Monday, October 7, 2024
HomeNewsഇന്നത്തെ വാർത്തകൾ ഇതുവരെ

ഇന്നത്തെ വാർത്തകൾ ഇതുവരെ


സായാഹ്‌ന വാർത്തകൾ
2021 സെപ്റ്റംബർ 05 | 1197 ചിങ്ങം 21 | ഞായർ | ആയില്യം |

🔳വ്യത്യസ്ത കഴിവുകളും വ്യത്യസ്ത സാമൂഹ്യപശ്ചാത്തലവുമുള്ള ഓരോ കുട്ടികളുടേയും സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കി വേണം അധ്യാപകര്‍ പ്രവര്‍ത്തിക്കാനെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭരണഘടന മൂല്യങ്ങളോട് കൂറു പുലര്‍ത്തും വിധവും രാജ്യസ്നേഹം വര്‍ധിപ്പിക്കുന്നതും ആകണം വിദ്യാഭ്യാസ സമ്പ്രദായമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു. അധ്യാപക ദിന ആശംസകളും രാഷ്ട്രപതി നേര്‍ന്നു.

🔳യുഎസ് ആസ്ഥാനമായുള്ള ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ ട്രാക്കര്‍ മോര്‍ണിംഗ് കണ്‍സള്‍ട്ട് സര്‍വേ’ നടത്തിയ സര്‍വെയില്‍ പതിമൂന്ന് ലോക നേതാക്കളുടെ പട്ടികയില്‍ എറ്റവുമധികം അംഗീകാരമുള്ള നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് റേറ്റിങ് നിശ്ചയിക്കുന്നത്. സെപ്റ്റംബര്‍ 2ന് പുറത്തുവന്ന കണക്കുകളിലാണ് മറ്റ് ലോക നേതാക്കളെ പിന്തള്ളി നരേന്ദ്ര മോദിക്ക് ഉയര്‍ന്ന റേറ്റിങ് ലഭിച്ചത്.

🔳രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസിനെതിരെ രൂക്ഷ പ്രതികരണവുമായി ആര്‍എസ്എസുമായി ബന്ധമുള്ള പ്രസിദ്ധീകരണമായ പാഞ്ചജന്യ. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഇന്‍ഫോസിസ് ദേശവിരുദ്ധ ശക്തികള്‍ക്ക് സഹായമൊരുക്കുകയാണെന്നും പാഞ്ചജന്യ ആരോപിച്ചു. അതേ സമയം കേന്ദ്ര സര്‍ക്കാരും ബിജെപിയും
ഇന്‍ഫോസിസും ഇതിനോട് പ്രതികരിച്ചിട്ടില്ല.

🔳നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 12 കാരന്‍ മരിച്ചു. കുട്ടിക്ക് നിപ ആയിരുന്നുവെന്ന് സ്ഥിരീകരിച്ചു. വൈറസ് ലക്ഷണങ്ങളോടെ മരിച്ച 12 വയസുകാരന്റെ സാമ്പിളുകള്‍ പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് സാമ്പിളും പോസിറ്റീവായിരുന്നു. അതീവ ഗുരുതര അവസ്ഥയിലായിരുന്ന കുട്ടി പുലര്‍ച്ചെയാണ് മരിച്ചത്. മന്ത്രിമാരായ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, മുഹമ്മദ് റിയാസ് എന്നിവരുള്‍പ്പെടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രാഥമിക സമ്പര്‍ക്ക പട്ടിക തയ്യാറാക്കി അവരെയെല്ലാം ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആശങ്കപ്പെടാനില്ലെന്നും മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

🔳വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. മരിച്ച കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച പഴൂര്‍ വാര്‍ഡ് അടച്ചു. സമീപ വാര്‍ഡുകളായ നായര്‍ക്കുഴി, കൂളിമാട്, പുതിയടം വാര്‍ഡുകള്‍ ഭാഗികമായി അടച്ചു. പനി, ഛര്‍ദ്ദി അടക്കമുള്ള ലക്ഷണമുള്ളവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ 17 പേര്‍ നിരീക്ഷണത്തിലാണ്.

🔳നിപബാധയെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്. മരിച്ച കുട്ടിക്ക് ഒരു ഘട്ടത്തിലും കൊവിഡ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. അതിനായി രോഗം ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കും. കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനിയെ തുടര്‍ന്ന് പ്രവേശിപ്പിച്ചപ്പോള്‍ സ്രവ പരിശോധന നടത്തിയിരുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

🔳സംസ്ഥാനത്തെ നടുക്കിയ നിപ വൈറസിന്റെ മൂന്നാം വരവില്‍, മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ വന്നത് 158 പേരെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തിയത്. ഇതില്‍ 20 പേരാണ് കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.

