2021 | സെപ്റ്റംബർ 4 | 1197 | ചിങ്ങം 20 | ശനി | പൂയം |
🔳അഫ്ഗാനിസ്താനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ചൈനയുടെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബാഗ്രാം വ്യോമതാവളമുള്‍പ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ചൈന ഏറ്റെടുക്കുന്നത് ഇന്ത്യയ്ക്കും ആശങ്ക വര്‍ധിപ്പിക്കുന്ന നീക്കമാണെന്നാണ് വിദേശകാര്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അധിനിവേശകാലത്ത് അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നു ബാഗ്രാം വ്യോമതാവളം. ഇത് നിയന്ത്രണത്തിലാക്കാന്‍ ചൈന ശ്രമിക്കുന്നുവെന്നാണ് കരുതേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ പാകിസ്താനെ ശക്തിപ്പെടുത്താനും ആവശ്യമെങ്കില്‍ ഇന്ത്യയ്‌ക്കെതിരേ ഉപയോഗിക്കാനും ചൈനയ്ക്ക് സാധിക്കുമെന്ന് മുന്‍ യുഎന്‍ നയതന്ത്രജ്ഞ നിക്കി ഹാലെ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
🔳രാജ്യത്ത് 39 മരുന്നുകളുടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയില്‍ 39 മരുന്നുകള്‍ പുതുതായി ഉള്‍പ്പെടുത്തി. ക്യാന്‍സര്‍, പ്രമേഹം അടക്കമുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകളില്‍ ചിലതാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം ബ്ലീച്ചിങ് പൗഡര്‍ ഉള്‍പ്പെടെയുള്ള 16 മരുന്നുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷം കൂടുമ്പോഴാണ് ദേശീയ അവശ്യമരുന്ന് പട്ടിക പുതുക്കുന്നത്. നിലവില്‍ 374 ഓളം മരുന്നുകള്‍ എന്‍എല്‍ഇഎം പട്ടികയില്‍ ഉണ്ട്. കേന്ദ്രമന്ത്രി മന്‍സുഖ് മാന്‍ഡവ്യയാണ് ഇളവ് പ്രഖ്യാപിച്ചത്.
🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 69.26 ശതമാനം രോഗികളും കേരളത്തില്‍. 42,346 കോവിഡ് രോഗികളില്‍ 29,322 രോഗികളും കേരളത്തിലാണ്. ഇന്നലത്തെ മരണങ്ങളില്‍ 38.52 ശതമാനം മരണങ്ങളും കേരളത്തിലാണ് രേഖപ്പെടുത്തിയത്. 340 മരണങ്ങളില്‍ 131 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ സജീവരോഗികളില്‍ 61.69 ശതമാനവും കേരളത്തില്‍ തന്നെ. രാജ്യത്തെ 3,99,498 സജീവരോഗികളില്‍ 2,46,467 പേരും കേരളത്തിലാണുള്ളത്.
🔳കൊവിഡ് കേസുകളും ടിപിആറും കുതിച്ചുയരുമ്പോഴും സംസ്ഥാനത്ത് ഇനിയും പൂര്‍ണ്ണമായ അടച്ചിടല്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ഡുതല സമിതികള്‍ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രണ്ടാം തരംഗത്തില്‍ വാര്‍ഡുതല സമിതികള്‍ പിന്നോട്ട് പോയെന്നും തദ്ദേശ പ്രതിനിധികളുടെ യോഗത്തില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു.
🔳18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വിഭാഗത്തില്‍ 27.74 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇത് യഥാക്രമം 60.81 ശതമാനവും 22.49 ശതമാനവുമാണ്. ഇതോടെ ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,94,87,970 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനം നടത്തിയ ഊര്‍ജിത ശ്രമങ്ങളാണ് ഇത്ര വേഗം ഈ ലക്ഷ്യം കൈവരിക്കാനായതെന്നും ആഗസ്റ്റ് മാസത്തില്‍ മാത്രം 88 ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ നല്‍കാനായെന്നും മന്ത്രി വ്യക്തമാക്കി.
