പ്രഭാത വാർത്തകൾ
2021 | ജൂൺ 12 | 1196 ഇടവം 29 | ശനിയാഴ്ച | തിരുവാതിര |
മന്ത്രിസഭാ വികസനം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായുള്ള വിലയിരുത്തലുകള്‍ക്കായി നടത്തുന്ന യോഗങ്ങളുടെ തുടക്കം എന്ന നിലയിലാണ് ഇന്നലത്തെ യോഗമെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ രാജ്യത്തുടനീളം കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കാനൊരുങ്ങി കേന്ദ്രം. ഇതിനായി കേന്ദ്ര നൈപുണ്യ വികസന സംരംഭക മന്ത്രാലയം പ്രത്യേക പരിശീലന പരിപാടി ആരംഭിക്കും. ഇതുവഴി ഏകദേശം ഒരു ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
വാക്സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള നീട്ടുന്നത് ആളുകളില്‍ കോവിഡ് ബാധിക്കാന്‍ ഇടയാക്കിയേക്കുമെന്ന് യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗചി. അതിവേഗം വ്യാപിക്കുന്ന ഡെല്‍റ്റ വകഭേദം ആശങ്കാജനകമാണെന്നും ഈ വകഭേദം സ്ഥീരികരിച്ച രാജ്യങ്ങളെല്ലാം പ്രതിരോധത്തിനായി വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും വാക്സിനേഷന്‍ കാര്യക്ഷമമാക്കണമെന്നും ഫൗചി വ്യക്തമാക്കി. വാക്സിനേഷന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ 28 ദിവസമായിരുന്നു ഇടവേള. പിന്നീടത് കൂടുതല്‍ ഫലപ്രദമാണെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 12 മുതല്‍ 16 ആഴ്ചയാക്കി ഉയര്‍ത്തിയിരുന്നു.
രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനമാണ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 31,216 കേസുകളും 2,109 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. മൊറോട്ടോറിയം ഏര്‍പ്പെടുത്തുന്നതും വായ്പാ കാലാവധി നീട്ടുന്നതും സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഡല്‍ഹി സര്‍ക്കാര്‍ റേഷന്‍ മാഫിയയുടെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കേന്ദ്ര സര്‍ക്കാരിന്റെ ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിശദീകരിക്കണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കുന്നതില്‍ പോലും പരാജയപ്പെട്ട സര്‍ക്കാരാണ് വാതില്‍പ്പടി റേഷനെ കുറിച്ച് സംസാരിക്കുന്നതെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.
സച്ചിന്‍ പൈലറ്റ് ബി.ജെ.പിയില്‍ ചേരാന്‍ പോകുന്നതായുള്ള ബിജെപി നേതാവ് റീത്ത ബഹുഗുണ ജോഷിയുടെ അവകാശവാദം തള്ളി സച്ചിന്‍ പൈലറ്റ്. താന്‍ സച്ചിനുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്നുമായിരുന്നു റീത്തയുടെ പരാമര്‍ശം. ഇതിനെ അതിരൂക്ഷമായി വിമര്‍ശിച്ച സച്ചിന്‍, തന്നോട് സംസാരിക്കാനുള്ള ധൈര്യം റീത്തയ്ക്കില്ലെന്നും അവര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറോടായിരിക്കും സംസാരിച്ചിട്ടുണ്ടാവുകയെന്നും പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് കടുത്ത ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍. ഹോട്ടലുകളില്‍നിന്ന് നേരിട്ട് പാഴ്‌സല്‍ വാങ്ങാന്‍ അനുവാദമില്ല, പകരം ഹോം ഡെലിവറി മാത്രം. കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര സര്‍വീസ് ഉണ്ടാകില്ല. അവശ്യ സര്‍വീസുകള്‍ മാത്രമാകും അനുവദിക്കുക. ഭക്ഷ്യോത്പന്നങ്ങള്‍, പഴം, പച്ചക്കറി, പാല്‍, മത്സ്യവും മാംസവും, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ തുറക്കും. നിര്‍മാണമേഖലയില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പോലീസിനെ അറിയിച്ചശേഷം പണികള്‍ നടത്താം.