🔳നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്റെ മൃതദേഹം സംസ്‌കരിച്ചു. കോഴിക്കോട് കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കിയത്. പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവര്‍ത്തകരാണ് സംസ്‌കാര ചടങ്ങുകള്‍ ചെയ്തത്. അടക്കുന്നതിന് മുമ്പ് മയ്യത്ത് നമസ്‌കാരം നടത്തി.

🔳നിപ വ്യാപനത്തില്‍ പെട്ടെന്നുള്ള ഇടപെടല്‍ ആവശ്യമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുകയാണ് പ്രധാനം. അതിന് സാധിച്ചാല്‍ നിപ വ്യാപനം ഒഴിവാക്കാനാകുമെന്നും കെ കെ ശൈലജ പറഞ്ഞു.

🔳കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റും സെന്‍ട്രല്‍ മത്സ്യ- മാംസ മാര്‍ക്കറ്റും വ്യത്തിയായി സൂക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. മാര്‍ക്കറ്റിലെത്തുന്ന പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ഉപയോഗയോഗ്യമായ രീതിയില്‍ രണ്ടിടത്തും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ട ബാധ്യത തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുണ്ടെന്ന കാര്യം മറന്ന മട്ടിലാണ് നഗരസഭ പ്രവര്‍ത്തിക്കുന്നതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

🔳സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

🔳മുതിര്‍ന്ന നേതാക്കളുടെ പരസ്യ പ്രതികരണത്തില്‍ കടുത്ത അതൃപ്തിയറിയിച്ച് രാഹുല്‍ ഗാന്ധി. ഹൈക്കമാന്റ് അംഗീകരിച്ച ഡിസിസി പട്ടികയ്ക്കെതിരെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യുദ്ധം തുടരുന്നതില്‍ രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തിയിലാണ്. കഴിഞ്ഞ ദിവസം കേരളത്തിലെത്തി കെ സി വേണുഗോപാല്‍ ഹൈക്കമാന്റ് നിലപാട് ആവര്‍ത്തിച്ചിട്ടും രമേശ് ചെന്നിത്തല അച്ചടക്കം മറന്നു. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറിനോടും കെ സി വേണുഗോപാലിനോടും സംസാരിച്ച രാഹുല്‍ ഗാന്ധി അച്ചടക്ക ലംഘനത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയെന്നാണ് വിവരം.

🔳മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ ഹൈക്കമാന്‍ഡിന് പരാതി. പാര്‍ട്ടിയില്‍ കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് പരാതി. നേതൃമാറ്റം അംഗീകരിക്കാന്‍ ഇരുവരും തയാറാകുന്നില്ലെന്നും ഹൈക്കമാണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇരുവരുടേയും പരസ്യ പ്രസ്താവനകള്‍ നിയന്ത്രിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വി ഡി സതീശനെയും കെ സുധാകരനെയും പിന്തുണക്കുന്ന വിഭാഗമാണ് ഹൈക്കമാണ്ടിനെ സമീപിച്ചത്.

🔳ഡിസിസി അധ്യക്ഷ പട്ടികയെ ചൊല്ലിയുള്ള കലാപം തുടരവേ നേതൃത്വവുമായി ചര്‍ച്ച വേണമെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടി. ആദ്യം കോണ്‍ഗ്രസെന്നും രണ്ടാമത് മാത്രമാണ് ഗ്രൂപ്പെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പുതുപ്പള്ളിയിലെ വീട്ടില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് പ്രതികരണം. ചര്‍ച്ചകള്‍ തുടരും എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. ഇതിന്റെ ആദ്യപടിയായാണ് ഉമ്മന്‍ ചാണ്ടിയെ കണ്ടത്. ചെന്നിത്തലയേയും കാണുമെന്നും സതീശന്‍ പറഞ്ഞു. മുതിര്‍ന്നവര്‍ക്ക് പ്രയാസമുണ്ടാകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞു.

🔳ഡിസിസി പട്ടികയെ ചൊല്ലി ഒരാഴ്ചയോളമായി കത്തുന്ന കോണ്‍ഗ്രസ് പോര് തീര്‍ക്കാന്‍ ഹോം അനുനയവുമായി സംസ്ഥാന നേതൃത്വം. സംസ്ഥാന നേതൃത്വത്തിന് ധാര്‍ഷ്ട്യമാണെന്ന മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് ഹോം അനുനയ നീക്കം. അങ്ങോട്ട് പോയി ചര്‍ച്ചയ്ക്കില്ലെന്ന് പറഞ്ഞ് ഉടക്കിട്ട നേതാക്കളെ വീട്ടിലെത്തി കണ്ടാണ് സമവായശ്രമം. പുതുപ്പള്ളിയിലെ വീട്ടിലെത്തി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയ സതീശന്‍ മുതിര്‍ന്ന നേതാക്കളെ അവഗണിച്ച് പോകാന്‍ ഒരു ഉദ്ദേശവുമില്ലെന്ന് വ്യക്തമാക്കി.

