ഇന്നത്തെ വാർത്തകൾ ഇതുവരെ

0
39

2021 | സെപ്റ്റംബർ 2 | 1197 | ചിങ്ങം 17 | വ്യാഴം | തിരുവാതിര |

🔳സമൂഹമാധ്യമങ്ങളിലെ വാര്‍ത്താ ഉള്ളടക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്. വെബ് പോര്‍ട്ടലുകളും യൂട്യൂബ് ചാനലുകളും വ്യാജവാര്‍ത്തകളാല്‍ നിറഞ്ഞിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചു. നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വിമര്‍ശനം. സ്വകാര്യ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളില്‍ വര്‍ഗീയതയുണ്ട്. ആര്‍ക്കും യുട്യൂബ് ചാനല്‍ തുടങ്ങി എന്തും വിളിച്ചു പറയാമെന്ന സ്ഥിതിയാണ്. ഇത്തരം മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ എന്ത് നടപടിയെടുത്തെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു.

🔳25 ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം നുഴഞ്ഞുകയറുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം.

🔳തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. പാര്‍ട്ടി പ്രവേശനത്തെ എതിര്‍ത്ത് ഒരു വിഭാഗം നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കി. പ്രശാന്ത് കിഷോറിന് കോണ്‍ഗ്രസ് പാരമ്പര്യവും സംസ്‌കാരവും അറിയില്ലെന്നാണ് ഗ്രൂപ്പ് നേതാക്കളില്‍ ചിലരടക്കം ആക്ഷേപിക്കുന്നത്. ജനറല്‍സെക്രട്ടറി, പ്രവര്‍ത്തക സമിതിയംഗം, അല്ലെങ്കില്‍ രാഷ്ട്രീയ ഉപദേഷ്ടാവ് ഇതില്‍ ഏതെങ്കിലും ഒരു പദവി പ്രശാന്ത് കിഷോറിന് നല്‍കിയേക്കുമെന്നാണ് അഭ്യൂഹം. എഐസിസി പുനസംഘടനക്ക് മുന്നോടിയായി പ്രശാന്ത് കിഷോറിന്റെ പദവിയില്‍ ചര്‍ച്ച തുടങ്ങി കഴിഞ്ഞു. സംഘടന ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ മുതിര്‍ന്ന നേതാക്കളുടെയടക്കം അഭിപ്രായം ആരായുന്നതിനിടെയാണ് കിഷോറിനെതിരായ പടയൊരുക്കം.

🔳ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി നേതാവുമായ ആനി രാജ കേരളാ പൊലീസിനെതിര നടത്തിയ പരമാര്‍ശത്തില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. വിമര്‍ശനം അറിയിക്കേണ്ടത് പാര്‍ട്ടി ഫോറത്തിലെന്നാണ് സംസ്ഥാന നേതൃത്വം നിലപാടെടുത്തിരിക്കുന്നത്. ആനി രാജയുടെ നടപടിക്കെതിരെ ദേശീയ നേതൃത്വത്തില്‍ പരാതി ഉന്നയിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

🔳സിപിഐക്ക് പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ആനി രാജയുടെ പ്രസ്താവന അതിന്റെ തെളിവാണെന്നും ബിജെപി നേതാവ് എം ടി രമേശ് അഭിപ്രായപ്പെട്ടു. സിപിഐയുടെ ആക്ഷേപം ആര്‍എസ്എസ്സിന്റെ ചെലവില്‍ നടത്തരുത്. ആര്‍ എസ്എസ്സ് സേനകളില്‍ നുഴഞ്ഞ് കയറാറില്ല എന്നും രമേശ് പറഞ്ഞു.

🔳42-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍ എന്ന തലക്കെട്ടോടെ ഇരുവരുടെയും ഫോട്ടോ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 1979 സെപ്റ്റംബര്‍ 2 നായിരുന്നു ഇവരുടെ വിവാഹം.