🔳പെരുമാറ്റ ദൂഷ്യത്തിന് സംസ്ഥാന പൊലീസിനെതിരെ വടിയെടുത്ത് ഹൈക്കോടതി. പൊതുജനങ്ങളോട് മാന്യമായി പെരുമാറാന്‍ പൊലീസുകാരോട് ആവശ്യപ്പെടണമെന്ന് സിംഗിള്‍ ബെഞ്ച് ഡിജിപിക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ പൊലീസ് പഴികേള്‍ക്കുന്നതിനെടെയാണ് ഹൈക്കോടതിയും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയത്.
🔳കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ ഓഫ്ലൈനായി നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. ഈ ഒരാഴ്ചക്കുള്ളില്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്ത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തിപ്പ് തീരുമാനിച്ചതെന്നും പരീക്ഷ നടത്തിയാല്‍ കുട്ടികള്‍ രോഗബാധിതര്‍ ആകില്ലെന്ന് സര്‍ക്കാരിന് ഉറപ്പുനല്‍കാനാകുമോ എന്നുമാണ് കോടതി ഇന്നലെ സര്‍ക്കാരിനോട് ചോദിച്ചത്. കേസ് 13 ന് വീണ്ടും പരിഗണിക്കും
🔳സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതില്‍ തീരുമാനം കോടതി ഉത്തരവ് അനുസരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്നും മന്ത്രി അറിയിച്ചു. കേസ് വീണ്ടും പരിഗണണിക്കുന്ന 13 ന് ശേഷം പരീക്ഷാ നടത്തിപ്പില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
🔳അഭിഭാഷകന്‍ ബസന്ത് ബാലാജി, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ് ഉള്‍പ്പടെ എട്ടു പേരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. സെപ്റ്റംബര്‍ ഒന്നിന് ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയം യോഗമാണ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ കൈമാറിയത്.
🔳സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ മാര്‍ക്കിടാനുള്ള നീക്കത്തിന് കടുത്ത എതിര്‍പ്പ്. വെള്ളിയാഴ്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജീവനക്കാരുടെ സംഘടനാപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ എതിര്‍പ്പുയര്‍ന്നു. ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശകളെ സംഘടനാ പ്രതിനിധകള്‍ ഒന്നടങ്കം എതിര്‍ത്തു.
🔳സംസ്ഥാനത്തെ അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. പ്ലസ് വണ്‍ മോഡല്‍ പരീക്ഷ നടക്കുന്നതിനാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ അടക്കമുള്ള വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരുടെ സാന്നിധ്യം അനിവാര്യമായി തീര്‍ന്നിരിക്കുന്നതിനാലും അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
🔳ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ കലാപമുയര്‍ത്തിയതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പി.എസ്.പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ നേരിട്ടെത്തിയാണ് പ്രശാന്ത് രാഷ്ട്രീയ ജീവിതത്തിലെ പുതിയ ഇന്നിംഗ്സിന് തുടക്കമിട്ടത്.