🔳സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ വി എം സുധീരന്‍. അവശ്യമരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യം വില്‍ക്കാനുള്ള തീരുമാനം അപകടകരമാണ്. കോടതി ഇക്കാര്യത്തില്‍ ഇടപെടുമെന്നാണ് കരുതുന്നതെന്നും വി എം സുധീരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയം കോടതി പുനഃപരിശോധിക്കണമെന്നും തീരുമാനം വൈകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔳സിറോ മലബാര്‍ സഭയിലെ കുര്‍ബാന പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം ഇന്ന് പളളികളില്‍ വായിച്ചു. സിനഡ് വിഷയം ചര്‍ച്ച ചെയ്തെന്നും ആരാധനക്രമത്തിലെ മാറ്റത്തില്‍ അന്തിമ തീരുമാനം മാര്‍പാപ്പയാണ് എടുക്കേണ്ടതെന്നും ഇടയലേഖനം പറയുന്നു. ഇതില്‍ മാറ്റം വരുത്താന്‍ സിനഡിന് അധികാരമില്ല. വിയോജന സ്വരങ്ങള്‍ വരാതെ വൈദികര്‍ ശ്രദ്ധിക്കണമെന്നും ഇടയലേഖനത്തില്‍ പറയുന്നു. എന്നാല്‍ വിയോജിപ്പുമായി രംഗത്തെത്തിയ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും അവരുടെ പളളികളില്‍ സര്‍ക്കുലര്‍ വായിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ആലുവ പ്രസന്നപുരം പള്ളിയില്‍ ഇടയലേഖനം വായിക്കുന്നതിനെതിരെ വിശ്വാസികള്‍ പ്രതിഷേധിച്ചു.

🔳ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സര്‍, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കിയ മാത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാതൃക കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും ആദ്യഘട്ടത്തില്‍ നടപ്പാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സംസ്ഥാനത്ത് ആകെ ഈ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിന് നേതൃത്വം നല്‍കാന്‍ ഡിസിസി പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അധികാര വികേന്ദ്രീകരണം സാധ്യമാക്കുക എന്നതാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്നും സുധാകരന്‍ പറഞ്ഞു.

🔳കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ വീണ്ടും ലൈംഗികാതിക്രമം. പത്തനംതിട്ടയിലാണ് സംഭവം ഉണ്ടായത്. സിഎഫ്എല്‍ടിസിയിലെ താത്കാലിക ജീവനക്കാരനാണ് 16കാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി. ആരോപണ വിധേയനായ പത്തനംതിട്ട ചെന്നീര്‍ക്കര സ്വദേശി ബിനുവിനെ സംഭവത്തിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു.

🔳ആര്‍എസ്എസിനെ താലിബാനോടുപമിച്ചതില്‍ എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ ബിജെപി എംഎല്‍എ രംഗത്ത്. ജാവേദ് അക്തര്‍ മാപ്പ് പറയാതെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര എംഎല്‍എയും ബിജെപി വക്താവുമായ രാം കദം പറഞ്ഞു. കഴിഞ്ഞ ദിവസം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാവേദ് അക്തര്‍ പ്രസ്താവന നടത്തിയത്. ഹിന്ദുരാഷ്ട്രം വേണമെന്ന് പറയുന്നവരും താലിബാനും ഒരേ മാനസികാവസ്ഥയുള്ളവരാണെന്നാണ് അദ്ദേഹം പറഞ്ഞത്.

🔳ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കിടയിലും രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 670 പഞ്ചായത്ത് സമിതികളില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ 551 സമിതികളില്‍ ബിജെപി വിജയിച്ചു. ആറ് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മുന്നേറി. 99 ജില്ലാ പഞ്ചായത്ത് സീറ്റിലേക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 90ഇടത്ത് ബിജെപി ജയിച്ചു. 200 സീറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2015ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയായിരുന്നു നേട്ടം കൊയ്തത്.