🔳ഡി സി സി പുന:സംഘടനക്ക് പിന്നാലെ കെ സുധാകരനുള്ള പിന്തുണ പരസ്യമാക്കി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. കെ.സുധാകരന് സര്‍വ്വ സ്വാതന്ത്ര്യവും പൂര്‍ണ പിന്തുണയും നല്‍കുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. കേരളത്തിലെ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങള്‍ തീര്‍ക്കാനുള്ള കരുത്ത് സുധാകരനുണ്ട്. കണ്ണൂരിലെ കോണ്‍ഗ്രസുകാരന്‍ കേരളത്തിലെ കോണ്‍ഗ്രസിന് അഭിമാനമാണെന്നും എതിര്‍പ്പുകള്‍ ഉന്നയിക്കുന്നവര്‍ സ്വയം ലക്ഷ്മണരേഖ തീര്‍ക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വാക്ക് കെ സുധാകരനാണെന്നായിരുന്നു വി ഡി സതീശന്റെ നിലപാട്. കോണ്‍ഗ്രസിനെ സെമികേഡര്‍ പാര്‍ട്ടിയാക്കാനുള്ള ശ്രമത്തില്‍ എല്ലാവരും ഒപ്പം നില്‍ക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു

🔳കോണ്‍ഗ്രസ് സംഘടനാ രംഗത്ത് ഒരുപാട് മാറ്റങ്ങള്‍ വേണ്ടിവരുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. പാര്‍ട്ടിക്ക് അച്ചടക്കം കുറഞ്ഞു. അച്ചടക്കമില്ലാത്ത പാര്‍ട്ടിക്ക് രാഷ്ട്രീയ മണ്ഡലത്തില്‍ നിലനില്‍പില്ലെന്ന് തിരിച്ചറിയണം. പുതിയ നേതൃത്വം പാര്‍ട്ടിയെ സെമി കേഡര്‍ രൂപത്തിലേക്ക് മാറ്റും. അതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങി. പുതിയ ഡി സി സി നേതൃത്വം ഞായറാഴ്ച ചുമതലയേറ്റെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.

🔳കോണ്‍ഗ്രസിന്റെ അസ്ഥിവാരം തോണ്ടുന്നതരത്തില്‍ ഗ്രൂപ്പ് കളിക്കരുതെന്ന് കെ. മുരളീധരന്റെ താക്കീത്. ഡിസിസി അധ്യക്ഷ നിയമനങ്ങള്‍ സംബന്ധിച്ച് കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും കെ.സി വേണുഗോപാല്‍ അനാവശ്യ ഇടപെടല്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി രണ്ട് തോല്‍വികള്‍ വഴങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസിന് ഇനിയും ഗ്രൂപ്പ് കളി തുടരാന്‍ കഴിയില്ലെന്നും സാധാരണ പ്രവര്‍ത്തകര്‍ അത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഗ്രൂപ്പുകള്‍ എല്ലാം വീതംവെച്ച് എടുക്കുന്ന പതിവ് പാര്‍ട്ടിയില്‍ അവസാനിച്ചുവെന്നും ഗ്രൂപ്പ് ഒരു യോഗ്യതയോ ആക്ഷേപമോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳ഗ്രൂപ്പുകളുടെ ആധിക്യം കാരണം കോണ്‍ഗ്രസ് സര്‍വ നാശത്തിലേക്ക് പോകുന്നുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി കോണ്‍ഗ്രസിനെ ഇതുവരെ പങ്കിട്ടെടുത്തുവെന്നും പുതിയ ആള്‍ക്കാര്‍ വന്നപ്പോള്‍ അവര്‍ ഒരുമിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തെക്കനേയും പാമ്പിനേയും ഒന്നിച്ചു കണ്ടാല്‍ ആദ്യം തല്ലിക്കൊല്ലുക പാമ്പിനെയല്ല, തെക്കനെ എന്നാണ്. ഇത് മനസ്സിലാക്കാന്‍ സുധാകരന് സാധിച്ചാല്‍ കുഴപ്പമൊന്നുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