🔳യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിച്ചുവെന്ന പാര്‍ട്ടി വിലയിരുത്തല്‍ ശരിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോണ്‍ഗ്രസില്‍ വലിയ തകര്‍ച്ചയും ശിഥിലീകരണവുമാണ് നടക്കുന്നത്. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തന്നെ ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കരുത്ത് ചോര്‍ന്നുവെന്നും ജനവിരുദ്ധമായ ബിജെപി നിലപാടുകളെ പ്രതിരോധിക്കാന്‍ സാധിക്കാത്ത നിലയിലേക്ക് കേന്ദ്രത്തിലെ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
🔳അച്ചടക്കലംഘനത്തിന് കോണ്‍ഗ്രസ് പുറത്താക്കിയ പി.എസ്.പ്രശാന്തിനെ സ്വീകരിച്ച സിപിഎമ്മിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കേരള പോലീസിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ പരസ്യമായി വിളിച്ചു പറയുന്നത് കേള്‍ക്കുന്നത് പിണറായി വിജയന് അഭിമാനകരമാണെങ്കിലും കേരളത്തിന് അപമാനമാണെന്നും കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് നോക്കി നടക്കുന്ന പാര്‍ട്ടി സെക്രട്ടറി അടിയന്തിരമായി RSS കാരെ പുറത്താക്കി കഴിവുള്ള ഒരു CPM – MLA യെ ആഭ്യന്തര മന്ത്രി ആക്കാന്‍ തയ്യാറാകണമെന്നും സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
🔳പൊട്ടിത്തെറികളില്‍ നിന്ന് കോണ്‍ഗ്രസ് ഭിന്നതകളിലേക്ക് പോകരുതെന്ന് മുന്‍ എംഎല്‍എ പി. സി. ജോര്‍ജ്. പുതിയ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഒരേ അച്ചുതണ്ടായി നില്‍ക്കുകയാണെന്നും അത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം കൊള്ളിക്കുമെന്നും എന്നാല്‍ അതിനിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ നടക്കുന്നവര്‍ മോശക്കാരാകുമെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.
കേരളത്തിലെ ഏറ്റവും* മികച്ച ഒരു വാട്സപ്പ് വാർത്താ പ്ലാറ്റ്ഫോമിൽ* ഇപ്പോൾ പരസ്യം ചെയ്യാം*
ഏറ്റവും കുറഞ്ഞ നിരക്കിൽ_*
എല്ലാത്തരം പരസ്യങ്ങൾക്കും മികച്ച പ്രതികരണം*
കേരളത്തിലെ അതി പ്രശസ്തരുടെ അനുമോദനങ്ങൾ_*
വ്യാജ വാർത്തകളോ, അനാവശ്യ* പരാമർശങ്ങളോ ഇല്ലാത്തതിനാൽ* വായനാ സമൂഹത്തിന്റെ വലിയ പിന്തുണ*
വാർത്തകൾക്കും പരസ്യങ്ങൾക്കും കൃത്യമായ സമയ ക്രമം*
അതാണ് ന്യൂസ് സർക്കിൾ വാർത്തകൾ*
ഇപ്പോൾ 50 ഗ്രൂപ്പുകൾ*
12500 അംഗങ്ങൾ*
പരസ്യങ്ങൾ വാട്സാപ്പ് ചെയ്യുക
വിവരങ്ങൾക്ക് വിളിക്കുക
9495211809*
ഇത് ന്യൂസ് സർക്കിൾ ചെങ്ങന്നൂരിൻ്റെ മാത്രം പരസ്യമാണ്
🔳കോണ്‍ഗ്രസിലെ തര്‍ക്കപരിഹാരത്തിന് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കാണും. തിങ്കളാഴ്ച യു.ഡി.എഫ്. യോഗമുള്ളതിനാല്‍ ചൊവാഴ്ച ഇരുവരെയും കാണാനാണ് ശ്രമം. കാണാനുള്ള താത്പര്യം ഇരുനേതാക്കളെയും അറിയിച്ചു. ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന ആവശ്യത്തിലേക്ക് എ, ഐ ഗ്രൂപ്പ് നേതൃത്വം എത്തിയിട്ടുണ്ട്.
🔳പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്‍പില്‍ ഹാജരാവുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഇഡിയില്‍ നിന്നും കുഞ്ഞാലിക്കുട്ടി ഒളിച്ചോടില്ല, വ്യക്തിപരമായ കാര്യങ്ങള്‍ മൂലമാവാം ഇഡിക്ക് മുന്നില്‍ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ തവണ ഹാജരാവാതിരുന്നത്. കെ.സുരേന്ദ്രനും കെടി ജലീലും ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇഡിക്ക് മുന്‍പില്‍ ഹാജരായതെന്നും പിഎംഎ സലാം പറഞ്ഞു.
🔳എംഎസ്എഎഫ് നേതാക്കള്‍ക്കെതിരെ ലൈംഗീക അധിക്ഷേപ പരാതി നല്‍കിയ ഹരിതയിലെ പെണ്‍കുട്ടികളോട് ഹിയറിംഗിന് ഹാജരാവാന്‍ വനിത കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഏഴാം തിയ്യതി മലപ്പുറത്ത് നടക്കുന്ന ഹിയറിംഗില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ മലപ്പുറത്ത് ഹാജരാവാന്‍ കഴിയില്ലെന്നും കോഴിക്കോട് ഹാജരാവാന്‍ അനുവദിക്കണമെന്നും ഹരിത വനിത കമ്മീഷനെ അറിയിച്ചു.
🔳വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്കു പോകുന്ന കര്‍ഷകരുടെ ശരീരത്തില്‍ കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സീല്‍ പതിപ്പിക്കുന്നതായി പരാതി. മാനന്തവാടി-മൈസൂര്‍ റോഡിലെ ബാവലി ചെക്‌പോസ്റ്റിലാണ് യാത്രക്കാരുടെ കൈയ്യില്‍ തിയ്യതി രേഖപ്പെടുത്തിയ മുദ്ര പതിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് കടക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിതില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിവാദ നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി വയനാട് ജില്ല കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
🔳നിലവിലുള്ള തിരുവനന്തപുരം-അങ്കമാലി എം.സി.റോഡിന് സമാന്തരമായി ഗ്രീന്‍ഫീല്‍ഡ് സാമ്പത്തിക ഇടനാഴി എന്ന പേരില്‍ ദേശീയപാത നിര്‍മിക്കാന്‍ ദേശീയ ഹൈവേ അതോറിറ്റി പദ്ധതിയിടുന്നു. തിരുവനന്തപുരം മുതല്‍ അങ്കമാലിവരെ നാലുവരിയായി ഗ്രീന്‍ഫീല്‍ഡ് സാമ്പത്തിക ഇടനാഴി എന്നപേരില്‍ 45 മീറ്റര്‍ വീതിയിലാണ് പുതിയ ദേശിയപാത നിര്‍മിക്കുന്നതിന് പ്രാഥമികസര്‍വേ നടത്തുന്നത്. വിതുര, പുനലൂര്‍, പത്തനാപുരം, കോന്നി, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, തിടനാട്, അന്തീനാട്, തൊടുപുഴ, മലയാറ്റൂര്‍വഴിയാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്.
🔳സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയ മരംമുറി കേസില്‍ വനം, റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. അന്വേഷണത്തിന് നിയമപ്രാബല്യം ഉണ്ടാവാനാണ് പ്രത്യേക ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ അഴിമതി, ക്രമക്കേട്, സാമ്പത്തിക ഇടപാടുകള്‍ എന്നിവയാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.
🔳സാക്ഷരതാ മിഷന്‍ നടത്തിയ രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി തുല്ല്യതാ പരീക്ഷയില്‍ വിവാദ ചോദ്യം. രണ്ടാം വര്‍ഷ സോഷ്യോളജി ചോദ്യപ്പേപ്പറിലാണ് ‘ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയോ’ എന്ന വിവാദ ചോദ്യമുള്ളത്. ചോദ്യം തയാറാക്കിയത് തങ്ങളല്ലെന്നും ഹയര്‍സെക്കന്റി ബോര്‍ഡാണെന്നും സാക്ഷരതാ മിഷന്‍ വിശദീകരിച്ചു. സംഭവം പരിശോധിക്കുമെന്ന് ഹയര്‍സെക്കന്ററി ബോര്‍ഡും വ്യക്തമാക്കി.
🔳സംസ്ഥാനത്ത ആറുജില്ലകളില്‍ പത്താം ക്ലാസ് വിജയിച്ച കുട്ടികളുടെ എണ്ണത്തേക്കാള്‍ പ്ലസ് വണ്ണിന് സീറ്റുകള്‍ കൂടുതല്‍. തിരുവനന്തപുരം, ആലപ്പുഴ,
പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് എസ്.എസ്.എല്‍. സി. പരീക്ഷയ്ക്ക് വിജയിച്ച കുട്ടികളുടെ എണ്ണത്തേക്കാള്‍ സീറ്റ് ഹയര്‍സെക്കന്‍ഡറിക്ക് കൂടുതലുള്ളത്.