🔳നാലാമത്തെ ബിജെപി എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാളിയാഗഞ്ച് എംഎല്‍എ സൗമന്‍ റോയ് ആണ് ശനിയാഴ്ച തൃണമൂല്‍ ജനറല്‍ സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സാന്നിധ്യത്തില്‍ ബിജെപി വിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇതോടെ ബംഗാളില്‍ ബിജെപിയുടെ അംഗസംഖ്യ 71 ആയി ചുരുങ്ങി. മുകുള്‍ റോയി, തന്മോയ് ഘോഷ്, ബിശ്വജിത് ദാസ് എന്നിവരാണ് നേരത്തെ ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്.

🔳അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീറില്‍ 4 ജില്ലകള്‍ പിടിച്ചെടുത്തതായി താലിബാന്‍. അതേസമയം പഞ്ച്ഷീര്‍ അതിര്‍ത്തിയായ ദാര്‍ബണ്ഡ് മലനിരകള്‍ വരെ താലിബാന്‍ എത്തിയെങ്കിലും തുരത്തി ഓടിച്ചെന്ന് വടക്കന്‍ സഖ്യം അവകാശപ്പെട്ടു. 600 താലിബാന്‍ ഭീകരരെ വധിച്ചുവെന്നാണ് സഖ്യസേന വക്താവ് ശനിയാഴ്ച അവകാശപ്പെട്ടത്. 1,000 പേരെ പിടികൂടുകയോ, കീഴടങ്ങുകയോ ചെയ്തുവെന്നും സഖ്യസേന വക്താവ് ഫഹിം ദസ്തി ട്വീറ്റ് ചെയ്തു.

🔳ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം. ബാഡ്മിന്റണ്‍ SH6 വിഭാഗത്തില്‍ കൃഷ്ണനാഗര്‍ ഹോങ്കോംഗ് താരത്തെ തോല്‍പിച്ച് സ്വര്‍ണം കരസ്ഥമാക്കി. നേരത്തെ ബാഡ്മിന്റണ്‍ SL4 വിഭാഗത്തില്‍ ഇന്ത്യയുടെ സുഹാസ് യതിരാജ് വെള്ളി നേടിയിരുന്നു. ഫൈനലില്‍ ഒന്നാം സീഡായ ഫ്രഞ്ച് താരം ലൂക്കാസ് മസൂറിനോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സുഹാസ് പൊരുതിത്തോറ്റത്. ആദ്യ സെറ്റ് നേടിയ ശേഷമാണ് സുഹാസിന്റെ തോല്‍വി. ഇതോടെ അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവും ഉള്‍പ്പെടെ ഇന്ത്യക്ക് 19 മെഡലുകളായി. ഇന്ന് പാരാലിംപിക്സിന് തിരശീല വീഴും.

🔳ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഫ്രാന്‍സിന് സമനില. ഉക്രൈനാണ് ഫ്രാന്‍സിനെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് മോണ്ടിനെഗ്രോയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തു. മെംഫിസ് ഡിപെ ഇരട്ട ഗോള്‍ നേടി. മറ്റ് മത്സരങ്ങളില്‍ ക്രൊയേഷ്യ സ്ലൊവാക്യയെയും ഡെന്‍മാര്‍ക്ക് ഫറോ ദ്വീപിനെയും തോല്‍പ്പിച്ചു.

🔳യുഎസ് ഓപ്പണില്‍ വന്‍ അട്ടിമറി. ഒന്നാം സീഡ് ആഷ്ലി ബാര്‍ട്ടി മൂന്നാം റൗണ്ടില്‍ പുറത്തായി. അമേരിക്കന്‍ താരം ഷെല്‍ബി റോജേര്‍സ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഓസ്‌ട്രേലിയന്‍ താരത്തെ അട്ടിമറിച്ചത്.

🔳ആരോഗ്യമേഖലയിലെ പ്രമുഖരായ സ്ട്രാന്‍ഡ് ലൈഫ് സയന്‍സസില്‍ നിക്ഷേപം നടത്തി റിലയന്‍സ്. റിലയന്‍സ് സ്ട്രാറ്റജിക്ക് ബിസിനസ് വെന്‍ച്വേഴസ് ആണ് സ്ട്രാന്‍ഡ് ലൈഫ് സയന്‍സസിന്റെ 2.28 കോടി ഓഹരികള്‍ സമാഹരിച്ചത്. ആരോഗ്യപരിപാലനരംഗത്ത് ഡിജിറ്റല്‍ വിപ്ലവങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം. ക്ലിനിക്കുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കള്‍, ഫാര്‍മ കമ്പനികള്‍ എന്നിവ ഉള്‍പ്പടെയുള്ള ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങള്‍ക്ക് സോഫ്റ്റ് വെയറും ക്ലിനിക്കല്‍ റിസര്‍ച്ചിനുള്ള അനുബന്ധ സൗകര്യങ്ങളും നല്‍കുന്ന കമ്പനിയാണ് സ്ട്രാന്‍ഡ്. 2023 മാര്‍ച്ചോടെ 160 കോടി രൂപകൂടി നിക്ഷേപിക്കുന്നതോടെ 80.3 ശതമാനം ഓഹരികളും റിലയന്‍സിന്റെ സ്വന്തമാകും.