🔳യൂത്ത് കോണ്‍ഗ്രസ് വക്താവായുള്ള നിയമനം മെറിറ്റ് അടിസ്ഥാനമാക്കിയായിരുന്നു എന്ന് തിരുവഞ്ചൂരിന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍. ദേശീയ നേതൃത്വം നടത്തിയ ക്യംപയിനില്‍ പങ്കെടുത്തിരുന്നു. അങ്ങനെയാണ് വക്താവായി തെരഞ്ഞെടുത്തത്. നിയമനം മരവിപ്പിച്ചത് ആരുടെ എതിര്‍പ്പ് കൊണ്ടാണെന്ന് അറിയില്ലെന്നും അര്‍ജുന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അച്ഛന്റെ തീരുമാനങ്ങള്‍ തന്റെ നിയമനത്തെ ബാധിച്ചതായി കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳അര്‍ജുന്റെ നിയമനത്തില്‍ ഷാഫി പറമ്പിലിനെതിരെ ഗ്രൂപ്പുകള്‍. നിയമനം സംസ്ഥാന അധ്യക്ഷന്‍ അറിഞ്ഞാണോ എന്ന് വ്യക്തമാക്കണം. നേതാക്കളുടെ മക്കളുടെ നിയമനത്തിനെതിരെ പരാതി നല്‍കും. അതേസമയം, നടപടി മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കി. ചര്‍ച്ചകള്‍ നടത്തി തുടര്‍ തീരുമാനമെടുക്കും. യംഗ് ഇന്ത്യ കേ ബോല്‍ എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനിലൂടെയാണ് അര്‍ജുന്റെ യോഗ്യത നിശ്ചയിച്ചതെന്നും ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി.

🔳സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ വികാരം ദേശീയ നേതൃത്വം ഉള്‍ക്കൊണ്ടുവെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. വക്താക്കളെ പ്രഖ്യാപിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത് താന്‍ തന്നെയാണെന്നും ഷാഫി പറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ ഗ്രൂപ്പ് പ്രശ്നങ്ങളുമായി ഈ ലിസ്റ്റിന് ബന്ധമില്ല. ഏതെങ്കിലും നേതാവ് പേര് എഴുതിക്കൊടുത്തു വന്നതല്ല ലിസ്റ്റ്. നേതാക്കളുടെ മക്കള്‍ സംഘടനാപരമായ പ്രവര്‍ത്തനങ്ങളിലൂടെ നേതൃത്വത്തില്‍ വരുന്നതില്‍ തെറ്റില്ല. എന്നാല്‍, വളഞ്ഞ വഴിയിലൂടെ നേതൃത്വത്തിലേക്ക് വരുന്നതില്‍ യോജപ്പുമില്ലെന്ന് ഷാഫി കൂട്ടിച്ചേര്‍ത്തു.

🔳മുസ്ലീം ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സാമ്പത്തിക ആരോപണങ്ങളിലും തെളിവ് നല്‍കാന്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ഹാജരായെന്ന് റിപ്പോര്‍ട്ടുകള്‍. എ ആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് കെ ടി ജലീല്‍ ആരോപിച്ചിരുന്നു. എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണം ഉണ്ടെന്നും ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ മുന്‍പ് ആരോപണം ഉയര്‍ത്തിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ചില തെളിവുകള്‍ സമര്‍പ്പിക്കാനാണ് ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ എത്തിയതെന്നാണ് വിവരം.

🔳തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളിയില്‍ 18 കൗണ്‍സിലര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നഗരസഭ അധ്യക്ഷയെ തടഞ്ഞു വച്ചതിനും അതിക്രമത്തിനുമെതിരെയാണ് 16 ഇടത് കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ മര്‍ദിച്ചു എന്ന പരാതിയില്‍ രണ്ട് യുഡിഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെയും കേസെടുത്തു. സീല്‍ ചെയ്ത ഓഫീസ് ക്യാബിനില്‍ നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്‍ കയറിയതിന് പിന്നാലെയാണ് ഇന്നലെ പ്രതിഷേധമുണ്ടായത്. വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൂട്ടി മുദ്രവെച്ച ക്യാബിന്‍ സ്വന്തം താക്കോല്‍ ഉപയോഗിച്ച് തുറന്ന് കയറിയ അജിത ഫയലുകള്‍ പരിശോധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ക്യാബിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.