🔳കുര്‍ബാന ക്രമം ഏകീകരിക്കാനുള്ള തീരുമാനത്തിനെതിരെ സിറോ മലബാര്‍ സഭയില്‍ കടുത്ത നിലപാടുമായി ഒരു വിഭാഗം വൈദികര്‍ രംഗത്ത്. സിനഡ് തീരുമാനം ഉള്‍ക്കൊള്ളിച്ചുള്ള കര്‍ദ്ദിനാളിന്റെ ഇടയലേഖനം പള്ളികളില്‍ വായിക്കില്ലെന്ന് ഇരിങ്ങാലക്കുട രൂപതാ വൈദികര്‍ അറിയിച്ചു. നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരണമെന്നും 184 വൈദികരുടെ പിന്തുണ ഉണ്ടെന്നും വൈദികര്‍ അറിയിച്ചു. തീരുമാനത്തിന് എതിരെ റോമിലും സിനഡിലും അപ്പീല്‍ നല്‍കാനാണ് വൈദികരുടെ തീരുമാനം.
🔳ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ തന്നെ പുറത്തുവിടുന്ന ഒരേ ഒരു ജീവി പശുവാണെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി. പശുവിനെ ഇന്ത്യയുടെ ‘ദേശീയ മൃഗം’ ആയി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ആണ് ഈ അഭിപ്രായപ്രകടനവും നടത്തിയിരിക്കുന്നത്. പശുവിനെ കശാപ്പ് ചെയ്ത പ്രതിക്ക് ജാമ്യം നിഷേധിച്ച അതേ ഉത്തരവിന്റെ തന്നെ പകര്‍പ്പിലാണ് ഈ പരാമര്‍ശവുമുള്ളത്.
🔳സര്‍വകലാശാലാ പാഠ്യപദ്ധതിയില്‍നിന്ന് സോഷ്യലിസ്റ്റ് നേതാക്കളായ ജയപ്രകാശ് നാരായണിനെയും രാംമനോഹര്‍ ലോഹ്യയെയും പുറന്തള്ളിയത് ബിഹാറില്‍ വന്‍വിവാദത്തിന് ഇടയാക്കി. ഛപ്ര ആസ്ഥാനമായി ജെ.പി.യുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ജയപ്രകാശ് സര്‍വകലാശാലയുടെ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പാഠ്യപദ്ധതിയില്‍നിന്നാണ് ഇരുവരെയുംകുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കിയത്. ജനസംഘം നേതാവായിരുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയത് വിവാദം രൂക്ഷമാകാനിടയാക്കി.
🔳താലിബാന്റെ സ്ഥാപകരില്‍ ഒരാളായ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അഫ്ഗാനിസ്താന്റെ പുതിയ ഭരണാധികാരിയാകും. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും. താലിബാന്‍ വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
🔳അഫ്ഗാനിസ്ഥാന്റെ പുതിയ ഭരണത്തില്‍ സ്ത്രീകള്‍ക്ക് ഇടം ലഭിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. എന്നാല്‍ ഇതിനിടയില്‍ അഫ്ഗാനില്‍ സ്ത്രീകള്‍ ഒരു വ്യത്യസ്തമായൊരു പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരിക്കയാണ്. താലിബാന്‍ ഭരണത്തിന്‍ കീഴില്‍ തങ്ങളുടെ പെണ്‍മക്കള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയുമെങ്കില്‍ തങ്ങള്‍ ബുര്‍ഖ ധരിക്കാന്‍ തയ്യാറാണെന്നാണ് വ്യാഴാഴ്ച നടന്ന ഈ അപൂര്‍വ പ്രതിഷേധത്തില്‍ അഫ്ഗാന്‍ സ്ത്രീകള്‍ പറഞ്ഞത്. അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലെ തെരുവുകളില്‍ പ്ലക്കാര്‍ഡുകള്‍ വീശിക്കൊണ്ട് 50 ഓളം വനിതാ പ്രകടനക്കാരാണ് സമരം ചെയ്തത്.
