്റ്റിക് സെന്റര്‍ ഉള്‍പ്പെടെയുള്ള 10 കമ്പനികളാണ് സെപ്റ്റംബറില്‍ ഓഹരിവിപണിയില്‍ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് നടത്തുക.

🔳ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’യുടെ ഫൈനല്‍ ഇന്റര്‍നാഷണല്‍ ട്രെയ്‌ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ജെയിംസ് ബോണ്ട് സിരീസിലെ 25-ാം ചിത്രവും ഡാനിയല്‍ ക്രെയ്ഗ് ബോണ്ട് വേഷത്തിലെത്തുന്ന അഞ്ചാം ചിത്രവുമാണ് ഇത്. കാരി ജോജി ഫുക്കുനാഗയാണ് സംവിധാനം. ക്രിസ്റ്റോഫ് വാള്‍ട്ട്‌സ്, റമി മാലിക്, അന ഡെ അര്‍മാസ്, ലഷാന ലിഞ്ച്, ഡേവിഡ് ഡെന്‍സിക്, ബില്ലി മഗ്നുസ്സെന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സെപ്റ്റംബര്‍ 30 ആണ് പുതിയ റിലീസ് തീയതി.

🔳ബാബു നമ്പൂതിരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോസ്‌ക്കോ കവല സെന്‍സറിങ്ങ് പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങുന്നു. ആനുകാലിക സംഭവങ്ങളെ കോര്‍ത്തിണക്കിയ ചിത്രത്തിന്റെ രചനയും സംവിധാനവും ബിനോയ് വേളൂര്‍ നിര്‍വഹിക്കുന്നു. ദാവീദ് ജോണ്‍, പി ആര്‍ ഹരിലാല്‍, പ്രദീപ് നായര്‍, അജീഷ് കോട്ടയം, ജമിനി ജോസഫ്, ഡോ അനീസ് മുസ്തഫ, മാത്യു ജോര്‍ജ്, സോമു മാത്യു, നിസാര്‍ ബാവ, കുര്യന്‍ ജോര്‍ജ് മഹേഷ് കോട്ടയം, അനന്തു, ശിവകമി കൈമള്‍, പ്രീതി ജിനു, അനീഷ അനീഷ്, പ്രിയദര്‍ശിനി, കുമാരി വേദ സനൂജ് എന്നിവരാണ് അഭിനേതാക്കള്‍.

🔳പുത്തന്‍ പ്രീമിയം മാക്സി സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. ഇന്ത്യയില്‍ ലഭ്യമാകുന്ന ആദ്യത്തെ ശരിയായ മാക്സി സ്‌കൂട്ടര്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎംഡബ്ല്യു സ്‌കൂട്ടറിനായുള്ള ബുക്കിംഗും ഇപ്പോള്‍ ലഭ്യമാണ്. ഏകദേശം 100 ഉപഭോക്താക്കള്‍ വാഹനം ബുക്ക് ചെയ്തിട്ടുണ്ട്.

Leave a Reply