🔳സിപിഎം ഭരിക്കുന്ന തിരുവനന്തപുരത്തെ ആര്യനാട് സഹകരണ ബാങ്കില്‍ വായ്പാതട്ടിപ്പില്‍ ബാങ്ക് മാനേജര്‍ ബിജു കുമാര്‍ അറസ്റ്റില്‍. ക്രൈം ബ്രാഞ്ചാണ് ബിജു കുമാറിനെ അറസ്റ്റ് ചെയ്തത്. ഏഴുകോടിയില്‍പ്പരം രൂപ ജീവനക്കാര്‍ തട്ടിയെടുത്തെന്ന് സഹകരണവകുപ്പ് കണ്ടെത്തിയിട്ട് ഒരു വര്‍ഷത്തിലധികമായി. 185 ലധികം പേരുടെ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ അവരറിയാതെ വച്ച് വായ്പ എടുത്തുവെന്നാണ് സഹകരണവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. ബാങ്കിന്റെ സായാഹ്നശാഖയിലെ ബാങ്ക് മാനേജര്‍, ജൂനിയര്‍ ക്ലര്‍ക്ക് എന്നിവരായിരുന്നു തട്ടിപ്പ് നടത്തിയതെന്നായിരുന്നു കണ്ടെത്തല്‍.

🔳അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. നാലുപേരും ആറാട്ടുപുഴ വലിയഴീക്കല്‍ സ്വദേശികളാണ്. അഴീക്കല്‍ ഹാര്‍ബറിന് ഒര് നോട്ടിക്കല്‍ മൈല്‍ അകലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. തിരയില്‍പ്പെട്ട് വള്ളം മറികയുയായിരുന്നു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന ഓംകാരം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. പതിനാറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. രക്ഷപ്പെട്ട 12 പേരെയും കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

🔳കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സമിതിയുടെ അഭിപ്രായം വന്ന ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. സ്‌കൂളുകള്‍ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധര്‍ മുന്നോട്ടുവച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

🔳സ്ത്രീവിരുദ്ധതയും അവിഹിതബന്ധങ്ങളും ‘പ്രൈം ടൈമില്‍’ വീടുകളിലെത്തിക്കുന്ന ടെലിവിഷന്‍ സീരിയലുകള്‍ക്കെതിരേ കടുത്ത നിലപാടുമായി സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജൂറി. കുടുംബത്തോടൊപ്പമിരുന്ന് കാണാന്‍ പാടില്ലാത്തവിധം നിലവാരത്തകര്‍ച്ചയിലാണ് മലയാളത്തിലെ സീരിയലുകളെന്നു കാട്ടി ഇത്തവണയും സീരിയലുകള്‍ക്ക് പ്രധാന പുരസ്‌കാരങ്ങള്‍ നല്‍കിയില്ല. സ്ത്രീധനപീഡനമടക്കം വര്‍ധിക്കുന്നതിനു പിന്നില്‍ ഇത്തരം പരമ്പരകളുടെ സ്വാധീനമുണ്ടെന്നും ജൂറി നിരീക്ഷിച്ചു. ഇതില്‍ ഗൗരവമായ ഇടപെടലുണ്ടാകണമെന്ന നിര്‍ദേശവും ജൂറി സര്‍ക്കാരിനു സമര്‍പ്പിച്ചു.

🔳നിലവാരമുള്ള എന്‍ട്രികള്‍ ഇല്ലാത്തതിനാല്‍ മികച്ച സീരിയലിനുള്ള അവാര്‍ഡുകള്‍ ഇത്തവണ ഇല്ലെന്നുപറഞ്ഞ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജൂറിയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. മലയാളത്തിലിറങ്ങുന്ന സിനിമകള്‍ക്കും പുസ്തകങ്ങള്‍ക്കും കുറൊസാവയുടെയോ പാവ്ലോ കൊയ്ലോയുടെയോ സൃഷ്ടികളുടെ നിലവാരം ഉള്ളതുകൊണ്ടാണോ അവയ്ക്ക് അവാര്‍ഡുകള്‍ കൊടുക്കുന്നതെന്ന് ഹരീഷ് പേരടി ചോദിച്ചു.

🔳മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം വിധിച്ച് കോടതി. പത്തനംതിട്ട പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് വര്‍ഷമാണ് സ്വന്തം പിതാവ് പീഡിപ്പിച്ചത്. 2016 മുതല്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയായിരുന്നു പീഡനം.

🔳ജിഎസ്ടിയില്‍ കേരളത്തിന്റെ വരുമാനം ഓഗസ്റ്റ് മാസത്തില്‍ 1,612 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ സമാന മാസത്തെക്കാള്‍ 31 ശതമാനമാണ് വര്‍ധന.

🔳അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധിനിവേശം ഇന്ത്യയില്‍ ആഘോഷിക്കുന്നത് അപകടരമായ സ്ഥിതിവിശേഷമെന്ന് നടന്‍ നസുറുദ്ദീന്‍ ഷാ. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തത് ലോകത്തെയൊട്ടാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ ഒരു വിഭാഗം അത് ആഘോഷിക്കുന്നതും അപകടരമാണ്. താലിബാനെ ആഘോഷിക്കുന്നവര്‍ നവീകരണം വേണോ അപരിഷ്‌കൃത രീതി വേണോ എന്നു ചിന്തിക്കണം. നമുക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത മാറ്റമാണിതെന്നും നസുറുദ്ദീന്‍ ഷാ പറഞ്ഞു.

🔳കാബൂളിലെ എംബസി തുറക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് താലിബാന്‍. ഇന്ത്യയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന നിര്‍ദ്ദേശവും താലിബാന്‍ മുന്നോട്ടുവച്ചു. ഇതിനിടെ അഫ്ഗാനിസ്ഥാനില്‍ ഐഎസില്‍ ചേര്‍ന്നവര്‍ തിരിച്ചെത്തുന്നത് തടയാന്‍ കേന്ദ്രം 43 വിമാനത്താവളങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.

🔳അഫ്ഗാന്‍ പിടിച്ചടക്കിയെങ്കിലും ഇപ്പോഴും താലിബാന് മുമ്പില്‍ പ്രതിരോധം തീര്‍ത്ത് പോരാട്ടം തുടരുകയാണ് വടക്കുകിഴക്കന്‍ പ്രവിശ്യയായ പഞ്ച്ഷീറിലെ പ്രതിരോധ സേന. വ്യാഴാഴ്ച 13 താലിബാന്‍ തീവ്രവാദികളെ കൊലപ്പെടുത്തിയതായാണ് പുറത്തു വരുന്ന വിവരം. പഞ്ച്ഷീര്‍ പ്രോവിന്‍സ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ കൂടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

🔳ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ കാമ്പസ് കാന്റീനുകള്‍ മത്സ്യമാംസാദി വിഭവങ്ങള്‍ വെട്ടിക്കുറച്ചു. സര്‍വകലാശാലകളിലെ കാന്റീനുകളില്‍ ഇനി മുതല്‍ സസ്യാഹാരമായിരിക്കും കൂടുതലും ലഭിക്കുക. കാലാവസ്ഥാ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് മെനുവില്‍ കൂടുതലും സസ്യാഹാരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് പറയുന്നത്. ഒക്ടോബര്‍ ആദ്യം മുതല്‍ ക്യാന്റീനുകളില്‍ നാല് ശതമാനം മാത്രമായിരിക്കും മത്സ്യ-മാംസ വിഭവങ്ങള്‍ ലഭിക്കുക.

🔳ഐഡ ചുഴലിക്കാറ്റിന് പിന്നാലെ ന്യൂയോര്‍ക്കില്‍ വെള്ളപ്പൊക്കവും രൂക്ഷമായിരിക്കുകയാണ്. ബുധനാഴ്ച രാത്രിയിലും ന്യൂയോര്‍ക്കിലും ന്യൂ ജഴ്സിയിലും ശക്തമായ മഴയാണ് പെയ്തത്. നഗരത്തിന്റെ പല ഭാഗങ്ങളും ഇതോടെ വെള്ളത്തിനടിയിലാണ്.

🔳ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഐതിഹാസികമായ തിരിച്ചുവരവ് നടത്തി പോര്‍ച്ചുഗല്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് ഗോള്‍ നേടിയ മത്സരത്തില്‍ 2-1നായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. നേരത്തെ പെനാല്‍റ്റി നഷ്ടമാക്കിയ ശേഷമാണ് അവസാന നിമിഷങ്ങളില്‍ ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിന് ജയം സമ്മാനിച്ചത്.

🔳അയര്‍ലന്‍ഡിനെതിരായ ഇരട്ട ഗോളോടെ ക്രിസ്റ്റ്യാനോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി. 36കാരനായ ക്രിസ്റ്റ്യാനോയ്ക്ക് ഇപ്പോള്‍ 111 ഗോളായി. 1993 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ഇറാന്‍ താരം അലി ദേയി നേടിയ 109 ഗോളുകളുടെ റെക്കോര്‍ഡാണ് ക്രിസ്റ്റ്യാനോ മറികടന്നത്.

🔳ഇന്ത്യയിലെ കര്‍ഷകരെ സഹായിക്കാനായി ആമസോണ്‍ വരുന്നു. കര്‍ഷകര്‍ക്ക് കാര്‍ഷിക വിളകളെക്കുറിച്ച് സമയബന്ധിതമായ ഉപദേശം, വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇനി ആമസോണിന്റെ സഹായം ഉണ്ടാകും. ആമസോണ്‍ റീട്ടെയില്‍ ആണ് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഈ കാര്‍ഷിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ആമസോണില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷക പങ്കാളികള്‍ക്ക് കാര്‍ഷിക വിളകളിലെ രോഗ പരിപാലനത്തെക്കുറിച്ചുള്ള വിവരങ്ങള്‍, വേഗത്തിലുള്ള തീരുമാനമെടുക്കാനുള്ള സഹായം, കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്ന പുതിയ പഠനങ്ങള്‍ സൃഷ്ടിക്കാനും കമ്പനി ഇടപെടും.

🔳മുത്തൂറ്റ് മിനി കടപ്പത്രങ്ങള്‍ക്കും ലോണുകള്‍ക്കും ഉയര്‍ന്ന റേറ്റിങ്. കെയര്‍ റേറ്റിങ്ങിനു പിന്നാലെ മുന്‍നിര റേറ്റിങ് ഏജന്‍സിയായ ഇന്ത്യാ റേറ്റിങ്‌സ് ആന്റ് റിസര്‍ച്ചും മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ കടപ്പത്രങ്ങളുടെയും, ബാങ്ക് വായ്പകളുടെയും റേറ്റിംഗ് ഉയര്‍ത്തി. ട്രിപ്പ്ള്‍ ബി പ്ലസ് സ്റ്റേബ്ളായി ആണ് റേറ്റിങ് ഉയര്‍ത്തിയത്. മുത്തൂറ്റ് ഫിനാന്‍സിയേഴ്‌സിന്റെ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ പബ്ലിക് ഇഷ്യൂ ആഗസ്റ്റ് 18ന് ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ ഒന്‍പതിന് സമാപിക്കും.

🔳വിശാല്‍ നായകനാവുന്ന പുതിയ സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു. വിശാല്‍ 32 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തില്‍ തെലുങ്ക്-തമിഴ് താരം സുനൈന ആണ് നായിക. നവാഗതനായ ഏ. വിനോദ് കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. തമിഴിലെ നായക നടന്മാരായ ഉറ്റ സുഹൃത്തുക്കള്‍, രമണയും നന്ദയു ചേര്‍ന്നാണ് റാണാ പ്രൊഡക്ഷന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്.

🔳

🔳

🔳റബ്ബോനി എന്നാല്‍ ആത്മീയഗുരു. വെളിച്ചത്തിന്റെ ആത്മ ജ്ഞാനം. റബ്ബോനി എന്ന വാക്കിന്റെ ജന്മപ്പടവുകളിലേക്ക് ഇറങ്ങിച്ചെന്നാല്‍ ഹീബ്രു ഭാഷയില്‍ ഒഴികെ മറ്റൊന്നിലേക്കും മൊഴിമാറ്റത്തിനു പിടിതരാത്ത മൗലികവഴക്കം കാണാം. അതിനാല്‍ മലയാളത്തിലും റബ്ബോനി റബ്ബോനിതന്നെ. വേദപുസ്തകത്തിലെ അങ്ങേയറ്റം ഭാവതീവ്രമായ സന്ദര്‍ഭത്തിലാണ്, മറിയയുടെ തിരിച്ചറിവിന്റെ അകംപൊരുളില്‍ നിന്ന,് ഈ ആത്മഗതം ഉണ്ടാവുന്നത്. ‘റബ്ബോനി’. റോസി തമ്പി. ഡിസി ബുക്സ്. വില 152 രൂപ.

🔳ജനിതകവ്യതിയാനം സംഭവിച്ച കൊവിഡ് വൈറസുകള്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. കുട്ടികള്‍ക്ക് വാക്‌സിന്‍ ഇതുവരെ ലഭ്യമായിട്ടില്ലാത്തതിനാല്‍ മൂന്നാം തരംഗമുണ്ടായാല്‍ കുട്ടികളെയായിരിക്കും ഇത് കാര്യമായി ബാധിക്കുകയെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മുതിര്‍ന്നവരെ കൊവിഡ് ബാധിക്കുന്ന അത്രയും തീവ്രമായി കുട്ടികളെ (12-17) ബാധിക്കില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കുന്നത്. എങ്കില്‍പോലും കൊവിഡാനന്തരം ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ (ലോംഗ് കൊവിഡ്) കുട്ടികളിലും കാണാമെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. ‘യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടന്‍’ഉം ‘പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്’ ഉം ചേര്‍ന്നാണ് പഠനം നടത്തിയത്. കൊവിഡ് പിടിപെട്ട കുട്ടികളില്‍ ഏഴിലൊരാള്‍ക്ക് എന്ന നിലയില്‍ ലോംഗ് കൊവിഡ് കാണാമെന്നാണ് പഠനം അവകാശപ്പെടുന്നത്. ടെസ്റ്റ് ഫലം പൊസിറ്റീവായി, പതിനഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ ഈ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങാമെന്നും പഠനം പറയുന്നു. പ്രധാനമായും തലവേദന, ക്ഷീണം എന്നീ ആരോഗ്യപ്രശ്‌നങ്ങളാണ് ലോംഗ് കൊവിഡായി കു്ട്ടികളില്‍ കാണപ്പെടുകയത്രേ. കൊവിഡ് ബാധിച്ച മൂവ്വായിരത്തിലധികം കുട്ടികളുടെ കേസ് വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. എന്തായാലും ഭയപ്പെടേണ്ട അത്രയും തോതില്‍ കുട്ടികളെ കൊവിഡ് കടന്നുപിടിക്കില്ല എന്നുതന്നെയാണ് ഈ പഠനവും ചൂണ്ടിക്കാട്ടുന്നത്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 72.97, പൗണ്ട് – 100.56, യൂറോ – 86.42, സ്വിസ് ഫ്രാങ്ക് – 79.75, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.84, ബഹറിന്‍ ദിനാര്‍ – 193.56, കുവൈത്ത് ദിനാര്‍ -242.55, ഒമാനി റിയാല്‍ – 189.51, സൗദി റിയാല്‍ – 19.45, യു.എ.ഇ ദിര്‍ഹം – 19.86, ഖത്തര്‍ റിയാല്‍ – 20.04, കനേഡിയന്‍ ഡോളര്‍ – 57.90.

Leave a Reply