🔳ഡ്യൂറന്റ് കപ്പിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ ജയം. വെള്ളിയാഴ്ച ജമ്മു കശ്മീര്‍ ഇലവനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് വിജയിച്ചത്.
🔳അര്‍ജന്റീന താരം ജോര്‍ജ് റൊണാള്‍ഡോ പെരേര ഡയസ് വരുന്ന ഐ.എസ്.എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. അര്‍ജന്റീന ക്ലബ് അത്‌ലറ്റികോ പ്ലാറ്റെന്‍സില്‍നിന്ന് വായ്പ്പാടിസ്ഥാനത്തിലാണ് പെരേര ഡയസ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.
🔳ടോക്കിയോ പാരാലിംപിക്സില്‍ ചരിത്രനേട്ടവുമായി അമ്പെയ്ത്ത് താരം ഹര്‍വീന്ദര്‍ സിംഗ്. പാരാ ആര്‍ച്ചറിയില്‍ പുരുഷവിഭാഗം വ്യക്തിഗത റീ കര്‍വ് വിഭാഗത്തില്‍ വെങ്കലം നേടിയ ഹര്‍വീന്ദര്‍ ഇന്ത്യക്ക് പാരാലിംപിക്സിലെ പതിമൂന്നാം മെഡല്‍ സമ്മാനിച്ചു. പാരാ ആര്‍ച്ചറിയിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്.
🔳ഇന്ത്യക്കെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 99 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പൊരുതുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 290 റണ്‍സിന് മറുപടിയായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെന്ന നിലയിലാണ്. 20 റണ്‍സോടെ രോഹിത് ശര്‍മയും 22 റണ്‍സുമായി കെ എല്‍ രാഹുലും ക്രീസില്‍. 10 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കാന്‍ ഇന്ത്യക്കിനിയും 56 റണ്‍സ് കൂടി വേണം. നേരത്തെ 62 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടമായി പതറിയ ഇംഗ്ലണ്ടിനെ 60 പന്തില്‍ 50 റണ്‍സെടുത്ത ക്രിസ് വോക്സും 81 റണ്‍സെടുത്ത ഓലി പോപ്പും ചേര്‍ന്നാണ് 290ല്‍ എത്തിയത്.
🔳കേരളത്തില്‍ ഇന്നലെ 1,63,691 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,280 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,874 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1251 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 118 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,938 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,46,437 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസര്‍ഗോഡ് 474.
രാജ്യത്ത് ഇന്നലെ 42,346 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 36,032 പേര്‍ രോഗമുക്തി നേടി. മരണം 340. ഇതോടെ ആകെ മരണം 4,40,256 ആയി. ഇതുവരെ 3,29,44,691 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.99 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 4,313 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,568 പേര്‍ക്കും കര്‍ണാടകയില്‍ 1,220 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,520 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 6,45,600 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,76,645 പേര്‍ക്കും ബ്രസീലില്‍ 25,348 പേര്‍ക്കും റഷ്യയില്‍ 18,856 പേര്‍ക്കും ഇംഗ്ലണ്ടില്‍ 42,076 പേര്‍ക്കും തുര്‍ക്കിയില്‍ 22,857 പേര്‍ക്കും ഇറാനില്‍ 27,621 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 20,310 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.05 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.89 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 9,658 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,490 പേരും ബ്രസീലില്‍ 666 പേരും റഷ്യയില്‍ 799 പേരും ഇറാനില്‍ 561 പേരും ഇന്‍ഡോനേഷ്യയില്‍ 574 പേരും മെക്‌സിക്കോയില്‍ 993 പേരും മലേഷ്യയില്‍ 330 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45.65 ലക്ഷം.