കോവിഡ് വാക്സിന്‍ കേരളത്തില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ച ആഗോള ടെണ്ടറില്‍ പങ്കെടുക്കാന്‍ ആരുമെത്തിയില്ല. വാക്സിന്‍ ക്ഷാമത്തിന് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയായിരുന്നു ടെണ്ടര്‍ വിളിച്ചത്. എന്നാല്‍ താത്പര്യം പ്രകടിപ്പിച്ച് ആരും ടെണ്ടര്‍ സമര്‍പ്പിച്ചില്ല. മറ്റു സംസ്ഥാനങ്ങളും സമാനമായ രീതിയില്‍ വാക്സിനായി ആഗോള ടെണ്ടറിന് ശ്രമിച്ചിരുന്നുവെങ്കിലും ആരെയും ലഭിച്ചിരുന്നില്ല.
കേരളത്തില്‍ ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഇതുവരെ ആദ്യ ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നു രണ്ടു ദിവസത്തേക്ക് മാത്രമുള്ള വാക്സിനാണ് സംസ്ഥാനത്ത് അവശേഷിക്കുന്നതെന്നും ആവശ്യത്തിന് വാക്സിന്‍ കേന്ദ്രം നല്‍കുമെന്ന പ്രതീക്ഷയിലാണ് നടപടികള്‍ നീക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവ്
രേഖപ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണത്തിലും രോഗവ്യാപനത്തിന്റെ തോതിലും കുറവ് വന്നു. ആശുപത്രിയിലെ രോഗികളുടെ എണ്ണവും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണനിരക്കിലും കുറവ് വന്നതായും മുഖ്യമന്ത്രി പറഞ്ഞു. കേസുകള്‍ കുറയുന്നുവെങ്കിലും ആശ്വസിക്കാനായിട്ടില്ലെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില്‍നിയന്ത്രണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിലും ലോക്ക്ഡൗണ്‍ നീട്ടിയത് എന്തിനാണെന്ന സംശയം പൊതുസമൂഹത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുകയോ കുറയുകയോ ചെയ്യാതെ ഏകദേശം ഒരേ നിലയില്‍ തുടരുന്ന സാഹചര്യം ഉണ്ടായതാണ് അത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
ഇന്ത്യയില്‍ വികസിപ്പിച്ച കോവാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കാന്‍ വൈകുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. കോവാക്‌സിന്‍ എടുത്തതിനാല്‍ തിരിച്ചുപോകാനാവാത്ത പ്രവാസി മലയാളികള്‍ അറ്റകൈക്ക് കോവിഷീല്‍ഡ് എടുക്കാനുള്ള ശ്രമം നടത്തുകയാണിപ്പോള്‍. എന്നാല്‍ രണ്ട് ഡോസ് കോവാക്‌സിന്‍ എടുത്തവര്‍ക്ക് ഇനി രണ്ട് ഡോസ് കോവിഷീല്‍ഡ് എടുക്കാന്‍ പറ്റുമോ എന്നതുംം, ഒരു ഡോസ് കോവാക്‌സിന്‍ എടുത്തവര്‍ക്ക് രണ്ടാം ഡോസ് കോവിഷീല്‍ഡ് എടുക്കാമോ എന്നതും ആശങ്കയുണര്‍ത്തുന്നു.
പ്രകടനപത്രിക നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിനായി നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെയാണ് പദ്ധതി കാലയളവ്. 2464.92 കോടി രൂപയുടെ പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പൊതുമരാമത്ത്, റീബില്‍ഡ് കേരള, കിഫ്ബി എന്നിവയുടെ ഭാഗമായി പണം ചെലവഴിക്കും. പൊതുമരാമത്ത് വകുപ്പ് 1519 കോടിയുടെ പദ്ധതി പൂര്‍ത്തീകരിക്കും. പദ്ധതിയുടെ ഭാഗമായി പുതിയ 77,350 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് കസ്റ്റഡിയിലുള്ളവരെ വൈദ്യ പരിശോധനയ്ക്കെത്തിക്കുമ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ളവ പരിശോധിക്കാന്‍ നിര്‍ദേശം. നെടുങ്കണ്ടത്തെ രാജ്കുമാര്‍ കസ്റ്റഡി മരണം അന്വേഷിച്ച ജസ്റ്റിസ് നാരായണ കുറുപ്പ് കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
മുട്ടില്‍ മരംകൊള്ള കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നതല സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി. ക്രൈം ബ്രാഞ്ച്, വനംവകുപ്പ്, വിജിലന്‍സ് എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രത്യേക ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തും. അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മരം മുറിക്കാന്‍ സാധിക്കുന്നില്ലെന്ന് ആദ്യം അറിയിച്ചത് കര്‍ഷകരാണെന്നും അതിന്റെ മറവിലാണ് മരം കൊള്ള നടന്നതെന്നും കര്‍ക്കശ്ശമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടേയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുട്ടില്‍ മരം കൊള്ളയെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിലേക്ക് കോഴിക്കോട് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ തിരിച്ചെടുത്തു. വനംമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ധനേഷ് കുമാറിനെ കൂടുതല്‍ ചുമതലയോടെയാണ് തിരിച്ചെടുത്തത്. നോര്‍ത്ത് സോണിലെ അന്വേഷണ ചുമതലയാണ് ഡിഎഫ്ഒ ധനേഷിന് നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘത്തില്‍ നിന്ന് ധനേഷിനെ മാറ്റിയത് വിവാദമായിരുന്നു.
വെളിച്ചം മങ്ങുമ്പോള്‍ ബള്‍ബ് മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന് ബിജെപി നേതൃമാറ്റ വിഷയത്തില്‍ ജേക്കബ് തോമസ്. നിലപാട് ഇല്ലാത്തതാണ് പ്രശ്നമെന്നും നമ്മള്‍ ഒരു വിഷയമുണ്ടാകുമ്പോള്‍ അവിടെ സന്ദര്‍ശിച്ച് തിരിച്ച് പോന്നത് കൊണ്ടോ പ്രസ്താവന നടത്തിയത് കൊണ്ടോ മാത്രം അത് ബി.ജെ.പിയുടെ നിലപാട് ആവുകയില്ലെന്നും നിലപാടില്ലാതാവുകയേ ചെയ്യൂവെന്നും ജനങ്ങള്‍ക്ക് ഗുണമുള്ള ശരിയായ കാര്യത്തില്‍ നിന്നാവണം നിലപാടുണ്ടാവേണ്ടതെന്നും ജേക്കബ് തോമസ് പറഞ്ഞു.
കേരളത്തില്‍ ഇന്നലെ 1,07,096 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,804 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 626 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,355 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,34,001 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667, കോട്ടയം 662, ഇടുക്കി 584, കാസര്‍ഗോഡ് 499, പത്തനംതിട്ട 479, വയനാട് 191.
സംസ്ഥാനത്ത് ഇന്നലെ 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 20 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 880 ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഡിവൈഎഎഫ്‌ഐ നടത്തുന്ന സമരരീതികളെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതിഷേധ സൂചകമായി പമ്പിന് മുന്നില്‍ കോലം കത്തിച്ച് ഡിവൈഎഫ്‌ഐ സമരം നടത്തിയെന്ന വാര്‍ത്തകളെ പരിഹസിച്ചാണ് രാഹുലിന്റെ പോസ്റ്റ്. പമ്പില്‍ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാന്‍ പോലും പാടില്ലായെന്നും അത് വലിയ അപകടമാണെന്നും പ്രവര്‍ത്തകരെ പറഞ്ഞ് മനസിലാക്കണമെന്നും മറ്റ് സംഘടനകള്‍ക്ക് നിരന്തരം ‘നിലവാര’ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന നേതാവ് റഹീം ഡിവൈഎഫ്‌ഐയുടെ നിലവാരത്തെക്കുറിച്ച് വിശദമായി പരിശോധിക്കണമെന്നും രാഹുല്‍ പരിഹസിച്ചു.
സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് എതിരായ നീക്കത്തില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. ഐഷയുടെ ദ്വീപായ ചെത്ത്‌ലത്ത് ദ്വീപിലെ 12 പേര്‍ രാജിവച്ചു. ബിജെപി സ്റ്റേറ്റ് സെക്രട്ടറി അബ്ദുള്‍ ഹമീദ്, ചെത്തലത്ത് ദ്വീപിലെ സെക്രട്ടറി, വഖഫ് ബോര്‍ഡ് അംഗം എന്നിവര്‍ അടക്കമുള്ളവരാണ് രാജിക്കത്ത് അയച്ചത്.
ബിജെപി ശിവസേന സഖ്യസാധ്യതകള്‍ തള്ളി മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. പലരുമായും സഖ്യമുണ്ടാക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രമിക്കാറുണ്ടെന്നത് ശരിയാണെന്നും കാട്ടില്‍നിന്നുള്ള കടുവയുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെടാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നും അല്ലാതെ കൂട്ടിലിട്ട കടുവയുമായല്ലെന്നും ചന്ദ്രകാന്ത് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. പവാറിന്റെ ദക്ഷിണ മുംബൈയിലുളള വസതിയിലായിരുന്നു കൂടിക്കാഴ്ച. 2022ല്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായി, ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷപാര്‍ട്ടികള്‍ വീണ്ടും ഒന്നിക്കുന്നതിന്റെ സൂചനയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ കൂടിക്കാഴ്ചയെ കാണുന്നത്.
ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ മുകള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരികെയെത്തി. തൃണമൂല്‍ ഭവനില്‍ നടന്ന കൂടിക്കാഴ്ചയക്ക് ശേഷമാണ് മുകുള്‍ റോയ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്റെ മകന്‍ ശുഭ്രാംശു റോയിയും മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ തിരികെയെത്തി. മുകുള്‍ റോയിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മമത ബാനര്‍ജി പറഞ്ഞു. പാര്‍ട്ടിയില്‍ സുപ്രധാന ചുമതലതന്നെ അദ്ദേഹം വഹിക്കുമെന്നും മമത പറഞ്ഞു. എന്നാല്‍, തിരഞ്ഞെടുപ്പിന് മുന്‍പായി പണം വാങ്ങി ബി.ജെ.പിക്കു വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസിനെ ചതിച്ചവരെ ഒരു വിധത്തിലും പാര്‍ട്ടിയിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്നും മമത പറഞ്ഞു.
പാര്‍ട്ടിക്കെതിരേ തിരിയുന്ന നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പുതിയ അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് ബംഗാള്‍ ബിജെപി ജനറല്‍ സെക്രട്ടറി സയന്തന്‍ ബോസ്. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയ് പാര്‍ട്ടിവിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ബംഗാള്‍ ബിജെപിയുടെ പുതിയ തീരുമാനം. മുകുള്‍ റോയ് പാര്‍ട്ടി വിട്ടത് നിര്‍ഭാഗ്യകരമാണെന്നും എന്നാല്‍ ബിജെപിയെ ഇത് യാതൊരു വിധത്തിലും ബാധിക്കില്ലെന്നും സയന്തന്‍ ബോസ് വ്യക്തമാക്കി.
രാജ്യത്ത് ഇന്നലെ 84,061 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,21,066 പേര്‍ രോഗമുക്തി നേടി. മരണം 3,987. ഇതോടെ ആകെ മരണം 3,67,097 ആയി. ഇതുവരെ 2,93,58,033 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 10.77 ലക്ഷം കോവിഡ് രോഗികള്‍.
തമിഴ്നാട്ടില്‍ ഇന്നലെ 15,759 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 11,766 പേര്‍ക്കും കര്‍ണാടകയില്‍ 8,429 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 8,239 പേര്‍ക്കും പശ്ചിമബംഗാളില്‍ 4,883 പേര്‍ക്കും ഒഡീഷയില്‍ 5,235 പേര്‍ക്കും ആസാമില്‍ 3,666 പേര്‍ക്കും തെലുങ്കാനയില്‍ 1,707 പേര്‍ക്കും പഞ്ചാബില്‍ 1,201 പേര്‍ക്കും ഡല്‍ഹിയില്‍ 238 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ മാത്രമാണ്.
ആഗോളതലത്തില്‍ ഇന്നലെ 3,88,950 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 11,699 പേര്‍ക്കും ബ്രസീലില്‍ 80,959 പേര്‍ക്കും അര്‍ജന്റീനയില്‍ 26,934 പേര്‍ക്കും കൊളംബിയയില്‍ 29,570 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.59 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.23 കോടി കോവിഡ് രോഗികള്‍.
ആഗോളതലത്തില്‍ 10,715 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 358 പേരും ബ്രസീലില്‍ 2,100 പേരും കൊളംബിയയില്‍ 569 പേരും അര്‍ജന്റീനയില്‍ 687 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 37.99 ലക്ഷം മരണം സ്ഥിരീകരിച്ചു.
യൂറോ കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഇറ്റലിക്ക് ജയം. റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇറ്റലി തകര്‍ത്തത്. ഇറ്റലിയുടെ തുടര്‍ച്ചയായ എട്ടാം ജയമാണിത്. കഴിഞ്ഞ 28 മത്സരങ്ങളിലും ടീം തോല്‍വി അറിഞ്ഞിട്ടില്ല.
അഞ്ചു സെറ്റുകള്‍ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ തകര്‍ത്ത് ഗ്രീസിന്റെ സ്റ്റെഫാനോ സിറ്റ്‌സിപാസ് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ കടന്നു. അഞ്ചാം സീഡ് സിറ്റ്‌സിപാസിന്റെ കന്നി ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ കടക്കുന്ന ആദ്യ ഗ്രീക്ക് താരമെന്ന നേട്ടവും ഇതോടെ സിറ്റ്‌സിപാസിന് സ്വന്തമായി.
അടുത്ത വമ്പന്‍ പദ്ധതിയുമായി ഇന്ത്യയിലെ ഏറ്റവും സമ്പന്നരില്‍ രണ്ടാമനായ ഗൗതം അദാനി. ഗ്രൂപ്പിന്റെ എയര്‍പോര്‍ട്ട് ബിസിനസ് ഹോള്‍ഡിംഗ് കമ്പനിയില്‍ നിന്ന് വേര്‍പെടുത്തി സ്വതന്ത്രമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് തയാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 25500-29200 കോടി രൂപയുടെ ഐപിഒയാണ് അദാനി എയര്‍പോര്‍ട്ട്‌സ് പദ്ധതിയിടുന്നത്. ഇന്ത്യയുടെ ഇന്‍ഫ്രാ കിംഗ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗൗതം അദാനിയുടെ പുതിയ മാസ്റ്റര്‍ പ്ലാനായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ മേയില്‍ വാഹനങ്ങളുടെ റീട്ടെയ്ല്‍ വില്‍പ്പനയില്‍ ഉണ്ടായത് വന്‍ ഇടിവ്. വിവിധ സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണുകള്‍ വാഹനങ്ങളുടെ വില്‍പ്പനയെയും രജിസ്‌ട്രേഷനെയും ബാധിച്ചതിന്റെ ഫലമായി 55 ശതമാനം ഇടിവാണ് വാഹനങ്ങളുടെ റീട്ടെയ്ല്‍ വില്‍പ്പനയില്‍ ഉണ്ടായതതെന്ന് ഓട്ടോമൊബൈല്‍ ഡീലര്‍മാരുടെ സംഘടനയായ എഫ്എഡിഎ അറിയിച്ചു. ഈ വര്‍ഷം ഏപ്രിലിലെ 11,85,374 യൂണിറ്റിനെ അപേക്ഷിച്ച് മേയ് മാസത്തില്‍ രജിസ്‌ട്രേഷന്‍ 5,35,855 യൂണിറ്റായി കുറഞ്ഞു. റിപ്പോര്‍ട്ട് പ്രകാരം പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) വില്‍പ്പന ഏപ്രിലിലെ 2,08,883 യൂണിറ്റുകളെ അപേക്ഷിച്ച് 59 ശതമാനം കുറഞ്ഞു. ത്രീ വീലര്‍ വില്‍പ്പന 76 ശതമാനം ഇടിവ് രേഖപ്പെടുത്തി 5,215 യൂണിറ്റായി. ഏപ്രിലില്‍ ഇത് 21,636 യൂണിറ്റായിരുന്നു. ട്രാക്ടര്‍ വില്‍പ്പന 57 ശതമാനം ഇടിഞ്ഞ് 16,616 യൂണിറ്റായി. ഏപ്രിലില്‍ ഇത് 38,285 യൂണിറ്റായിരുന്നു.
ആറു സംവിധായകര്‍ ഒരുക്കുന്ന ‘ചെരാതുകള്‍’ എന്ന ആന്തോളജി സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. മമ്മൂട്ടി, സുരേഷ് ഗോപി, ആസിഫ് അലി തുടങ്ങി നാല്‍പതോളം താരങ്ങളാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകള്‍ നിര്‍മ്മിക്കുന്നത്. ജൂണ്‍ 17ന് ചിത്രം പ്രമുഖ പത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വഴി റിലീസ് ചെയ്യും. മറീന മൈക്കില്‍, ആദില്‍ ഇബ്രാഹിം, മാല പാര്‍വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രന്‍, പാര്‍വതി അരുണ്‍, ശിവജി ഗുരുവായൂര്‍, ബാബു അന്നൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. ഷാജന്‍ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കല്‍, ശ്രീജിത്ത് ചന്ദ്രന്‍, ജയേഷ് മോഹന്‍ എന്നീ ആറു സംവിധായകരാണ് ചിത്രം ഒരുക്കുന്നത്.
അനി ഐ വി ശശി സംവിധാനം ചെയ്ത തമിഴ് ഹ്രസ്വചിത്രം ‘മായ’ യുട്യൂബില്‍ റിലീസ് ചെയ്തു. 2017ല്‍ ഒരുക്കിയ ചിത്രം ആ വര്‍ഷം ഷിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. ഗൗതം വസുദേവ് മേനോന്റെ നിര്‍മ്മാണക്കമ്പനിയായ ഒണ്‍ഡ്രഗ എന്റര്‍ടെയ്ന്‍മെന്റിന്റെ യുട്യൂബ് ചാനലിലൂടയാണ് ഹ്രസ്വചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനാണ് അണിയറക്കാരുടെ തീരുമാനം. അശോക് സെല്‍വനും പ്രിയ ആനന്ദും അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളാണ് ഹ്രസ്വചിത്രത്തില്‍ ഉള്ളത്.
ഇതുവരെ രണ്ട് ലക്ഷം യൂണിറ്റ് നെക്സോണ്‍ സബ്കോംപാക്റ്റ് എസ്യുവി നിര്‍മിച്ചതായി ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു. രണ്ട് ലക്ഷമെന്ന എണ്ണം തികഞ്ഞ വാഹനം പുണെയ്ക്കു സമീപം രഞ്ജന്‍ഗാവ് പ്ലാന്റില്‍ നിന്ന് പുറത്തിറക്കി. 2020 നവംബറിലാണ് ഒന്നര ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് താണ്ടിയത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് പുതിയ 50,000 യൂണിറ്റ് നെക്സോണ്‍ നിര്‍മിച്ചത്. ഗ്ലോബല്‍ എന്‍കാപ് നടത്തിയ ഇടി പരിശോധനയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ ഇന്ത്യയിലെ ആദ്യ കാറാണ് ടാറ്റ നെക്സോണ്‍. പ്രതിമാസം ശരാശരി 6,000 മുതല്‍ 7,000 വരെ യൂണിറ്റ് നെക്സോണ്‍ വിറ്റുപോകുന്നു.
വായന, എഴുത്ത്, യാത്ര, വിവിധ തരം ജോലികള്‍, കുറച്ചു സുഹൃത്തുക്കള്‍, ഈ ജീവിതം പകര്‍ന്ന അനുഭവപാഠങ്ങള്‍… ഇതാണ് എഴുത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂലധനം. ‘പുടവത്തുമ്പുകളില്‍ ഒതുക്കിവെച്ച വിപ്ലവങ്ങള്‍’. എച്ച്മുക്കുട്ടി. ഡോണ്‍ ബുക്സ്. വില 256 രൂപ.