🔳തടസ്സമില്ലാതെ ഇടപാട് നടത്താന്‍ സെപ്റ്റംബര്‍ 30ന് മുമ്പ് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെബി നിക്ഷേപകരോട് ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 30നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് പ്രത്യേക്ഷ നികുതി ബോര്‍ഡ് നേരത്തെ തന്നെ നികുതിദായകരോട് ആവശ്യപ്പെട്ടിരുന്നു. പലതവണ തിയതി നീട്ടി നല്‍കുകയും ചെയ്തിരുന്നു. വ്യത്യസ്തരീതികളില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കാം. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴിയോ എസ്.എം.എസ് വഴിയോ ചെയാവുന്നതാണ്. അല്ലെങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡിനായുള്ള ഏറ്റവും അടുത്തുള്ള സര്‍വ്വീസ് സെന്റര്‍ സന്ദര്‍ശിക്കുക.

🔳വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ദീപ്തി സതിയുടെ സാവിത്രി തമ്പുരാട്ടിയെ പരിചയപ്പെടുത്തിയായിരുന്നു സംവിധായകന്‍ എത്തിയത്. സുരേഷ് കൃഷ്ണ, അനൂപ് മേനോന്‍, സുദേവ് നായര്‍ ഇവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളായിരുന്നു നേരത്തെ പുറത്തുവിട്ടത്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചരിത്ര സിനിമയില്‍ അന്‍പതിലധികം പ്രമുഖ നടീനടന്‍മാര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

🔳തുറന്ന തിയറ്ററുകളിലേക്ക് ബോളിവുഡില്‍ നിന്നെത്തിയ ആദ്യ സൂപ്പര്‍താര റിലീസ് ആയിരുന്നു അക്ഷയ് കുമാര്‍ നായകനായ ‘ബെല്‍ബോട്ടം’. ചിത്രത്തിന് ബോക്സ് ഓഫീസില്‍ വലിയ പ്രതികരണമൊന്നും നേടാന്‍ ആയില്ല. ഇപ്പോഴിതാ ഒരു ഹോളിവുഡ് ചിത്രം ‘ബെല്‍ബോട്ട’ത്തിന്റെ ഇന്ത്യയിലെ ആദ്യദിന കളക്ഷനെ മറികടന്നിരിക്കുകയാണ്. മാര്‍വെലിന്റെ സൂപ്പര്‍ഹീറോ ചിത്രമായ ‘ഷാങ്-ചി ആന്‍ഡ് ദ് ലെജെന്‍ഡ് ഓഫ് ദി ടെന്‍ റിംഗ്സ്’ ആണിത്. വെള്ളിയാഴ്ച എത്തിയ ചിത്രം ഇന്ത്യയില്‍ നിന്നു നേടിയ നെറ്റ് കളക്ഷന്‍ 3.25 കോടിയാണ്. അക്ഷയ് കുമാര്‍ ചിത്രം റിലീസ് ദിനത്തില്‍ നേടിയത് 2.75 കോടി ആയിരുന്നു.

🔳ചെന്നൈ, ഹൈദരാബാദ് എന്നീ രണ്ട് പുതിയ നഗരങ്ങളില്‍ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് വീണ്ടും ആരംഭിച്ച് ബജാജ്. ഇലക്ട്രിക് സ്‌കൂട്ടര്‍ ഇതിനകം ലഭ്യമായിരുന്ന ആറ് നഗരങ്ങള്‍ക്ക് പുറമേയാണ് ഈ രണ്ട് പുതിയ സ്ഥലങ്ങളിലും ബുക്കിംഗ് പുനരാരംഭിച്ചിരിക്കുന്നത്. പുനെ, നാഗ്പൂര്‍, ബെംഗളൂരു, ഔറംഗാബാദ്, മൈസൂര്‍, മംഗലാപുരം എന്നീ നഗരങ്ങളിലാണ് മോഡല്‍ ഇതിനോടകം വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. വെബ്‌സൈറ്റ് സന്ദര്‍ശിച്ച് 2,000 രൂപ ടോക്കണ്‍ തുകയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം. അര്‍ബന്‍, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക്കിനെ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments